Thursday, November 09, 2006

എ.വി.ഐ മണ്ടത്തരം

വീഡിയോ ക്യാമറ വഴി എടുക്കുന്ന ചിത്രങ്ങള്‍ എ.വി.ഐ എന്ന ഫോര്‍മ്മാറ്റിലാണത്രേ ഉണ്ടാകുക. ഞാന്‍ ഇപ്പോഴാണ് അറിയുന്നത്. ഈയ്യടുത്ത് തോമാച്ചന്‍ ഒരു ക്യാമറ വാങ്ങിയിരുന്നു. അവന്‍ പറഞ്ഞ് തന്നുള്ള അറിവ്.

ക്യാമറ വാങ്ങിയ അവന് മിണ്ടാതിരുന്ന് ചിത്രം പിടിച്ച് അയച്ച് തന്നാല്‍പ്പോരേ, എനിക്ക് പണി തരണോ. അല്ലേലും തോമാച്ചന്‍ എന്‍െ പുക കണ്ടേ അടങ്ങു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇത്തവണ അവനെന്നോട് ആവശ്യപ്പെട്ടത് നിസ്സാരമായ ഒരു കാര്യം മാത്രം. എ.വി.ഐ എന്ന ഫോര്‍മ്മാറ്റില്‍ നിന്ന് ഇതൊന്ന് മാറ്റി എം‌പെഗ്ഗ് എന്ന ഫോര്‍മ്മാറ്റില്‍ ആക്കാന്‍ പറ്റിയ സോഫ്റ്റ്‌വെയര്‍ ഞാന്‍ കണ്ടുപിടിച്ചുകൊടുക്കണം. സോ സിമ്പിള്‍.

ക്യാമറ സ്വന്തമായി ഉണ്ടെങ്കിലും ഇദ്ദേഹത്തിന്റെ കയ്യില്‍ അപ്പോള്‍ വീഡിയോ ഒന്നും ഉണ്ടായിരുന്നില്ല. ഓഫീസില്‍ പുറമേ നിന്ന് എന്തെങ്കിലും കൊണ്ട് വരാന്‍ വിലക്കുണ്ടത്രേ. കൊണ്ട് വന്ന് തരാനും പറ്റിയ ദൂരത്തായിരുന്നില്ല കക്ഷി. ഞങ്ങള്‍ രണ്ടു സംസ്ഥാനങ്ങളില്‍ ആണ് അരി മേടിക്കാന്‍ ഗുസ്തി പിടിക്കുന്നത്.

കൊച്ചുകുട്ടികള്‍ എന്തിനും ഏതിനും അമ്മയുടെ അടുത്തേക്ക് ഓടുന്നതുപോലെയാണ് സോഫ്റ്റ്‌വേര്‍ എഞ്ചിനിയര്‍മാര്‍ ഗൂഗിളിലേയ്ക്ക് ഓടുന്നത്. എനിക്കും അതുതന്നെ ശീലം. ഗൂഗിളില്‍ ഇങ്ങനെ ഒരു കണ്‍‌വേര്‍ട്ടറിന്റെ കാര്യം പറഞ്ഞതേയുള്ളൂ. ഒരു നൂറ് സൊഫ്‌വേറുകള്‍ എനിക്ക് മുന്നില്‍ വന്നു നിരന്നു നിന്നു. അതിന്‍ ഒരു അഞ്ചാറെണ്ണം ഞാന്‍ ഡൌണ്‍ലോഡും ചെയ്തു.

ഇനി ഇതൊക്കെ പരീക്ഷിക്കാന്‍ കുറേ എ.വി.ഐ ഫയലുകള്‍ വേണം. അതിനാണോ ക്ഷാമം. ഇ-മെയില്‍ ആയി വരുന്ന മുഴുവന്‍ സ്ഥാപകജംഗമവസ്തുക്കളും അട്ടിക്കട്ടിക്ക് കെട്ടിക്കിടക്കുന്ന ഒരു ഗോണൌണ്‍ ആണ് എന്റെ കമ്പ്യൂട്ടല്‍. ഇതില്‍ ഇല്ലാത്ത സാധനമോ. സ്റ്റാര്‍ട്ട് മെനുവില്‍ പോയി ഫയല്‍ സെര്‍ച്ച് എടുത്ത് ഞാന്‍ തപ്പാന്‍ തുടങ്ങി.

ജാതകവശാല്‍ എനിക്ക് ആറില്‍ ബുധനും എട്ടില്‍ ശനിയും ആയതുകൊണ്ടാണോ എന്നറിയില്ല ആകെ ഒരു ഫയലേ കിട്ടിയുള്ളൂ. മുന്‍പ് ഞാന്‍ മൈസൂരില്‍ വിനോദയാത്ര പോയപ്പോള്‍ എടുത്ത ചിത്രങ്ങള്‍ ശേഖരിച്ചുവച്ച ഫോള്‍ഡറില്‍ ആയിരുന്നു ആ ഫയല്‍. അപ്പോള്‍ എന്റെ ക്യാമറയിലും എടുക്കുന്ന വീഡിയോകള്‍ ഈ ഫോര്‍മ്മാറ്റിലാണ്. ഞാന്‍ ഒന്നുപോലും ഇതുവരെ തുറന്ന് നോക്കിയിട്ടില്ലെന്ന് സാരം. ച്ഛെ. എന്റെ തന്നെ എത്ര എത്ര മഹത്തായ വീഡിയോ സൃഷ്ടികള്‍ ഞാന്‍ കാണാന്‍ വൈകി, മോശമായിപ്പോയി.

അതു പോട്ടെ, കാര്യം നടക്കട്ടെ. എന്തായാലും കണ്‍‌വേര്‍ട്ട് ചെയ്യുന്നതിനുമുന്‍പ് ഈ ഫയലില്‍ എന്താണെന്നൊന്ന് നോക്കിക്കളയാം. ഡബിള്‍ ക്ലിക്ക് ചെയ്ത് ഫയല്‍ മീഡിയ പ്ലെയറില്‍ തുറന്നു. താഴെ സ്ഥിതിവിവരപ്പട്ടികയില്‍ എന്തൊക്കെയോ എഴുതി വരുന്നു. കോഡെക്ക് കാണാനില്ല എന്നോ, ഓണ്‍ലൈനില്‍ കിട്ടുമോന്ന് നോക്കട്ടെ എന്നോ, എന്തൊക്കെയോ. ഓഫീസ് ആയതിനാലും കൂടിയ വേഗതയിലുള്ള ഇന്റെര്‍നെറ്റ് കണക്ഷനായതിനാലും ഞാന്‍ കാത്തുനിന്നു. എന്നിട്ടും കുറച്ച് കഴിഞ്ഞ് ഒരു എറര്‍ വന്നു “കോഡെക്ക് ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റുന്നില്ല ” എന്നും പറഞ്ഞുകൊണ്ട്.

അതെന്തുപറ്റി? എന്റെ കമ്പ്യൂട്ടറില്‍ ഇല്ലാത്ത കോഡെക്കോ. അതൊന്നറിയണമല്ലോ. ഗൂഗിളില്‍ വീണ്ടും ഞാന്‍ മുട്ടി. പക്ഷെ ഇത്തവണ ഗൂഗിള്‍ ആവോ എന്ന് പറഞ്ഞ് കൈ മലര്‍ത്തിക്കാണിച്ചു. ഇനി എന്ത് ചെയ്യും?

മീഡിയാ പ്ലെയറിന്റെ കുഴപ്പമായിരിക്കുമോ? പ്ലെയറിന്റെ വേഷന്‍ നോക്കി ഞാന്‍. എന്റെകയ്യില്‍ ഉള്ളത് ഒന്‍പതാം വേഷനാണ്. എന്റെ അറിവില്‍ ഏറ്റവും പുതിയത് പതിനൊന്നും. ചിലപ്പോള്‍ അതിട്ടാല്‍ ശരിയാകുമായിരിക്കും. ഉടന്‍ തന്നെ മൈക്രോസോഫ്റ്റിന്റെ സൈറ്റില്‍ പോയി പുതിയത് ഡൌണ്‍ലോഡ് ചെയ്യാന്‍ തുടങ്ങി.

പതിനഞ്ചോളം എം.ബി ഉള്ള ഈ ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ, അപ്പോഴേക്കും എന്റെ എം.എസ്.എന്‍ മെസ്സഞ്ചറില്‍ ഒരു ചാറ്റ് വിന്റോ പുതുതായി വന്നു. എം.എസ്.എന്‍ ഇല്‍ എപ്പോള്‍ ഒരു മെസ്സേജ് വന്നാലും ഞാന്‍ ഞെട്ടും. ആ ഐഡി ഒഫീഷ്യല്‍ ആവശ്യങ്ങള്‍ക്കായി മാത്രമേ ഉപയോഗിക്കാറുള്ളൂ എന്നതുകൊണ്ട് തന്നെ അവിടെ വരുന്ന മെസ്സേജുകള്‍ എപ്പോഴും എനിക്കൊരു തലവേദനയാണ്, പുതുതായി എന്തെങ്കിലും ജോലി തരാന്‍ മാനേജറാണ് അത് കൂടുതലായും ഉപയോഗിക്കുന്നത്. ഇത്തവണ വിന്റോയില്‍ ആരാണെന്ന് നോക്കിയ ഞാന്‍ സാധാരണയില്‍ കവിഞ്ഞ് കുറച്ച് ശക്തിയായി തന്നെ ഞെട്ടി.

ആ മെസ്സേജ് സന്തോഷേട്ടന്റേതായിരുന്നു.

സ്വന്തം ബ്ലോഗിന്റെ പ്രൊഫൈലില്‍ മൈക്രോസോഫിലെ മീഡിയ സെന്ററിലാണ് ജോലി എന്ന് പച്ചയ്ക്ക് എഴുതി വച്ചിരിക്കുന്ന ഒരു ബ്ലോഗറാണ് കക്ഷി. പണ്ടെപ്പോഴോ എന്റെ മെസ്സഞ്ചറില്‍ ഞാന്‍ ചേര്‍ത്തിട്ടുണ്ടായിരുന്നെങ്കിലും ഒന്നിതു വരെ സംസാരിക്കാന്‍ തരമായിരുന്നില്ല. ഇതിപ്പൊ മെസ്സേജ് വന്നത് എന്തിനായിരിക്കും?

ദൈവമേ, ഞാന്‍ പുതിയ വേര്‍ഷന്‍ മീഡിയ പ്ലെയര്‍ ഡൌണ്‍ലോഡ് ചെയ്യുന്നത് അറിഞ്ഞ് മെസ്സേജ് അയച്ചതായിരിക്കുമോ? അങ്ങിനെ ഒരാള്‍ ഡൌണ്‍ലോഡ് ചെയ്താല്‍ സന്തോഷേട്ടന് വിവരം കിട്ടുമോ? അരുതാത്തതെന്തെങ്കിലും ഞാന്‍ ചെയ്തതിന് എന്നെ ചീത്ത വിളിക്കാനായിരിക്കുമോ? മീഡിയ പ്ലെയര്‍ ഉപയോഗിക്കുന്നതിനുമുന്‍പുള്ള വല്ല ചടങ്ങിനേയും പറ്റി പറയാനായിരിക്കുമോ? ഉപയോഗിക്കുന്നതിനു മുന്‍പ് വല്ല ഫോറം പൂരിപ്പിച്ച് കൊടുക്കാനുണ്ടാകുമോ? എന്തിനാണ് ഈ പ്ലെയര്‍ ഡൌണ്‍ലോഡ് ചെയ്യുന്നത് എന്ന് വെറുതേ അറിയാനായിരിക്കുമോ? ആകെ കണ്‍ഫ്യൂഷന്‍. അതു മാത്രമോ, എന്തൊക്കെ സോഫ്റ്റ്വേറുകള്‍ ഇതിനും മുന്‍പ് ഞാന്‍ ഡൌണ്‍ലോഡ് ചെയ്തിരിക്കുന്നു. അതൊക്കെ സന്തോഷേട്ടന്‍ അറിഞ്ഞുകാണുമോ? അല്ലെങ്കില്‍ മൈക്രോസോഫ്റ്റിലുള്ള മറ്റ് മലയാളികള്‍? എന്നെങ്കിലും മൈക്രോസോഫില്‍ ജോലി കിട്ടുകയോ മുഖാമുഖത്തിന് പോകുകയോ ചെയ്യുമ്പോള്‍ ഞാന്‍ ഡൌണ്‍ലോഡ് ചെയ്ത സോഫ്റ്റ്വേറുകളുടെ ലിസ്റ്റ് കാണിച്ച് നിനക്ക് ഇത് മാത്രമായിരുന്നോ പഴയ കമ്പനിയില്‍ പണി എന്ന് ചോദിക്കുമോ? അയ്യോ!

സന്തോഷേട്ടനോട് തന്നെ ചോദിച്ച് കളയാം. “ഞാന്‍ മീഡിയ പ്ലെയര്‍ ഡൌണ്‍ലോഡ് ചെയ്യുന്നത് സന്തോഷേട്ടന്‍ എങ്ങിനെ അറിഞ്ഞു?” അതിനുള്ള മറുപടി ഒരു ചിരി മാത്രമായിരുന്നു. ഒന്ന് രണ്ട് വാചകങ്ങള്‍ കൂടി അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞതോടെ എന്റെ സംശയം നീങ്ങി. സന്തോഷേട്ടന്‍ അതറിഞ്ഞിട്ടല്ല ഹലോ എന്ന് ഒരു മെസ്സേജ് അയച്ചത്. ഞാന്‍ എന്തൊക്കെയോ തെറ്റിദ്ധരിച്ചു. പാ‍വം സന്തോഷേട്ടന്‍.

പാവമാണെങ്കിലും ഞാന്‍ പറഞ്ഞ മണ്ടത്തരം അദ്ദേഹത്തിന് മനസ്സിലായിട്ടുണ്ട്. ഇന്നെന്നെ കൊന്ന് കൊല വിളിക്കും, അല്ലെങ്കില്‍ ഇത് ബൂലോകത്ത് വിളിച്ച് പറയും. അത് തടഞ്ഞേ മതിയാകൂ. അതിനെളുപ്പമാ‍ര്‍ഗ്ഗം ഒന്നേയുള്ളൂ, എത്രയും പെട്ടെന്ന് വിഷയം മാറ്റുക.

“സന്തോഷേട്ടാ, എന്താ എ.വി.ഐ ഫയല്‍ മീഡിയ പ്ലെയറില്‍ ഓടാത്തത്?”

“അങ്ങിനെ വരേണ്ട കാര്യമില്ലല്ലോ അനിയാ, എന്താണ് സംഭവിക്കുന്നത്?”

പിന്നീട് നടന്ന സംസാരം ഇവിടെ ആവശ്യമല്ലാത്തതിനാല്‍ ഒഴിവാക്കുന്നു. നടന്നത് ഇതാണ്. അദ്ദേഹം കോഡെക്കുകളുടെ വെബ്സൈറ്റുകളും ചില ചില്ലറ മിനുക്കുപണികളും ഒക്കെ പറഞ്ഞു തന്നു. പക്ഷെ ഒന്നും പ്രയോജനകരമായില്ല. ഞാന്‍ നിരാശനായി. എങ്കിലും മൈക്രോസോഫിലെ മീഡിയ സെന്ററിലെ ഒരാളിനോട് കുറ്റം പറയാനുള്ള അവസരം കിട്ടിയത് എന്നെ സന്തോഷേട്ടനാക്കി, അല്ലല്ല, സന്തോഷവാനാക്കി.

മീഡിയാ പ്ലെയര്‍ കൊള്ളില്ലെന്നും, ഒരു ചെറിയ എ.വി.ഐ ഫയല്‍ പോലും പ്ലേ ചെയ്യാന്‍ കഴിവില്ലെന്നും, ഇത് വേഗം ഒരു ബഗ് ആയി അവിടത്തെ ചുമരില്‍ എഴുതിയിടാനും ഒക്കെ ഞാന്‍ ഇത്തിരി കടുപ്പിച്ച് തന്നെ പറഞ്ഞു. പോരാണ്ട് ഇനി ഞാന്‍ മീഡിയ പ്ലെയര്‍ ഉപയോഗിക്കില്ലെന്നും ഇനി എനിക്ക് റിയല്‍ പ്ലെയര്‍ മതിയെന്നും വരെ ഞാന്‍ കണ്ണില്‍ച്ചോരയില്ലാതെ പറയുകയുണ്ടായി. പാവം സന്തോഷേട്ടന്‍, എന്റെ രോഷാഗ്നി താങ്ങാന്‍ കഴിയാതെയാണോ എന്തോ, പെട്ടെന്ന് തന്നെ, തിരക്കുണ്ടെന്ന് പറഞ്ഞ് പോകേണ്ടി വന്നു.

എന്റെ പ്രശ്നം തീര്‍ന്നില്ലല്ലോ. ഈ സാധനം ഒന്ന് ഓടിക്കാണണ്ടേ.എന്ത് ചെയ്യും? റിയല്‍ പ്ലെയര്‍ ഇട്ട് നോക്കണോ, അതോ മറ്റെന്തെങ്കിലും പ്ലെയര്‍ ഉണ്ടോ എന്ന് ഗൂഗിളില്‍ തപ്പണോ, മറ്റേതെങ്കിലും കമ്പ്യൂട്ടറില്‍ ഇതൊന്ന് ശ്രമിച്ച് നോക്കണോ അതോ ഫയലിന്റെ തരം മാറ്റിയതിനു ശേഷം എന്താണെന്ന് നോക്കിയാല്‍ മതിയോ എന്നൊക്കെ ആലോചിച്ച് തല പുണ്ണാക്കുന്നതിനിടയിലാ‍ണ് എന്റെ തോളില്‍ ആരോ തട്ടിയത്.

തിരിഞ്ഞ് നോക്കിയപ്പോള്‍ എന്റെ സഹപ്രവര്‍ത്തകന്‍ ആണ്. അദ്ദേഹത്തിനോട് ചോദിച്ചു ഈ എ.വി.ഐ ഫയല്‍ പ്ലേ ചെയ്യാന്‍ ഏത് പ്ലെയര്‍ ഉപയോഗിക്കണമെന്ന്.

“ഇത് എ.വി.ഐ ഫയലാണെന്ന് ആര് പറഞ്ഞു. ഒന്നൂടെ നോക്കിക്കേ”, അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

നോക്കിയപ്പോള്‍ ആ ഫയലിന്റെ പേരായിരുന്നു എ.വി.ഐ 2034 എന്നത്. ആ ഫയലിന്റെ തരം എം.ഓ.വി (MOV)എന്നതായിരുന്നു. ചുമ്മാതല്ല അത് മീഡിയ പ്ലെയറില്‍ ഓടാതിരുന്നത്. അതിന്റെ പേരില്‍, വെറുതേ എന്നോട് സംസാരിക്കാന്‍ വന്ന സന്തോഷേട്ടനെ ചീത്ത വിളിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സമയം, നല്ല ബെസ്റ്റ് സമയം. അല്ലെങ്കില്‍ എന്നോട് സംസാരിക്കാന്‍ തോന്നേണ്ട വല്ല കാര്യവുമുണ്ടോ!

കുറിപ്പ്: സന്തോഷേട്ടാ, കളിയായി എഴുതിയതൊന്നും താങ്കളെ വിഷമിപ്പിക്കുന്നതരത്തില്‍ ആയില്ലെന്ന് വിശ്വസിക്കട്ടെ. എനിക്ക് ഫയല്‍ മാറിപ്പോയ വിവരം ഇതു വരെ പറയാതിരുന്നത് ഒരു പോസ്റ്റില്‍ അത് പൊട്ടിക്കാനായിരുന്നു. ഇനി ഓണ്‍ലൈന്‍ വരുമ്പോള്‍ നമുക്ക് അടുത്ത മണ്ടത്തരം ഒപ്പിക്കാം. വരു‍മല്ലോ അല്ലേ

18 comments:

  1. Anonymous said...

    കൊള്ളാം ശ്രീജിത്തേ.. കലക്കി. പാവം സന്തോഷേട്ടന്‍!! പുള്ളിക്കിതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ. അത്യാവശ്യത്തിന് ഒരു വീഡിയോ കാണാം എന്ന് വിചാരിക്കുമ്പോള്‍ 'കോഡെക്ക് ഇല്ലേ..' എന്ന് മീഡിയാ പ്ലയര്‍ നിലവിളിക്കുന്നത് കണ്ട് പലപ്പോഴും ബില്‍ഗേറ്റ്സിനെ മനസ്സില്‍ ചീത്ത വിളിച്ചിട്ടുണ്ട്.



  2. Anonymous said...

    പാവം സന്തോഷേട്ടന്‍...പാവം ബില്‍ഗ്ഗേസേട്ടന്‍...ഇനി ഇത്തരം പ്രശ്നങ്ങള്‍ വരുമ്പോള്‍ സന്തോഷേട്ടനേയും..ബില്‍ഗ്ഗേസ്സേട്ടനേയും ചീത്തവിളിക്കാതെ “VLC Player " സ്വന്തമാക്കൂ...എന്തു ചവറും പ്ലെ ചെയ്യൂ...

    ഓ.ട്ടോ : ഈ .mov ഉണ്ടാക്കുന്ന കാമറ ഏതാണ് ? കോഡാക്ക് ഡിജിറ്റല്‍ ആണോ ?



  3. ഉത്സവം : Ulsavam said...

    അന്‍വര്‍ പറഞ്ഞതുപോലെ എന്തിന്‌ മീഡിയ പ്ലേയറുമായി ഗുസ്തി ?
    VLC player www.videolan.org ഉപയാഗിച്ച്‌ നോക്കൂ ഒരുമാതിരി എല്ലാ വെട്ടിരുമ്പ്‌ ഫയലും അതില്‍ ഓടും. ഓടാത്തത്‌ റിയല്‍ ചാത്തന്റെ ചില കുഞ്ഞുങ്ങള്‍ മാത്രം.

    ഈ വിക്കി ലിങ്കില്‍ പോയി നോക്കൂ അനുയോജ്യമായ പ്ലേയര്‍ തിരഞ്ഞെടുക്കാന്‍ സഹായകരമാകും.

    .MOV Quick Timeന്റെ ഫയല്‍ ഫോര്‍മ്മാറ്റല്ലേ അപ്പോള്‍ എതാ ക്യാമറ?



  4. വിശ്വപ്രഭ viswaprabha said...

    കൊള്ളാം.

    ശ്രീജിത്തേ, എന്നിട്ടൊടുവില്‍ ഞാന്‍ തന്ന കണ്‍‌വെര്‍ട്ടര്‍ സോഫ്റ്റ്വെയര്‍ ശരിയായോ? സങ്ങതി നടന്നാ?

    അന്‍‌വര്‍ പറഞ്ഞ VLC പ്ലേയറിന് മറ്റു ചില അത്ഭുതസിദ്ധികളുമുണ്ട്. നല്ലൊരു മീഡിയാ പൈപ്പിങ്ങ് പ്രോഗ്രാം ആണത്.
    LAN, ഇന്റെര്‍നെറ്റ്, ഫയല്‍, കാപ്ച്ചര്‍ ഡിവൈസ് തുടങ്ങിയവയില്‍ ഏതെങ്കിലും നിന്ന് input എടുത്ത്
    അത് LAN, ഇന്റെര്‍നെറ്റ്, ഫയല്‍, കാപ്ച്ചര്‍ ഡിവൈസ്, സ്ക്രീന്‍/സ്പീക്കര്‍ തുടങ്ങിയ ഏതിലേക്കും output ആയി കൊടുക്കാന്‍ പറ്റും VLC ഉപയോഗിച്ച്. അതുകൂടാതെ നല്ലൊരു മീഡിയാ പ്ലേയറും. വേറെ ഒരു സൌജന്യസോഫ്റ്റ്വെയറും ഇതെല്ലാം ഒരുമിച്ചുചെയ്യില്ലെന്നുതോന്നുന്നു.

    .MOV എന്ന ക്വിക്‍ടൈം ഫോര്‍മാറ്റ് ആണ് ഒരുവിധപ്പെട്ട സ്റ്റില്‍ ക്യാമറകളൊക്കെ (MJPEG compressed) ഉപയോഗിക്കുന്നത്. Fuji, Olympus, Nikon, Panasonic ഒക്കെ ഇങ്ങനെ ചെയ്യുന്നതു കണ്ടിട്ടുണ്ട്. പക്ഷേ സ്റ്റില്‍ ക്യാമറയില്‍ വീഡിയോ എടുക്കുന്നത് അറുബോറല്ലേ?

    (ഇതെഴുതി മുഴുവനാക്കുന്നതിനിടയില്‍ ഉത്സവവും ഒരു കമന്റിട്ടിട്ടുണ്ട്)

    ഇനി സന്തോഷേട്ടനെപ്പറ്റി: ഇയാളൊരു ടെലിപ്പതിക്ക് വീരനാണെന്നു തൊന്നുന്നു. മാസങ്ങള്‍ക്കു ശേഷം ഇദ്ദേഹത്തെ ഒന്നു ചാറ്റില്‍ പിടിക്കണമെന്നു തോന്നി ഇത്തിരിമുന്‍പ്. ഒരു കാര്യം പറയാനായിരുന്നു. ലിസ്റ്റില്‍ ഐഡി തപ്പിനടക്കുമ്പോഴുണ്ട് ദാ വരുന്നു ഓണ്‍‍ലൈനില്‍! വെറുതെ വരിക മാത്രമല്ല, ആള്‍ക്കു മുന്‍പ് (ആറുമാസം മുന്‍പ് അയച്ചുകൊടുത്ത ഒരു ലിങ്ക് ദാ കിടക്കുന്നു. പൊതുവേ യാതൊരു ബന്ധവുമില്ലാത്ത അതേ ലിങ്കിലാണു ഞാനും അപ്പോള്‍!)

    അതുകഴിഞ്ഞു നാക്കെടുത്തില്ല- അല്ല, വിരലെടുത്തില്ല, അപ്പോള്‍ ദാ കിടക്കുന്നു ഈ മണ്ടത്തരം പോസ്റ്റ്!
    എന്താ സന്തോ? വല്ല കാനാടിസേവയുമുണ്ടോ?



  5. ഏറനാടന്‍ said...

    ലോകം അവസാനിച്ചാലും മണ്ടത്തരങ്ങള്‍ തുടരട്ടെയെന്ന് ആശംസിക്കുന്നു. ഹൈടെക്‌ യുഗത്തിലെ മണ്ടത്തലവന്റെ വേലത്തരങ്ങള്‍ അങ്ങ്‌ ദേവ-യമലോകത്തുപോലും അലകളുതിര്‍ക്കുന്നുവെന്ന് കേട്ടു.



  6. sandoz said...

    കൊച്ചിയില്‍ വീണ്ടും അവതരിച്ചു എന്ന് വാര്‍ത്ത കണ്ടു.തിരിച്ച്‌ പോയോ.



  7. രാജ് said...

    wxWidgets ഉപയോഗിക്കുന്നതു കാരണം VLC വിസ്റ്റയില്‍ നേരെച്ചൊവ്വേ ഓടുകയില്ല + ഫുള്‍സ്ക്രീനില്‍ പ്ലേ ബാക്ക് കണ്ട്രോള്‍സുമില്ല. ആവശ്യമുള്ള കോഡെക്സ്/ഫില്‍‌ട്ടേഴ്സ് ഉണ്ടെങ്കില്‍ മീഡിയാ പ്ലെയര്‍ ക്ലാസിക് ആണു് എന്റെ അനുഭവത്തില്‍ ഏറ്റവും നല്ല മീഡീയാ പ്ലെയര്‍. പക്ഷെ വിശ്വം പറഞ്ഞതു പോലെ സ്ട്രീം സേവ് ചെയ്യാനും ബ്രോഡ്‌കാസ്റ്റ് ചെയ്യാനും VLC തന്നെ ഉത്തമം.

    ശ്രീജിത്തേ ഇമ്മാതിരി ഐറ്റംസിനെ ഇനി മണ്ടത്തരം എന്നു വിളിക്കുന്നതല്ല (സന്തോഷിനോടു ഫയല്‍ നെയിം തെറ്റിപ്പറഞ്ഞതല്ല, വിന്‍ഡോസ് മീഡിയാ പ്ലെയര്‍ ഉപയോഗിച്ചതു്) പകരം പൊട്ടത്തരം എന്നാക്കും.



  8. Sreejith K. said...

    അയ്യോ, കണ്‍ഫ്യൂഷന്‍. ഈ മണ്ടത്തരവും പൊട്ടത്തരവും തമ്മില്‍ എന്താ വ്യത്യാസം?



  9. മുസ്തഫ|musthapha said...

    മണ്ടത്തരവും പൊട്ടത്തരവും തമ്മിലുള്ള വിത്യാസം:

    മണ്ടത്തരം = മണ്ടയുള്ളവര്‍ ചെയ്യുന്ന വിഡ്ഢിത്തരം

    പൊട്ടത്തരം = മണ്ടയില്ലാത്ത പൊട്ടന്മാര്‍ ചെയ്യുന്ന വിഡ്ഢിത്തരം.

    ഇത് രണ്ടും കൂടിയതിനെ ബൂലോഗ വാസികള്‍ ‘ശ്രീജിത്തരം’ എന്ന് വിളിക്കുന്നു :)



  10. Anonymous said...

    ബെസ്റ്റ്‌ ശ്രീജി ബെസ്റ്റ്‌.
    മണ്ടത്തരവും പൊട്ടത്തരവും..
    റിസര്‍ച്ച്‌ ചെയ്യാന്‍ നല്ലോരു വിഷയം കിട്ടിയല്ലൊ.

    മൊണ്ടത്തരം... പൊണ്ടത്തരം.. മട്ടത്തരം..

    എന്റെകൂടെ ജോലി ചെയ്യുന്ന ഒരു സുഹ്രുത്തിന്‌ ഇന്നലെ പറ്റിയ ഒരു മണ്ടത്തരം.

    Studio Ver.9 കിട്ടിയപ്പോള്‍ അതു കമ്പ്യുട്ടറില്‍ ഇടാന്‍ നോക്കി.. അപ്പോള്‍ പറയുന്നു.. പഴയ വെര്‍ഷന്‍ 8.12 ഡിലിറ്റ്‌ ചെയ്യാന്‍. പഴയ വേഴ്ഷന്‍ ഡിലിറ്റ്‌ ചെയ്ത്‌ പുതിയത്‌ കയറ്റിയപ്പോള്‍ കമ്പ്യുടര്‍ സ്വീകരിക്കുന്നില്ലാ. ഒരു പിടിയും കിട്ടുന്നില്ല. ഏതൊ ഒരു ഫയല്‍ മിസ്സിംഗ്‌ ആണത്രേ.

    കമ്പൂട്ടറില്‍ ഇരുന്ന പഴയതും പോയി.. പുതിയത്‌ കൊണ്ട്‌ പ്രയോജനവും ഇല്ല. ക്യാ കരേന്‍..?? ഒന്നു സഹായിച്ചൂടേ..

    പുതിയ " മണ്ടത്തരങ്ങള്‍" ഉണ്ടെങ്കില്‍ പോരട്ടെ..

    കൃഷ്‌ |krish



  11. asdfasdf asfdasdf said...

    ശ്രീജി കൊള്ളാം. .MOV എന്ന ക്വിക്‍ടൈം ഫോര്‍മാറ്റും മറ്റൊരിടത്തും ഓടാത്ത്ത ഫയലുകള്‍ AVS player ല്‍ ഓടുന്ന കണ്ടിട്ടുണ്ട്.



  12. Santhosh said...

    തെറി വിളിക്കാനുള്ളവര്‍ ബില്‍ ഗേറ്റ്സിനെ തെറി വിളിക്കണേ... :)

    ശ്രീജിത്ത്, വിശ്വം... ഓം ഹ്രീം സ്വാഹാ... നോം എല്ലാം അറിയുന്നു...



  13. Unknown said...

    ഈ സംഭവം നടന്നത് നവമ്പര്‍ 8 ആം തിയ്യതി അല്ലെ? :)

    ഇതിനാണല്ലെ എന്നോട് ക്‌സിലിസോഫ്റ്റ് കണ്‍വര്‍ട്ടറിന്റെ കാര്യം ചോദിച്ചത്?!!



  14. Anonymous said...

    ശ്രീജി കൊള്ളാം..

    മണ്ടത്തര പോസ്റ്റാണെങ്കിലും ചില പ്ലേയറുകളെക്കുറിച്ചുള്ള വിവരങ്ങളൊക്കെ കിട്ടി..

    മിടുക്കന്റെ മണ്ടത്തര പോസ്റ്റ് എന്നു വരും?



  15. Siju | സിജു said...

    അപ്പോള്‍ വീഡിയോ കാമറയിലെടുത്ത എ വി ഐ വീഡിയോ ഫയല്‍ എം പി ജി ആക്കിയോ..



  16. Anonymous said...

    adipoli sreejithe

    www.malayalampoem.com



  17. അരവിന്ദ് :: aravind said...

    ശ്രീജിത്തേ എന്തോന്നാഡേയ് ഇത്?

    “സ്വിച്ചിട്ടാല്‍ ലൈറ്റ് കത്തണം“ എന്ന നിലയിലിരിക്കുന്ന ഞങ്ങളോട് വേണമാരുന്നോ ഈ ടെക്നിക്കല്‍ പോസ്റ്റ്?
    ടെക്നോളജി ആലോചിച്ച് ചിരിക്കാന്‍ ഒന്നും മേലടേയ്.വയസ്സായി.

    ;-))

    (പണ്ട് കെമസ്ത്രിയില്‍ ഗവേഷണം നടത്തുന്ന ഒരു പഹയന്‍ എന്റെടുത്ത് വന്നിട്ട് എഡാ ഇന്നൊരു ഭയങ്കര തമാശ് ഉണ്ടായി, എച് സി എല്ലും എന്‍ ഓ ടുവും മിശ്രിതത്തിലേക്ക് എം‌എനോ ഫോറിന് പകരം അറിയാതെ ഞാന്‍ സള്‍ഫ്യൂരിക് ആസിഡ് ചേര്‍ത്തഡേയ് എന്നും പറഞ്ഞ് ഹ-ഹഹഹഹ ഹ-ഹഹഹഹ എന്ന് എന്റെ പുറത്തടിച്ച് ചിരി.

    എന്താ ചെയ്യ!)

    :-))



  18. രാജ് said...

    ‘അരേ’ വാ കലക്കി.