Friday, November 24, 2006

വിമാനമണ്ടത്തരം

കോളേജില്‍ റാഗ് ചെയ്യപ്പെടുമ്പോഴും, ഇപ്പോള്‍ പുതിയ ആളുകളുമായി മെയില്‍ വഴിയും ചാറ്റ് വഴിയും പരിചയപ്പെടുമ്പോഴും സ്ഥിരമായി കേട്ടിരുന്നതും ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നതുമായ ചോദ്യമാണ് “എന്തൊക്കെയാണ് ഹോബികള്‍?” എന്ന ചോദ്യം. പാട്ടു കേള്‍ക്കല്‍, ടി.വി കാണല്‍ എന്ന പതിവ് മറുപടികള്‍ക്കപ്പുറത്തൊന്നും ഇതു വരെ പറഞ്ഞിട്ടില്ല ആരോടും. എന്റെ ഹോബി അറിഞ്ഞിട്ട് ഇവന്മാര്‍ക്കൊക്കെ എന്നെ അനുകരിക്കാനല്ലേ, അങ്ങനെയിപ്പോള്‍ വേണ്ട.

എത്രയൊക്കെ നിഷേധിച്ചാലും ഒളിപ്പിക്കാന്‍ ശ്രമിച്ചാലും എന്റെ ഹോബി, സര്‍ഫിങ്ങ് എന്നതാണ്. അത് വെള്ളത്തിലോ (sea surfing) വായുവിലോ (wind surfing) ഒന്നുമല്ല. വെറുതേ കിട്ടുന്ന ഇന്റെര്‍നെറ്റ് ആണ് എന്റെ ഹോബിക്കളിക്കളം. ചെയ്യുന്നത്, ഹോബികള്‍ നിരോധിച്ചിരിക്കുന്ന ഓഫീസ് സമയത്തും. വെറുതേ കിട്ടുന്ന ഫോര്‍വേഡഡ് ഇ-മെയിലുകളില്‍ നിന്ന് കിട്ടുന്ന വാക്കുകള്‍ ഗൂഗിളില്‍ തിരയുക, അവിടുന്ന് കിട്ടുന്ന കീവേഡ് വച്ച് വീണ്ടും ഗൂഗിളില്‍ തിരയുക, വീണ്ടും എന്തെങ്കിലും വാക്കുകള്‍ കണ്ട് പിടിച്ച് പിന്നേയും തിരയുക, അങ്ങിനെ രാവിലെ തിരച്ചില്‍ തുടങ്ങി വൈകുന്നേരമാകുമ്പോഴേക്കും ഒന്നും കിട്ടാതെ മടങ്ങുക. ഇതാണ് എന്റെ ഫേവറേറ്റ് ഹോബി.

അങ്ങിനെ ഇന്ന് രാവിലെ വേള്‍ഡ് വൈഡ് വെബ്ബില്‍ കറങ്ങിത്തിരിഞ്ഞ് നടക്കുന്നതിനിടയില്‍ എവിടെയോ ഇന്റസ് ഏവിയേഷന്‍ എന്ന കമ്പനിയുടെ ഒരു പരസ്യം കണ്ണില്‍പ്പെട്ടു. അവര്‍ തങ്ങളുടെ പരസ്യത്തില്‍ പറഞ്ഞിരുന്നത് തങ്ങള്‍ വിമാനം പറത്തുന്നത് സൌജന്യമായി പഠിപ്പിക്കുമെന്നതാണ്.

കണ്ടതും എന്നിലെ അത്യാഗ്രഹത്തിന്റെ ശരറാന്തല്‍ ആഞ്ഞുകത്തി. കൂടുതല്‍ നോക്കിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ലഭ്യമായത്.

ഒന്ന്, ഈ സ്ഥാപനത്തിന് ബാംഗ്ലൂരില്‍ ബ്രാഞ്ച് ഉണ്ടെന്നുള്ളത്. രണ്ട്, അതെന്റെ വീട്ടില്‍ നിന്ന് കഷ്ടിച്ച് രണ്ട് കിലോമീറ്റര്‍ ദൂരത്ത്, കോറമാംഗലയില്‍ ആണുള്ളതെന്നത്. മൂന്ന്, അത് ഞാനെന്നും ഓഫീസിലേക്ക് വരുന്ന വഴിക്കരികില്‍ തന്നെയാണെന്നുള്ളത്.

ശരിയാണ്. ദിവസവും ഞാന്‍ കാണാറുള്ള കട തന്നെ ഇത്. ആ കടയുടെ മുന്നില്‍ പ്രദര്‍ശനത്തിന് വച്ചിരിക്കുന്ന വിമാനം കണ്ട് ഒരു ദിവസം ഞാനും സഹമുറിയനും കുറേനേരം വായുംപൊളിച്ച് നിന്നിട്ടുള്ളതാണ്. ഇതൊക്കെ ആരു വാങ്ങാനാണ്, വാങ്ങിയാല്‍ തന്നെ ബാംഗ്ലൂരില്‍ എവിടെ ഒന്ന് പാര്‍ക്ക് ചെയ്യും എന്നൊക്കെ ഒരുപാടു ചിന്തിക്കുകയും ചെയ്തിരുന്നു. പോരാതെ ആ വിമാനത്തിന്റെ ഒരു ചക്രമെങ്കിലും വാങ്ങാന്‍ ശമ്പളം തികയില്ലല്ലോ എന്നോര്‍ത്ത് മത്സരിച്ച് നെടുവീര്‍പ്പിട്ടുള്ളതുമാണ്. എന്നിട്ടും ഈ കടക്കാര്‍ ഇങ്ങനെ ഒരു ഓഫര്‍ കൊണ്ട് വന്നിട്ട് ഞാന്‍ അത് അറിഞ്ഞില്ലല്ലോ, ശ്രദ്ധിച്ചില്ലല്ലോ; മോശമായിപ്പോയി.

എന്തായാലും കണ്ടല്ലോ. ഇനി വിടാന്‍ പറ്റില്ല. പഠിച്ചിട്ട് തന്നെ കാര്യം. ചെറുപ്പത്തിലേ പറക്കാന്‍ എനിക്ക് വലിയ മോഹമായിരുന്നു. പട്ടവും കടലാസ് വിമാനവും ഒക്കെ കുറേ ഉണ്ടാക്കി പറത്തിയിട്ടുണ്ട്. സ്വന്തമായി വിമാനം ഉണ്ടാക്കാനുള്ള മോഹം, വിമാനത്തിന്റെ പ്രവര്‍ത്തനതത്വം മനസ്സിലാക്കാന്‍ പറ്റാതിരുന്നതുകൊണ്ടുമാ‍ത്രമാണ് ഉപേക്ഷിച്ചത്. പിന്നീട് പലപ്പോഴും നെടുമ്പാശ്ശേരി വഴി പോകുമ്പോള്‍ വിമാനങ്ങള്‍ പറന്നുയരുന്നതുനോക്കി പഠിക്കാന്‍ ശ്രമിച്ചതും എന്തോ ഫലവത്തായില്ല. ഉണ്ടാക്കാന്‍ പറ്റിയില്ലെങ്കിലെന്താ, വേറെ ആളുകള്‍ ഉണ്ടാക്കിയത് ഉപയോഗിക്കാമല്ലോ. അത് ഒന്ന് പയറ്റിയിട്ട് തന്നെ കാര്യം.

ഞാന്‍ സഹമുറിയനെ വിളിച്ച് കാര്യം പറഞ്ഞു. പക്ഷെ ഞാന്‍ പണ്ട് ചെറുപ്പത്തില്‍ ജയന്റ് വീലില്‍ കയറിയപ്പോള്‍ തല കറങ്ങി വീണതും, പണ്ട് മാവില്‍ കയറിയപ്പോള്‍ പേടിച്ച് പിന്നെ ഇറങ്ങാന്‍ പറ്റാതെ ഫയര്‍ ഫോര്‍സിനെ വിളിച്ചതും ഇപ്പോഴുള്ള വീടിന്റെ ബാല്‍ക്കണിയില്‍ പോയി താഴോട്ട് നോക്കാന്‍ ഇതു വരെ ധൈര്യം കാണിക്കാത്തതും ഒക്കെ പറഞ്ഞ് എന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു ആ മൂരാച്ചി. ഇവനൊക്കെ പറയുന്നത് ആര് കേള്‍ക്കാന്‍ നില്‍ക്കുന്നു!

ദേഷ്യം വന്നു എനിക്ക്. ഞാന്‍ ഒരു വൈമാനികനാകാനുള്ള ആദ്യ ചുവട് വയ്ക്കുമ്പോള്‍ അവന്‍ അതിനെ പുശ്ചിച്ച് തള്ളുന്നു, കളിയാക്കുന്നു. ഇന്ന് തന്നെ ആ കോര്‍സിന് ചേര്‍ന്നില്ലെങ്കില്‍ നോക്കിക്കോ എന്ന് ഞാന്‍ അവനെ വെല്ലുവിളിച്ചു. ഒരുമാസത്തിനകം ഒരു പൈലറ്റ് ലൈസന്‍സ് ഒപ്പിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. പണ്ട് ഫോര്‍ വീലര്‍ ലൈസനസ് എടുക്കാന്‍ അത്രയും സമയമാണ് എടുത്തത്, ചെറിയ വിമാനത്തിനും അത്രയല്ലേ ചക്രങ്ങളുള്ളൂ‍. പക്ഷെ ഇതൊന്നും നടന്നില്ലെങ്കില്‍ എന്റെ പേര് നിന്റെ പട്ടിക്കിട്ടോ എന്ന് ഞാന്‍ പറഞ്ഞില്ല. അവന്‍ കേറി ഇട്ടുകളയും, അവനെ വിശ്വസിക്കാന്‍ പറ്റില്ല.

എന്തായാലും ഞാന്‍ വിമാനം പറത്താന്‍ പഠിക്കും. ഞാന്‍ ഒരു വൈമാനികനാകും. എന്നിട്ട് എന്റെ വീടിന്റെ മുകളില്‍ കൂടി വട്ടത്തില്‍ വിമാനം പറത്തി എന്റെ സഹമുറിയനെ കൊഞ്ഞനം കുത്തിക്കാണിക്കും. അപ്പോഴേ അവന്‍ പഠിക്കൂ. അതാണ് എന്റെ പ്രതികാരം.

നമ്പറും പരസ്യത്തിലുണ്ടായിരുന്നു. അത് കൊണ്ട് ഇനി വൈകിപ്പിക്കുന്നില്ല. വിളിച്ച് കളയാം.

വിളിച്ചു.

ചോദിച്ചു.

അതെ. ഫ്രീ തന്നെ. അവര്‍ ഉറപ്പിച്ചു പറയുന്നു.

എന്താവും കാരണം? അവര്‍ ഇപ്പോള്‍ തുടങ്ങിയ പുതിയ കമ്പനി ആകുമോ? അതുകൊണ്ടുള്ള ഓഫര്‍ ആകുമോ? അതോ തുടങ്ങിയിട്ടും ആരും തിരിഞ്ഞ് നോക്കാതിരുന്നതുകാരണം ഇങ്ങനെ ഒരു പരിപാടിയും ആയി ഇറങ്ങിയതാണോ? ഇനി ക്രെഡിറ്റ് കാര്‍ഡ് പോലെ, തുടക്കത്തില്‍ ഫ്രീ എന്ന് പറഞ്ഞിട്ട് പിന്നെ കാശ് വേണമെന്ന് പറഞ്ഞ് പറ്റിക്കുമോ? ആകാശത്ത് കൊണ്ട് പോയി കാശ് തന്നിലെങ്കില്‍ താഴേക്ക് തള്ളിയിടും എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യാന്‍ പറ്റും? എനിക്ക് പറക്കാന്‍ അറിയില്ലല്ലോ, മുങ്ങാനല്ലേ അറിയൂ. പക്ഷെ ഇവര്‍ പഠിക്കാന്‍ ചില്ലിക്കാശ് വേണ്ട എന്ന് തീര്‍ത്ത് പറയുമ്പോള്‍ വിശ്വസിക്കാതിരിക്കുന്നതെങ്ങിനെ? സ്വന്തമായി വെബ്‌സൈറ്റ് ഒക്കെ ഉള്ള കട അല്ലേ, മാന്യന്മാരായിരിക്കില്ലേ അത് കൊണ്ട്?

ഞാന്‍ തുടര്‍ന്ന് ചോദിച്ചു.

പഠനം എവിടെ വച്ചാണ്?

ബാംഗ്ലൂര്‍ എയര്‍പ്പോര്‍ട്ടില്‍, അല്ലെങ്കില്‍ പുതുതായി വരുന്ന ജക്കൂര്‍ എയറോഡ്രോമില്‍.

ഏത് തരം വിമാനത്തില്‍?

അത് നിങ്ങള്‍ ഏത് വിമാനമാണോ ഉള്ളത്, അതില്‍ !!!

ഡിങ്ങ്. ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. പറക്കാനും പറപ്പിക്കാനും ഉള്ള എന്റെ ആഗ്രഹം അതോടെ നിന്നു. ഭാഗ്യം അവരോട് എന്റെ പേരും ഫോണ്‍ നമ്പരും പറയാതിരുന്നത്. അല്ലെങ്കില്‍ സ്വന്തമായി വിമാനം പോയിട്ട് ഒരു കമാനം പോലും ഇല്ലാത്തവനാണ് ഞാന്‍ എന്നെങ്ങാനും അറിഞ്ഞ് എന്നെ വിമാനം കൊണ്ട് ഇടിച്ച് കൊന്നാലോ. എനിക്കിനിയും കടലാസ് വിമാന പരീക്ഷണങ്ങള്‍ നടത്താനുള്ളതാ. കൊള്ളാം, പുതുതായി ഒരു കീ വേഡ് കിട്ടി ഗൂഗിളില്‍ തപ്പാന്‍, “കടലാസ് വിമാന പരീക്ഷണങ്ങള്‍”. ഞാന്‍ എന്റെ ഹോബി തുടര്‍ന്നു.

സമര്‍പ്പണം: വിമാനങ്ങളെ സ്നേഹിച്ച എന്റെ ഒരു കൂട്ടുകാരിക്ക്. ഇന്നവളുടെ ഒന്നാം വിവാഹവാര്‍ഷികം

41 comments:

 1. ikkaas|ഇക്കാസ് said...

  നന്നായി ശ്രീജീ..
  ഒട്ടും വലിച്ചുനീട്ടാത്ത ഒരു കഥ!
  സത്യം സത്യമായിട്ടു പറയട്ടെ, നന്നാ‍യി ചിരിച്ചു.
  പിന്നെ, ഈ കമന്റ് ആദ്യത്തേതാണെങ്കില്‍ അതിന്റെ ക്രെഡിറ്റ് എനിക്ക്!
  ഞാനാദ്യമായാ ശ്രീജീടെ പോസ്റ്റില്‍ ഫസ്റ്റ് കമന്റ് ഇടുന്നത്. അതിന്റെ ട്രീറ്റ് അടുത്തമീറ്റിനു തരണം. 2. ബിന്ദു said...

  കപ്പലായിരുന്നെങ്കില്‍ മുങ്ങാമായിരുന്നു അല്ലെ? :) നന്നായി. 3. കുട്ടന്മേനൊന്‍::KM said...

  വിവരണം നന്നായി. ഇതെങ്ങനെയാണ് മണ്ടത്തരമാവുന്നതെന്ന് മനസ്സിലാവുന്നില്ല. 4. ചക്കര said...

  :) 5. പാര്‍വതി said...

  ഒരു വിമാനം വാങ്ങിയാല്‍ പോരായിരുന്നോ, അപ്പോ ഈ ഗൂഗ്ലി ഗൂഗ്ലിയാണോ ഇത്രയും വിവരം വച്ചത് അതൊന്ന് പരീക്ഷിക്കണം..

  -പാര്‍വതി. 6. valluvanadan said...

  ശ്രീജിത്തേ, വളരെ വളരെ നന്നായിട്ടുണ്ട്. തന്‍റെ മണ്ടത്തരങ്ങള്‍ ആദ്യമായി വായിക്കുകയാണ് ഞാന്‍. എന്നാലും ഞെട്ടി കേട്ടോ...?
  എന്തു എഴുത്താടേ കൂവേ... തകര്‍ത്തു കേട്ടോ...

  അനൂപ് 7. അതുല്യ said...

  ശ്രീക്കുട്ടാ, നല്ല അസ്സലു പോസ്റ്റുട്ടോ. ഇന്നന്‍സെന്റും മോഹനലാലുംകൂടി ഈ കടയില്‍ പോയി നിന്ന് ചമ്മി വരുന്ന ഒരു രംഗം ആണു ഞാന്‍ മനസ്സില്‍ കണ്ടത്‌.

  ഹ ഹ..... 8. ഉമേഷ്::Umesh said...
  This comment has been removed by a blog administrator.


 9. വക്കാരിമഷ്‌ടാ said...

  ധഗര്‍ഫന്‍ എഴുത്ത്. ഇക്കാസും ഉമേഷ്‌ജിയും പറഞ്ഞതുപോളെ നല്ല അടക്കവും ഒതുക്കവുമുള്ള ശാലീനസുന്ദരിയായ എഴുത്ത്. അതിന് പറ്റിയ മണ്ടത്തരവും.

  ഗൊള്ളാം.

  (സ്വല്‍‌പം ചോറും ഇത്തിരി പുളിയുള്ള കൊഴുത്ത തൈരും ഒരു നുള്ള് ഉപ്പും നാരങ്ങാ അച്ചാറും തര്വോ...വിശന്നിട്ടാ) 10. Anonymous said...

  ശ്രീജീ

  അസ്സലായിട്ടുണ്ട്. പത്തരമാറ്റ് മണ്ട്ത്തരം

  ഇതാ പിടിച്ചോ ഒരു കുതിരപ്പവന്‍
  പട്ടും വളയും പിന്നീടു തരാം 11. അരവിന്ദ് :: aravind said...

  ശ്രീജിത്തേ എത്ര വിമാനം വേണം? എന്നോടൊരു വാക്ക്....പോരായിരുന്നോ?
  തരാതരത്തിലുള്ള ഘടാഘടികന്മാരായ വിമാനങ്ങള്‍ ഞാന്‍ വാങ്ങിത്തരില്ലായിരുന്നോ പറപ്പിച്ച് പഠിക്കാന്‍?

  കഥ രസിച്ചു:-))

  ബൈ ദ ബൈ, കോറമാംഗലയില്‍ വിമാനം പ്രദര്‍ശിപ്പിക്കുന്ന കടയോ? അച്ചാല്‍ പിച്ചാല്‍ നടന്നിട്ട് ഇതുവരെ അതെന്റെ കണ്ണില്പെട്ടില്ല..(വീട്ടില്‍ രണ്ട് വീമാനം വെറുതേ കിടക്കുന്നു) 12. ഉമേഷ്::Umesh said...

  നന്നായി എഴുതിയിരിക്കുന്നു. നല്ല ഒതുക്കം. 13. അനംഗാരി said...

  എനിക്കുള്ളത് കടലാസു വിമാനം ആണെന്ന് കാച്ചായിരുന്നില്ലേ ജിത്തേ?
  ഞാന്‍ വിമാനം പറത്താന്‍ പഠിക്കാന്‍ പോയ കഥ രസകരമാണ്.കൂടെ എന്റെ ഭാര്യ ഒരു ധൈര്യത്തിന് ഉണ്ടായിരുന്നത് കൊണ്ടുള്ള പുകില്!അതു പറയാതിരിക്കുകയാ ഭേദം!മണിക്കൂറില്‍ 80 ഡോളര്‍ ആണ് ആ പഹയന്‍ ചോദിച്ചത്.ഒരു തവണയേ പോയുള്ളൂ.(ഞാന്‍ പറത്തിയില്ല എന്ന് പ്രത്യേകം പറയേണ്ടല്ലോ) പിന്നെ പോകേണ്ടി വന്നില്ല.അതിനു മുന്‍പ് കാലാവസ്ഥ മാറി. പിന്നെ വിമാനം പറത്തല്‍ കട്ടിലില്‍ കിടന്നായിരുന്നു. 14. സു | Su said...

  എന്നാല്‍ ഒരു വിമാനം വാങ്ങ് ശ്രീജിത്തേ, എന്നിട്ട് പഠിച്ച് കഴിഞ്ഞ് എനിക്കും താ. ഞാന്‍ പഠിച്ചിട്ട് തിരിച്ച് തന്നേക്കാം. :) 15. വല്യമ്മായി said...

  നല്ല എഴുത്ത്.അല്ല ശ്രീജിത്തേ ആരാ ഈ കൂട്ടുകാരി 16. വേണു venu said...

  നന്നായെഴുതിയിരിക്കുന്നു. ഒതുക്കി പറഞ്ഞതില്‍ ചിരിയുടെ പൊലിമ നഷ്ടപ്പെട്ടിട്ടുമില്ല. 17. മുസാഫിര്‍ said...

  ശ്രീജിത്ത്,
  കുറച്ച് കാലമായി നല്ല നടപ്പിലായിരുന്നു അല്ലെ.പൈലറ്റു പരിശീലനത്തിനായി 850 കോടി രൂപയുടെ ഒരു പുതിയ അക്കാദമി ഇന്‍ഡ്യയില്‍ വരുന്നെന്നു ഒരു വാര്‍ത്ത കേട്ടിരുന്നു.എന്തായാലും ഒന്നു സെര്‍ച്ച് ചെയ്തു നോക്കിക്കോളു,വല്ല ഫ്രീ ഓഫറും ഒത്താ‍ലോ. 18. അഗ്രജന്‍ said...

  അതിമോഹമാണു മോനേ... അതിമോഹം.

  ഒന്നോ രണ്ടോ വിമാനങ്ങള്‍ വേണമെങ്കില്‍ പറയാമായിരുന്നില്ലേ... ഇത് ചുമ്മാ :)

  നന്നായി കേട്ടാ, ഞങ്ങള്‍ വായനക്കാര്‍ അങ്ങിനെ ധരിക്കുമെന്ന് കരുതി എല്ലാറ്റിന്‍റേം പിന്നില് ‘മണ്ടത്തരം’ എന്നു ചേര്‍ക്കേണ്ട... ചേര്‍ക്കേണ്ടിടത്ത് ഞങ്ങള്‍ ചേര്‍ത്തോളാം.

  :)

  B E T A 19. ദില്‍ബാസുരന്‍ said...

  ശ്രീജീ,
  ഇത് ഒള്ളതാണോഡേയ്? എങ്കില്‍ ആ കമ്പനി മൊതലാളിയുടെ ബ്ലോഗിന്റെ പേരുമായി കണ്‍ഫ്യൂഷന്‍ ഉണ്ടാവാതെ നോക്കണേ.

  നന്നായി. ആകാശത്ത് വെച്ച് കാശ് തന്നില്ലേല്‍ ഉന്തിയിടും എന്ന് പറഞ്ഞാല്‍ നീ പെട്ടേനേ.... ഇപ്രാവശ്യത്തെ മണ്ടത്തരം കലക്കി. ടെക്നിക്കല്‍ മണ്ടത്തരങ്ങള്‍ വായിച്ച് തലകറങ്ങിയിരിക്ക്യായിരുന്നു. :-) 20. പൊതുവാള് said...

  “എനിക്ക്‌ പറക്കാന്‍ അറിയില്ലല്ലോ ,മുങ്ങാനല്ലേഅറിയൂ .”

  മൂര്‍ഖന്‍ പറമ്പിലെ പണി തീര്‍ന്നിട്ടാകാം വിമാനം വാങ്ങല്‍ എന്നാണോ ശ്രീജിത്തേ ?

  വൈമാനികനാകണമെന്ന്‌ അത്യാഗ്രഹമുണ്ടാ‍യതല്ലെ (അതാപത്താണ് മോനെ സൂച്ചിക്കുക),കട്ടിലില്‍ കിടന്നു വിമാനമെങ്ങനെ പറത്താമെന്ന വിഷയത്തില്‍ അനംഗാരി വേണമെങ്കില്‍ പോസ്റ്റല്‍ റ്റ്യൂഷന്‍ തരും. 21. Jayarajan said...

  "ഇനി ക്രെഡിറ്റ് കാര്‍ഡ് പോലെ, തുടക്കത്തില്‍ ഫ്രീ എന്ന് പറഞ്ഞിട്ട് പിന്നെ കാശ് വേണമെന്ന് പറഞ്ഞ് പറ്റിക്കുമോ? ആകാശത്ത് കൊണ്ട് പോയി കാശ് തന്നിലെങ്കില്‍ താഴേക്ക് തള്ളിയിടും എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യാന്‍ പറ്റും?"
  ദേ, ശ്രീ യും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു..:):) 22. Anonymous said...

  ഇന്റെര്‍നെറ്റും ഇ മെയിലും ഒത്തിരി കാലമായി കയ്യെത്തും ദൂരത്തുണ്ടെങ്കിലും ബ്ലൊഗിനെക്കുറിച്ചറിഞ്ഞത് നാല‍ഞ്ച് ദിവസം മുന്‍പ്. എന്ത് കുന്തമാണെന്നറിയാന്‍ ഗൂഗിളില്‍ കയറി തപ്പി, കയ്യില്‍ പെട്ടത് മണ്ടത്തരങ്ങളും. എന്തായാലും നല്ല തുടക്കം .

  vismayaaa 23. ഖാദര്‍ (പ്രയാണം) said...

  രസികന്‍ എഴുത്ത്
  വിമാനമില്ലാത്തത് കൊണ്ട് പറക്കല്‍ പരിശീലനം വേണ്ടന്ന് വെക്കേണ്ടായിരുന്നു. പഴയ റഷ്യന്‍ നിര്‍മിത എയര്‍ക്രഫ്റ്റുകള്‍ ചുളുവിലക്ക് ഇഷ്ടമ്പോലെ കിട്ടാനുണ്ട്. ചെലപ്പൊ ഫ്രീയായും കിട്ടിയേക്കും.നെറ്റില്‍ ഒന്ന് സെര്‍ച് ചൈയ്ത് നോക്കൂ 24. ദേവന്‍ said...

  എന്റണ്ണാ,
  കൊടി കെട്ടിയവനേം മണികെട്ടിയവനേം കണ്ടിട്ടുണ്ട്‌, പക്ഷേ അണ്ണന്‍ ആളു കട്ടിക്കാരന്‍ തന്നെ.

  ആദ്യമായി, ഇന്‍ഡസ്‌ അല്ല, IndUS. ഇന്‍ഡ്‌-യു എസ്‌ പറക്കാന്‍ പഠിപ്പിക്കുന്ന സ്ഥലമല്ലപ്പാ, ഒറ്റയെഞ്ചിന്‍ വിമാനരംഗത്തെ മൈക്രോസോഫ്റ്റും ലിനക്സുമായ പൈപ്പറിനേം സെസ്നായേയും നേരിടാന്‍ പ്രാപ്തിയൊന്നുമില്ലാത്ത ഒരയ്യോപാവി വിമാനക്കച്ചവടക്കാരന്‍. ഓന്റെ സ്കൈ ഷൂട്ടറും തോര്‍പ്പും ചീര്‍പ്പും കണ്ണാടീം വാങ്ങുന്നവരുടെ ബണ്ടില്‍ ഓഫറായി ജക്കൂര്‍ ഫ്ലൈയിംഗ്‌ സ്കൂളിലോ മറ്റോ ഒരു ഫ്രീ പാക്കേജ്‌ വച്ചതായിരിക്കും അണ്ണന്‍ കണ്ട ചുമ്മാ വിമാനം പറത്തല്‍ പഠിപ്പിക്കല്‍ ഓഫര്‍. ബ്രൌസിംഗ്‌ സെന്ററെല്ലാം വിന്‍ഡോസ്‌ ഉപയോഗിക്കും പോലെ ഫ്ലൈയിംഗ്‌ സ്കൂളുകള്‍ എല്ലാം സെസ്നയും പൈപ്പറും ഉപയോഗിക്കുന്നതാണു നുമ്മന്റെ കച്ചോടം കുറയാന്‍ കാരണമെന്ന് ആ പാവം ഇന്‍ഡ്‌യൂയെസ്സ്‌ കമ്പനി വിചാരിച്ച്‌ ഇറക്കീതാവും വണ്ടി വാങ്ങിയാ പഠിത്തം ഫ്രീ.

  അണ്ണനു ഫ്ലൈയിംഗ്‌ പഠിക്കണോ? ഇങ്ങോട്ടു വാ. നുമ്മടെ മടിത്തെറുപ്പില്‍ ഒരു പള്ളിക്കൂടമുണ്ട്‌. ഒരു $120 ഫീസ്‌ മണിക്കൂറിനു വച്ച്‌ ശരിയാക്കിത്തരാം.

  "മനുഷ്യരെല്ലാവരും പറക്കാന്‍ കൊതിക്കുന്നു. ചിലര്‍ക്ക്‌ സ്വപ്നം സ്വപ്നമായിരിക്കുന്നു. അങ്ങനെ അടങ്ങാതെ സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നവര്‍ ലോണ്ടെ ലോ പടി കയറുന്നു." ചുമ്മാ ബാ. 25. കുറുമാന്‍ said...

  അയ്യോ, ഞങ്ങള്‍ക്കൊരു വൈമാനിക സുഹൃത്തിനെ ജസ്റ്റ് മിസ്സായി.

  കൊള്ളാം എന്തൊരു നടക്കാത്ത ആശ :) 26. .::Anil അനില്‍::. said...

  പരസ്യപ്പാര

  ശ്രീജിയ്ക്ക് മണിക്കൂറിന് അത്രേം ഡാളറൊന്നും കൊടുക്കാതെ പറക്കാനും പറന്നിറങ്ങിയാല്‍ വണ്ടിമുട്ടാതെ നടക്കാനും ഇവിടെ വേറെയും ഇടങ്ങള്‍ ഉണ്ടല്ലോ. ഇടങ്ങളുടെ തൊട്ടടുത്തുതന്നെ. ബാരക്കുടയുടെ തൊട്ടുമുന്നില്‍ വ്യേറെയും പള്ളിക്കൂടമുണ്ട്.

  ദേവാ പാരയ്ക്ക് മാപ്പ്.:) സമയം കിട്ടിയില്ലെങ്കിലും വല്ലപ്പോഴും വന്ന് ഇത്തിപ്പോരം പാരവച്ചില്ലെങ്കില്‍... 27. അതുല്യ said...

  അമ്പട ദേവാ... അങ്ങനെ ഇപ്പോ എന്റെ ശ്രീക്കുട്ടനെ ദേവന്റെ ഹൈപ്പോത്തിക്കേഷനില്‍ പറത്തണ്ട. ശ്രീക്കുട്ടാ, ദേ നേരെയങ്ങ്‌ കൊച്ചി നേവല്‍ ബേസില്‍ എത്തി, എ.എന്‍.എസ്‌ ഗരുഡയില്‍ പോയി, ആ ഫ്ലെയിംഗ്‌ സ്കൂളില്‍ പോയി, ശര്‍മാജീടെ പേരും, വേണമെങ്കില്‍ ഡിപ്പന്റന്റ്‌ ആണേന്നും പറയൂ. ഗ്ലൈഡിംഗ്‌/ഫ്ലൈയിങ്ങ്‌ ഒക്കെ ഫ്രീ ആയിട്ട്‌ പതിനഞ്ച്‌ ദിവസം കൊണ്ട്‌ പഠിപ്പിയ്കും. പോരാത്തതിനു ഇപ്പോ ഫ്രീ ഫോര്‍ ആള്‍ ആണു, കപ്പലും ഷിപ്പും ഒക്കെ, അവിടെ നാവിക വാരാഘോഷം നടക്കുന്നു. സീരിയസ്‌ അലി പറഞ്ഞതാ. 28. അളിയന്‍സ് said...

  രണ്ട് മൂന്നാഴ്ച മുന്‍പ് വൈക്കത്ത് പാടത്ത് വീണ നേവി ബീമാനം ഡിസ്കൌണ്ട് റേറ്റില്‍ കൊടുക്കാനുണ്ടെന്ന് പറഞ്ഞ് ഒരു ക്ലാസിഫൈഡ് പരസ്യം കണ്ടു. ശ്രീജിത്തെ , ഒന്ന് ട്രൈ ചെയ്ത് നോക്കിക്കൂടെ....?? 29. Siju | സിജു said...

  വിമാനം കൊണ്ട് ചെന്നാല്‍ ഫ്രീയായി പഠിപ്പിക്കുന്ന സ്ഥലങ്ങളുണ്ടോ
  അപ്പോ നമ്മള്‍ ബൊയിംഗ് കമ്പനീന്നോ എയര്‍ബസ് കമ്പനീന്നോ നല്ലൊരു വിമാനം നോക്കി വാങ്ങുക; എന്നിട്ട് ഇവിടെ ഉരുട്ടികൊണ്ട് ചെന്നാമതി
  അവര്‍ പഠിപ്പിച്ചു തരും
  തിരിച്ചു പറത്തികൊണ്ട് പോകാം
  സൂപ്പര്‍ പരിപാടി 30. മഴത്തുള്ളി said...

  കഷ്ടം. ശ്രീജിത്തിന് വല്ലാത്ത വിഷമമായിപ്പോയി അല്ലേ? അല്ല ഇത്രയും ബൂലോകരൊക്കെ സഹായിക്കാനുള്ളപ്പോള്‍ തോറ്റു പിന്മാറുന്നത് ശരിയാണോ? നമുക്കെല്ലാവര്‍ക്കും കൂടി ശ്രമിച്ചാല്‍ ശ്രീജിത്തിന് ഒരു വിമാനം വാങ്ങിക്കൊടുക്കാന്‍ പറ്റില്ലേ? എന്നാല്‍ എല്ലാവര്‍ക്കും നാട്ടില്‍ പോവേണ്ട സമയത്ത് ഒരു ഫോണ്‍ വിളിച്ചാല്‍‍ ശ്രീജിത്ത് വിമാനവുമായി അവരുടെ വീടിനു മുകളില്‍ വന്നു പാര്‍ക്ക് ചെയ്യില്ലേ. പിന്നെ ശ്രീജിത്തിന് ബൂലോകം ചുറ്റിസഞ്ജരിക്കലായിരിക്കും ഏറ്റവും പ്രിയപ്പെട്ട ഹോബി. കാരണം ഫോണ്‍കോളുകള്‍ തട്ടിയിട്ട് പറക്കാന്‍ വയ്യാത്ത അവസ്ഥയാവില്ലേ? ;) 31. ദേവന്‍ said...

  അല്ലേ അനിലേട്ടോ, ഇതൊരുമാതിരി പാരലല്‍ കോളേജുകാര്‍ പിള്ളേരെ അടിച്ചോണ്ട്‌ പോകുന്നതുപോലത്തെ ഇടപാടാണല്ല്ലോ ഫ്യുജൈറാ പറക്കപ്പള്ളിക്കൂടത്തില്‍ പിള്ളേരെ പിടിച്ചു കൊടുത്താല്‍ കമ്മീഷന്‍ ഉണ്ടോ?

  അയ്യെന്നെസ്സ്‌ ഗരുഡയില്‍ കൊച്ചനെ പറഞ്ഞു വിടാന്‍ കല്‍പ്പിച്ച അതുല്യയെ ഐ എന്‍ എസ്‌ ദ്രോണാചാര്യയില്‍ ടാര്‍ഗറ്റ്‌ പ്രാക്റ്റീസിനായി വിട്ടുകൊടുക്കാന്‍ ഈ പട്ടാളക്കോടതി ഉത്തരം അറുക്കുന്നു. സോറി ഉത്തരവ്‌ ഇറക്കുന്നു. 32. അതുല്യ said...

  ഓഹ്‌.. അത്രയ്ക്‌ ഒന്നും കടുത്ത പിഴ വേണ്ടന്നേ ഗുരുവേ... ആ ന്യൂട്ടര്‍ ഒരു കിണ്ടിയില്‍ വച്ച്‌ എന്നെ അതിന്റെ മുമ്പില്‍ ഇരിത്തിയാലോ അല്ലെങ്കില്‍ ആ "സ്ത്രീ" സീരിയല്‍ 5 മാസം തുടര്‍ച്ചയായി കാണാനോ വിധിച്ചാ മതി. പാവല്ലേ.. അപ്പൂനേ എങ്കിലും ഓര്‍ക്കണ്ടേ?

  ശ്രീയേ.. നിനക്ക്‌ ഞാന്‍ വച്കിട്ടുണ്ട്‌.. 33. .::Anil അനില്‍::. said...

  കമ്മിഷം‌ല്ലാ ദേവാ.
  പക്ഷേ ലാ മേഡിക്കല്‍ സര്‍ട്ടി വര്‍ഷാവര്‍ഷം കൊടുക്കണ യേര്‍പ്പാട് നമ്മളൊരു നെക്സ്റ്റ് ജെനറേഷന്‍ തൊഴില്‍ സുരക്ഷിതത്വത്തിന്റെ ഭാഗമായി പിടിച്ചുവച്ചിട്ടുണ്ട്. 34. മുല്ലപ്പൂ || Mullappoo said...
  This comment has been removed by the author.


 35. കുട്ടിച്ചാത്തന്‍ said...

  പറക്കാന്‍ പഠിച്ചാല്‍ മാത്രം മതിയെങ്കില്‍ ഫ്രീ ആയിട്ട് പഠിപ്പിച്ചു തരാം. പിന്നെ ഇന്‍ഷുറന്‍സൊന്നും ഇല്ല കേട്ടോ. ഒത്താല്‍ ഒത്തു. ഞാന്‍ കൈവിട്ടു കഴിഞ്ഞാല്‍ സ്വയം ചിറകടിച്ചോളണം.... 36. MADHURASANGEETHAM said...

  GOOD
  GO ON.....

  WWW.AISWARYARAIPHOTOS.BLOGSPOT.COM 37. Peelikkutty!!!!! said...

  നല്ല പോസ്റ്റ്.ബിമാനം വാങ്ങുന്നേലും നല്ലത് രണ്ട് ചിറകു വാങ്ങി അങ്ങൂ പറക്കുന്നതല്ലേ..ഹല്ല പിന്നെ!

  qw_er_ty 38. കാക്കകറുംബന്‍ said...

  Sriji

  Awesome...I can relate to you a lot.
  Buy Microsoft Flight Simulator Software with a joy stick. You definitely can learn flying. Very very close to real flying experience. I coudnt resist getting out this post without leaving a comment. Very Very Nice.

  Kaka 39. Durga said...

  ഹഹഹ്ഹ!!!!!!!! കൊള്ളാം! സി ഐ ഡി മൂസയിലെ അവസാന രംഗം ഓര്‍മ്മവന്നു പെട്ടെന്ന്. അതു പോലെ വല്ല ഐഡിയേം ഇറക്കാന്‍ പ്ലാനുണ്ടോ? പൈലറ്റുമാരൊക്കെ ഇന്‍ഷുഏഡ് ആണോ ആവോ? ;) 40. MADHURASANGEETHAM said...

  GOOD

  WWW,ANGELINAJULIE.BLOGSPOT.COM
  WWW.SANIAMIRZAPICTURES.BLOGSPOT.COM 41. Anonymous said...

  ഇതുപോലെ ഈ ജീവിതത്തില്‍ ഒരു വിമാനം മേടിക്കാന്‍ പറ്റാത്തതുകൊണ്ടു പറപ്പിക്കയെങ്കിലും ചെയ്യും എന്നു കച്ചകെട്ടിയിരിക്കുന്ന എന്റെ കണവന്റെ ആഗ്രഹത്തെ ഓര്‍ത്തുപോയീട്ടൊ!ഫ്ളൈയിങ്ങ് ക്ളബ്ബ് എന്നു കേട്ടാല്‍ എല്ലാം മറന്നു നില്‍ക്കും കക്ഷി!

  നന്നായിട്ടുണ്ടു!ആദ്യമായാണു ഇവിടെ കമ്മന്റുന്നതു! മുന്‍പേ വായിച്ചിരുന്നു മറ്റു ചില പോസ്റ്റുകളൊക്കെ!