Tuesday, December 19, 2006

ശ്രീശാന്തും ശ്രീജിത്തും

വീട്ടില്‍ രണ്ടാണ് പത്രം. ടൈംസ് ഓഫ് ഇന്ത്യ എന്ന ഇംഗ്ലീഷ് പത്രവും മലയാള മനോരമ എന്ന മലയാള പത്രവും. എന്തു കാര്യത്തിനെക്കുറിച്ചും രണ്ടഭിപ്രായം അറിയുന്നത് നല്ലതാണല്ലോ. പോരാണ്ട് ഈ പത്രങ്ങളെയൊന്നും കണ്ണടച്ച് വിശ്വസിക്കാന്‍ പാടില്ല എന്നാണ് സെബാസ്റ്റ്യന്‍ പോള്‍ കൈരളി ടിവിയിലെ പത്രവിശേഷം എന്ന പരിപാടിയില്‍ പറയാറുള്ളത്. എന്നാല്‍ വടക്കേഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന എന്റെ സഹമുറിയന് മലയാളം വായിക്കാനറിയാത്തതുകൊണ്ടാണ് ഇംഗ്ലീഷ് പത്രം വരുത്തുന്നതെന്നും എനിക്ക് ഇംഗ്ലീഷ് വായിക്കാനറിയാത്തതുകൊണ്ടാണ് മലയാളം പത്രവും വരുത്തുന്നതെന്നും ആണ് ചില കുബുദ്ധികള്‍ പ്രചരിപ്പിക്കുന്നത്. ശുദ്ധ അസംബന്ധമാണത്, ആരും വിശ്വസിക്കരുത്.

പതിവുപോലെ ഇന്നും വന്നു രണ്ടു പത്രവും. ആദ്യമെഴുന്നേറ്റത് ഞാനാണ്. അതുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ എടുത്ത് ഞാന്‍ ചിത്രങ്ങള്‍ നോക്കാന്‍ തുടങ്ങി (ടൈംസില്‍ നിറയെ ചിത്രങ്ങളുണ്ടാകും). ഇന്നത്തെ പ്രധാന വാര്‍ത്ത നീണ്ട പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്കയെ അവരുടെ സ്വന്തം മണ്ണില്‍ ക്രിക്കറ്റില്‍ തോല്‍പ്പിച്ചു എന്നതാണ്. നല്ല കാര്യം. വാര്‍ത്തയുമുണ്ടല്ലോ. വായിച്ചു കളയാം.

കളിയെക്കുറിച്ചും കളിക്കാരെക്കുറിച്ചും കളിക്കാര്‍ കളിയെക്കുറിച്ചും ഒക്കെയുള്ള അഭിപ്രായങ്ങളും വിവരണങ്ങളും‍ വായിച്ചതിനുശേഷം അവസാനം എഴുതിക്കണ്ട വാചകം കണ്ട് ഞാന്‍ ഞെട്ടി. എനിക്ക് തെറ്റുപറ്റിയതല്ലെന്നുറപ്പ് വരുത്താന്‍ വീണ്ടും വീണ്ടും വായിച്ചു. അപ്പോള്‍ തെറ്റിയത് എനിക്കല്ല, വാര്‍ത്ത ഇങ്ങനെ.

"Man of the match S Sreesanth was on Monday fined 30% of his match fee for offences in the first Test. Match referee Roshan Mahanama found Sreesanth guity of following South African batsman Hashim Amla after he was out and showing a logo on his inner wear."

മോശമായിപ്പോയി. എന്നാലും നമ്മുടെ ശ്രീശാന്ത് ഇത് ചെയ്തല്ലോ.

ഹാഷിം ആം‌ല ഔട്ട് ആയപ്പോള്‍ അദ്ദേഹത്തെ പിന്തുടര്‍ന്ന് സ്വന്തം അടിവസ്ത്രത്തിലെ ലോഗോ കാട്ടി അപമാനിച്ചെന്ന്. ഇത്ര തരം താണ പ്രവര്‍ത്തി ശ്രീശാന്തില്‍ നിന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. ഒന്നുമില്ലെങ്കിലും നമ്മള്‍ മലയാളികളല്ലേ, ശ്രീശാന്ത് ഒരു കൊച്ചിക്കാരനല്ലേ, ഇത്തരം വൃത്തികേട് പരസ്യമായി ചെയ്യാന്‍ പാടുണ്ടോ? ച്ഛെ! അദ്ദേഹത്തിന്റെ ചിരിയും കളിയും ഒക്കെ ഇഷ്ടപ്പെട്ടിരുന്ന ഈ ആരാധകന് അത് ഫീല്‍ ആയി. ടി.വിയിലും മാസികകളിലും അദ്ദേഹത്തിന്റെ അഭിമുഖം എത്ര താല്പര്യത്തോടുകൂടിയാണ് ഞാന്‍ കാണാ‍റുണ്ടായിരുന്നത്. എത്ര നന്നായി അന്നൊക്കെ ആദ്ദേഹം പെരുമാറി. ഞാന്‍ കൊടുത്ത കുറേ ബഹുമാനം വേസ്റ്റ് ആയല്ലോ, കഷ്ടമായിപ്പോയി. ടി.വി.യില്‍ കളികാണാതിരുന്ന ഞാന്‍, വീണ്ടും വീണ്ടും ആ രംഗം മനസ്സില്‍ കാണാന്‍ ശ്രമിച്ച് ഓരോ തവണയും കൂടുതല്‍ കൂടുതല്‍ ലജ്ജിതനായിക്കൊണ്ടിരുന്നു.

രാവിലെ തന്നെ മൂഡ് പോയി. ഇനി മനസ്സിലാവുന്ന ഭാഷയിലെ വല്ലതും വായിക്കാമെന്നു കരുതി മനോരമ എടുത്തു. അതിലും കാര്യമായ മാറ്റമില്ലാത്ത വാര്‍ത്തകള്‍ (ചിത്രങ്ങള്‍ക്ക് മാറ്റമുണ്ട്). വായിച്ചു വന്നപ്പോഴാണ് ശ്രീശാന്തിന്റെ അപരാധം എന്താണെന്ന് മനസ്സിലായത്.

ശ്രീശാന്ത് രണ്ട് അപരാധമാണ് കളിക്കളത്തില്‍ കാട്ടിയതത്രേ. ഹാഷിം ആം‌ല പുറത്തായപ്പോള്‍ അദ്ദേഹത്തിനെ കളിയാക്കിയത് ഒന്ന്. ജര്‍സിക്കകത്ത് അനുവദനീയമല്ലാത്ത തരത്തില്‍ മറ്റൊരു ടി-ഷര്‍ട്ട് ഇട്ടത് അടുത്തത്. അകത്ത് ഇടുന്ന ടീ-ഷര്‍ട്ട്/ബനിയന്‍ എന്നിവ വെള്ള നിറമുള്ളതായിരിക്കണമെന്നും അതില്‍ ലോഗോ പോലുള്ള ഒന്നും തന്നെ പാടില്ല എന്നതുമാണ് നിയമം അനുശാസിക്കുന്നത്. ശ്രീശാന്ത് ഇട്ടിരുന്ന ടീ-ഷര്‍ട്ടില്‍ അങ്ങിനെ എന്തോ ലോഗോ ഉണ്ടായിരുന്നു എന്നതാണ് അദ്ദേഹത്തിന് പിഴ വിധിക്കാന്‍ ഇടയാക്കിയത്.

ശ്ശൊ. ഈ എന്റെ ഒരു കാര്യം. എന്തൊക്കെയോ തെറ്റിദ്ധരിച്ചു. പാവം ശ്രീശാന്ത്. എത്ര മാന്യനാ. ജര്‍സി പോരണ് ഉള്ളില്‍ ഒരു ടീ-ഷര്‍ട്ട് കൂടെ ഇട്ടതിനാണ് ഇത്ര പുകില്. അവിടെ തണുപ്പ് കൂടുതലായിട്ടായിരിക്കും. നമ്മള്‍ മലയാളികള്‍ക്ക് ഈ തണുപ്പ് എവിടെയാ ശീലം. അതു വല്ലതും ഈ മാച്ച് റഫറിക്ക് അറിയാമോ. ച്ഛെ. അതൊക്കെ പോട്ടെ, ഞാന്‍ ഇങ്ങനെയൊക്കെ വിചാരിച്ചു എന്നറിഞ്ഞാല്‍ ശ്രീശാന്തിന് എന്ത് തോന്നും. ഞങ്ങള്‍ക്കിനിയും കാണാനുള്ളതല്ലേ, ടി.വി.യില്‍. ഒരേ ഗ്രൌണ്ടില്‍ കളിച്ച് വളര്‍ന്നവരാ ഞങ്ങള്‍, രണ്ട് സമയത്താണെന്ന് മാത്രം. സാരമില്ല, ആരും അദ്ദേഹത്തോട് ഇത് പറയാതിരുന്നാല്‍ മതി. ഞാ‍നായിട്ട് പറയില്ല, സത്യം. അത്തിപ്പാറ അമ്മച്ചിയാണെ സത്യം.

Friday, November 24, 2006

വിമാനമണ്ടത്തരം

കോളേജില്‍ റാഗ് ചെയ്യപ്പെടുമ്പോഴും, ഇപ്പോള്‍ പുതിയ ആളുകളുമായി മെയില്‍ വഴിയും ചാറ്റ് വഴിയും പരിചയപ്പെടുമ്പോഴും സ്ഥിരമായി കേട്ടിരുന്നതും ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നതുമായ ചോദ്യമാണ് “എന്തൊക്കെയാണ് ഹോബികള്‍?” എന്ന ചോദ്യം. പാട്ടു കേള്‍ക്കല്‍, ടി.വി കാണല്‍ എന്ന പതിവ് മറുപടികള്‍ക്കപ്പുറത്തൊന്നും ഇതു വരെ പറഞ്ഞിട്ടില്ല ആരോടും. എന്റെ ഹോബി അറിഞ്ഞിട്ട് ഇവന്മാര്‍ക്കൊക്കെ എന്നെ അനുകരിക്കാനല്ലേ, അങ്ങനെയിപ്പോള്‍ വേണ്ട.

എത്രയൊക്കെ നിഷേധിച്ചാലും ഒളിപ്പിക്കാന്‍ ശ്രമിച്ചാലും എന്റെ ഹോബി, സര്‍ഫിങ്ങ് എന്നതാണ്. അത് വെള്ളത്തിലോ (sea surfing) വായുവിലോ (wind surfing) ഒന്നുമല്ല. വെറുതേ കിട്ടുന്ന ഇന്റെര്‍നെറ്റ് ആണ് എന്റെ ഹോബിക്കളിക്കളം. ചെയ്യുന്നത്, ഹോബികള്‍ നിരോധിച്ചിരിക്കുന്ന ഓഫീസ് സമയത്തും. വെറുതേ കിട്ടുന്ന ഫോര്‍വേഡഡ് ഇ-മെയിലുകളില്‍ നിന്ന് കിട്ടുന്ന വാക്കുകള്‍ ഗൂഗിളില്‍ തിരയുക, അവിടുന്ന് കിട്ടുന്ന കീവേഡ് വച്ച് വീണ്ടും ഗൂഗിളില്‍ തിരയുക, വീണ്ടും എന്തെങ്കിലും വാക്കുകള്‍ കണ്ട് പിടിച്ച് പിന്നേയും തിരയുക, അങ്ങിനെ രാവിലെ തിരച്ചില്‍ തുടങ്ങി വൈകുന്നേരമാകുമ്പോഴേക്കും ഒന്നും കിട്ടാതെ മടങ്ങുക. ഇതാണ് എന്റെ ഫേവറേറ്റ് ഹോബി.

അങ്ങിനെ ഇന്ന് രാവിലെ വേള്‍ഡ് വൈഡ് വെബ്ബില്‍ കറങ്ങിത്തിരിഞ്ഞ് നടക്കുന്നതിനിടയില്‍ എവിടെയോ ഇന്റസ് ഏവിയേഷന്‍ എന്ന കമ്പനിയുടെ ഒരു പരസ്യം കണ്ണില്‍പ്പെട്ടു. അവര്‍ തങ്ങളുടെ പരസ്യത്തില്‍ പറഞ്ഞിരുന്നത് തങ്ങള്‍ വിമാനം പറത്തുന്നത് സൌജന്യമായി പഠിപ്പിക്കുമെന്നതാണ്.

കണ്ടതും എന്നിലെ അത്യാഗ്രഹത്തിന്റെ ശരറാന്തല്‍ ആഞ്ഞുകത്തി. കൂടുതല്‍ നോക്കിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ലഭ്യമായത്.

ഒന്ന്, ഈ സ്ഥാപനത്തിന് ബാംഗ്ലൂരില്‍ ബ്രാഞ്ച് ഉണ്ടെന്നുള്ളത്. രണ്ട്, അതെന്റെ വീട്ടില്‍ നിന്ന് കഷ്ടിച്ച് രണ്ട് കിലോമീറ്റര്‍ ദൂരത്ത്, കോറമാംഗലയില്‍ ആണുള്ളതെന്നത്. മൂന്ന്, അത് ഞാനെന്നും ഓഫീസിലേക്ക് വരുന്ന വഴിക്കരികില്‍ തന്നെയാണെന്നുള്ളത്.

ശരിയാണ്. ദിവസവും ഞാന്‍ കാണാറുള്ള കട തന്നെ ഇത്. ആ കടയുടെ മുന്നില്‍ പ്രദര്‍ശനത്തിന് വച്ചിരിക്കുന്ന വിമാനം കണ്ട് ഒരു ദിവസം ഞാനും സഹമുറിയനും കുറേനേരം വായുംപൊളിച്ച് നിന്നിട്ടുള്ളതാണ്. ഇതൊക്കെ ആരു വാങ്ങാനാണ്, വാങ്ങിയാല്‍ തന്നെ ബാംഗ്ലൂരില്‍ എവിടെ ഒന്ന് പാര്‍ക്ക് ചെയ്യും എന്നൊക്കെ ഒരുപാടു ചിന്തിക്കുകയും ചെയ്തിരുന്നു. പോരാതെ ആ വിമാനത്തിന്റെ ഒരു ചക്രമെങ്കിലും വാങ്ങാന്‍ ശമ്പളം തികയില്ലല്ലോ എന്നോര്‍ത്ത് മത്സരിച്ച് നെടുവീര്‍പ്പിട്ടുള്ളതുമാണ്. എന്നിട്ടും ഈ കടക്കാര്‍ ഇങ്ങനെ ഒരു ഓഫര്‍ കൊണ്ട് വന്നിട്ട് ഞാന്‍ അത് അറിഞ്ഞില്ലല്ലോ, ശ്രദ്ധിച്ചില്ലല്ലോ; മോശമായിപ്പോയി.

എന്തായാലും കണ്ടല്ലോ. ഇനി വിടാന്‍ പറ്റില്ല. പഠിച്ചിട്ട് തന്നെ കാര്യം. ചെറുപ്പത്തിലേ പറക്കാന്‍ എനിക്ക് വലിയ മോഹമായിരുന്നു. പട്ടവും കടലാസ് വിമാനവും ഒക്കെ കുറേ ഉണ്ടാക്കി പറത്തിയിട്ടുണ്ട്. സ്വന്തമായി വിമാനം ഉണ്ടാക്കാനുള്ള മോഹം, വിമാനത്തിന്റെ പ്രവര്‍ത്തനതത്വം മനസ്സിലാക്കാന്‍ പറ്റാതിരുന്നതുകൊണ്ടുമാ‍ത്രമാണ് ഉപേക്ഷിച്ചത്. പിന്നീട് പലപ്പോഴും നെടുമ്പാശ്ശേരി വഴി പോകുമ്പോള്‍ വിമാനങ്ങള്‍ പറന്നുയരുന്നതുനോക്കി പഠിക്കാന്‍ ശ്രമിച്ചതും എന്തോ ഫലവത്തായില്ല. ഉണ്ടാക്കാന്‍ പറ്റിയില്ലെങ്കിലെന്താ, വേറെ ആളുകള്‍ ഉണ്ടാക്കിയത് ഉപയോഗിക്കാമല്ലോ. അത് ഒന്ന് പയറ്റിയിട്ട് തന്നെ കാര്യം.

ഞാന്‍ സഹമുറിയനെ വിളിച്ച് കാര്യം പറഞ്ഞു. പക്ഷെ ഞാന്‍ പണ്ട് ചെറുപ്പത്തില്‍ ജയന്റ് വീലില്‍ കയറിയപ്പോള്‍ തല കറങ്ങി വീണതും, പണ്ട് മാവില്‍ കയറിയപ്പോള്‍ പേടിച്ച് പിന്നെ ഇറങ്ങാന്‍ പറ്റാതെ ഫയര്‍ ഫോര്‍സിനെ വിളിച്ചതും ഇപ്പോഴുള്ള വീടിന്റെ ബാല്‍ക്കണിയില്‍ പോയി താഴോട്ട് നോക്കാന്‍ ഇതു വരെ ധൈര്യം കാണിക്കാത്തതും ഒക്കെ പറഞ്ഞ് എന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു ആ മൂരാച്ചി. ഇവനൊക്കെ പറയുന്നത് ആര് കേള്‍ക്കാന്‍ നില്‍ക്കുന്നു!

ദേഷ്യം വന്നു എനിക്ക്. ഞാന്‍ ഒരു വൈമാനികനാകാനുള്ള ആദ്യ ചുവട് വയ്ക്കുമ്പോള്‍ അവന്‍ അതിനെ പുശ്ചിച്ച് തള്ളുന്നു, കളിയാക്കുന്നു. ഇന്ന് തന്നെ ആ കോര്‍സിന് ചേര്‍ന്നില്ലെങ്കില്‍ നോക്കിക്കോ എന്ന് ഞാന്‍ അവനെ വെല്ലുവിളിച്ചു. ഒരുമാസത്തിനകം ഒരു പൈലറ്റ് ലൈസന്‍സ് ഒപ്പിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. പണ്ട് ഫോര്‍ വീലര്‍ ലൈസനസ് എടുക്കാന്‍ അത്രയും സമയമാണ് എടുത്തത്, ചെറിയ വിമാനത്തിനും അത്രയല്ലേ ചക്രങ്ങളുള്ളൂ‍. പക്ഷെ ഇതൊന്നും നടന്നില്ലെങ്കില്‍ എന്റെ പേര് നിന്റെ പട്ടിക്കിട്ടോ എന്ന് ഞാന്‍ പറഞ്ഞില്ല. അവന്‍ കേറി ഇട്ടുകളയും, അവനെ വിശ്വസിക്കാന്‍ പറ്റില്ല.

എന്തായാലും ഞാന്‍ വിമാനം പറത്താന്‍ പഠിക്കും. ഞാന്‍ ഒരു വൈമാനികനാകും. എന്നിട്ട് എന്റെ വീടിന്റെ മുകളില്‍ കൂടി വട്ടത്തില്‍ വിമാനം പറത്തി എന്റെ സഹമുറിയനെ കൊഞ്ഞനം കുത്തിക്കാണിക്കും. അപ്പോഴേ അവന്‍ പഠിക്കൂ. അതാണ് എന്റെ പ്രതികാരം.

നമ്പറും പരസ്യത്തിലുണ്ടായിരുന്നു. അത് കൊണ്ട് ഇനി വൈകിപ്പിക്കുന്നില്ല. വിളിച്ച് കളയാം.

വിളിച്ചു.

ചോദിച്ചു.

അതെ. ഫ്രീ തന്നെ. അവര്‍ ഉറപ്പിച്ചു പറയുന്നു.

എന്താവും കാരണം? അവര്‍ ഇപ്പോള്‍ തുടങ്ങിയ പുതിയ കമ്പനി ആകുമോ? അതുകൊണ്ടുള്ള ഓഫര്‍ ആകുമോ? അതോ തുടങ്ങിയിട്ടും ആരും തിരിഞ്ഞ് നോക്കാതിരുന്നതുകാരണം ഇങ്ങനെ ഒരു പരിപാടിയും ആയി ഇറങ്ങിയതാണോ? ഇനി ക്രെഡിറ്റ് കാര്‍ഡ് പോലെ, തുടക്കത്തില്‍ ഫ്രീ എന്ന് പറഞ്ഞിട്ട് പിന്നെ കാശ് വേണമെന്ന് പറഞ്ഞ് പറ്റിക്കുമോ? ആകാശത്ത് കൊണ്ട് പോയി കാശ് തന്നിലെങ്കില്‍ താഴേക്ക് തള്ളിയിടും എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യാന്‍ പറ്റും? എനിക്ക് പറക്കാന്‍ അറിയില്ലല്ലോ, മുങ്ങാനല്ലേ അറിയൂ. പക്ഷെ ഇവര്‍ പഠിക്കാന്‍ ചില്ലിക്കാശ് വേണ്ട എന്ന് തീര്‍ത്ത് പറയുമ്പോള്‍ വിശ്വസിക്കാതിരിക്കുന്നതെങ്ങിനെ? സ്വന്തമായി വെബ്‌സൈറ്റ് ഒക്കെ ഉള്ള കട അല്ലേ, മാന്യന്മാരായിരിക്കില്ലേ അത് കൊണ്ട്?

ഞാന്‍ തുടര്‍ന്ന് ചോദിച്ചു.

പഠനം എവിടെ വച്ചാണ്?

ബാംഗ്ലൂര്‍ എയര്‍പ്പോര്‍ട്ടില്‍, അല്ലെങ്കില്‍ പുതുതായി വരുന്ന ജക്കൂര്‍ എയറോഡ്രോമില്‍.

ഏത് തരം വിമാനത്തില്‍?

അത് നിങ്ങള്‍ ഏത് വിമാനമാണോ ഉള്ളത്, അതില്‍ !!!

ഡിങ്ങ്. ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. പറക്കാനും പറപ്പിക്കാനും ഉള്ള എന്റെ ആഗ്രഹം അതോടെ നിന്നു. ഭാഗ്യം അവരോട് എന്റെ പേരും ഫോണ്‍ നമ്പരും പറയാതിരുന്നത്. അല്ലെങ്കില്‍ സ്വന്തമായി വിമാനം പോയിട്ട് ഒരു കമാനം പോലും ഇല്ലാത്തവനാണ് ഞാന്‍ എന്നെങ്ങാനും അറിഞ്ഞ് എന്നെ വിമാനം കൊണ്ട് ഇടിച്ച് കൊന്നാലോ. എനിക്കിനിയും കടലാസ് വിമാന പരീക്ഷണങ്ങള്‍ നടത്താനുള്ളതാ. കൊള്ളാം, പുതുതായി ഒരു കീ വേഡ് കിട്ടി ഗൂഗിളില്‍ തപ്പാന്‍, “കടലാസ് വിമാന പരീക്ഷണങ്ങള്‍”. ഞാന്‍ എന്റെ ഹോബി തുടര്‍ന്നു.

സമര്‍പ്പണം: വിമാനങ്ങളെ സ്നേഹിച്ച എന്റെ ഒരു കൂട്ടുകാരിക്ക്. ഇന്നവളുടെ ഒന്നാം വിവാഹവാര്‍ഷികം

Thursday, November 09, 2006

എ.വി.ഐ മണ്ടത്തരം

വീഡിയോ ക്യാമറ വഴി എടുക്കുന്ന ചിത്രങ്ങള്‍ എ.വി.ഐ എന്ന ഫോര്‍മ്മാറ്റിലാണത്രേ ഉണ്ടാകുക. ഞാന്‍ ഇപ്പോഴാണ് അറിയുന്നത്. ഈയ്യടുത്ത് തോമാച്ചന്‍ ഒരു ക്യാമറ വാങ്ങിയിരുന്നു. അവന്‍ പറഞ്ഞ് തന്നുള്ള അറിവ്.

ക്യാമറ വാങ്ങിയ അവന് മിണ്ടാതിരുന്ന് ചിത്രം പിടിച്ച് അയച്ച് തന്നാല്‍പ്പോരേ, എനിക്ക് പണി തരണോ. അല്ലേലും തോമാച്ചന്‍ എന്‍െ പുക കണ്ടേ അടങ്ങു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇത്തവണ അവനെന്നോട് ആവശ്യപ്പെട്ടത് നിസ്സാരമായ ഒരു കാര്യം മാത്രം. എ.വി.ഐ എന്ന ഫോര്‍മ്മാറ്റില്‍ നിന്ന് ഇതൊന്ന് മാറ്റി എം‌പെഗ്ഗ് എന്ന ഫോര്‍മ്മാറ്റില്‍ ആക്കാന്‍ പറ്റിയ സോഫ്റ്റ്‌വെയര്‍ ഞാന്‍ കണ്ടുപിടിച്ചുകൊടുക്കണം. സോ സിമ്പിള്‍.

ക്യാമറ സ്വന്തമായി ഉണ്ടെങ്കിലും ഇദ്ദേഹത്തിന്റെ കയ്യില്‍ അപ്പോള്‍ വീഡിയോ ഒന്നും ഉണ്ടായിരുന്നില്ല. ഓഫീസില്‍ പുറമേ നിന്ന് എന്തെങ്കിലും കൊണ്ട് വരാന്‍ വിലക്കുണ്ടത്രേ. കൊണ്ട് വന്ന് തരാനും പറ്റിയ ദൂരത്തായിരുന്നില്ല കക്ഷി. ഞങ്ങള്‍ രണ്ടു സംസ്ഥാനങ്ങളില്‍ ആണ് അരി മേടിക്കാന്‍ ഗുസ്തി പിടിക്കുന്നത്.

കൊച്ചുകുട്ടികള്‍ എന്തിനും ഏതിനും അമ്മയുടെ അടുത്തേക്ക് ഓടുന്നതുപോലെയാണ് സോഫ്റ്റ്‌വേര്‍ എഞ്ചിനിയര്‍മാര്‍ ഗൂഗിളിലേയ്ക്ക് ഓടുന്നത്. എനിക്കും അതുതന്നെ ശീലം. ഗൂഗിളില്‍ ഇങ്ങനെ ഒരു കണ്‍‌വേര്‍ട്ടറിന്റെ കാര്യം പറഞ്ഞതേയുള്ളൂ. ഒരു നൂറ് സൊഫ്‌വേറുകള്‍ എനിക്ക് മുന്നില്‍ വന്നു നിരന്നു നിന്നു. അതിന്‍ ഒരു അഞ്ചാറെണ്ണം ഞാന്‍ ഡൌണ്‍ലോഡും ചെയ്തു.

ഇനി ഇതൊക്കെ പരീക്ഷിക്കാന്‍ കുറേ എ.വി.ഐ ഫയലുകള്‍ വേണം. അതിനാണോ ക്ഷാമം. ഇ-മെയില്‍ ആയി വരുന്ന മുഴുവന്‍ സ്ഥാപകജംഗമവസ്തുക്കളും അട്ടിക്കട്ടിക്ക് കെട്ടിക്കിടക്കുന്ന ഒരു ഗോണൌണ്‍ ആണ് എന്റെ കമ്പ്യൂട്ടല്‍. ഇതില്‍ ഇല്ലാത്ത സാധനമോ. സ്റ്റാര്‍ട്ട് മെനുവില്‍ പോയി ഫയല്‍ സെര്‍ച്ച് എടുത്ത് ഞാന്‍ തപ്പാന്‍ തുടങ്ങി.

ജാതകവശാല്‍ എനിക്ക് ആറില്‍ ബുധനും എട്ടില്‍ ശനിയും ആയതുകൊണ്ടാണോ എന്നറിയില്ല ആകെ ഒരു ഫയലേ കിട്ടിയുള്ളൂ. മുന്‍പ് ഞാന്‍ മൈസൂരില്‍ വിനോദയാത്ര പോയപ്പോള്‍ എടുത്ത ചിത്രങ്ങള്‍ ശേഖരിച്ചുവച്ച ഫോള്‍ഡറില്‍ ആയിരുന്നു ആ ഫയല്‍. അപ്പോള്‍ എന്റെ ക്യാമറയിലും എടുക്കുന്ന വീഡിയോകള്‍ ഈ ഫോര്‍മ്മാറ്റിലാണ്. ഞാന്‍ ഒന്നുപോലും ഇതുവരെ തുറന്ന് നോക്കിയിട്ടില്ലെന്ന് സാരം. ച്ഛെ. എന്റെ തന്നെ എത്ര എത്ര മഹത്തായ വീഡിയോ സൃഷ്ടികള്‍ ഞാന്‍ കാണാന്‍ വൈകി, മോശമായിപ്പോയി.

അതു പോട്ടെ, കാര്യം നടക്കട്ടെ. എന്തായാലും കണ്‍‌വേര്‍ട്ട് ചെയ്യുന്നതിനുമുന്‍പ് ഈ ഫയലില്‍ എന്താണെന്നൊന്ന് നോക്കിക്കളയാം. ഡബിള്‍ ക്ലിക്ക് ചെയ്ത് ഫയല്‍ മീഡിയ പ്ലെയറില്‍ തുറന്നു. താഴെ സ്ഥിതിവിവരപ്പട്ടികയില്‍ എന്തൊക്കെയോ എഴുതി വരുന്നു. കോഡെക്ക് കാണാനില്ല എന്നോ, ഓണ്‍ലൈനില്‍ കിട്ടുമോന്ന് നോക്കട്ടെ എന്നോ, എന്തൊക്കെയോ. ഓഫീസ് ആയതിനാലും കൂടിയ വേഗതയിലുള്ള ഇന്റെര്‍നെറ്റ് കണക്ഷനായതിനാലും ഞാന്‍ കാത്തുനിന്നു. എന്നിട്ടും കുറച്ച് കഴിഞ്ഞ് ഒരു എറര്‍ വന്നു “കോഡെക്ക് ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റുന്നില്ല ” എന്നും പറഞ്ഞുകൊണ്ട്.

അതെന്തുപറ്റി? എന്റെ കമ്പ്യൂട്ടറില്‍ ഇല്ലാത്ത കോഡെക്കോ. അതൊന്നറിയണമല്ലോ. ഗൂഗിളില്‍ വീണ്ടും ഞാന്‍ മുട്ടി. പക്ഷെ ഇത്തവണ ഗൂഗിള്‍ ആവോ എന്ന് പറഞ്ഞ് കൈ മലര്‍ത്തിക്കാണിച്ചു. ഇനി എന്ത് ചെയ്യും?

മീഡിയാ പ്ലെയറിന്റെ കുഴപ്പമായിരിക്കുമോ? പ്ലെയറിന്റെ വേഷന്‍ നോക്കി ഞാന്‍. എന്റെകയ്യില്‍ ഉള്ളത് ഒന്‍പതാം വേഷനാണ്. എന്റെ അറിവില്‍ ഏറ്റവും പുതിയത് പതിനൊന്നും. ചിലപ്പോള്‍ അതിട്ടാല്‍ ശരിയാകുമായിരിക്കും. ഉടന്‍ തന്നെ മൈക്രോസോഫ്റ്റിന്റെ സൈറ്റില്‍ പോയി പുതിയത് ഡൌണ്‍ലോഡ് ചെയ്യാന്‍ തുടങ്ങി.

പതിനഞ്ചോളം എം.ബി ഉള്ള ഈ ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ, അപ്പോഴേക്കും എന്റെ എം.എസ്.എന്‍ മെസ്സഞ്ചറില്‍ ഒരു ചാറ്റ് വിന്റോ പുതുതായി വന്നു. എം.എസ്.എന്‍ ഇല്‍ എപ്പോള്‍ ഒരു മെസ്സേജ് വന്നാലും ഞാന്‍ ഞെട്ടും. ആ ഐഡി ഒഫീഷ്യല്‍ ആവശ്യങ്ങള്‍ക്കായി മാത്രമേ ഉപയോഗിക്കാറുള്ളൂ എന്നതുകൊണ്ട് തന്നെ അവിടെ വരുന്ന മെസ്സേജുകള്‍ എപ്പോഴും എനിക്കൊരു തലവേദനയാണ്, പുതുതായി എന്തെങ്കിലും ജോലി തരാന്‍ മാനേജറാണ് അത് കൂടുതലായും ഉപയോഗിക്കുന്നത്. ഇത്തവണ വിന്റോയില്‍ ആരാണെന്ന് നോക്കിയ ഞാന്‍ സാധാരണയില്‍ കവിഞ്ഞ് കുറച്ച് ശക്തിയായി തന്നെ ഞെട്ടി.

ആ മെസ്സേജ് സന്തോഷേട്ടന്റേതായിരുന്നു.

സ്വന്തം ബ്ലോഗിന്റെ പ്രൊഫൈലില്‍ മൈക്രോസോഫിലെ മീഡിയ സെന്ററിലാണ് ജോലി എന്ന് പച്ചയ്ക്ക് എഴുതി വച്ചിരിക്കുന്ന ഒരു ബ്ലോഗറാണ് കക്ഷി. പണ്ടെപ്പോഴോ എന്റെ മെസ്സഞ്ചറില്‍ ഞാന്‍ ചേര്‍ത്തിട്ടുണ്ടായിരുന്നെങ്കിലും ഒന്നിതു വരെ സംസാരിക്കാന്‍ തരമായിരുന്നില്ല. ഇതിപ്പൊ മെസ്സേജ് വന്നത് എന്തിനായിരിക്കും?

ദൈവമേ, ഞാന്‍ പുതിയ വേര്‍ഷന്‍ മീഡിയ പ്ലെയര്‍ ഡൌണ്‍ലോഡ് ചെയ്യുന്നത് അറിഞ്ഞ് മെസ്സേജ് അയച്ചതായിരിക്കുമോ? അങ്ങിനെ ഒരാള്‍ ഡൌണ്‍ലോഡ് ചെയ്താല്‍ സന്തോഷേട്ടന് വിവരം കിട്ടുമോ? അരുതാത്തതെന്തെങ്കിലും ഞാന്‍ ചെയ്തതിന് എന്നെ ചീത്ത വിളിക്കാനായിരിക്കുമോ? മീഡിയ പ്ലെയര്‍ ഉപയോഗിക്കുന്നതിനുമുന്‍പുള്ള വല്ല ചടങ്ങിനേയും പറ്റി പറയാനായിരിക്കുമോ? ഉപയോഗിക്കുന്നതിനു മുന്‍പ് വല്ല ഫോറം പൂരിപ്പിച്ച് കൊടുക്കാനുണ്ടാകുമോ? എന്തിനാണ് ഈ പ്ലെയര്‍ ഡൌണ്‍ലോഡ് ചെയ്യുന്നത് എന്ന് വെറുതേ അറിയാനായിരിക്കുമോ? ആകെ കണ്‍ഫ്യൂഷന്‍. അതു മാത്രമോ, എന്തൊക്കെ സോഫ്റ്റ്വേറുകള്‍ ഇതിനും മുന്‍പ് ഞാന്‍ ഡൌണ്‍ലോഡ് ചെയ്തിരിക്കുന്നു. അതൊക്കെ സന്തോഷേട്ടന്‍ അറിഞ്ഞുകാണുമോ? അല്ലെങ്കില്‍ മൈക്രോസോഫ്റ്റിലുള്ള മറ്റ് മലയാളികള്‍? എന്നെങ്കിലും മൈക്രോസോഫില്‍ ജോലി കിട്ടുകയോ മുഖാമുഖത്തിന് പോകുകയോ ചെയ്യുമ്പോള്‍ ഞാന്‍ ഡൌണ്‍ലോഡ് ചെയ്ത സോഫ്റ്റ്വേറുകളുടെ ലിസ്റ്റ് കാണിച്ച് നിനക്ക് ഇത് മാത്രമായിരുന്നോ പഴയ കമ്പനിയില്‍ പണി എന്ന് ചോദിക്കുമോ? അയ്യോ!

സന്തോഷേട്ടനോട് തന്നെ ചോദിച്ച് കളയാം. “ഞാന്‍ മീഡിയ പ്ലെയര്‍ ഡൌണ്‍ലോഡ് ചെയ്യുന്നത് സന്തോഷേട്ടന്‍ എങ്ങിനെ അറിഞ്ഞു?” അതിനുള്ള മറുപടി ഒരു ചിരി മാത്രമായിരുന്നു. ഒന്ന് രണ്ട് വാചകങ്ങള്‍ കൂടി അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞതോടെ എന്റെ സംശയം നീങ്ങി. സന്തോഷേട്ടന്‍ അതറിഞ്ഞിട്ടല്ല ഹലോ എന്ന് ഒരു മെസ്സേജ് അയച്ചത്. ഞാന്‍ എന്തൊക്കെയോ തെറ്റിദ്ധരിച്ചു. പാ‍വം സന്തോഷേട്ടന്‍.

പാവമാണെങ്കിലും ഞാന്‍ പറഞ്ഞ മണ്ടത്തരം അദ്ദേഹത്തിന് മനസ്സിലായിട്ടുണ്ട്. ഇന്നെന്നെ കൊന്ന് കൊല വിളിക്കും, അല്ലെങ്കില്‍ ഇത് ബൂലോകത്ത് വിളിച്ച് പറയും. അത് തടഞ്ഞേ മതിയാകൂ. അതിനെളുപ്പമാ‍ര്‍ഗ്ഗം ഒന്നേയുള്ളൂ, എത്രയും പെട്ടെന്ന് വിഷയം മാറ്റുക.

“സന്തോഷേട്ടാ, എന്താ എ.വി.ഐ ഫയല്‍ മീഡിയ പ്ലെയറില്‍ ഓടാത്തത്?”

“അങ്ങിനെ വരേണ്ട കാര്യമില്ലല്ലോ അനിയാ, എന്താണ് സംഭവിക്കുന്നത്?”

പിന്നീട് നടന്ന സംസാരം ഇവിടെ ആവശ്യമല്ലാത്തതിനാല്‍ ഒഴിവാക്കുന്നു. നടന്നത് ഇതാണ്. അദ്ദേഹം കോഡെക്കുകളുടെ വെബ്സൈറ്റുകളും ചില ചില്ലറ മിനുക്കുപണികളും ഒക്കെ പറഞ്ഞു തന്നു. പക്ഷെ ഒന്നും പ്രയോജനകരമായില്ല. ഞാന്‍ നിരാശനായി. എങ്കിലും മൈക്രോസോഫിലെ മീഡിയ സെന്ററിലെ ഒരാളിനോട് കുറ്റം പറയാനുള്ള അവസരം കിട്ടിയത് എന്നെ സന്തോഷേട്ടനാക്കി, അല്ലല്ല, സന്തോഷവാനാക്കി.

മീഡിയാ പ്ലെയര്‍ കൊള്ളില്ലെന്നും, ഒരു ചെറിയ എ.വി.ഐ ഫയല്‍ പോലും പ്ലേ ചെയ്യാന്‍ കഴിവില്ലെന്നും, ഇത് വേഗം ഒരു ബഗ് ആയി അവിടത്തെ ചുമരില്‍ എഴുതിയിടാനും ഒക്കെ ഞാന്‍ ഇത്തിരി കടുപ്പിച്ച് തന്നെ പറഞ്ഞു. പോരാണ്ട് ഇനി ഞാന്‍ മീഡിയ പ്ലെയര്‍ ഉപയോഗിക്കില്ലെന്നും ഇനി എനിക്ക് റിയല്‍ പ്ലെയര്‍ മതിയെന്നും വരെ ഞാന്‍ കണ്ണില്‍ച്ചോരയില്ലാതെ പറയുകയുണ്ടായി. പാവം സന്തോഷേട്ടന്‍, എന്റെ രോഷാഗ്നി താങ്ങാന്‍ കഴിയാതെയാണോ എന്തോ, പെട്ടെന്ന് തന്നെ, തിരക്കുണ്ടെന്ന് പറഞ്ഞ് പോകേണ്ടി വന്നു.

എന്റെ പ്രശ്നം തീര്‍ന്നില്ലല്ലോ. ഈ സാധനം ഒന്ന് ഓടിക്കാണണ്ടേ.എന്ത് ചെയ്യും? റിയല്‍ പ്ലെയര്‍ ഇട്ട് നോക്കണോ, അതോ മറ്റെന്തെങ്കിലും പ്ലെയര്‍ ഉണ്ടോ എന്ന് ഗൂഗിളില്‍ തപ്പണോ, മറ്റേതെങ്കിലും കമ്പ്യൂട്ടറില്‍ ഇതൊന്ന് ശ്രമിച്ച് നോക്കണോ അതോ ഫയലിന്റെ തരം മാറ്റിയതിനു ശേഷം എന്താണെന്ന് നോക്കിയാല്‍ മതിയോ എന്നൊക്കെ ആലോചിച്ച് തല പുണ്ണാക്കുന്നതിനിടയിലാ‍ണ് എന്റെ തോളില്‍ ആരോ തട്ടിയത്.

തിരിഞ്ഞ് നോക്കിയപ്പോള്‍ എന്റെ സഹപ്രവര്‍ത്തകന്‍ ആണ്. അദ്ദേഹത്തിനോട് ചോദിച്ചു ഈ എ.വി.ഐ ഫയല്‍ പ്ലേ ചെയ്യാന്‍ ഏത് പ്ലെയര്‍ ഉപയോഗിക്കണമെന്ന്.

“ഇത് എ.വി.ഐ ഫയലാണെന്ന് ആര് പറഞ്ഞു. ഒന്നൂടെ നോക്കിക്കേ”, അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

നോക്കിയപ്പോള്‍ ആ ഫയലിന്റെ പേരായിരുന്നു എ.വി.ഐ 2034 എന്നത്. ആ ഫയലിന്റെ തരം എം.ഓ.വി (MOV)എന്നതായിരുന്നു. ചുമ്മാതല്ല അത് മീഡിയ പ്ലെയറില്‍ ഓടാതിരുന്നത്. അതിന്റെ പേരില്‍, വെറുതേ എന്നോട് സംസാരിക്കാന്‍ വന്ന സന്തോഷേട്ടനെ ചീത്ത വിളിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സമയം, നല്ല ബെസ്റ്റ് സമയം. അല്ലെങ്കില്‍ എന്നോട് സംസാരിക്കാന്‍ തോന്നേണ്ട വല്ല കാര്യവുമുണ്ടോ!

കുറിപ്പ്: സന്തോഷേട്ടാ, കളിയായി എഴുതിയതൊന്നും താങ്കളെ വിഷമിപ്പിക്കുന്നതരത്തില്‍ ആയില്ലെന്ന് വിശ്വസിക്കട്ടെ. എനിക്ക് ഫയല്‍ മാറിപ്പോയ വിവരം ഇതു വരെ പറയാതിരുന്നത് ഒരു പോസ്റ്റില്‍ അത് പൊട്ടിക്കാനായിരുന്നു. ഇനി ഓണ്‍ലൈന്‍ വരുമ്പോള്‍ നമുക്ക് അടുത്ത മണ്ടത്തരം ഒപ്പിക്കാം. വരു‍മല്ലോ അല്ലേ

Friday, November 03, 2006

പരീക്ഷാമണ്ടത്തരം

ലോങ്ങ് ടൈം എഗോ, അതായത് പണ്ടെങ്ങാണ്ടും ഒരു ദിവസം.

ഞാന്‍ അന്ന് ഏഴാം ക്ലാസ്സില്‍ പഠിക്കുന്നു. ആ പ്രായത്തിലെ ഏതൊരു കുട്ടിയെപ്പോലെയും വളരെ ഏകാഗ്രതയോടും ദൃഢചിത്തതയോടും കൂടി കളിച്ച് നടക്കുന്ന ഒരു കാലം.

***
ക്ലാസ്സില്‍ യാതൊരു ടെന്‍ഷനുമില്ലാതെയാണ് ഞാന്‍ അന്ന് ഇരുന്നിരുന്നത്. സാമൂഹ്യപാഠത്തിന്റെ പരീക്ഷപ്പേപ്പര്‍ അന്ന് ആ പിരീഡില്‍ തരുമെന്ന് ടീച്ചര്‍ പറഞ്ഞിരുന്നു. എന്നാലെന്താ, ഞാന്‍ നന്നായിട്ട് തന്നെ പരീക്ഷ എഴുതിയിരുന്നു. ഒരുകാലത്തും കൃത്യമായി എഴുതാതിരുന്ന ചരിതത്തിലെ തിയതികള്‍ വരെ ആ പരീക്ഷയ്ക്ക് ഞാന്‍ കൃത്യമായി ചരിത്രകാരന്റെ പ്രതിബദ്ധതയോടെ രേഖപ്പെടുത്തി. യുദ്ധങ്ങള്‍, നമ്മുടെ രാജ്യത്തിന്റെ ഭൂപ്രകൃതിയെക്കുറിച്ച്, കാലാവസ്ഥ, മഹാന്മാരുടെ ജീവചരിത്രം എന്നിങ്ങനെ പരീക്ഷയില്‍ വന്ന എല്ലാ ചോദ്യത്തിനും വളരെ സമഗ്രമായി തന്നെ ഞാന്‍ ഉത്തരം എഴുതിയിരുന്നു. ഇത്തവണ എന്റെ മാര്‍ക്ക് എന്റെ സര്‍വ്വകാല റെക്കോര്‍ഡ് ഭേദിക്കുന്ന ലക്ഷണമാണ്.

എന്റെ അത്ര തന്നെ ആത്മവിശ്വാസത്തിലായിരുന്നു എന്റെ അടുത്ത സീറ്റില്‍ ഇരിക്കുന്ന തോമാച്ചനും. അവനിതൊരു പുതുമ അല്ല. എല്ലാത്തവണയും പരീക്ഷയ്ക്ക് അവന് മുഴുവന്‍ മാര്‍ക്കും നേടാറുണ്ട്. നമുക്ക് പത്ത് മാര്‍ക്ക് നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വേദനയാണ് അവന് അര മാര്‍ക്ക് നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്നത്. അതിനാല്‍ തന്നെ ഒരു സ്പെല്ലിങ്ങ് മിസ്റ്റേക്ക് വന്നതായി സംശയം വന്നാല്‍ തന്നെ തോമാച്ചന്‌ ആധി ആണ്. എന്നാല്‍ ഇത്തവണ തോമാച്ചനും കൂള്‍ ആയി തന്നെ ഇരിക്കുന്നു. സേം പിഞ്ച്.

ടീച്ചര്‍ പേര് വിളിച്ച് ഓരോരുത്തര്‍ക്കും പേപ്പര്‍ നല്‍കിത്തുടങ്ങി. ചിലര്‍ നിരാശരായും ചിലര്‍ പതിവില്‍ കവിഞ്ഞ സന്തോഷത്തോടെയും പേപ്പര്‍ വാങ്ങിക്കൊണ്ട് പോകുന്നത് കണ്ട് രസിച്ച് ഞങ്ങള്‍ ഇരുന്നു. കാരണം ഞങ്ങള്‍ക്ക് ടെന്‍ഷന്‍ ഇല്ലല്ലോ. ടീച്ചറുടെ കയ്യിലെ പേപ്പറുകള്‍ കുറഞ്ഞ് കുറഞ്ഞ് വന്നു. പക്ഷെ എന്തോ, ഞങ്ങളെ വിളിക്കുന്നില്ല. ചിലപ്പോള്‍ രണ്ടാള്‍ക്കും മുഴുവന്‍ മാര്‍ക്ക് നേടി, അല്ലല്ല, എനിക്ക് മുഴുവന്‍ മാര്‍ക്കും തോമാച്ചന് അരമാര്‍ക്ക് കുറവും, ക്ലാസ്സില്‍ ഒന്നാമതായി എത്തിയവര്‍ക്ക് പ്രത്യേക അഭിനന്ദനം കൊടുക്കാനായിരിക്കും അവസാനം വിളിക്കാന്‍ വച്ചിരിക്കുന്നത് എന്ന് കരുതി ഞങ്ങള്‍ കാത്തിരുന്നു.

എന്നാല്‍ ടീ‍ച്ചറുടെ കയ്യിലെ ഉത്തരക്കടലാസുകള്‍ തീര്‍ന്നിട്ടും ഞങ്ങളെ രണ്ട് പേരെയും വിളിച്ചില്ല. അക്ഷമനായ ഞാന്‍ ഉറക്കെ ചോദിച്ചു. “ടീച്ചര്‍, എന്റെ പേപ്പര്‍ കിട്ടിയില്ല! തോമാച്ചനും കിട്ടിയില്ല.”

രണ്ട് പേരും ക്ലാസ്സ് കഴിഞ്ഞ് ക്ലാസ്സ് റൂമില്‍ വരൂ. അപ്പോള്‍ തരാം.

ഇനി ടീച്ചര്‍ ഞങ്ങള്‍ രണ്ടുപേരുടെ പേപ്പര്‍ മാത്രം കൊണ്ട് വരാന്‍ മറന്ന് പോയിക്കാണുമോ?

***

ഇന്നത്തെപ്പോലെത്തന്നെ അന്നും ഞാന്‍ പഠിക്കാന്‍ വളരെ മിടുക്കനായിരുന്നു. പക്ഷെ പരീക്ഷയുടെ തലേന്നേ പഠിക്കൂ എന്ന് മാത്രം.

അങ്ങിനെ ഉള്ള ഒരു സമയത്തിങ്കലായിരുന്നു ടി പരീക്ഷ വരുന്നത്. നന്നായി കുളിച്ചൊരുങ്ങി ആകെ മൊത്തം ഉഷാ‍റായി അസ്സലായൊരു ഊണും കഴിച്ച് ഞാന്‍ പഠിക്കാനിരുന്നപ്പോഴാണ് പരീക്ഷ സമൂഹപാഠമായത്തിന്റെ സാമൂഹികപ്രസക്തി മനസ്സിലാക്കി അമ്മ എനിക്ക് ബൂസ്റ്റ് കലക്കിയ പാല്‍ കുടിക്കാന്‍ തരുന്നത്. സമൂഹപാഠം എന്റെ ഒരു വീക്ക്നെസ്സ് ആണെന്ന് അമ്മയ്ക്ക് നന്നായി അറിയാം. കഴിഞ്ഞ തവണ നടന്ന സമൂഹപാഠപരീക്ഷയ്ക്ക് കഷ്ടിച്ചുമാത്രം ഞാന്‍ പാസ്സായത് പോഷകങ്ങള്‍ നിറഞ്ഞ ഈ പാനീയം കഴിക്കാത്തത് കൊണ്ടാണെന്ന് അമ്മ തെറ്റിദ്ധരിച്ചാല്‍ അമ്മയെ കുറ്റം പറയാന്‍ കഴിയില്ലല്ലോ.

എന്നാല്‍ ബൂസ്റ്റ് നല്ലൊരു ഉറക്കമരുന്നാണെന്ന് അമ്മയ്ക്ക് അറിയില്ലെന്ന് തോന്നുന്നു. അതോ അമ്മയുടെ സ്നേഹത്തിന്റെ ചൂട് ഒരു താരാട്ടായി തോന്നിയതോ, ഞാന്‍ തന്നെ എന്നില്‍ അടിച്ചേല്‍പ്പിച്ച പ്രതീക്ഷകളുടെ അമിതഭാരം കാരണമോ; എന്തോ ഈ സാധനം കഴിച്ചയുടനേ ഞാന്‍ ഉറങ്ങി. പിന്നീടുണര്‍ന്നത് സ്വാഭാവികമായും എന്നത്തേയും പോലെ പരീക്ഷയ്ക്ക് അരമുക്കാല്‍ മണിക്കൂര്‍ മുന്‍പാണ്. ഒരു കുന്തവും പഠിച്ചിട്ടില്ലെന്ന ദുരന്തസത്യം ഒരു ഞെട്ടലോടെ ഞാന്‍ തിരിച്ചറിഞ്ഞു. എന്നിട്ടും തളരാതെ ഞാന്‍ പതിവില്‍ കൂടുതല്‍ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. ആ പതിനൊന്നാം മണിക്കൂറില്‍ വായിക്കാന്‍ കഴിയുന്ന ചില ചില്ലറ ഭാഗങ്ങള്‍ പെട്ടെന്ന് വായിച്ചുതീര്‍ത്ത് ഞാന്‍ സ്കൂളിലേക്ക് യാത്രയായി.

എനിക്ക് അന്നും നല്ല ബുദ്ധിയാണെന്ന് ഒരിക്കല്‍ പറഞ്ഞല്ലോ. വീണ്ടും വീണ്ടും പറയുന്നതില്‍ ക്ഷമിക്കുക. പറഞ്ഞാലും ഇല്ലെങ്കിലും ഈ സത്യം ആര്‍ക്ക് നിഷേധിക്കാനാകും? അപ്പോള്‍ ഞാന്‍ പറഞ്ഞ് വന്നത്, ഇത്രയ്ക്കും ബുദ്ധിമാനായ ഒരു വിദ്യാര്‍ത്ഥിക്ക് പരീക്ഷയ്ക്കുള്ള പാഠങ്ങള്‍ ഒന്നോടിച്ച് വായിച്ചാലും മതി എന്നതാണ്.

ഈ ധാരണ തെറ്റാന്‍ അധികനേരം വേണ്ടി വന്നില്ല. പരീക്ഷയുടെ ചോദ്യക്കടലാസ് ഞാന്‍ നേരത്തേ പാഠ്യപുസ്തകം വാ‍യിച്ച അതേ സ്പീഡില്‍ ഒന്ന് ഓടിച്ച് വായിക്കേണ്ട നേരമേ താമസമേ ഉണ്ടായിരുന്നുള്ളൂ. ഇത്തവണ ഞാന്‍ പരാജയം രുചിക്കും. നിശ്ചയം. ഇത് ഒരു തരം, രണ്ട് തരം, മൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ... അല്ല ഇതാര് തോമ്മാച്ചനല്ലേ ഈ ഇരിക്കുന്നത്. ശ്ശൊ. ഇത്ര നേരമായിട്ടും ഞാന്‍ കണ്ടില്ലല്ലോ. ഇത്തിരി തിരക്കിലായിപ്പോയി, അതാ. ഇനി നമുക്ക് സംസാരിച്ചിരിക്കാം, എനിക്ക് പ്രത്യേകിച്ചൊന്നും ഇനി ചെയ്യാനില്ല അതാ.

ചിന്തകള്‍ ഇങ്ങനെ പോകുന്നതിന്റെ ഇടയ്ക്കാണ് ഞാന്‍ കുഞ്ഞനുറുമ്പുകള്‍ വരിവരിയായി പോകുന്നതുപോലെ തോമാച്ചന്റെ പേന ഉത്തരകടലാസിലേയ്ക്ക് ഉത്തരങ്ങള്‍ കുനുകുനാ എന്നെഴുതി വിടുന്നത് കാണുന്നത്. കൊള്ളാമല്ലോ, ഞാനും ഇതൊന്ന് ശ്രമിച്ച് നോക്കട്ടെ. തോമാച്ചാ, ആ കൈ ഒന്ന് മാറ്റിക്കേ.

പരീക്ഷ കഴിഞ്ഞു. ഞാന്‍ വളരെ ആത്മവിശ്വാസത്തിലായിരുന്നു. കാരണം? തോമാച്ചന്‍ എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായി തന്നെ ഉത്തരമെഴുതി. തനിക്ക് മുഴുവന്‍ മാര്‍ക്കും കിട്ടും എന്നുറപ്പ് പറഞ്ഞു തോമാച്ചന്‍. എങ്കില്‍പ്പിന്നെ ആ പേപ്പറിന്റെ ഫോട്ടോകോപ്പിയെടുത്ത എനിക്ക് എത്ര കിട്ടണം? ഇടയ്ക്കുള്ള വെട്ടലും തിരുത്തലും തോമാച്ചന്റെ അര മാര്‍ക്ക് നിര്‍ഭാഗ്യവശാല്‍ കുറച്ചാലും ശരി, എന്റെ കുറയില്ല. അച്ചടിച്ചപോലെയല്ലേ എന്റെ പേപ്പര്‍ കിടക്കുന്നത്. അനാവശ്യമായി ഒരു വെട്ടലോ തിരുത്തലോ അതിലില്ല.

ഇത്തവണ ആദ്യമായി എനിക്ക് മുഴുവന്‍ മാര്‍ക്ക് കിട്ടാന്‍ പോകുന്നു. ഞാന്‍ ഒരു വിലസ് വിലസും, നോക്കിക്കോ.

ഇങ്ങനെ കരുതിയിരുന്ന പേപ്പറാണ് ടീച്ചര്‍ ക്ലാസ്സില്‍ വച്ച് തരാതെ എന്നെ വഞ്ചിച്ചത്.
***

ക്ലാസ്സ് കഴിഞ്ഞപ്പോള്‍ രണ്ടാളും ക്ലാസ്സ് റൂമില്‍ ചെന്നു. ടീച്ചര്‍ അവിടെ രണ്ടുപേരെയും പ്രതീക്ഷിച്ച് ഇരിപ്പുണ്ടായിരുന്നു. ചെന്നയുടനേ ഞാന്‍ പേപ്പര്‍ ചോദിച്ചു. ക്ഷമയുടെ നെല്ലിപ്പലക ആ പ്രായത്തില്‍ എന്റേത് ചിരവപ്പലകയേക്കാള്‍ ചെറുതായിരുന്നു.

ടീച്ചര്‍ രണ്ട് ഉത്തരക്കടലാസുകള്‍ മേശയ്ക്ക് മുകളില്‍ വച്ചു. എന്നിട്ട് എന്നോട് എന്റേത് എടുത്തുകൊള്ളാന്‍ പറഞ്ഞു.

എന്റെ കൈയ്യക്ഷരം തിരിച്ചറിയാനാണോ പാട്? അത് ഏത് ഉറക്കത്തില്‍ വിളിച്ചുണര്‍ത്തിച്ചോദിച്ചാലും ഞാന്‍ തിരിച്ചറിയും. ചില അസൂയക്കാര്‍ അത് പുറമ്പോക്കില്‍ വേലികെട്ടിയപോലെയിരിക്കും എന്ന് പറഞ്ഞ് കളിയാക്കാറുണ്ട്, പക്ഷെ എന്റേത് നല്ല ബെസ്റ്റ് കൈയ്യക്ഷരമാണ്, കണ്ടാല്‍പ്പോലും നിങ്ങള്‍ വിശ്വസിക്കില്ല.

ടീച്ചറിന്റെ ചോദ്യം ഉടന്‍ വന്നു. നിന്റെ ഉത്തരക്കടലാസ് അതാണെന്നെങ്ങിനെ മനസ്സിലായി?

കൈയ്യക്ഷരം കണ്ടാണെന്ന് എങ്ങിനെ പറയും? അത് മോശമല്ലേ, സത്യം അതാണെങ്കിലും. സ്വാഭാവികമായും ആരും പറഞ്ഞ് പോകുന്ന ഉത്തരം തന്നെ ഞാനും പറഞ്ഞു.

“എന്റെ പേരുണ്ട് ഇതില്‍”

ഇത് മുഴുവന്‍ പറഞ്ഞോ എന്നോര്‍മ്മയില്ല എനിക്ക്. കാരണം പറഞ്ഞ്തീരുന്നതിനുമുന്നേ തന്നെ, ഞാന്‍ ഉത്തരക്കടലാസിന്റെ മുകളില്‍ പേരെഴുതുന്നയിടത്ത് എന്റെ കണ്ണുടക്കിയിരുന്നു. അവിടെ എന്റെ പേരായിരുന്നില്ല, മറിച്ച്, തോമാച്ചന്റെ പേരായിരുന്നു. അവന്റെ ഉത്തരക്കടലാസ് കമ്പ്ലീറ്റ് പകര്‍പ്പെടുക്കുന്നതിന്റെ ആവേശത്തില്‍ ഇടയ്ക്കെപ്പോഴോ‍ പേപ്പറിന്റെ മുകളിലെ അവന്റെ പേരും പകര്‍ത്തിയെഴുതിയത് ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല.

പ്രായപൂര്‍ത്തിയാകാത്ത ഒരു ചെക്കനായിരുന്നതിനാല്‍ കോടതി(ടീച്ചര്‍) എന്നെ വെറുതേ വിട്ടു. പ്രധാനാധ്യാപകനോടും എന്റെ മാതാപിതാക്കളോടും പറഞ്ഞ് എന്നെ നാറ്റിച്ചില്ല. ഉത്തരക്കടലാസില്‍ എനിക്ക് മുഴുവന്‍ മാര്‍ക്കും ടീച്ചര്‍ ഇട്ടിരുന്നു. എങ്കിലും സാമൂഹ്യപാഠം പരീക്ഷയ്ക്ക് ഞാന്‍ അന്ന് ആദ്യമായി തോറ്റു.

Monday, October 23, 2006

ദീപാവലി മണ്ടത്തരം

ഇക്കഴിഞ്ഞ ആഴ്ചാവസാനം ബാംഗ്ലൂര്‍ ഒരു യുദ്ധഭൂമിക്ക് സമാനമായിരുന്നു. ഒരോ വീട്ടിലും റോഡിലും തോട്ടിലും കാട്ടിലും എന്ന് വേണ്ട ഒരിത്തിരി സ്ഥലം എവിടെയെങ്കിലും വെറുതേ കിടക്കുന്നത് കണ്ടാല്‍ അവിടെ നാലാള്‍ കൂടി പടക്കം പൊട്ടിച്ച് കളിക്കും എന്നതായിരുന്നു അവസ്ഥ. പടക്കം പൊട്ടിക്കാനായി ആളുകള്‍ ഒരുകയ്യില്‍ പടക്കവും മറുകയ്യില്‍ കത്തിച്ച തിരിയുമായി നടക്കുന്നത് കണ്ടാല്‍ സിനിമയില്‍ ഒക്കെ കാണുന്നത് പോലെ വര്‍ഗ്ഗീയ ലഹള സമയത്ത് നാട് കത്തിക്കാന്‍ നടക്കുന്നവരെയാണ് എനിക്കോര്‍മ്മ വന്നത്. സ്ഥലം കിട്ടാത്തവര്‍ പടക്കം പൊട്ടിക്കാനായി തിരഞ്ഞെടുത്തത് പൊതുവീഥിയാണ്. കഷ്ടകാലത്തിന് രാത്രി ഊണ് കഴിക്കാന്‍ പുറത്തിറങ്ങിയ എനിക്ക് നേരിടേണ്ടി വന്ന ആക്രമണം ഭൂമിയില്‍ നിന്ന് മാത്രമായിരുന്നില്ല, ആകാശത്ത് നിന്നും കൂടിയായിരുന്നു. അങ്ങോട്ടേക്ക് വിടുന്ന പടക്കങ്ങളില്‍ നല്ലൊരു പങ്കും പകുതിക്ക് വച്ച് യാത്ര മതിയാക്കി താഴോട്ട് വരുന്നതും, നിലത്ത് വീണ് പൊട്ടുന്നതും കാണാമായിരുന്നു. ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ വിടുന്ന റോക്കറ്റ് വരെ തിരിച്ച് വരുന്നു, പിന്നെയാണ് ഇത്. അറിയാവുന്ന ദൈവങ്ങളേയും അവര്‍ക്കറിയുന്ന ദൈവങ്ങളേയും മൊത്തം വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചതു കൊണ്ടുമാത്രമാണ് സുരക്ഷിതമായി ഞാന്‍ വീട്ടില്‍ തിരിച്ചെത്തിയത് എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയല്ല.

ഇതാണ് മക്കളേ “ദീപാവലി” ആഘോഷം. നമ്മുടെ നാട്ടിലെ വിഷുവിനുള്ള പടക്കം പൊട്ടിക്കല്‍ ഒന്നുമല്ല ഇതു വച്ച് നോക്കുമ്പോള്‍. രാവിലെത്തൊട്ട് രാത്രി വരെ നിര്‍ത്താതെ പടക്കം പൊട്ടിക്കുന്ന ഒരു ജനത വളരെ പുതുമയുള്ളതായിരുന്നു എനിക്ക്. ഒരു കമ്പിത്തിരി പായ്ക്കറ്റ് വാങ്ങാന്‍ പോലും കാശില്ല എന്ന് ഞാന്‍ കരുതിയിരുന്ന ഇജ്ജിപ്പുരയിലെ ചേരി നിവാസികള്‍ വരെ പൊട്ടിച്ചുകൊണ്ടിരുന്നത് ഇരുനില മത്താപ്പൂവും മറ്റുമായിരുന്നു. ആയിരക്കണക്കിന് രൂപയാണ് ഒരൊറ്റ ദിവസങ്ങള്‍ കൊണ്ട് അവരില്‍ പലരും പൊട്ടിച്ച് കളഞ്ഞത്.

പക്ഷെ എന്റെ കയ്യില്‍ ആയിരങ്ങള്‍ ഒന്നും ഇല്ല. ആകെയുള്ളത് മത്താപ്പൂവിനെക്കാള്‍ പ്രകാശമുള്ള ഒരു ചിരിയും, ഇന്നാട്ടിലെ ഭക്ഷണം കഴിച്ചാല്‍ പൂക്കുറ്റിയേക്കാള്‍ വേഗത്തില്‍ പുറത്തേക്ക് തുപ്പുന്ന ഒരു വയറും, ഒരോ മണ്ടത്തരം കഴിയുമ്പോഴും മാലപ്പടക്കത്തിനേക്കാള്‍ ഉച്ചത്തില്‍ പൊട്ടുന്ന ഒരു അഭിമാനവും ശമ്പളം കിട്ടുന്ന അന്ന് തന്നെ കമ്പിത്തിരിയേക്കാള്‍ വേഗത്തില്‍ കത്തിത്തീരുന്ന ബാങ്ക് അക്കൌണ്ടും മാത്രം. അത് കൊണ്ട് പടക്കമൊന്നും ഞാന്‍ വാങ്ങിയില്ല. ദീപാവലി നാട്ടുകാര്‍ ആ‍ഘോഷിക്കുന്നത് കണ്ട് ഞാനും മനസ്സ് നിറയ്ക്കും എന്ന് തന്നെ കരുതി. മറ്റൊരാളുടെ സന്തോഷം കാണുമ്പോഴുള്ള സന്തോഷം നമ്മള്‍ മാത്രം സന്തോഷിക്കുമ്പോള്‍ കിട്ടുമോ?

ഞാന്‍ തത്വചിന്ത പറയുന്നോ? അല്ലെങ്കിലും പറയാന്‍ വലിയ ബുദ്ധിമുട്ടില്ലല്ലോ, നടപ്പാക്കാനല്ലേ പാട്. എന്റെ വാശിയും രാത്രിയായപ്പോള്‍ അലിഞ്ഞില്ലാണ്ടായി. നാട്ടുകാര്‍ മൊത്തം പടക്കം പൊട്ടിക്കുന്നു. എന്റെ വീട്ടില്‍ മാത്രം നിശബ്ദത. മുകളിലേക്ക് പോകുന്ന ഒരോ വാണവും എന്റെ വീട് നോക്കി മൂക്കത്ത് വിരല്‍ വച്ച് ‘ഷെയിം ഷെയിം പപ്പി ഷെയിം’ എന്ന് പറയുന്നത് പോലെ ഒരു തോന്നല്‍. അപ്പുറത്തും ഇപ്പുറത്തും പൊട്ടുന്ന ഓരോ പടക്കവും എന്റെ വീട് നോക്കി ‘ദേണ്ടേ ഒരു പേടിത്തൊണ്ടന്റെ വീട്’ എന്ന പറഞ്ഞുകൊണ്ടാണോ പൊട്ടുന്നത് എന്നൊരു ശങ്ക. കത്തിത്തീരുന്ന ഓരോ പൂക്കുറ്റിയും എന്റെ വീട് നോക്കി അടക്കിപ്പിടിച്ച ചിരിയോടെയാണോ കത്തിത്തീരുന്നതെന്ന് സംശയം. എന്റെ അഭിമാനം, നാണക്കേട് കാരണം എന്നെ വിട്ട് എവിടെയോ പോയി ഒളിച്ചു.

അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ. എനിക്കും പൊട്ടിക്കണം പടക്കം. പക്ഷെ ഈ രാത്രി എവിടെപ്പോയി പടക്കം വാങ്ങിക്കാനാണ്? അല്ല, വാങ്ങാന്‍ എന്ത് ധൈര്യത്തിലാണ് പുറത്തിറങ്ങുന്നത്? അല്ലെങ്കില്‍ തന്നെ ഈ ബ്ലോഗ് വായിച്ച ചിലര്‍ എന്നെ കണ്ടാല്‍ പച്ചയ്ക്ക് കത്തിക്കുമെന്ന്‍ പറഞ്ഞ ഭീഷണി നിലനില്‍ക്കുന്നുണ്ട്. പോരാണ്ട് തലങ്ങും വിലങ്ങും പറന്ന് നടക്കുന്ന പേരും വിലാസവുമില്ലാത്ത തീ തുപ്പും ആയുധങ്ങള്‍. എന്റെ പട്ടി പോകും പുറത്ത്.

പിന്നെ എന്താ ഒരു വഴി? സോഫ്റ്റ്വേര്‍ എഞ്ചിനിയരുടെ ബുദ്ധി പ്രവര്‍ത്തിച്ചു തുടങ്ങി. ആദ്യം നമുക്ക് ആവശ്യങ്ങളുടെ കണക്കെടുക്കണം, പിന്നെ മതി അതെങ്ങിനെ പ്രാവര്‍ത്തികമാക്കാം എന്നതിനെപ്പറ്റിയുള്ള ആലോചന.

എന്റെ ആവശ്യങ്ങള്‍:- ഞാനും ഒട്ടും മോശമല്ല എന്ന് നാലാള്‍ അറിയണം. പടക്കത്തിന്റെ ഒച്ച അഡ്ജസ്റ്റ് ചെയ്യാം, അപ്പുറത്തും ഇപ്പുറത്തും ഒരുപാട് പൊട്ടുന്നുണ്ട്. ഒച്ച എവിടുന്നാണ് വരുന്നതെന്ന് കണ്ടുപിടിക്കാന്‍ പറ്റില്ലല്ലോ. പക്ഷെ തീയും പുകയും വേണം, അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല. പിന്നെ,... പിന്നെയൊന്നും ഇല്ല. ഇത്ര മാത്രം.

അടുത്ത പടി, ഇതെങ്ങിനെ പ്രാവര്‍ത്തികമാക്കാം എന്നതാണ്. തീയും പുകയും മാത്രം മതിയെങ്കില്‍ വെറുതേ തീയിട്ടാല്‍ പോരേ. ഐഡിയ. എന്നെ പൊന്നേ, മോനേ, ശ്രീജിത്തേ, നിന്റെ ബുദ്ധി സമ്മതിക്കണം. ഞാന്‍ എന്നോട് തന്നെ പറഞ്ഞു, എന്നിട്ട് ഞാന്‍ തന്നെ എന്റെ തോളത്ത് തട്ടി അഭിനന്ദിച്ചു.

വീട്ടിലാണെങ്കില്‍ കുറേ നാളത്തെ പത്രം വെറുതേ കിടപ്പുണ്ട്. വായന ഇല്ലാത്തതിനാല്‍ പത്രം നിര്‍ത്തിയാലോ എന്ന് നേരത്തേ ആലോചന തുടങ്ങിയതാണ്. മടി കാരണമാണ് അത് ചെയ്യാതിരുന്നത്. അതിപ്പോള്‍ ഉപകാരമായി.

കുറേ പത്രങ്ങള്‍ വാരിക്കൂട്ടിയെടുത്ത് ഞാന്‍ മട്ടുപ്പാവില്‍ കൊണ്ട് വച്ചു. ഇതെല്ലാം കൊണ്ടു പോകുന്നത് ആരും കാണാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മുകളില്‍ ചെന്നിട്ട് വെള്ളത്തിന്റെ ടാങ്കിന്റേയും മട്ടുപ്പാവിന്റെ കൈവരിയുടേയും ഇടയില്‍ എന്റെ ഈ അഭിനവ പടക്കം ഞാന്‍ ഒളിപ്പിച്ചു. ഇവിടെ നിന്നാകുമ്പോള്‍ തീയും പുകയും ഒക്കെ മറ്റുള്ളവര്‍ കണ്ടോളും. കടലാസ്, ഈ മറ കാരണം ആരും കാണുകയും ഇല്ല. ഓപ്പറേഷന്‍ പറ്റിക്കല്‍ ഒഫ് ദ പടക്കത്തിന്റെ ഏകദേശ രൂപരേഖ തയ്യാറായി.

പരീക്ഷണാടിസ്ഥാനത്തില്‍ കുറച്ച് കടലാസിട്ട് ഞാന്‍ തീ കൊളുത്തി. കടലാസായത് കൊണ്ട് പെട്ടെന്ന് കത്തി. പക്ഷെ തീ പോര. പുകയും കുറവ്. ആരും ശ്രദ്ധിക്കാന്‍ പാകത്തില്‍ ഇല്ല. പത്രത്തിന് കിലോ നാല് രൂപ വരെ തൂക്കി വില്‍ക്കുമ്പോള്‍ കിട്ടാറുള്ളതാണ്. ചുമ്മാ കത്തിച്ച് കളയാന്‍ പറ്റുമോ!

തീ ഒന്ന് പെരുപ്പിക്കാന്‍‍ കുറേയേറെ കടലാസുകള്‍ തീയിലേക്ക് ഞാനിട്ടു. ഈ കടലാസ് ഒന്ന് തീപിടിച്ച് തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ, ഒരു മന്ദമാരുതന്‍ ആഞ്ഞ് വീശി. അതുകൊണ്ടുള്ള അപകടം ഞാന്‍ മനസ്സിലാക്കുന്നതിനുമുന്നേ തന്നെ എന്റെ പടക്കം നാലുപാടും പറന്ന് തുടങ്ങി. ഞാന്‍ നിലത്ത് കിടന്ന് കറങ്ങുന്ന ചക്രമായി കരുതിയിരുന്ന എന്റെ പടക്കം, വാണമായി മാറി പുതിയ വിഹായസ്സുകള്‍ തേടിപ്പിടിച്ച് തുടങ്ങി. എന്റെ ജീവിതവും മനസ്സും കത്തിത്തുടങ്ങി. ഈ തീപിടിച്ച കടലാസുകള്‍ ചുറ്റുവട്ടങ്ങളില്‍ പോയിവീണാല്‍ മൊത്തം പഞ്ചായത്ത് നിന്ന് കത്തും. അഥവാ കത്തിയില്ലെങ്കില്‍ എന്റെ വീട്ടില്‍ നിന്ന് കടലാസ് കത്തിച്ച് കാറ്റില്‍ പറത്തിയതിന് നാട്ടുകാര്‍ വന്ന് എന്റെ വീട് കത്തിക്കും. എന്റെ മരണം ഉറപ്പായി.

എത്രയും പെട്ടെന്ന് ഈ തീ കെടുത്തിയേ പറ്റൂ. എങ്ങിനെ എന്നൊന്നും ആലോച്ചിച്ച് തീരുമാനം എടുക്കാന്‍ നേരമുണ്ടായിരുന്നില്ല. അല്ലെങ്കിലും ആലോച്ചിക്കുക എന്നൊക്കെപ്പറഞ്ഞാല്‍ വലിയ ബുദ്ധിമുട്ടാണ്, ശീലമില്ലാത്ത കാര്യമല്ലേ. എന്ത് ചെയ്യണം എന്ന ചോദ്യം തലയ്ക്കകത്ത് എത്തി ഒരു മറുപടി തിരിച്ച് പുറത്തേക്ക് വരുന്നതിനു മുന്‍പേ അത് ഞാന്‍ ചെയ്ത് കഴിഞ്ഞിരുന്നു.

എന്ത്? ഞാന്‍ തീയിലേക്ക് എടുത്ത് ചാടി, അത്ര തന്നെ. ഞാന്‍ തീ ചവുട്ടിക്കെടുത്താല്‍ തുടങ്ങി. ചെരുപ്പ് ഉരുകിത്തുടങ്ങിയപ്പോള്‍ അതെടുത്ത് ദൂരെക്കളഞ്ഞു, അല്ലെങ്കില്‍ എന്റെ കാല്‍ പൊള്ളില്ലേ! കാറ്റ് വീണ്ടും വീശിക്കൊണ്ടിരുന്നു, അതുകൊണ്ട് തീ ആളിക്കൊണ്ടുമിരുന്നു. പതുക്കെ എന്റെ മുണ്ടിനും തീ പിടിച്ചു. അതോടെ പ്രശ്നം വഷളായി. വേറെ നിവര്‍ത്തിയില്ലാതെ ഞാന്‍ ടാങ്കിലേക്ക് എടുത്ത് ചാടി. അങ്ങിനെ തീ കെട്ടു. എവിടുത്തെ? എന്റെ മുണ്ടിലെ. താഴെ ഞാനിട്ട തീ അപ്പോഴും ആളിക്കത്തിക്കൊണ്ടിരുന്നു.

തിരിച്ച് ഞാന്‍ വീണ്ടും തീയിലേക്ക് ചാടി തീയെ ചവുട്ടിക്കൊല്ലാനുള്ള ശ്രമം തുടര്‍ന്നു. ഇത്തവണ മുണ്ട് കത്തിയില്ല. എന്തുകൊണ്ട്? അത് നനഞ്ഞിരിക്കുന്നത് കൊണ്ട്. അപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. വെള്ളമൊഴിച്ചാല്‍ തീ കെടും. ഐഡിയ. ടാങ്കില്‍ നിന്ന് അരികില്‍ കിടന്ന കപ്പുപയോഗിച്ച് വെള്ളമെടുത്ത് വെള്ളമടി തുടങ്ങി. കുറച്ച് സമയം കൊണ്ട് തീ കെട്ടു. എന്റെ കയ്യില്‍ നിന്നും കാലില്‍ നിന്നും രക്ഷപ്പെട്ട പറക്കും പന്തങ്ങള്‍ ആകാശത്ത് തന്നെ നിന്ന് കത്തിത്തീര്‍ന്നത് കൊണ്ട് വലിയൊരു ആപത്ത് ഒഴിവായി. ഇനി അഥവാ ഏതെങ്കിലും താഴെ വീഴുകയോ എന്തെങ്കിലും തീപിടുത്തം ഉണ്ടാവുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ ഉത്തരവാദിയല്ല. എനിക്കൊന്നും അറിയാന്‍ പാടില്ലേ. ഞാന്‍ പടക്കവും പൊട്ടിച്ചിട്ടില്ല, കടലാസും കത്തിച്ചിട്ടില്ല.

മതി ആഘോഷം. ഞാന്‍ ബാക്കി വന്ന ജീവനും കൊണ്ട് താഴെ വന്ന്, ആരും എന്നെ തല്ലിക്കൊല്ലാന്‍ വരല്ലേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് മൂടിപ്പുതച്ചു കിടന്നു. കാണിച്ച മണ്ടത്തരം കാരണം ശ്വാസം ഇരട്ടി വേഗത്തിലായിരുന്നു. പേടിയും ചമ്മലും എല്ലാം മനസ്സില്‍ നിറയെ ഉണ്ടായിരുന്നു. ദീപാവലിക്ക് പടക്കം പൊട്ടിച്ചില്ലല്ലോ എന്ന ദുഃഖം വേറെയും. എന്നാലും മറ്റൊരു വലിയ സമാധാനവുമുണ്ടായിരുന്നു. അത് എന്റെ എല്ലാ ദുഃഖങ്ങള്‍ക്കും അവധി കൊടുത്തു.

സ്വന്തം ജീവന്‍ വരെ തൃണവല്‍ഗണിച്ചുകൊണ്ട് ഞാന്‍ ബാംഗ്ലൂര്‍ നഗരത്തിനെ ഒരു വന്‍ അഗ്നിബാധയില്‍ നിന്ന് രക്ഷിച്ചു!

Friday, October 13, 2006

പാചകമണ്ടത്തരം

വീട്ടില്‍ നിന്ന് മാറി അന്യദേശങ്ങളില്‍ ജോലിക്കായും മറ്റും പോകുന്നവരെ കൂടുതലായി അലട്ടുന്ന ഒരു പ്രശ്നം നല്ല ഭക്ഷണത്തിന്റെ ലഭ്യതയാണ്. ജോലി കിട്ടി ബാംഗ്ലൂരിലേക്ക് പറിച്ച് നട്ട എന്നേയും ഈ വിഷയം വല്ലാ‍തെ അലട്ടി. കര്‍ണ്ണാടകയുടെ പരമ്പരാഗത ഭക്ഷണങ്ങളായ ബിസിബെല്ലെ ബാത്ത്, ഘാര ബാത്ത്, കേസരി ബാത്ത് എന്നീ പ്രാതല്‍ വിഭവങ്ങളും റ്റൊമാറ്റോ റൈസ്, ലെമണ്‍ റൈസ്, പുളിയോഗരെ എന്നീ ഊണ് വിഭവങ്ങളും മധുരത്തില്‍ കുളിച്ച് നില്‍ക്കുന്ന സാമ്പാറ്, മല്ലിയിലയില്‍ കുളിച്ച് നില്‍ക്കുന്ന മറ്റ് കറികള്‍ എന്നിവയൊന്നും കഴിക്കാനുള്ള മാനസികാവസ്ഥയോ ശാരീരികമായോ ഉള്ള സഹനശേഷിയോ ഇല്ലാത്തതിനാല്‍ തുടക്കക്കാലത്ത് ഞാന്‍ ഏറെ കഷ്ടപ്പെട്ടു. എന്റെ സഹമുറിയനും ഇതേ പ്രശ്നത്തില്‍ സമാനമായ ദുരിതം അനുഭവിച്ച് മടുത്ത ഒരു അവസ്ഥയിലാണ് ഞങ്ങള്‍ വീട്ടില്‍ പാചകം തുടങ്ങാന്‍ തീരുമാനിക്കുന്നത്.

തുടക്കത്തില്‍ വെള്ളം തിളപ്പിക്കുന്നത് തന്നെ വളരെ ബുദ്ധിമുട്ടായിരുന്നു. വെള്ളം തിളപ്പിക്കാ‍ന്‍ വച്ച് അപ്പുറത്ത് പോയി ടി.വി കാണാന്‍ തുടങ്ങിയാല്‍ അവിടെ അതില്‍ മുഴുകി ഇരിക്കും, അടുപ്പത്ത് വച്ച് വെള്ളത്തിന്റെ കാര്യം മറക്കും. അങ്ങിനെ എത്രയോ തവണ ഞങ്ങള്‍ മേഘങ്ങള്‍ക്ക് നീരാവി ദാനം കൊടുത്തിരിക്കുന്നു. വെള്ളം തിളപ്പിക്കാന്‍ ഇത്ര ബുദ്ധിമുട്ടാണെങ്കില്‍ ചോറ്‌ വയ്ക്കാനുള്ള ബുദ്ധിമുട്ട് പറയണോ. പ്രഷര്‍ കുക്കറിന്റെ വിസിലടിയുടെ എണ്ണം എന്നും ഒരു തലവേദന ആയിരുന്നു. എണ്ണം കൃത്യമായാല്‍ തന്നെ ഒഴിച്ച വെള്ളത്തിന്റെ അളവ് കൃത്യമായില്ലെങ്കില്‍ വേവ് ശരിയാകില്ല. നാട്ടില്‍ അമ്മ ചെയ്യാറുള്ളത് പോലെ കലത്തില്‍ ചോറ് വയ്ക്കുന്ന എന്ന ഏര്‍പ്പാട് നോക്കാം എന്ന് ഒരിക്കലേ ശ്രമിച്ചിട്ടുള്ളൂ, അന്ന് കഞ്ഞിവെള്ളം കലം ചെരിച്ച് വച്ച് കളയാന്‍ ശ്രമിച്ചിട്ട് പൊള്ളിയത് രണ്ടാള്‍ക്കും നീറുന്ന ഓര്‍മ്മയായി എന്നും മനസ്സില്‍ തങ്ങി നിന്നു. പരിപ്പ് വേവിക്കാന്‍ വയ്ക്കുമ്പോള്‍ വിസില്‍ ഒന്നോ രണ്ടോ കൂടിയാല്‍ തന്നെ കുഴപ്പമില്ല എന്നതിനാലും ബാക്കി ഇടേണ്ട സാധനങ്ങളെല്ലാം കവറിലാക്കി വാങ്ങാന്‍‍ കിട്ടുമെന്നതിനാലും സമ്പാര്‍ മാത്രം വൃത്തിയായി വച്ചു കൊണ്ടിരുന്നു രണ്ട് ബാച്ചിലര്‍ കുക്കുകളും.

പലപ്പോഴും മടി കാരണം ചോറും സാമ്പാറും മാത്രമാക്കും അത്താഴത്തിന്. അച്ചാര്‍ ഇങ്ങനെയുള്ള അവസരങ്ങളില്‍ രക്ഷകനാകും. ഇതിനുപുറമേ ചിലപ്പോള്‍ ഓം‌ലെറ്റ്, ക്യാബേജ്, വെണ്ടയ്ക്ക, പാവയ്ക്ക, പയര്‍ എന്നിവയുടെ തോരന്‍ വരെ ഉണ്ടാക്കിയ ചരിത്രവുമുണ്ട്. ബ്ലോഗുകളും വിക്കിയും എന്താണെന്ന് അറിഞ്ഞ് തുടങ്ങുന്നതിനുമുന്‍പായിരുന്നു ഈ പരീക്ഷണങ്ങള്‍ എന്നതിനാല്‍ അവിടങ്ങളില്‍ പാചകക്കുറി അന്വേഷിക്കുന്നതിനുപകരം അന്നൊക്കെ ചെയ്തിരുന്നത് കറി വയ്ക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് അമ്മയെ ഫോണ്‍ വിളിച്ച് കറി വച്ച് തീരുന്നത് വരെ ലൈവ് കമന്ററി അങ്ങോട്ട് കൊടുത്ത് നിര്‍ദ്ദേശങ്ങള്‍ ഇങ്ങോട്ട് മേടിക്കുക എന്നതായിരുന്നു. ഒരേ കറി തന്നെ ദിവസവും വയ്ക്കുകയാണെങ്കില്‍ തന്നെയും അമ്മയെ വിളിച്ച് സംശയനിവാരണം വരുത്തിത്തന്നെയായിരുന്നു പാചകം. കുറേ നാളുകള്‍ക്ക് ശേഷം കറികള്‍ മോശമില്ല്ലാതെ വയ്ക്കാന്‍ പറ്റും എന്ന ആത്മവിശ്വാസം കൈവരിച്ചിട്ടേ ഈ കോള്‍ കോണ്‍ഫറന്‍സ് നിന്നുള്ളൂ.

ആത്മവിശ്വാസം അമിതവിശ്വാസം ആവാന്‍ അധികനേരം വേണ്ടി വന്നില്ല. എന്ത് പരീക്ഷണം നടത്താനും ധൈര്യം വന്നതോട് കൂടി ആ അടുക്കളയില്‍ പല പുതിയ കറികളും ജനനം കൊണ്ടു. മുട്ട സാമ്പാര്‍, വെണ്ടയ്ക്കാ ക്വാളിസ് (ടൊയോട്ട ക്വാളിസ് വണ്ടിയുടെ പരസ്യം ഉള്ള ഒരു പേപ്പറിലാണ് ഈ കറിക്കാവശ്യമുള്ള അസംസ്കൃത വസ്തുക്കള്‍ മുറിച്ചിട്ടത്), തക്കാളി തട്ടിമുട്ടി (ഒരു നഗരപദക്ഷിണം കഴിഞ്ഞ് തിരിച്ച് വന്നപ്പോള്‍ സാമ്പാര്‍ വയ്ക്കാന്‍ ആവശ്യമായ ഒന്നും ഉണ്ടായിരുന്നില്ല, ഉള്ളത് കൊണ്ട് തട്ടിമുട്ടി ഒരു കറിയുണ്ടാക്കി), സ്ക്രാംബിള്‍ഡ് ക്യാബേജ് എന്നിങ്ങനെയുള്ള പുതുവിഭവങ്ങള്‍‍ ഞങ്ങളുടെ അടുക്കളയ്ക്ക് പേരും പെരുമയും നേടിത്തന്നു.

അങ്ങിനെയിരിക്കെ ഒരുനാളില്‍ എനിക്ക് ഒരു സുഹൃത്തിന്റെ വിവാഹത്തിനായി എറണാകുളത്ത് പോകേണ്ടി വന്നു. തിരിച്ച് വന്നത് ട്രെയിനിലായിരുന്നു. ട്രെയിനില്‍ സാധാരണ കാണാറുള്ള പുസ്തകവില്‍പ്പനക്കാരുടെ കയ്യില്‍ കണ്ട ഒരു പുസ്തകത്തില്‍ ആദ്യമായി എന്റെ കണ്ണുകളുടക്കി. സ്വാഭാവികമായും അതൊരു പാചകപുസ്തകമായിരുന്നു. പാചകം എനിക്കൊരു ഹരമായി മാറിക്കൊണ്ടിരിക്കുന്ന സമയം. പത്ത് രൂപയ്ക്ക് ഈ പുസ്തകം ഒന്നുമാലോചിക്കാതെ തന്നെ ഞാന്‍ വാങ്ങി. പത്താം ക്ലാസ്സ് പാസ്സാക്കാന്‍ പഠിച്ചതിലും ആത്മാര്‍ത്ഥമായി വായിച്ച് പഠിച്ച് ഈ പുസ്തകം തിരിച്ച് ഞാന്‍ ബാംഗ്ലൂരിലെത്തുമ്പോഴേക്കും ഹൃദിസ്ഥമാക്കിയിരുന്നു.

ജീവിതത്തിലാദ്യമായി വീട്ടിലെ അടുക്കളയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ വേദന അന്ന് ഞാന്‍ അനുഭവിച്ചു. അടുക്കളയിലെ പാത്രങ്ങള്‍ തമ്മില്‍ കൂട്ടി മുട്ടുന്ന ശബ്ദവും, കുക്കറിന്റെ വിസിലും പച്ചക്കറികള്‍ അറിയുന്നതിന്റെ സുഖവും ഒക്കെ ഞാന്‍ ആദ്യമായി മിസ്സ് ചെയ്തു തുടങ്ങി. വീട്ടിലെത്തി ആ അടുക്കള കാണുന്നതു വരെ ഞാന്‍ അനുഭവിച്ച ആകാംഷ, ജോലിക്കുള്ള കൂടിക്കഴ്ച കഴിഞ്ഞ് ഫലം അറിയാന്‍ കാത്തിരുന്നപ്പോള്‍ ഉണ്ടായിരുന്നതിലും എത്രയോ ഇരട്ടിയായിരുന്നു. വാങ്ങിയ പുസ്തകം സഹമുറിയനെക്കാണിച്ച് ഇനി പുതുതായി ഉണ്ടാക്കാനായി കണ്ട് വച്ചിരിക്കുന്ന വിഭവങ്ങളെക്കുറിച്ച് വിവരിച്ച ശേഷമേ ഞാന്‍ യാത്രയ്ക്ക് കൊണ്ട് പോയ ചുമല്‍ ബാഗ് പോലും ഊരി വയ്ച്ചുള്ളൂ.

അന്നുതന്നെ പുതിയ പരീക്ഷണങ്ങള്‍ക്കായി ഞാന്‍ തയ്യാറെടുക്കുമ്പോള്‍ ബാംഗ്ലൂരില്‍ ഉണ്ടായിരുന്ന എന്റെ മറ്റ് സഹപാഠികളെ വിളിച്ച് കൊണ്ടു വന്നു എന്റെ സഹമുറിയന്‍. നമ്മുടെ കഴിവുകള്‍ അങ്ങിനെ അടുക്കളയുടെ നാലു ചുമരുകള്‍ക്കിടയില്‍ ഒതുക്കേണ്ടതല്ല എന്നതാ‍യിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എനിക്കും മറ്റൊരഭിപ്രായം ഉണ്ടായിരുന്നില്ല.

ആ പുസ്തകത്തില്‍ എനിക്ക് ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയതും ഏറ്റവും സാഹസികമായി തോന്നിയതും “മുരിങ്ങയിലത്തോരന്‍” എന്നയിനമായിരുന്നു. പുസ്തകത്തില്‍ പറഞ്ഞ പാചകവിധിപ്രകാരം വലിയ ബുദ്ധിമുട്ടില്ല ഇതുണ്ടാക്കാന്‍. ചേര്‍ക്കേണ്ട ചേരുവകള്‍ ആണെങ്കില്‍ വളരെക്കുറവും. ചുരുങ്ങിയനേരം കൊണ്ട് പേരെടുക്കാന്‍ മുരിങ്ങയിലത്തോരന്‍ ബെസ്റ്റ് തന്നെ. പിന്നീടങ്ങോട്ട് ചൂടേറിയ, പൊടിപറക്കുന്ന അങ്കമായിരുന്നു അടുക്കളയില്‍. ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന ഞാന്‍ ആരെയും അടുപ്പിച്ചില്ല അടുക്കളയില്‍, എന്റെ പാചകസഹജസഞ്ചാരിയായ സഹമുറിയനെപ്പോലും. ഉച്ചയായപ്പോഴേക്കും കറികള്‍ തയ്യാറായി. ചോറും റെഡി. ഞാന്‍ തന്നെ മുന്‍‌കൈ എടുത്ത് വിളമ്പി വച്ച് എല്ലാവരേയും കഴിക്കാന്‍ വിളിച്ചു.

നല്ല വിശപ്പിന് പേര്‍ കേട്ടവരാണ് എന്റെ സഹപാഠികള്‍. ആര്‍ത്തിയുടെ പര്യായങ്ങള്‍. ഉത്തമമായ തീറ്റയുടേ ഉദാഹരണങ്ങള്‍. ഭക്ഷണത്തിനായി ഇവര്‍ വായ പൊളിച്ച് നില്‍ക്കുമ്പോള്‍ എന്റെ മുരിങ്ങയിലത്തോരന്‍ ഞാന്‍ പങ്ക് വച്ച് ഇവരുടെ പാത്രങ്ങളിലേയ്ക്ക് വിളമ്പിക്കൊടുത്തു. ഇവര്‍ പ്രശംസയുടെ ഭാണ്ഡം തുറന്ന് എനിക്കായി അഭിനന്ദനങ്ങള്‍ ചൊരിയുന്നത് കേള്‍ക്കാനായി ഞാന്‍ ചെവി കൂര്‍പ്പിച്ചിരുന്നു.

ഒന്നുമുണ്ടായില്ല. അവര്‍ മിണ്ടുന്നില്ല. പാത്രത്തിലുള്ള ചോറിന്റെ അളവ് കുറയുന്നതിന് അനുപാതികമായി മുരിങ്ങയിലത്തോരന്‍ കുറയുന്നില്ല. കുറയുന്നത് പോയിട്ട് വച്ചിടത്ത് നിന്ന് അനങ്ങുന്നുപോലുമില്ല. എന്തോ എവിടെയോ പിഴച്ചിരിക്കുന്നു! “കഴിക്കുന്നില്ലേ” ഞാന്‍ ചോദിച്ചു. മറുപടി ഇല്ല. “ഒന്ന് കഴിക്കെടാ”, അതിനും മറുപടി ഇല്ല. “ഒന്ന് രുചിയെങ്കിലും നോക്കെടാ, എന്ത് കഷ്ടപ്പെട്ടിട്ടാണ് ഞാന്‍ ഇതുണ്ടാക്കിയതെന്നറിയാ‍മോ”

സഹമുറിയന്‍ തലയൊന്നുയര്‍ത്തി എന്നെ രൂക്ഷമായി ഒരു നോട്ടം നോക്കി. എന്നിട്ട് സത്യസന്ധമായി അഭിപ്രായം പറഞ്ഞു എന്റെ മുരിങ്ങയിലത്തോരനെക്കുറിച്ച്.

“ഞാന്‍ പശുവും മാടുമൊന്നുമല്ല പച്ചില തിന്നാല്‍”

അന്നത്തോടെ എന്റെ പാചകം നിന്നു. അന്ന് മുതല്‍ ഞാന്‍ ഹോട്ടലില്‍ നിന്ന് മനസ്സമാധാനമായി സ്വാദുള്ള ഭക്ഷണം തന്നെ കഴിക്കാന്‍ തുടങ്ങി.

Thursday, October 05, 2006

പുതിയ കമ്പ്യൂട്ടര്‍, വീണ്ടും മണ്ടത്തരം

പുതിയ കമ്പ്യൂട്ടര്‍, പുതിയ മണ്ടത്തരം നിര്‍ത്തിയിടത്ത് നിന്ന് ഈ കഥ തുടങ്ങുന്നു.

ഫ്ലാഷ് ബാക്ക്: പുതിയൊരു കമ്പ്യൂട്ടര്‍ (ഗണനഗുണനത്വരിതയന്ത്രം) വാങ്ങിയത്, സ്ക്രൂ മാനിയ എന്ന് രോഗത്തിന്റെ പിടിയിലകപ്പെട്ട ഞാന്‍ അഴിച്ചുപണിത് കഠിനവളയത്തിന്റെ (ഹാര്‍ഡ് ഡിസ്ക്) മുനമ്പ്‍ (പിന്‍) ഒടിച്ച് നിര്‍ജ്ജീവമാക്കി. ഞാനായിട്ടൊടിച്ച പിന്‍, കമ്പ്യൂട്ടര്‍ കടയിലുള്ളവര്‍ ജന്മനാ ഒടിഞ്ഞതാണെന്ന് തെറ്റിദ്ധരിച്ചതിനാല്‍ പുതിയതൊരെണ്ണം വാങ്ങേണ്ട ആപത്തില്‍ നിന്ന് തല്‍ക്കാലം രക്ഷപെട്ടു . പുതുമണം മാറാത്ത പുത്തനൊരു ഹാര്‍ഡ്‌ഡിസ്ക് അവര്‍ വച്ചു തന്നതോട് കൂടി ആ ക്യാബിനറ്റുമായി (പുറംചട്ട), അവര്‍ക്ക് ബോധം തിരിച്ചു കിട്ടുന്നതിനുമുന്‍പ് ഞാന്‍ വീട്ടിലേക്കോടി.

വീട്ടില്‍ തിരിച്ചെത്തി, എനിക്ക് പറ്റിയ മണ്ടത്തരവും അതിനേക്കാള്‍ വലിയ മണ്ടത്തരമായ ആ കമ്പ്യൂട്ടര്‍ കടയിലുള്ളവരുടെ അനുമാനവും ഓര്‍ത്ത് ഞാനും എന്റെ സഹമുറിയനും കുറേ ചിരിച്ചു. കാശ് കുറേ രക്ഷപ്പെട്ടതിന്റെ സന്തോഷം അടങ്ങാന്‍ തന്നെ കുറേ നേരം എടുത്തു. “ഇനിയും സ്ക്രൂ ഊരി കുഴപ്പമാക്കിയാല്‍ ഞാന്‍ വരില്ല നിന്റെ കൂടെ ഇനിയും കടയിലേക്ക്” എന്ന എന്റെ സഹമുറിയന്റെ ഭീഷണിപോലും എന്റെ രസം കെടുത്തിയില്ല. ആശ്വാസം കൊണ്ടും നടുക്കം മൂലവും ഉണ്ടായ ചെറുവിറയല്‍ മാറിയതിനു ശേഷം മാത്രമേ ഞാന്‍ അടിത്തറ മാറിയ പുതിയ കേന്ദ്ര പ്രവര്‍ത്തന ഘടകം (സി.പി.യൂ ) ഓണാക്കിയുള്ളൂ.

വീണ്ടും പഴയ പ്രക്രിയ തന്നെ ആവര്‍ത്തിച്ചു. ഉണര്‍ത്ത് ഒതുക്കവളയം(ബൂട്ടബിള്‍ സി.ഡി) ഇട്ട് ഹാര്‍ഡ് ഡിസ്കിന്റെ ഘടന ശരിയാക്കി(ഫോര്‍മാറ്റ് ചെയ്ത്), അഞ്ച് കഷ്ണമാക്കി വിജജിച്ച് (പാര്‍ട്ടീഷന്‍) അതില്‍ ജനാല (വിന്‍ഡോസ്) പിടിപ്പിച്ചു. ഒരുറപ്പിന് വേണ്ടി രണ്ട്-മൂന്ന് തവണ പുനരാരംഭിച്ചും (റീസ്റ്റാര്‍ട്ട്) നോക്കി. ഒരു കുഴപ്പവുമില്ല. ഈ ഹാര്‍ഡ് ഡിസ്ക് ഇനി പ്രശ്നമുണ്ടാക്കില്ല എന്നുറപ്പ്. അല്ലേലും നേരത്തേ പ്രശ്നമുണ്ടാക്കിയത് ഹാര്‍ഡ് ഡിസ്ക് അല്ലല്ലോ, ഞാനല്ലേ. ആ അപകടം ഇപ്പോഴും നില നില്‍ക്കുന്നു, പക്ഷെ അത് കൊണ്ട് കുഴപ്പമില്ല, ഞാന്‍ കുഴപ്പമുണ്ടാക്കാതിരിക്കാന്‍ ഞാന്‍ തന്നെ നോക്കിയാല്‍ പോരേ!

പാര്‍ട്ടീഷനുകള്‍ അഞ്ചെണ്ണം നിരന്ന് നില്‍ക്കുന്നത് കാണാന്‍ നല്ല ഭംഗി ആയിരുന്നു. കുറേ വര്‍ഷങ്ങളായി അധികം ഇടമില്ലാത്ത (കപ്പാസിറ്റി) ഒരു ഹാര്‍ഡ് ഡിസ്കാണ് ഉപയോഗിച്ചുകൊണ്ടിരുന്നത് എന്നത് കൊണ്ട് ഇത്രയധികം പാര്‍ട്ടിഷനുകള്‍ അതില്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ലായിരുന്നു. പാര്‍ട്ടീഷനുകളില്‍ മാറി മാറി മൌസ് കൊണ്ട് കുത്തിയും പിന്നെ ശരമാര്‍ഗ്ഗദര്‍ശ്ശനം (ആരോ കീ) കൊണ്ട് ഓടി ഓടി കളിച്ചും സമയം കളഞ്ഞ് കൊണ്ടിരിക്കുന്നതിനിടയ്ക്കാണ് എന്തോ ഒരു ഏനക്കേട് ഉള്ളതായി മനസ്സില്‍ കത്തിയത്.

പാര്‍ട്ടീഷനുകളുടെ വലിപ്പം എല്ലാത്തിന്റേയും കൂട്ടി നോക്കിയിട്ടും വേണ്ടത്ര ഒക്കുന്നില്ല. ഞാന്‍ വാങ്ങിയത് നൂറ്റിഅറുപതിന്റെ ഡിസ്ക് ആണെങ്കിലും പാര്‍ട്ടീഷനുകളുടെ വലിപ്പം കൂട്ടി നോക്കിയിട്ട് നൂറ്റിമുപ്പതേ കിട്ടുന്നുള്ളൂ. കണക്ക് കൂട്ടാനുള്ള എന്റെ മനസ്സിന്റെ അസാമാന്യ സാമര്‍ത്ഥ്യം കാരണം ഞാന്‍ കമ്പ്യൂട്ടറിലെ കാല്‍ക്കുലേറ്ററിലും പിന്നീട് ഒരു കടലാസില്‍ എഴുതിയും കൂട്ടി നോക്കി. പോരാണ്ട് എന്റെ സഹമുറിയനെക്കൊണ്ടും കൂട്ടി നോക്കിപ്പിച്ചു. ഓരോ തവണയും ഒന്ന് രണ്ട് ജി.ബി അങ്ങോട്ടോ ഇങ്ങോട്ടോ മാറുന്നുണ്ടെന്ന് കണ്ടെങ്കിലും നൂറ്റിമുപ്പത് എന്നതിന് അടുത്ത് തന്നെ കിടന്നു ഓരോ ഉത്തരവും. ഈ മുപ്പത് ജി.ബി കാണാതായതിന് യാതൊരു ന്യായീകരണവും കണ്ടെത്താനായില്ല.

പുതിയ ഹാര്‍ഡ് ഡിസ്ക് വെറുതേ തന്നതിന് വിലയായി മുപ്പത് ജി.ബി അവരെടുത്തോ? അതോ ഇനി വേറെ ആരെങ്കിലും ഇത് പോലെ കേടായ ഒരു ഹാര്‍ഡ് ഡിസ്ക് അവിടെ കൊടുത്തിരുന്നതാണോ എനിക്ക് തന്നത്? മാനുഫാക്ചറിങ്ങ് ഡിഫക്റ്റ് എന്ന് നേരത്തേ ഉണ്ടായിരുന്ന ഹാര്‍ഡ് ഡിസ്കിനെ പറഞ്ഞത് അറം പറ്റി പുതിയതിന് അങ്ങിനെ ഒരു അസ്കിത വന്നതാണോ? അതോ മുപ്പത് ജി.ബി-യുടേയോ മറ്റോ പിന്‍ ഈ ഹാര്‍ഡ് ഡിസ്കില്‍ ഒടിഞ്ഞോ വീണ്ടും? ഈശ്വരാ, ഒരായിരം ചോദ്യങ്ങള്‍ ഇത് പോലെ മനസ്സില്‍ പൂ വിടര്‍ത്തി. ഉത്തരങ്ങള്‍ക്കായി “ശ്രീജിത്തിന്റെ കമ്പ്യൂട്ടര്‍ സംശയങ്ങള്‍” എന്ന ബ്ലോഗ് തുടങ്ങി അവിടെ ഈ ചോദ്യങ്ങള്‍ പോസ്റ്റ് ഇട്ടാലോ എന്ന് വരെ ഞാന്‍ ആലോചിച്ചു.

വാങ്ങിയ ഇടത്ത് തന്നെ വിളിച്ച് ചോദിക്കുക തന്നെ ഒരേ ഒരു വഴി. വിളിച്ച് നോക്കി, ആരും എടുക്കുന്നില്ല, ദൈവമേ എന്നേം പറ്റിച്ച് അവര്‍ മുങ്ങിയോ? “സമയം നോക്കേടാ, പത്ത് മണിയാകാറായി” എന്ന് സഹമുറിയന്‍ പറഞ്ഞത് കാരണം ഒരു പൊട്ടിക്കരച്ചില്‍ അവിടെ ഒഴിവായി.

പിറ്റേന്ന് ഞായറാഴ്ച ആയതിനാല്‍ അന്നും അവരുമായി ആശയസംവാദം നടത്താന്‍ കഴിഞ്ഞില്ല.

തിങ്കളാഴ്ചയാണ് ഞാന്‍ പിന്നീട് അവരെ വിളിക്കുന്നത്. “നൂറ്റി അറുപതില്‍ ഒരു മുപ്പത് കുറവുണ്ടല്ലോ, അതെവിടെ?” എന്ന് ചോദിച്ചപ്പോള്‍ ഇങ്ങോട്ട് കൊണ്ടു‌വന്നാല്‍ നോക്കാം എന്നാണ് അവര്‍ മറുപടി പറഞ്ഞത്. അവരുടെ കട തുറന്നിരിക്കുന്ന സമയവും എന്റെ ഓഫീസ് തുറന്നിരിക്കുന്ന സമയവും ഒന്നായതിനാല്‍ എനിക്ക് ജോലി ദിവസങ്ങളിലൊന്നും വീണ്ടും അങ്ങോട്ട് ട്രിപ്പ് അടിക്കാന്‍ സാധിക്കുമായിരുന്നില്ല. വേറെ ആരുടെ കൈവശവും അത് കൊടുത്ത് വിടാന്‍ ധൈര്യവും ഉണ്ടായിരുന്നില്ല. ഈ ബാച്ചിലേര്‍സിന്റെ ഓരോരോ പ്രോബ്ലംസേ.

ആ ആഴ്ചയില്‍ തന്നെ ബാംഗ്ലൂരില്‍ മഴക്കാലവും തുടങ്ങി. മഴക്കാലമെന്നാല്‍ എന്റെ ബൈക്കിന് അത് നീരുകാലമാണ്. വിശ്രമം വേണം അപ്പോള്‍. ബ്രേക്കില്‍ വെള്ളം കേറി ചവുട്ടുന്നിടത്ത് നില്‍ക്കാതാവും, പെട്രോള്‍ ടാങ്കില്‍ വെള്ളം കേറി പൊട്ടലും ചീറ്റലും തുടങ്ങും, അത് പോലെ മറ്റ് ചില പ്രശ്നങ്ങളും. അങ്ങിനെ ശനിയാഴ്ചയ്ക്ക് മുന്‍പ് ബൈക്ക് വീണ്ടും കട്ടപ്പുറത്തായി.

ശനിയാഴ്ച രാവിലെ തന്നെ എഴുന്നേറ്റ് പല്ല് തേച്ച്, കുളിച്ച്, ഊണ് കഴിച്ച്, ബാക്കി ഉണ്ടായിരുന്ന ഉറക്കം കൂടി തീര്‍ത്ത്, വസ്ത്രം മാറിയപ്പോഴേക്കും വൈകുന്നേരമായി. ഇനി കുളിക്കാനും പൌഡര്‍ ഇടാനും ഒക്കെ നിന്നാല്‍ രാത്രിയായി കട അടയ്ക്കും എന്നറിയാവുന്നത് കൊണ്ട് അതിന് നില്‍ക്കാതെ ഞാന്‍ വീണ്ടും ക്യാബിനറ്റുമായി ഇറങ്ങി പഴയ വഴിയിലേക്ക്. എന്റെ സഹമുറിയന്‍ അപ്പോള്‍ ഏതോ ഒരു പുസ്തകവും പിടിച്ച് ഇരിക്കുന്നുണ്ടായിരുന്നു. പഠിക്കുന്നവരെ ഉണര്‍ത്താം, പഠിത്തം നടിക്കുന്നവരെ ഉണര്‍ത്താന്‍ പറ്റില്ലല്ലോ എന്നോര്‍ത്ത് അവനെ വിളിച്ചില്ല. ഒരു ഓട്ടോ പിടിച്ച് പോയി വീണ്ടും ഞാന്‍ ആ കടയുടെ പടി ഞാന്‍ ചവുട്ടി.

ക്യാബിനറ്റ് അവിടെ കൊണ്ട് വച്ച് എനിക്കിപ്പോള്‍ കിട്ടണം എന്റെ മുപ്പത് ജി.ബി എന്ന് പറഞ്ഞു. അപ്പോള്‍ കടയിലെ അദ്ദേഹം പറഞ്ഞ മറുപടി അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിച്ചു. വെള്ളാനകളുടെ നാട് എന്ന സിനിമയില്‍ പപ്പു പറഞ്ഞത് പോലെ “അ അ അ അ ആ, അപ്പോള്‍ അതാണല്ലേ പ്രശ്നം, അതിപ്പൊ ശരിയാക്കിത്തരാം” എന്ന മട്ടില്‍ പുള്ളി എന്നോട് ഇങ്ങനെയാണ് പറഞ്ഞത് “അത് ജനലുകള്‍ സേവനപ്പൊതി രണ്ട് (വിന്‍ഡോസ് സെര്‍വ്വീസ് പായ്ക്ക്-2) ഇട്ടാല്‍ മതി, ശരിയായിക്കോളും. ഇതിനാണോ ഈ ക്യാബിനറ്റും ചുമന്ന് കൊണ്ട് വന്നത്?”.

ഞാന്‍ ചമ്മിയില്ല. സത്യമായിട്ടും ഞാന്‍ ചമ്മിയില്ല. ഞാന്‍ ക്യാബിനറ്റും താങ്ങിപ്പിടിച്ച് തിരിച്ച് നടക്കുമ്പോള്‍ അയാള്‍ മറ്റുള്ളവരോട് “ഈ പൊട്ടന് ആ ഹാര്‍ഡ് ഡിസ്ക് മാത്രം ഊരി കൊണ്ട് വന്നാല്‍ പോരേ, ക്യാബിനെറ്റ് മുഴുവനും കൊണ്ട് വരണമായിരുന്നോ” എന്ന് കന്നഡയില്‍ ചോദിക്കുന്നത് (ഇംഗ്ലീഷിന്റെ അധികപ്രസരം കാരണം ആശയം മനസ്സിലായി) കേട്ടപ്പോഴും ഞാന്‍ ചമ്മിയില്ല. അമ്മച്ചിയാണെ, ഞാന്‍ ചമ്മിയില്ല.

എന്നാലും അവര്‍ വേന്ദ്രന്മാര്‍ തന്നെ കേട്ടോ. പറഞ്ഞപോലെ സെര്‍വീസ് പായ്ക്ക് 2 ഇട്ടപ്പോള്‍ ആ മുപ്പത് ജി.ബി. എവിടുന്നോ പുറത്ത് വന്നു. അവനെ കയ്യോടെ പിടിച്ച് ഞാന്‍ പുതിയ ഒരു പാര്‍ട്ടീഷനുമാക്കി. ആ പാര്‍ട്ടീഷന് ഞാന്‍ മണ്ടത്തരങ്ങള്‍ എന്ന പേരിട്ടാലോ എന്നാലോചിക്കുന്നു ഇപ്പോള്‍. ഒരു മണ്ടത്തരം ഞാന്‍ ആദ്യം കാണിക്കുകയും പിന്നെ അതിനെത്തുടര്‍ന്ന് ഒരു ലോഡ് മണ്ടത്തരങ്ങള്‍ ഞാനും കമ്പ്യൂട്ടര്‍ കടയിലുള്ളവരും ചേര്‍ന്ന് ഒപ്പിക്കുകയും ചെയ്തതിന്റെ ഒരു ഓര്‍മ്മയ്ക്ക്. പഴയതും പുതിയതും ആയ എല്ലാ മണ്ടത്തരങ്ങളും ഇനി എഴുതി ശേഖരിച്ച് വയ്ക്കാനും ആ പാര്‍ട്ടീഷന്‍ ഉപയോഗിക്കാമല്ലോ. സ്ഥലമുണ്ടാകുമോ എന്തോ!

Wednesday, September 27, 2006

പുതിയ കമ്പ്യൂട്ടര്‍, പുതിയ മണ്ടത്തരം

അങ്ങിനെ ഞാന്‍ ഒരു കമ്പ്യൂട്ടര്‍ വാങ്ങി.

ഒരോ ഭാഗങ്ങളുടേയും (കോമ്പണന്റ്സ്) ആദ്യം ഉള്ള കവര്‍പൊട്ടിച്ച്, ചൂടാറാതെ എന്റെ മുന്നില്‍ വച്ച് തന്നെയാണ് അവര്‍ എനിക്ക് കമ്പ്യൂട്ടര്‍ സംയോജിപ്പിച്ചു തന്നത്. എന്നിട്ട്, കള്ളക്കടത്ത് സാധനം കൈമാറുന്നതുപോലെ ആ കമ്പ്യൂട്ടര്‍ എന്റെ കയ്യില്‍ തന്ന് ആരെങ്കിലും കാണുന്നതിനു മുന്നേ വേഗം പൊയ്ക്കോ എന്നും പറഞ്ഞ് എന്നെ കടയില്‍ നിന്ന് ഓടിച്ചും വിട്ടു. നോക്കണേ പൂരം.

കമ്പ്യൂട്ടറിന്റെ അസംസ്കൃത സാധനങ്ങളെല്ലാം വീട്ടില്‍ ഒരു ഓട്ടോയില്‍ കൊണ്ട് വന്ന്‍, “കാശ് കൊടുത്തതും പോര, ചുമക്കുകയും വേണം” എന്ന ദുരിതം ഓര്‍ത്ത് സ്വന്തം സമയത്തെ തെറി വിളിച്ച് കൊണ്ട്, അവനവന്റെ തലവര മായാതെ ശ്രദ്ധിച്ച് തലയില്‍ എല്ലാം ചുമന്ന് കൊണ്ടുവന്ന്, സമ്മാനപ്പൊതി തുറക്കുന്ന ആക്രാന്തത്തോടെ എല്ലാ കവറും പൊളിച്ച്, കമ്പ്യൂട്ടര്‍ അസ്തികൂടത്തിന്റെ ഭാഗമായ എല്ലാ സാമഗ്രികളും പുറത്തെടുത്ത്, അവര്‍ തന്നെ‍ ഒരു പായ്ക്കറ്റില്‍ തന്ന് വിട്ട വയറുകള്‍ തലങ്ങും വിലങ്ങും ഔചിത്യമനുസരിച്ച് കുത്തി, സിസ്റ്റം ഞാന്‍ ഓണാക്കി.

“ഹാര്‍ഡിസ്ക് കാണാനില്ലല്ലോ, നീ ഇതിന്റെ അകത്ത് തന്നെയല്ലേ അത് വച്ചത്, ഒന്നൂടെ ഒന്നോര്‍ത്ത് നോക്കിക്കേ” എന്ന കന്നി‌എറര്‍ എന്റെ പുത്തന്‍ മോണിട്ടറില്‍ തെളിഞ്ഞു.

ഞെട്ടി. പക്ഷെ പതറിയില്ല. ഇത് ഞാന്‍ എത്ര കണ്ടിരിക്കുന്നു.

കയ്യില്‍ ഉണ്ടായിരുന്ന ബൂട്ടബിള്‍ സി.ഡി. ഇട്ട് ഞാന്‍ ഈ ഒളിഞ്ഞിരുന്ന ഹാര്‍ഡ്‌ഡിസ്കിനെ കണ്ട് പിടിച്ചു. അവനെ പല തുണ്ടങ്ങളാക്കി(പാര്‍ട്ടീഷന്‍) മുറിച്ച്, ആദ്യത്തെ തുണ്ടത്തില്‍ ജനല്‍(വിന്‍ഡോസ്) പിടിപ്പിക്കുകയും ചെയ്തു. ആയ പടി കഴിഞ്ഞതോടുകൂടി ഞാന്‍ കമ്പ്യൂ‍ട്ടര്‍ ചരിതം രണ്ടാം ഘണ്ഡത്തിലേക്ക് കടന്നു. കയ്യില്‍ ഉണ്ടായിരുന്ന മുഴുവന്‍ സീ.ഡി.-യിലേയും മൃദുല‌ഉപകരണങ്ങള്‍(സോഫ്റ്റ്വേര്‍) ഞാന്‍ ഒന്നിനു പിറകേ ഒന്നായി എന്റെ ഗണനഗുണനത്വരിതയന്ത്രത്തില്‍ കുടിയിരുത്തി.

രണ്ടാമത്തേതും അവസാനത്തേതുമായ ഭാഗം കഴിഞ്ഞു. ഇനി എന്ത്? അലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല. ആറ്റ് നോറ്റ് വാങ്ങിയ കമ്പ്യൂട്ടര്‍ ദാ മുന്നില്‍ നില്‍ക്കുന്നു. ഒന്നും ചെയ്യാനുമില്ല. കാശ് പോയോ എന്റെ ഈശ്വരാ, കമ്പ്യൂട്ടര്‍ വാങ്ങിയത് ഒരു മണ്ടത്തരമായോ? ടെന്‍ഷനായി.

പെട്ടെന്ന്, എന്റെ ആത്മാവിന്റെ അന്തരാളങ്ങളില്‍ നിന്ന് ഒരു ഉള്‍വിളി ഉണ്ടായി.

സ്ക്രൂ‍.

അതെ, സ്ക്രൂ. ആ സാധനം കണ്ട് പിടിച്ചവനെ തല്ലണം. എപ്പൊ എന്ത് സാധനം വാങ്ങിയാലും അതില്‍ മുഴുവന്‍ സ്ക്രൂ ആണ്. എനിക്കാണെങ്കില്‍ സ്ക്രൂ‍ ഉള്ള എന്ത് സാധനം കയ്യില്‍ കിട്ടിയാലും അപ്പോള്‍ അത് മുഴുവന്‍ അഴിച്ച് പണിയണം. (ഇത് ഒരു രോഗമാണോ, ഡോക്റ്റര്‍!). അതിന് പറ്റിയില്ലെങ്കില്‍ ആ ഉപകരണം ഉപയോഗിക്കാന്‍ തന്നെ താല്‍പ്പര്യം ഉണ്ടാകില്ല. പുതുമണം മാറാത്ത ഒരു ഉപകരണത്തിന്റെ സ്ക്രൂ‍ ഊരുന്ന സന്തോഷം അതുപയോഗിച്ചാല്‍ കിട്ടുമോ? എന്റെ കമ്പ്യൂട്ടറും ഒട്ടും വ്യത്യസ്ഥമായിരുന്നില്ല. ആഫ്റ്റര്‍‌ഓള്‍ ഇറ്റ്സ് ആള്‍സോ ആന്‍ ഉപകരണം വിത്ത് സ്ക്രൂ‍.

മനസ്സെത്തുന്നിടത്ത് കയ്യെത്തണം, കയ്യെത്തുന്നിടത്ത് സ്ക്രൂ-ഡ്രൈവര്‍ ഉണ്ടാകണം എന്നതാണ് എന്റെ ആപ്തവാക്യം. എപ്പോഴാണ് ഒരു ആവശ്യം വരുന്നതെന്ന്(സ്ക്രൂ ഊരാന്‍ മുട്ടുന്നതെന്ന്) പറയാന്‍ പറ്റില്ല. പര്‍സില്‍ വയ്ക്കാന്‍ പറ്റുന്ന ഒരു സ്ക്രൂ-ഡ്രൈവര്‍ അന്വേഷിച്ച് നടക്കുകയാണ് ഇപ്പോള്‍ ഞാന്‍. ഒരു യാത്രയ്ക്കിടയിലോ ഒരു ചടങ്ങിന്റെയിടയിലോ, അല്ലെങ്കില്‍ ഞാന്‍ ഓഫീസില്‍ ഇരിക്കുന്ന സമയത്തോ മേല്‍പ്പറഞ്ഞ മുട്ടല്‍ വന്നാല്‍? അപ്പോള്‍ എന്റെ ത്വര ഞാന്‍ എങ്ങിനെ അടക്കും, എന്റെ ശുഷ്കാന്തി ഞാന്‍ എങ്ങിനെ കാണിക്കും? റിസ്ക് എടുക്കാന്‍ പാടില്ലല്ലോ. അപ്പോള്‍ പറഞ്ഞ് വന്നത്, ഞാന്‍ കൈ നീട്ടിയാല്‍ കിട്ടുന്നിടത്ത് ഒരു സ്ക്രൂ-ഡ്രൈവര്‍ ഉണ്ടായിരുന്നെന്നും അതെന്റെ കൈയ്യില്‍ കിട്ടിയെന്നും മാത്രമാകുന്നു.

അങ്ങിനെ പുറംചട്ടയുടെ (ക്യാബിനറ്റ്) ഒരു വശം ഞാന്‍ ഊരി. അകത്തേക്ക് നോക്കിയപ്പോള്‍ എന്തോ ഒരു അസംതൃപ്തിക്കുറവില്ലായ്മ. കഠിനവളയം(ഹാര്‍ഡ്‌ഡിസ്ക്) പുറംചട്ടയുടെ ഏറ്റവും താഴെയാണ് വച്ചിരിക്കുന്നത്. ഒതുക്കവളയത്തിന്റെ(സി.ഡി) സ്ഥാനം മുട്ട്ശാസ്ത്രപരമായി തെറ്റിച്ചാണ് പിടിപ്പിച്ചിരിക്കുന്നത്; എന്നു വച്ചാല്‍ സി.ഡി ഡ്രൈവ് പുറത്തേക്ക് വരുമ്പോള്‍ എന്റെ കാല്‍മുട്ടില്‍ ഇടിക്കുന്നു, അത് മുകളിലേക്ക് മാറ്റണം. പിന്നെ പണ്ട് മറിയയുടെ ഡിസ്ക് നോക്കാന്‍ വാങ്ങിയ ഡ്രൈവ് ഒന്ന് വെറുതേ കിടപ്പുണ്ട്. അതും പിടിപ്പിക്കണം. പുതിയ കമ്പ്യൂട്ടറില്‍ ഞാന്‍ ഫ്ലോപ്പി ഡ്രൈവ് വാങ്ങി വച്ചിട്ടില്ലായിരുന്നു, ഫ്ലോപ്പി എന്നേ നമ്മുടെ മനസ്സില്‍ നിന്നും കമ്പ്യൂട്ടറില്‍ നിന്നും പുറത്തായി.

അങ്ങിനെ ഞാന്‍ ഹാര്‍ഡ്‌ഡിസ്കിന്റെ സ്ക്രൂ ഊരി, ഹാര്‍ഡ്‌ഡിസ്കിനെ ക്യാബിനറ്റിന്റെ മധ്യഭാഗത്തായി പുനപ്രധിഷ്ഠിച്ചു. അടുത്തതായി ഹാര്‍ഡ്‌ഡിസ്കിന്റെ അടിയില്‍ ഫ്ലോപ്പി ഡ്രൈവ് വയ്ക്കാന്‍ നോക്കിയപ്പോള്‍ അതും ഹാര്‍ഡ്‌ഡിസ്കും തമ്മില്‍ വല്ലാത്ത ഒരു അടുപ്പം. മുട്ടിയിരുമ്മി നില്‍ക്കുന്നത് കണ്ടാല്‍ ആപാദചൂടം ഒട്ടി ജനിച്ച സയാമീസ് ഇരട്ടകളെപ്പോലെയുണ്ട്. ഇങ്ങനെ അടുപ്പിച്ച് വച്ച്, ക്യാബിനറ്റിന്റെ വാതിലും അടച്ചാല്‍, അകത്തെ ഇരുട്ടില്‍ ... ഓഹ്. നോ. അത് വേണ്ട.

ഹാര്‍ഡ്‌ഡിസ്ക് അവിടുന്ന് ഊരി കുറച്ച് മുകളില്‍ വച്ചു. അപ്പോള്‍ മറ്റൊരു പ്രശ്നം. അമ്മപ്പലകയുടെ (മതര്‍ബോര്‍ഡ്) വയര്‍ കുത്താന്‍ സ്ഥലമില്ല. വീണ്ടും സ്ക്രൂ‍ ഊരി ഹാര്‍ഡ്‌ഡിസ്ക് കുറച്ചും കൂടി മുകളില്‍ വച്ചു. അപ്പോള്‍ ബാക്കി ഉള്ള സ്ഥലം സി.ഡി. ഡ്രൈവിന് തികയില്ല. ആകെ പ്രശ്നമായി. ഇനി എന്ത് ചെയ്യും!

അത്രയ്ക് അഹങ്കാരം പാടില്ലല്ലോ ഒരു ഡിസ്കിന്. നീ താഴെ തന്നെ കിടന്നാല്‍ മതി. അവനെ ആദ്യം കിടന്നിടത്ത് തന്നെ വീണ്ടും കൊണ്ട് വച്ചു. അവിടെ കിട. അവനത് പിടിച്ചില്ലെന്ന് തോന്നുന്നു. ഞാന്‍ വിവരവയര്‍ (ഡാറ്റ കേബിള്‍) കുത്താന്‍ നോക്കുമ്പോള്‍ അവനൊരു വൈക്ലഭ്യം. അയ്യോ, അത് വയര്‍ തിരിഞ്ഞ് പോയതാ, സോറി. തിരിച്ച് കുത്തിയപ്പോള്‍ ശരിയായി. ഫ്ലോപ്പി ഡ്രൈവും വയ്ക്കാനുള്ള മൂട് പോയി. അല്ലേലും ഡ്രൈവ് വച്ചാല്‍ അത് പിന്നെ ടെസ്റ്റ് ചെയ്യാന്‍ ഞാന്‍ വേറെ ഫ്ലോപ്പി വാങ്ങണം, എന്റെ കയ്യില്‍ അഞ്ചിന്റെ തുട്ട് എടുക്കാനില്ല. അതും ഡ്രോപ്ഡ്. എങ്കിലും, സി.ഡി. ഡ്രൈവ് മാറ്റി പിടിപ്പിച്ചത് കാരണം സ്ക്രൂ‍ ഊരിയത് ഒരു നഷ്ടമായില്ല.

വീണ്ടും കമ്പ്യൂട്ടര്‍ ഓണാക്കി. സി.ഡി.ഡ്രൈവ് മാറ്റിക്കുത്തിയത് കമ്പ്യൂട്ടര്‍ ഏറര്‍ ആയി കാണിക്കേണ്ട കാര്യമില്ലാത്തത് കാരണം ഒരു എററും പ്രതീക്ഷിച്ചില്ല ഞാന്‍ ഇപ്രാവശ്യം. വിചാരിച്ചത് പോലെ എറര്‍ ഒന്നും വന്നില്ല. പക്ഷെ എന്നിട്ടും ഞാന്‍ ആകെ ടെന്‍ഷനായി. എററെങ്കിലും ഒന്ന് വന്നിരുന്നെങ്കില്‍ എന്ന് വിചാരിച്ചു പോയി. കാരണം എറര്‍ പോയിട്ട് എ പോലും സ്ക്രീനില്‍ തെളിയുന്നില്ല. കുറച്ചും കൂടി വ്യക്തമാക്കിയാല്‍, കമ്പ്യൂട്ടര്‍ ഓണാകുന്നില്ല.

പണി പാളി. എന്തോ കുഴപ്പം/മണ്ടത്തരം ഞാന്‍ ഒപ്പിച്ചു. എന്താണെന്ന് പ്രദമവിവരറിപ്പോര്‍ട്ടില്‍ വ്യക്തമല്ല. വീണ്ടും ഞാന്‍ സ്ക്രൂ ഊരി. ആദ്യദര്‍ശനത്തില്‍ കുഴപ്പമൊന്നും കാണുന്നില്ല. വീണ്ടും വീണ്ടും ഞാന്‍ ഓണ്‍ സ്വിച്ചിനെ തട്ടിവിളിച്ചു. ലൈറ്റ് കണ്ണ് തുറക്കുന്നില്ല. പ്രശ്നമായല്ലോ ഭഗവതീ.

ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്റെ അബോധമനസ്സ് സ്വബോധമനസ്സിനെ കയ്യേറി പ്രവര്‍ത്തനമാരംഭിക്കും. അത് തന്നെ സംഭവിച്ചു. ഓരോ ഭാഗങ്ങളായി മാറ്റി ഇട്ടുനോക്കി. പഴയ കമ്പ്യൂട്ടര്‍ അപ്പുറത്തിരിപ്പുണ്ടായിരുന്നത് സഹായമായി. റാമിന്റെ സ്ലോട് മാറ്റിക്കുത്തി നോക്കി, പഴയതും ഇട്ട് നോക്കി. ഒന്നും സംഭവിച്ചില്ല. വയറുകളെല്ലാം ഒന്നുകൂടി ഊരിക്കുത്തി. നോ രക്ഷ. ബൂട്ടബിള്‍ സി.ഡി. ഇട്ട് നോക്കി. കിം ഫല. ഹാര്‍ഡ്‌ഡിക്സ് ഊരി ഇട്ട് സി.ഡി വച്ച് ബൂട്ട് ചെയ്യാന്‍ നോക്കി. അപ്പോള്‍ ഓണായി. ഇതില്‍ നിന്ന് എന്ത് അനുമാനിക്കാം?

ഹാര്‍ഡ്‌ഡിസ്ക് എന്നെ വിട്ട് മറ്റേതോ കമ്പ്യൂട്ടര്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായെന്ന് അനുമാനിക്കാം. കണ്ണുനീര്‍ സ്ക്രൂവില്‍ അല്ല പൂട്ടിയിട്ടിരിക്കുന്നത് എന്നത് കൊണ്ട് അത് ഊരേണ്ടി വന്നില്ല, ധാരയായി അതൊഴുകാന്‍ തയ്യാറായി.

ഹാര്‍ഡ്‌ഡിക്സ് വീണ്ടും സ്ക്രൂവില്‍ നിന്നും ഊരി പുറത്തേക്കെടുത്ത് ഒന്ന് വിശകലനം ചെയ്തു. പുറമേന്ന് നോക്കിയാല്‍ ചെറിയ ഒരു ഉപകരണവും അകത്ത് വിശാലമായ ഡാറ്റയുടെ കളക്ഷന്‍സും ഉള്ള സാധനമാണെങ്കിലും നോക്കാതെ പറ്റില്ലല്ലോ. ഒറ്റ നോട്ടത്തില്‍ കാര്യം മനസ്സിലായി. നേരത്തേ ഡാറ്റ കേബിള്‍ തിരിച്ച് കുത്തിയപ്പോള്‍ കയറാതിരുന്നതിനാല്‍ ബലം പിടിച്ച് കേറ്റാന്‍ നോക്കിയിരുന്നു. ആ സമയം നോക്കി അതിലെ ഒരു “പിന്‍” അകത്തേക്ക് പിന്‍‌വലിഞ്ഞു. ആമയുടെ തല പോലെ ഒരറ്റം മാത്രം ഇപ്പോള്‍ പുറത്ത് കാണാം.

ഫോര്‍ക്ക് വച്ചും ബ്ലെയിഡ് വച്ചും മീശ വെട്ടുന്ന കത്രിക വച്ചും ഒക്കെ ആ പിന്നിനെ മുന്നിലേക്ക് കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ വിഫലമായി. “അസാധ്യമായത് ഒന്നുമില്ല” എന്നുപറഞ്ഞുകൊണ്ട് നടക്കുന്ന എന്റെ അഹങ്കാരവും ഈ തോല്‍‌വി സമ്മതിച്ചുകൊണ്ട് “എന്നെക്കൊണ്ട് പറ്റില്ല” എന്ന് പറയിപ്പിച്ചു. എല്ലാം കണ്ട് കൊണ്ട് എന്റെ പിറകില്‍ നിന്ന് ഊറിയൂറി ചിരിച്ച് കൊണ്ട് നില്‍ക്കുന്നുണ്ടായിരുന്ന സഹമുറിയനെ ഞാന്‍ ആലുവാ മണല്‍പ്പുറത്ത് പീപ്പി ഊതിക്കൊണ്ട് നില്‍ക്കുമ്പോള്‍ കണ്ട പരിചയം പോലും ഭാവിക്കാതെ, പുതിയ ഒരു ഹാര്‍ഡ്‌ഡിസ്കിന്റെ വില ബില്ലില്‍ നിന്ന് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.

***

പുതിയ കമ്പ്യൂട്ടര്‍, പുതിയ മണ്ടത്തരം: രണ്ടാം ഭാഗം.

വാങ്ങിയയിടത്ത് തന്നെ കമ്പ്യൂട്ടര്‍ തിരിച്ച് കൊടുത്തു, നന്നാക്കാന്‍. സ്ക്രൂവോ, ഞാനോ; അതെന്താണെന്നും കൂടി ഞാനറിയില്ല, ഞാന്‍ ക്യാബിനെറ്റ് ഊരിയിട്ടേയില്ല എന്ന മട്ടില്‍ ഞാന്‍ അവിടെ ദയ ചോദിച്ച് വാങ്ങുന്ന മുഖഭാവത്തോടെ നിന്നു. ഞാന്‍ പോയ പാതയിലൂടെ തന്നെ അവരും സഞ്ചരിച്ചു. കുറേ ഗവേഷണങ്ങള്‍ നടത്തിയിട്ടും അവര്‍ക്ക് പക്ഷെ കാര്യം മനസ്സിലുണ്ടാകുന്നുണ്ടായിരുന്നില്ല. ഹാര്‍ഡ്‌ഡിസ്കിനാണ് തകരാറ് എന്നെനിക്കും പറയാന്‍ ആകുന്നുണ്ടായിരുന്നില്ല, മിണ്ടിയാല്‍ കാശ് പോകുമല്ലോ! (കാശ് പോകുന്ന കാര്യമായത് കൊണ്ടാണ് മിണ്ടാതിരുന്നത്, അല്ലെങ്കില്‍ അവിടെ അഭിപ്രായം പറഞ്ഞ് പറഞ്ഞ്, അവരെക്കൊണ്ട് “എന്നാപ്പിന്നെ തനിക്ക് തന്നെ ഇതങ്ങ് നേരെയാക്കാന്‍ പാടില്ലായിരുന്നോ” എന്ന് പറയിപ്പിച്ചേനേ). കുറേയേറെ സമയം കൊണ്ട് അവര്‍ പ്രശ്നത്തിന്റെ ഉറവിടം കണ്ട് പിടിച്ചു. എന്നിട്ടവര്‍ പറഞ്ഞ മറുപടി കേട്ടിട്ട് സന്തോഷിക്കണോ, കരയണോ, ചിരിക്കണോ, സത്യം തുറന്ന് പറയണോ എന്നറിയാതെ ഞാന്‍ നിന്നു പോയി. എന്തെന്നാല്‍ അവര്‍ പറഞ്ഞത് “ഹാര്‍ഡ്‌ഡിസ്കിന്റെ ഒരു പിന്‍ കാണുന്നില്ല. മാനുഫാക്ചറിങ്ങ് ഡിഫറ്റാണ്. ഡിസ്ക് മാറ്റിത്തരാം” എന്നാകുന്നു.

ചക്കിക്കൊത്ത ചങ്കരന്‍. എനിക്കവരെ ഇഷ്ടമായി. ദൈവമായിട്ടാണ് ഇവരെ എനിക്ക് കാണിച്ച് തന്നത്. ഇവര്‍ ഒരു നൂറ് കൊല്ലം കൂടി കമ്പ്യൂട്ടര്‍ വില്‍ക്കട്ടെ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു. ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം ഉണ്ടാക്കിക്കൊടുക്കണേ എന്റെ ഈശ്വരാ.

Monday, September 18, 2006

കുമാരസംഭവം അഥവാ കുമാരമണ്ടത്തരം

മണ്ടത്തരങ്ങളില്‍ ഞാന്‍ ഇതിനുമുന്‍പ് മറ്റൊരു ബ്ലോഗ്ഗറുടെ മണ്ടത്തരം എഴുതിയിട്ടുണ്ട്. മുല്ലപ്പൂവിന്റെ മണ്ടത്തരം എന്ന പേരില്‍. അത് മുല്ലപ്പൂവിന്റെ മണ്ടത്തരം ആയിരുന്നു. ഇന്ന് കുമാരേട്ടന്റെ ഊഴമാണ്.

സംഗതി നടക്കുന്നത് സെപ്റ്റംബര്‍ പതിനഞ്ചിന്, വെള്ളിയാഴ്ച. സമയം ഉച്ച കഴിഞ്ഞ് വൈകുന്നേരമാകുന്നതിനു മുന്‍പ്.

പെട്ടെന്ന് ആകസ്മികമായി ബ്ലോഗ്‌സ്പോട്ട് കിട്ടാതായി.

ആകെ അരക്ഷിതാവസ്ത. എങ്ങും പരിഭ്രാന്തരായ മുഖങ്ങള്‍. ചാറ്റില്‍ തിരക്കുകൂടി. എന്തു പറ്റി, എന്റെ കിട്ടുന്നില്ല-നിന്റെ കിട്ടുന്നുണ്ടോ മെസ്സേജുകള്‍ ചാറ്റ് വഴി പ്രവഹിച്ചു. ചിലര്‍ കരച്ചിലിന്റെ വക്കോളമെത്തി. പല കമന്റുകളും പലരുടേയും മനസ്സില്‍ കിടന്ന് പുറത്തുകടക്കാന്‍ വെമ്പല്‍ കൊണ്ടു. പുതിയ ബ്ലോഗുകള്‍ ആര്‍ക്കും വായിക്കാന്‍ കഴിയാതെയായി. കേരളത്തില്‍ ഒരു ബന്ത് വരെ പ്രഖ്യാപിക്കാവുന്ന തരത്തില്‍ പ്രശ്നങ്ങള്‍ രൂക്ഷമായിക്കൊണ്ടിരുന്നു.

അപ്പോഴതാ എനിക്കൊരു മെസ്സേജ് ജി-ടോക്ക് വഴി.

കുമാര്‍: എടാ, എനിക്കെന്റെ ബ്ലോഗ് കിട്ടുന്നില്ല.
ഞാന്‍: ആര്‍ക്കും ആരുടേയും ബ്ലോഗ് കിട്ടുന്നില്ല. ബ്ലോഗ്‌സ്പോട്ട് സെര്‍വറിന്റെ കുഴപ്പമാവും.
കുമാര്‍: സമാധാനമായി. എല്ലാവരുടേയും പോയല്ലേ. അപ്പോള്‍ ഇനി ഞാന്‍ ടെന്‍ഷന്‍ അടിക്കണ്ടല്ലോ?
ഞാന്‍: തല്‍ക്കാലം വേണ്ട.

ഇത്ര കഴിഞ്ഞതോടെ കുമാരേട്ടന്‍ മുങ്ങാംകുഴിയിട്ട് മുങ്ങി.

പിന്മൊഴിയുടെ നിശബ്ദത അന്തരീക്ഷത്തില്‍ തളം കെട്ടിക്കിടന്നു. ഇടയ്ക്ക് വിശ്വേട്ടന്റെ മാത്രം കമന്റുകള്‍ പിന്മൊഴികളില്‍ “ബ്ലോഗിന്റെ ഐഡി ഉണ്ടെങ്കില്‍ കമന്റിടാം. ആരും പരിഭ്രാന്തരാകരുതു” എന്നൊക്കെ പറഞ്ഞ് വന്നുകൊണ്ടിരുന്നു. മറ്റാരും മിണ്ടുന്നില്ല. ഉദ്വേഗജനകമായ നിമിഷങ്ങള്‍ കടന്നുപോയ്‌ക്കൊണ്ടേയിരുന്നു.

ഉദ്ദേശംഅരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍, ബ്ലോഗുകള്‍ കിട്ടിത്തുടങ്ങി. ഞാന്‍ ഒന്ന് ഉറപ്പ് വരുത്തി. എന്റെ ബ്ലോഗുകളും, ക്ലബ്ബും ഒക്കെ കിട്ടുന്നുണ്ട്. അപ്പോള്‍ സെര്‍വര്‍ ശരിയായി ഓടിത്തുടങ്ങി. ഹാവൂ!

വീണ്ടും എന്റെ ചാറ്റില്‍ ഒരു മെസ്സേജ് മിന്നിത്തുടങ്ങി.

കുമാര്‍: എടാ, ബ്ലോഗ്ഗര്‍ ശരിയായി എന്ന് കേട്ടല്ലോ, ആയോ?
ഞാന്‍: ആയി, എന്റെ ബ്ലോഗെല്ലാം കിട്ടുന്നുണ്ട്.
കുമാര്‍: അയ്യോ! എന്റെ കിട്ടുന്നില്ല. ഫ്രെയിമിലൂടെ കിട്ടുന്നുണ്ടോ എന്ന് നോക്കിക്കേ.

ഞാന്‍ നോക്കി, കിട്ടിയില്ല. റിഫ്രഷ് ചെയ്തു നോക്കി. കിട്ടുന്നില്ല. വീണ്ടും വീണ്ടും നോക്കി. കിട്ടുന്നില്ല.

ഞാന്‍: കിട്ടുന്നില്ലല്ലോ കുമാരേട്ടാ.
കുമാര്‍: ദൈവമേ, എന്റെ ബ്ലോഗ് അടിച്ചുപോയോ!
ഞാന്‍: ദൈവം സഹായിച്ച് അങ്ങിനെത്തന്നെ നടക്കട്ടെ.
കുമാര്‍: എടാ തെണ്ടീ, എന്ത് ചെയ്യണമെന്ന് പറ ഇനി.
ഞാന്‍: ബ്ലോഗ് എടുത്ത് ഒന്നൂടെ പബ്ലിഷ് ചെയ്ത് നോക്ക്.
കുമാര്‍: ശരി നോക്കാം. വെയിറ്റ്

കുറച്ച് നേരത്തേക്ക് ആളെക്കണ്ടില്ല. പിന്നെയും ആ വിന്‍ഡോ മിന്നി.

കുമാര്‍: എടാ പബ്ലിഷ് ചെയ്യുമ്പോള്‍ എന്തോ എറര്‍ വരുന്നു.
ഞാന്‍: എന്ത് എറര്‍.
കുമാര്‍: ആവോ. നീ ഒന്ന് നോക്കാമോ, ഞാന്‍ നിന്റെ എന്റെ ബ്ലോഗിന്റെ മെംബര്‍ ആക്കാം.
ഞാന്‍: ശരി. ഇന്വിറ്റേഷന്‍ അയക്കൂ.

തുടര്‍ന്ന് കുമാരേട്ടന്‍ എനിക്ക് ഇന്വിറ്റേഷന്‍ അയച്ചു. അങ്ങിനെ എന്റെ ഡാഷ്ബോര്‍ഡില്‍ ഒരു പൊന്‍‌തൂവല്‍ കൂടി.

ഞാന്‍ കുമാരേട്ടന്റെ വീട്ടില്‍, സോറി, ബ്ലോഗില്‍ കയറി. വേറൊരാളുടെ ബ്ലോഗില്‍ കയറുമ്പോഴുള്ള സംതൃപ്തി പറഞ്ഞറിയിക്കാന്‍ പ്രയാസം.

വന്ന കാലില്‍ നില്‍ക്കാതെ, വന്ന കാര്യം ചെയ്യാം. ബ്ലോഗ് പബ്ലിഷ് ചെയ്തു.

പബ്ലിഷ് ആയില്ല. എറര്‍ വരുന്നു. കുമാരേട്ടന്റെ സ്വഭാവം തിരിച്ചറിയാന്‍ പറ്റുന്നില്ല എന്ന് പറയുന്നു ബ്ലോഗ്ഗര്‍. Unrecognized character എന്ന് ഇംഗ്ലീഷ്.

ഞാന്‍: കുമാറേട്ടാ, എന്തോ കാര്യമായ പ്രശ്നം ഉണ്ട്. ഒന്ന് കേറി പണിയേണ്ടി വരും. അഡ്മിനാകൂ എന്നെ.
കുമാര്‍: എന്റെ ഒരു ഗതികേട്. നീ വരെ കയറി നിരങ്ങിയല്ലോ എന്റെ ബ്ലോഗില്‍.
ഞാന്‍: വേണമെങ്കില്‍ മതി.
കുമാര്‍: ശരി, നിന്നെ അഡ്മിന്‍ ആക്കാം.

അങ്ങിനെ ഞാന്‍ ഫ്രെയിമിലൂടെ എന്ന ബ്ലോഗിന്റെ അഡ്മിന്‍ ആയി. സെറ്റിങ്ങ്സ് ഒക്കെ ഞാന്‍ ഒന്ന് പരിശോധിച്ചു. കുഴപ്പമൊന്നും കാണുന്നില്ല. അവസാനമായിട്ട പോസ്റ്റുകളും ഒന്ന് നോക്കി. അതിലും പ്രശ്നം ഒന്നും ഉണ്ടാകാനുള്ള‍ വഴി കാണുന്നില്ല.

ഇന്റക്സ് മാത്രം പബ്ലിഷ് ചെയ്യുക എന്നും മൊത്തം ബ്ലോഗ് പബ്ലിഷ് ചെയ്യുക എന്നുമൊക്കെ ഓപ്ഷന്‍ ഉണ്ടല്ലോ. രണ്ടും മാറിമാറി ചെയ്തു. നാലഞ്ച് പബ്ലിഷുകള്‍ കഴിഞ്ഞപ്പോള്‍ സംഭവം ശരിയായി. ഫ്രെയിമിലൂടെ ബാക്ക് ഓണ്‍ ട്രാക്ക്.

ഞാന്‍: കുമാരേട്ടാ, ഇപ്പോള്‍ ഒന്ന് നോക്കിക്കേ ബ്ലോഗ് കിട്ടുന്നുണ്ടോയെന്ന്.
കുമാര്‍: കിട്ടുന്നുണ്ട്. രക്ഷപെട്ടു ഉണ്ണിയേ. നീ എന്താ ചെയ്തത്?
ഞാന്‍: വെറുതേ കുറെ പബ്ലിഷ് കൊടുത്തു. എങ്ങിനെയോ ശരിയായി.
കുമാര്‍: ഓക്കെ. താങ്ക്സ്. ഇനി ഞാന്‍ നിന്നെ കഴുത്തിനു പിടിച്ചു പുറത്താക്കട്ടെ?

എന്നെ എവിടുന്നെങ്കിലും പുറത്താക്കുക എന്ന് പറയുന്നത് കുമാരേട്ടന്‍ വളരെ സന്തോഷമുള്ള കാര്യമാണ്. ഇത്ര നേരം എത്ര ടെന്‍ഷന്‍ അടിച്ചോ, അത്ര കണ്ട് സന്തോഷത്തിലായിരുന്നു കുമാരേട്ടന്‍ ഇതെന്നോട് പറഞ്ഞത്. എന്റെ ആവശ്യം കഴിഞ്ഞതിനാല്‍ ഞാനും പറഞ്ഞു ഓക്കെ എന്ന്. ഇനി ഫ്രെയിമിലൂടെ എന്ന ബ്ലോഗില്‍ കോണ്ട്രിബ്യൂട്ടേര്‍സ് എന്നും പറഞ്ഞ് എന്റെ പേരു കണ്ടാല്‍ ആരൊക്കെ തോക്കെടുക്കുമെന്ന് പറഞ്ഞുകൂട. എനിക്ക് എന്റെ ലൊട്ടുലൊടുക്ക് മതിയേ.

കുറച്ച് നേരത്തേക്ക് ഒന്നും കണ്ടില്ല. പിന്നീട് പെട്ടെന്ന്...

കുമാര്‍: എടാ, ഒരു മണ്ടത്തരം പറ്റി.
ഞാന്‍: എന്റെ തറവാട്ടിലേക്ക് സ്വാഗതം. എന്നതാ ഒപ്പിച്ചേ?
കുമാര്‍: നിന്നെ പുറത്താക്കാനുള്ള ആക്രാന്തം മൂത്തതാ പ്രശ്നമായേ. ഓടിപ്പോയി നിന്റെ അഡ്മിന്‍ റൈറ്റ് എടുത്ത് കളയാന്‍ വേണ്ടി ക്ലിക്ക് ചെയ്താതാ. ഉന്നം തെറ്റി.
ഞാന്‍: ആപ്പോള്‍?
കുമാര്‍: എന്റെ അഡ്മിന്‍ റൈറ്റ് പോയി. ഇപ്പോള്‍ എന്റെ ബ്ലോഗില്‍ നീ അഡ്മിനും, ഞാന്‍ ഒരു വഴിപോക്കനും.

അവിടെ വച്ച് എന്റെ കണ്ട്രോള്‍ പോയി. ചിരി വന്നിട്ട് എനിക്ക് ഓഫീസില്‍ എന്റെ സീറ്റില്‍ ഇരിക്കാന്‍ പറ്റുന്നില്ല. കുറച്ച് ശ്രമിച്ച് നോക്കി. രക്ഷയില്ല. ഞാന്‍ ഓടി കാന്റീനിലേക്ക്. അവിടെയും ആളുകളുണ്ട്. അവര്‍ ശ്രദ്ധിക്കുന്നു. ഞാന്‍ എന്റെ മൊബൈല്‍ എടുത്ത് ചെവിയോട് ചേര്‍ത്തു. ഞാന്‍ ആരെങ്കിലും ആയി സംസാരിക്കുകയാണെന്ന് കരുതിക്കോട്ടെ. ഒരു കൈ വെറുതേ ഇരിക്കുകയല്ലേ എന്ന് കരുതി ഒരു കാപ്പിയും എടുത്തു കോഫീ മെഷീനില്‍ നിന്ന്. പക്ഷെ ചിരി കാരണം അത് കുടിക്കാനാകുന്നില്ല.

ഞാനോര്‍ത്തു. ഇനി കുമാരേട്ടന്റെ ബ്ലോഗില്‍ എനിക്കെന്തും ചെയ്യാം. പുതിയ പോസ്റ്റ് ഇടാം, പഴയത് ഡിലീറ്റ് ചെയ്യാം, അല്ലെങ്കില്‍ തിരുത്താം. സെറ്റിങ്ങ്സ് മാറ്റാം, ടെമ്പ്ലേറ്റ് മാറ്റാം. കുമാരേട്ടന് ഒന്നും ചെയ്യാന്‍ സാധിക്കില്ല. സ്വന്തം പോസ്റ്റുകള്‍ മാത്രം ഇനി തിരുത്താം, ഞാന്‍ എന്ത് ചെയ്താലും തൊടാന്‍ കൂടി പറ്റില്ല.

ഇനി ഫ്രെയിമിലൂടെ എന്നത് ഞാന്‍ ഒരു ലൊട്ടുലൊടുക്ക് ബ്ലോഗാക്കും. എന്റെ ചിത്രങ്ങള്‍ ഇനി ഇവിടെ മതി. കുമാരേട്ടന്‍ സമ്പാദിച്ചു വച്ച നല്ല പേരു വച്ചു ഒരു കളി കളിക്കാം. ആഹാ, എന്തൊരു രസം.

എന്നാലും പാവമല്ലേ, ഒരു ബ്ലോഗ് തട്ടിയെടുക്കുക എന്നൊക്കെ പറഞ്ഞാല്‍ ... ഒരു കാര്യം ചെയ്യാം. പകരത്തിനു പകരം. ഫ്രെയിമിലൂടെ എന്ന ബ്ലോഗ് എനിക്കു തന്നതിനു പകരം, എന്റെ ലൊട്ടുലൊടുക്ക് കുമാരേട്ടന് കൊടുക്കാം. എന്റെ അരുമബ്ലോഗാണ്, പിരിയാന്‍ വിഷമമുണ്ട്. എന്നാലും സാരമില്ല. കുമാരേട്ടനല്ലേ. ഫ്രെയിമിലൂടെ എനിക്ക് തന്നതില്‍ കുമാരേട്ടനും വിഷമമുണ്ടാകില്ലേ, അത് ഞാന്‍ മനസ്സിലാക്കണ്ടേ.

അപ്പോഴേക്കും ഞാന്‍ സീറ്റില്‍ നിന്ന് മാറി നിന്നിട്ട് കുറേ നേരമായിരുന്നു. തിരിച്ചു സീറ്റിലേക്ക് വന്നു. അവിടെ കുമാരേട്ടന്റെ ഒരുപാട് മെസ്സേജുകള്‍ വന്ന് മിന്നിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു.

പല പ്രലോഭനങ്ങളും, കാലുപിടിക്കലും, വാഗ്ദാനങ്ങളും, പിന്നെ ഇടയ്ക്കിത്തിരി ഭീഷണിയും. മെസ്സേജുകള്‍ മുഴുവന്‍ വായിച്ചു. കുമാരേട്ടന്റെ ബ്ലോഗ് സ്നേഹം എന്റെ മനസ്സ് നിറയിച്ചു. ആ രോദനം എന്റെ കണ്ണും. ഞാന്‍ ഒരു ലോലഹൃദയനായതിനാലും, എന്റെ പിള്ളമനസ്സില്‍ കള്ളമില്ലാത്തതിനാലും ഞാന്‍ ആ ബ്ലോഗ് അദ്ദേഹത്തിന് തിരിച്ച് കൊടുക്കാന്‍ തീരുമാനിച്ചു.

ആ ബ്ലോഗ് നല്ല രീതിയില്‍ നടത്തിക്കോളാം എന്ന് കുമാരേട്ടന്റെ കയ്യില്‍ നിന്ന് ഞാ‍ന്‍ വാക്ക് മേടിച്ചു. നല്ല പോസ്റ്റുകള്‍ തുടരെ ഇട്ടുകൊള്ളാം എന്നും കുമാരേട്ടന്‍ സമ്മതിച്ചു തന്നു. ഉത്തരവാദിത്തത്തോടെ ബ്ലോഗ് നോക്കി നടത്താം എന്ന് പറഞ്ഞത് കൊണ്ട് ഞാന്‍ കുമാരേട്ടന് ബ്ലോഗ് കൊടുക്കാന്‍ തീരുമാനിച്ചു. എന്റെ ബ്ലോഗ് (അതെ, എന്റെ ബ്ലോഗ് ആയല്ലോ) ഒരാള്‍ക്ക് കൊടുക്കുക എന്ന് പറഞ്ഞാല്‍ വലിയ വിഷമമുള്ള കാര്യമാണ്. എന്നാലും കുമാരേട്ടനായത് കൊണ്ട് ഓക്കെ. വിറയ്ക്കുന്ന കൈകളാലെ, വിതുമ്പും മനമോടെ, ഞാന്‍ ഫ്രെയിമിലൂടെ എന്ന ബ്ലോഗില്‍ ചെന്ന് കുമാരേട്ടന് അഡ്മിന്‍ പവര്‍ കൊടുത്തു, ആദ്യമായും അവസാനമായും ആ ബ്ലോഗിന്റെ ഡാഷ്ബോര്‍ഡ് ഞാന്‍ കണ്‍‌കുളിര്‍ക്കെ കണ്ടു.

പിന്നെ അധികം കഴിഞ്ഞില്ല, ഞാന്‍ ബ്ലോഗില്‍ നിന്ന് പുറത്തായി. ഇത്തവണ കുമാരേട്ടന് ഉന്നം തെറ്റിയില്ല.

സമര്‍പ്പണം: ഇത് പോസ്റ്റാക്കാന്‍ എന്നെക്കാളും താല്പര്യം കാണിച്ച കുമാരേട്ടന്. കുമാരേട്ടാ, സ്പെക്ഷല്‍ താങ്ക്സ്.

Thursday, September 14, 2006

ഉത്രാടപ്പാച്ചില്‍

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഓണം നാട്ടില്‍ ചിലവഴിക്കാന്‍ കഴിഞ്ഞിരുന്നില്ല. ലീവ്, നാട്ടിലേക്കുള്ള വണ്ടികളില്‍ ടിക്കറ്റ് കിട്ടാനുള്ള ബുദ്ധിമുട്ട്, ഓണത്തിന് ബാംഗ്ലൂരില്‍ കൂട്ടുകാരുമായുള്ള ഒത്തുകൂടല്‍, അങ്ങിനെ പലതും എന്നെ തടഞ്ഞു. ഇത്തവണ എന്തായാലും കണ്ണൂരില്‍ തന്നെ ഓണമുണ്ണാന്‍ തന്നെ തീരുമാനിച്ചു. നാലു ദിവസം ലീവെടുത്ത് നാട്ടില്‍പ്പോയി ബന്ധുജനങ്ങളുടെകൂടെ തന്നെ ഓണം ആഘോഷിച്ചു.

നാട്ടില്‍ ഒരു കട നടത്തുന്നതിനാല്‍ അച്ഛനും അമ്മയ്ക്കും കടയിലെ ഓണത്തിരക്കിനിടയില്‍ത്തന്നെ കഴിയേണ്ടി വന്നു ഞാന്‍ നാട്ടില്‍ എത്തിയിട്ടും. ഉത്രാടത്തിന്റന്നാണ് എല്ലാവരും ഒന്ന് ഫ്രീ ആയത്. കട അന്നവര്‍ തൂറന്നില്ല. പുന്നാരമോന്‍ ഓണത്തിന് നാട്ടില്‍ വന്നിട്ട് അവന്റെ കൂടെ സമയം ചിലവഴിക്കണ്ടേ. കടയേക്കാ‍ള്‍ ഞാനല്ലേ പ്രധാനം? ഇതൊന്നവരെ സമ്മതിപ്പിച്ചെടുക്കാന്‍ ഞാന്‍ പെട്ട പാട്.

ഉത്രാടത്തിന് ഒന്ന് കറങ്ങാന്‍ പോകാം എന്ന് തീരുമാനിച്ച് ഞങ്ങള്‍ ഉച്ചയായപ്പോഴേക്കും പോകാന്‍ തയ്യാറായി. വിപുലമായ കലാപരിപാടികളായിരുന്നു. ആദ്യം പയ്യാമ്പലം ബീച്ച്. പിന്നെ കണ്ണൂര്‍ കോട്ട. പിന്നെ ഒന്ന് നാലഞ്ച് തുണിക്കടകള്‍, എല്ലാവര്‍ക്കും ഓണക്കോടിയും വാങ്ങി. പിന്നെ സൂപ്പര്‍ ബസാറില്‍ പോയി മറ്റ് അല്ലറ ചില്ലറ സാധനങ്ങള്‍, വഴിവക്കില്‍ നിന്ന് പൂക്കളമിടാന്‍ പൂക്കള്‍, ഇത്രയൊക്കെ ആയപ്പോഴേക്കും നേരം സന്ധ്യയായി.

ഇനി പൊലീസ് പരേഡ് ഗ്രൌണ്ടിലെ എക്സിബിഷന്‍ കൂടി കണ്ടിട്ട് വീട്ടിലേക്ക് മടങ്ങാം.

ടിക്കറ്റെടുത്ത് അകത്ത് കയറി. ആന മയില്‍ ഒട്ടകം കുതിര. എല്ലാമുണ്ട്. നിരവധി കടകള്‍, ഭക്ഷണശാലകള്‍, ജനക്കൂട്ടം, കൂമിളയുണ്ടാക്കുന്ന സാധനം വില്‍ക്കുന്നവര്‍ ആകാശത്ത് നിറച്ച കുമിളകള്‍, ... പക്ഷെ ഞങ്ങളുടെ കണ്ണുകളുടക്കിയത് മേളയുടെ മുഖ്യാകര്‍ഷണമായ ചലിക്കും വിനോദങ്ങളിലാ‍ണ്. വട്ടത്തിലും ചെരിഞ്ഞും കറങ്ങുന്ന ചക്രങ്ങള്‍, ചെറിയ ട്രെയിനുകള്‍, ഊഞ്ഞാല്‍ പോലെ ആടുന്ന വള്ളം, അങ്ങിനെ പലതും. കണ്ടിട്ട് എല്ല്ലാവര്‍ക്കും കുട്ടികളുടെ മനസ്സായി.

അമ്മയ്ക്ക് ജയന്റ് വീലില്‍ കയറിയാല്‍ തല കറങ്ങും, ആടുക മാത്രം ചെയ്യുന്ന വീല്‍ മതി. അച്ഛന് ചരിഞ്ഞ് കറങ്ങുന്ന റൈഡില്‍ ആണ് കയറേണ്ടത്. എനിക്കാണെങ്കില്‍ എല്ലാത്തിലും കയറണം. അപ്പോഴാണ് അമ്മ കുട്ടികള്‍ക്കായുള്ള ട്രെയിന്‍ കാണുന്നത്. അതില്‍ കയറിയാല്‍ കുഴപ്പമാകുമോ, നീ കേറിക്കോ രസമല്ലേ എന്നെന്നോട് പറഞ്ഞു. അത് കുട്ടികള്‍ക്കുള്ളതാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ നീ എന്നാടാ വലിയ ആളായത് എന്ന് അമ്മയുടെ മറുപടി.

ഇങ്ങനെ തമാശകള്‍ പറഞ്ഞും റൈഡുകളില്‍ കയറാന്‍ പരിപാടിയിട്ടുമിരുന്ന നേരത്താണ് അവര്‍ എല്ലായിടത്തേയും അലങ്കാരവിളക്കുകള്‍ തെളിയിച്ചത്. റൈഡുകളിലും ട്രെയിനിലും ചുറ്റുമുള്ള കടകളിലും ഒക്കെയുള്ള ലൈറ്റുകള്‍ കാണാന്‍ നല്ല ഭംഗിയായിരുന്നു. ഒരു ഫോട്ടൊ എടുത്ത് ബ്ലോഗിലിട്ടാലോ എന്നാലോചിച്ചതേയുള്ളൂ, അമ്മയും പറഞ്ഞു ഫോട്ടോ എടുക്ക് നല്ല ഭംഗിയുണ്ടെന്ന്.

ക്യാമറ എടുക്കാന്‍ പോക്കറ്റില്‍ കൈയിട്ട ഞാന്‍ ഞെട്ടി. ക്യാമറ കാണാനില്ല. ഈശ്വരാ, എന്റെ പതിനായിരം രൂപ വിലയുള്ള ക്യാമറ! (ചില സാങ്കേതികപ്രശ്നങ്ങളാല്‍ ക്യാമറയുടെ യഥാര്‍ത്ഥ വില ഇവിടെ വെളിപ്പെടുത്താന്‍ നിര്‍വ്വാഹമില്ല). തെങ്ങിന്‍പൂക്കുലാദിവിവാഹഫോട്ടോ പോലെ ചരിത്രപ്രാധാന്യമുള്ള ചിത്രങ്ങള്‍ എടുത്ത എന്റെ പൊന്നു ക്യാമറ. കാലങ്ങളായി എന്റെ പോക്കറ്റില്‍ മൊബൈലിനൊടൊപ്പം എല്ലാ യാത്രയിലും കൂടെ വരാറുള്ള എന്റെ സഹതസഞ്ചാരി! എന്റെ ഫോട്ടോഗ്രാഫിക്ക് പരീക്ഷണങ്ങളുടെ അവിഭാജ്യഘടകം! എടുക്കുന്നതെല്ലാം പതിയാറില്ലെങ്കിലും പതിഞ്ഞതൊക്കെയും എന്റെ അഭിമാനമായി മാറാറുണ്ടായിരുന്ന ഇലക്ട്രോണിക്ക് വണ്ടര്‍! അതെനിക്ക് നഷ്ടമായിരിക്കുന്നു.

ഇന്നെവിടെയെല്ലാം പോയതാ. എവിടെ വച്ചാണ് മറന്നതെന്ന് ഒരൂഹവും ഇല്ല. കളയാന്‍ പറ്റില്ലല്ലോ, വിലമതിക്കാത്ത ഉല്‍പ്പന്നമല്ലേ. തിരയുക തന്നെ.

എക്സിബിഷനില്‍ കയറിയതേ ഉണ്ടായിരുന്നുള്ളൂ, ഒന്നും നേരെചൊവ്വേ കാണാനുംകൂടെ പറ്റിയില്ല. ക്യാമറ തപ്പാന്‍ വേണ്ടി ചാടിയിറങ്ങേണ്ടി വന്നു പുറത്തേക്ക്. ആ ടിക്കറ്റിന്റെ കാശ് വെയിസ്റ്റ്. അന്ന് പോയ സ്ഥലങ്ങളൊക്കെ മനസ്സില്‍ ഫ്ലാഷ്‌ബാക്ക് ആയി ഓടിച്ചു നോക്കി. ആ വഴിയേ തന്നെ തിരിച്ചു പോകാനുള്ള റൂട്ട് മാപ്പും ചാര്‍ട്ട് ചെയ്തു. വന്ന വഴി മറക്കാത്തവനാണ് ഞാന്‍ എന്നത് ഈ അവസരത്തില്‍ പ്രയോജനം ചെയ്തു. അങ്ങിനെ “ഓപ്പറേഷന്‍ ക്യാമറ” തുടങ്ങി.

അന്ന് പോയ സൂപ്പര്‍ ബസാര്‍, തുണിക്കടകള്‍, പൂ മേടിക്കാന്‍ പോയ ചന്ത, എന്നിവടങ്ങളിലെല്ലാംതന്നെ പോയ ക്യാമറയ്ക്ക് കുടത്തില്‍വരെ തപ്പി നടന്നു. മുതലാളി മുട്ട വച്ച് ഓം‌ലെറ്റ് അടിച്ച് ഏമ്പക്കം വിടുമ്പോള്‍, ഇവിടെങ്ങാണ്ടാണല്ലോ താന്‍ മുട്ടയിട്ടത്ത് എന്നും പറഞ്ഞ് കോഴി മുട്ടതപ്പി നടക്കുന്നപോലാണോ‍ എന്‍െയീത്തിരച്ചില്‍ എന്ന് പേടിയും തുടങ്ങി. അവസാനമായി കോട്ടയിലും ബീച്ചീലും കൂടി തിരച്ചില്‍ നടത്തി വെറും കൈയോടെ ആ കൈ താടിക്ക് കൊടുത്തിരിക്കുമ്പോള്‍ ആ പേടി യാഥാര്‍ത്ഥ്യവുമായി. ഈ കണ്ണൂരില്‍ മറ്റെവിടെയോ ഒരു ഭാഗ്യവാന്‍ വീണുകിട്ടിയ സൌഭാഗ്യമായ എന്റെ ക്യാമറയുമായി നാളെ പകര്‍ത്താനുള്ള വിവാഹചിത്രങ്ങളെക്കുറിച്ചോര്‍ത്ത് മന്‍സ്സില്‍ ചിരിക്കുന്നുണ്ടാവാം.

അപ്പോഴേക്കും സമയം ഒരുപാടായിരുന്നു. നേരം വൈകിയുള്ള ഓട്ടവും തിരച്ചിലും കാരണം എല്ലാവരും നന്നേ ക്ഷീണിച്ചിരുന്നു. അത്താഴവും കഴിച്ചിരുന്നില്ലല്ലോ. ഈ ടെന്‍ഷനില്‍ വിശപ്പും കെട്ടിരുന്നു. ക്യാമറ പോയത് പോട്ടെ, ഒന്ന്പോയി വീട്ടില്‍ കിടന്നുറങ്ങിയാല്‍ മതി എന്ന മാനസികാവസ്ഥയിലായിരുന്നു അപ്പോള്‍ ഞാന്‍. അച്ഛനുമമ്മയും സേം പിഞ്ച്. വിരഹാര്‍ദ്രമാം മനസ്സോടുകൂടി, വിതുമ്പും ചേതനയോടെ ഞങ്ങള്‍ വീട്ടിലേക്ക് യാത്രയായി.

വിട്ടിലെത്തി വാതില്‍ തുറന്നപ്പോള്‍ ആദ്യം കാണുന്ന ടീപ്പോയിയില്‍ തന്നെ നില്‍ക്കുന്നു നമ്മുടെ കഥാനായകന്‍ ക്യാമറ. നിങ്ങള്‍ എവിടെയായിരുന്നു, എന്നെക്കൂട്ടാണ്ട് പുറത്ത് പോയി അല്ലേ എന്ന മട്ടില്‍ പരിഭവിച്ചുകൊണ്ടവിടെ അവന്‍ അനങ്ങാതെ നില്‍ക്കുന്നു. പിന്നെ ഒരു കള്ളച്ചിരിയുമായി എന്നെ നോക്കി കണ്ണിറുക്കി. ടൈമറില്‍ വച്ചിട്ട് പിന്നെ പടമെടുക്കുന്നപോലെ അവന്‍ എന്നെ നോക്കി ഒരു ഫ്ലാ‍ഷ് അടിച്ചു. ഇനി എനിക്ക് തോന്നിയതാണോ? അതോ അതെനിക്ക് ബോധം പോയതിന്റെ മിന്നായം ആയിരുന്നോ? ആവോ !!!

Thursday, August 31, 2006

ഓണാഘോഷസ്മരണകള്‍

അന്ന് ഞാന്‍ എറണാകുളം മഹാരാജാസില്‍ ബിരുദത്തിന് പഠിക്കുന്നു.

ക്ലാസ്സില്‍ കൂടെ ഉണ്ടായിരുന്ന മറ്റ് കുട്ടികള്‍ എല്ലാം മഹാ അലവലാതികള്‍ ആയിരുന്നു. ഏത് നേരവും പഠിക്കണമെന്നും, നല്ല മാര്‍ക്ക് നേടണമെന്നും മാത്രം എല്ലാവര്‍ക്കും വിചാരം. പക്ഷെ ഞാന്‍ ഡിസന്റ് ആയിരു‍ന്നു. ബോറടിച്ചിരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് കമ്പനി കൊടുത്തും, ഒറ്റയ്ക്ക് സിനിമയ്ക്ക് പോകാന്‍ മടിച്ച് നില്‍ക്കുന്നവര്‍ക്ക് ആശ്വാസമായി കൂടെപ്പോയും, സമരങ്ങള്‍ക്ക് ആള്‍ബലം കൂട്ടാന്‍ പാര്‍ട്ടികാര്‍ക്ക് ഒരു സഹായമായും, ആള്‍ക്കാര്‍ ഇല്ലാതെ ഒഴിഞ്ഞ് കിടക്കുന്ന കോളേജ് കാന്റീനിന് ഒരു പരസ്യമായി അവിടെ ഇരുന്നും ഒക്കെ ആര്‍ഭാടമായി വിരാജിക്കുന്ന ഒരു കാലഘട്ടം.

അങ്ങിനെ ഉള്ള സമയത്ത് ചിങ്ങമാസമായി, ഓണവും വന്നെത്തി.

ക്ലാസ്സില്‍ ആര്‍ക്കും ഒരു ചൂടുമില്ല. അവസാന വര്‍ഷ ബിരുദമായതില്‍ പിന്നെ പഴയതിലും കഷ്ടമാണ് സ്ഥിതി. എല്ലാവര്‍ക്കും വരാനിരിക്കുന്ന പരീക്ഷയിലെ മാര്‍ക്കിന്റെ ആധിയും ബിരുദം കഴിഞ്ഞാല്‍പ്പിന്നെ എന്ത് ചെയ്യും എന്ന ആലോചനയും മാത്രം എപ്പോഴും. ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന്മാര്‍ക്ക് അടുത്ത അവര്‍ എന്താണ് പഠിപ്പിക്കാന്‍ പോകുന്നതെന്ന് മാത്രം ചിന്ത. എനിക്കാണെങ്കില്‍ ഓണത്തിന് പൂക്കളം ഇടാതിരുന്നിട്ട് ഒരു മനസ്സമാധാനവുമില്ല. മറ്റു ക്ലാസ്സുകളിലെ പിള്ളേര്‍ എല്ലാം നല്ല അസ്സലായി പൂക്കളം ഇട്ടു തുടങ്ങി. നാളെ ഇനി അവിടെപ്പോയി പെണ്‍പിള്ളേര്‍ക്ക് കമ്പനി കൊടുക്കുമ്പോള്‍ “നിന്റെ ക്ലാസ്സില്‍ പൂക്കളമിട്ടോടാ” എന്ന് അവര്‍ ചോദിച്ചാല്‍ ഞാന്‍ എന്തു സമാധാനം പറയും?

വിഷയം ഗൌരവത്തോടെ ഞാന്‍ ക്ലാസ്സില്‍ അവതരിപ്പിച്ചു. പൂക്കളം ഒരു അഭിമാനപ്രശ്നമായി ഉയര്‍ത്തിക്കാട്ടിയുള്ള എന്റെ ശ്രമം വിജയിച്ചു. പൂക്കളത്തിന് കൂടെ നില്‍ക്കാന്‍ അവര്‍ തയ്യാറായി.

അപ്പോള്‍ ആദ്യം പൂക്കള്‍ വാങ്ങണം. പിന്നെ ഒരു ഡിസൈന്‍ ഉണ്ടാക്കി അതിടണം. അത്രേയുള്ളൂ. സിമ്പിള്‍.

പൂക്കള്‍ വാങ്ങാന്‍ ധനസമാഹരണം തുടങ്ങണം. പെണ്‍പിള്ളേരുടെ ഇടയില്‍ നിന്ന് പിരിക്കുന്ന ഭാരിച്ച ഉത്തരവാദിത്തം ഞാന്‍ ചോദിച്ച് പിടിച്ച് വാങ്ങി. ആണ്‍പിള്ളേരുടെ ഇടയിലുള്ള പിരിവ് വേറൊരുത്തനും തുടങ്ങി. അരമണിക്കൂറിനുള്ളില്‍ ഒരു മീഡിയം റേഞ്ച് പൂക്കളത്തിനുള്ള പൂക്കള്‍ വാങ്ങാനുള്ള കാശ് ഒത്തുവന്നു.

ഇനി പൂ വാങ്ങാന്‍ പോകണം. ആര് പോകും? ഞാന്‍ പോകില്ല. ഞാന്‍ പോയാല്‍ പിന്നെ ക്ലാസ്സിലെ പെണ്‍പിള്ളേര്‍ക്കൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കാന്‍ ആരുണ്ട്? പോകുന്ന പ്രശ്നമേയില്ല. എന്നാല്‍ ഈ കാരണം പറഞ്ഞാല്‍ അടി നിശ്ചയം. അതിനാല്‍, കാ‍രണം പൂക്കളത്തിന്റെ ഡിസൈനിന്റെ തലയിലിട്ടു. നിങ്ങള്‍ പോയി പൂ വാങ്ങി വാ, ഞാനും പെണ്‍പിള്ളേരും കൂടി ഒരു ഡിസൈന്‍ ശരിയാക്കട്ടെ എന്നായി ഞാന്‍. അതേറ്റു. അവര്‍ പോയി.

ഞാന്‍ ഒരു ശ്രീകൃഷ്ണനായി രൂപാന്തരപ്പെട്ടു. അവിടെ നിന്ന് ഗോപികമാരുടെ ഇടയില്‍ ഞാന്‍ ആനന്ദനടനമാടി. ഡിസൈനിനെ ഞാന്‍ കാറ്റില്‍ പറത്തി. പകരം പുതിയ തരം വളകളെക്കുറിച്ചും പൊട്ടുകളെക്കുറിച്ചും, സാരിയില്‍ സംഭവിക്കുന്ന പുതിയ ട്രെന്റുകളെക്കുറിച്ചും, സൌന്ദര്യം കൂട്ടാനുപയോഗിക്കുന്ന ക്രീമുകളെക്കുറിച്ചും, മറ്റു ക്ലാസ്സുകളിലെ പെണ്‍കുട്ടികളുടെ കുറ്റങ്ങളേയും കുറവുകളേയും കുറിച്ചും, പുതിയ സിനിമകളെക്കുറിച്ചും, സീരിയലുകളെക്കുറിച്ചും, വനിത, ഗൃഹലക്ഷി തുടങ്ങിയ വാരികകളിലെ നുറുങ്ങുകളെക്കുറിച്ചും ഒരു സിമ്പോസിയം തന്നെ നടത്തി. ചര്‍ച്ച പൊടിപൊടിച്ചു, അന്തരീക്ഷം നാരീമൊഴികളാല്‍ മുഖരിതമായി. ഞാന്‍ മേഘം ഒന്‍പതില്‍ (Cloud 9) ഒഴുകി നടന്നു.

അതിനോടൊപ്പം തന്നെ മണിക്കൂറുകളും ഇഴഞ്ഞ് നീങ്ങിക്കൊണ്ടിരുന്നു. ഒന്നായി, രണ്ടായി, മൂന്നായി. പൂ വാങ്ങാന്‍ പോയ മക്കള്‍ തിരിച്ച് വന്നില്ല. എല്ലാവര്‍ക്കും ടെന്‍‍ഷനായി, എനിക്കും. ഇനിയും പൂ കിട്ടിയില്ലെങ്കില്‍ പ്ലാന്‍ പൊളിയും. കുറച്ച് കഴിഞ്ഞാല്‍ എല്ലാവരും ഊണ് കഴിക്കാന്‍ പോകും. ഊണ് കഴിഞ്ഞാണോ പൂക്കളം ഇടുന്നത്, ച്ഛായ്!

ഞാന്‍ സെര്‍ച്ച് പാര്‍ട്ടിയെ വിട്ടു. എനിക്ക് പോകാന്‍ പറ്റില്ലല്ലോ, നേരത്തേ പറഞ്ഞ തിരക്കിലല്ലേ. അന്വേഷകര്‍‍ പോയി, പെട്ടെന്ന് തന്നെ തിരിച്ചും വന്ന് അന്വേഷണ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. പൂ വാങ്ങാന്‍ പോയ ടീമംഗങ്ങള്‍ വഴിയില്‍ കണ്ട പൂവിന്റെ പടമുള്ള ബോര്‍ഡ് വച്ച ബാറില്‍ ആണ് ചെന്നെത്തിയതെന്നും, പൂ വാങ്ങാന്‍ കൊടുത്തയച്ച കാശെടുത്ത് അവര്‍ പൂവിനേക്കാള്‍ സുഗന്ധമുള്ള ഒരു പാനീയം വാങ്ങി മോന്തിയെന്നും, ഇപ്പോള്‍ പൂവിനേക്കാള്‍ ഭാരം കുറഞ്ഞ അവസ്ഥയില്‍ എവിടെയോ പൂക്കുറ്റിയായി കിടക്കുകയാണെന്നും അന്വേഷണറിപ്പോര്‍ട്ടില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിരുന്നു.

എന്റെ നിലനില്‍പ്പ് അപകടത്തിലായി. അനേഷണക്കമ്മീഷനംഗങ്ങളും ക്ലാസ്സിലെ മറ്റ് പൊതുപ്രവര്‍ത്തകരും കൈചുരുട്ടി മസ്സിലു പെരുപ്പിച്ചു കാണിക്കാന്‍ തുടങ്ങി. അത് വരെ ചിരിച്ച് കൂടെ നിന്നിരുന്ന പെണ്‍കുട്ടികള്‍ തിരുവനന്തപുരം ബസ്സ്സ്റ്റാന്റില്‍ നിന്ന പുരുഷന്മാരെ പാര്‍വ്വതി നോക്കിയത് പോലെ നോക്കിത്തുടങ്ങി. പലയിടത്തു നിന്നും മുറുമുറുപ്പുകള്‍, പല്ലിറുമ്മുന്ന ശബ്ദങ്ങള്‍. താണുകിടന്ന മീശകള്‍ ചിലര്‍ ചുരുട്ടിക്കയറ്റി. പെണ്‍കുട്ടികള്‍, ഷോള്‍ എടുത്ത് അരയില്‍ ചുറ്റി. ചിലര്‍ കയ്യില്‍ എടുക്കാന്‍ പറ്റിയ കനവും സാന്ദ്രതയും ഉള്ള വസ്തുക്കള്‍ എടുത്ത് പിടിച്ചു. ചിലര്‍ മുഴുക്കൈയന്‍ ഷര്‍ട്ട് തെരുത്ത് കയറ്റി, മറ്റു ചിലര്‍ എല്ലാം കാണാന്‍ സൌകര്യമുള്ള നല്ല സ്ഥലം നോക്ക് കണ്ട് പിടിച്ച് അങ്കം കാണാന്‍ തയ്യാറായി നിന്നു.

നിമിഷങ്ങള്‍ മണിക്കൂറുകള്‍പോലെ തോന്നിക്കൊണ്ടിരുന്ന ആ ഒരു നിമിഷത്തില്‍ അനിവാര്യമായ എന്റെ വിധി വന്നു ചേര്‍ന്നു. കൂട്ടത്തില്‍ ഞാന്‍ ഏറ്റവും ബഹുമാനിച്ചിരുന്ന എന്റെ സഹപാഠി തന്നെ അത് അനൌണ്‍സ് ചെയ്തു, “ഈ ഓണത്തിനിനി പൂക്കളം വേണ്ട, പകരം നമുക്ക് ഓണത്തല്ലാകാം”. ശേഷം ചിന്ത്യം.

***
ഓണത്തിന് ഞാന്‍ അവധിയിലായിരിക്കുമെന്നതിനാല്‍ എല്ലാവര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍ നേരത്തേ തന്നെ നേരുന്നു. നന്മകളൂം സമ്പല്‍സമൃദ്ധിയും നിറഞ്ഞ ഒരു പുതുവര്‍ഷം എല്ലാവര്‍ക്കും കിട്ടുമാമാറാകട്ടെ.

Friday, August 25, 2006

ടൊയോട്ട ഇന്നോവയും ഒരു വിവാഹയാത്രയും

ടൊയോട്ട ഇന്നോവ. ഇതാണ് കിട്ടിയത് അവസാന നിമിഷത്തില്‍.

എന്റെ ഒരു വളരെ അടുത്ത ഒരു സുഹൃത്തിന്റെ കല്യാണത്തിന് പോയതായായിരുന്നു കഴിഞ്ഞ ഞായറാഴ്ച. അവന്റെ വീട് ഒറ്റപ്പാലത്തും പെണ്ണിന്റെ വീട് കീച്ചേരിയിലും (ത്രിശ്ശൂര്‍). ഒരു മണിക്കൂര്‍ യാത്ര.

രാവിലെ തന്നെ സ്ഥലത്തെത്തി. ഐ മീന്‍, കല്യാണച്ചെക്കന്റെ വീട്ടില്‍. ബ്രേക്ക്ഫാസ്റ്റ് ഉണ്ടാകുമല്ലോ. അവിടെ എത്തിയപ്പോള്‍ സഹപാഠികള്‍ ഒരുപാടുണ്ട്. എല്ലാവര്‍ക്കും എന്റെ അതേ ചിന്താഗതി തന്നെ. വെറുതേ അല്ല തമ്മില്‍ ഇത്രയും അടുത്തത്.

പ്രാതല്‍ കഴിച്ച പ്രാ‍ന്തന്മാരെല്ലാം കല്യാണത്തിന് പോകാന്‍ കല്യാണവീട്ടുകാര്‍ തയ്യാറാക്കി വച്ചിരിക്കുന്ന വണ്ടികള്‍ നോക്കിയപ്പോള്‍ ഞെട്ടി. ആവശ്യത്തിനില്ല. ഒരുമാതിരി എല്ലാവരേയും കുത്തിത്തിരുകി വാനിലും ബസ്സിലും ജീപ്പിലും ഒക്കെ കേറ്റി പറഞ്ഞ വിട്ടപ്പോഴേക്കും ഞാനും എന്റെ കൂട്ടുകാരും പുറത്ത്. ഞായറാഴ്ച ആയതിനാലും കല്യാണ സീസണ്‍ ആയതിനാലും വണ്ടി ഒരു സ്റ്റാന്റിലും കിട്ടാനില്ലായിരുന്നു. വെറുതേ റോഡില്‍ മാ‍നം നോക്കി നിന്നപ്പോഴാണ് ഒരു ടൊയോട്ട ഇന്നോവ വണ്ടി വന്നതും ഞങ്ങള്‍ പത്ത് പേരും അതില്‍ കയറിയതും.

കല്യാണം നന്നായി നടന്നു, സദ്യയും. മണ്ടത്തരം ഒന്നും അപ്പോള്‍ കാണിച്ചില്ല. അല്ലേലും ഞാനല്ലല്ലോ, കല്യാണച്ചെക്കനല്ലേ മണ്ടത്തരം കാണിച്ചത്.

സദ്യ കഴിഞ്ഞപ്പോള്‍ സമയം വെറും പന്ത്രണ്ടര. കല്യണപ്പാര്‍ട്ടി തിരിച്ച് പോകുന്നത് രണ്ട് മണിക്കെന്നും അറിഞ്ഞു. നല്ലൊരു ഞായറാഴ്ച. പോരാണ്ട് ഉച്ച സമയം. പെട്ടെന്ന് വീട്ടില്‍ എത്തിയാല്‍ നല്ലോണം ഉറങ്ങാം. രണ്ട് മണി എന്ന് ഇവര്‍ പറഞ്ഞാലും‍ പുറപ്പെടുമ്പോള്‍ ഒരു മൂന്ന് മണിയോളമാകും. തിരിച്ച് പാലക്കാട്ടെത്തുമ്പോള്‍ ഉറങ്ങാനുള്ള നല്ല സമയം കഴിയുകയും ചെയ്യും. ഉച്ചയുറക്കം നഷ്ടപ്പെടുമല്ലോ എന്നോര്‍ത്തപ്പോള്‍ എന്റെ ക്ഷമ കെട്ടു. കല്യാണപ്പാര്‍ട്ടിയുടെ കൂടെ തിരിച്ച് പോകാന്‍ നില്‍ക്കണ്ട, ഇപ്പോള്‍ തന്നെ പോകാം എന്ന് പറഞ്ഞ് ഞാന്‍ എന്റെ സുഹൃത്തുക്കളെ സമ്മതിപ്പിച്ചു.

അപ്പോഴാണ് അറിയുന്നത് എന്റെ കൂടെ വന്ന സുഹൃത്തുക്കള്‍ ഏഴു പേരും പോകുന്നത് എറണാകുളം ഭാഗത്തേക്ക്, മൂന്ന് പേര് മാത്രമുണ്ട് വന്ന വഴിയേ തിരിച്ച് പോകുന്നവര്‍. മൂന്ന് പേരായി എങ്ങിനെയാണ് ഒരു ഇന്നോവയില്‍ പോകുന്നത് തിരിച്ച്? അത് ആഢംഭരം ആയിപ്പോകില്ലേ? വരുമ്പോള്‍ വണ്ടിക്ക് അത്ര ക്ഷാമമായിരുന്നു എന്നതും ഓര്‍ക്കണ്ടേ!

നമുക്ക് പോയി, ഇപ്പോള്‍ കൂടെ വരാന്‍ താല്പര്യമുള്ള കുറച്ച് പേരെ വിളിച്ച് കൊണ്ട് വരാം കൂട്ടിന് എന്ന് ഞാന്‍ പറഞ്ഞു. മറ്റു രണ്ടു പേരും സമ്മതിച്ചു. തുടര്‍ന്ന്, ഓരോരുത്തരും ഓരോ വഴിക്ക് ആളെപ്പിടിക്കാന്‍ പോയി. ഒരാള്‍ ഓഡിറ്റോറിയത്തിലും ഒരാള്‍ സദ്യ നടക്കുന്നിടത്തും, മൂന്നാമത്തെയാള്‍ സദ്യ കഴിഞ്ഞ് സിഗരറ്റും മുറുക്കുമായി വിശ്രമിക്കുന്നവരുടെ ഇടത്തും പോയി “ഒറ്റപ്പാലം, വണ്ടി വിടാന്‍ പോണേ” എന്ന് വിളിച്ച് ആളെപ്പിടിത്തം തുടങ്ങി.

രണ്ടാളെ ഞാന്‍ സംഘടിപ്പിച്ചു. അവരേയും കൂട്ടി വേഗം ഇന്നോവയുടെ അടുത്തെത്തി. എന്റെ കൂട്ടുകാരും മിടുക്കന്മാര്‍. ഒരുത്തന്‍ രണ്ടു പേരെയും, മറ്റവന്‍ മൂന്ന് പേരെയും വിളിച്ചു കൊണ്ട് വന്നിരിക്കുന്നു.

അപ്പോള്‍ മൊത്തം ആള്‍ക്കാര്‍ ഇപ്പോള്‍ പത്ത്. വന്നപ്പോഴും പത്ത്, പോകുമ്പോഴും പത്ത്. പക്ഷെ വന്നപ്പോള്‍ എല്ലാവരും സുഹൃത്തുക്കള്‍, പോകുമ്പോള്‍ എല്ലാവരും അപരിചിതര്‍. പോരാണ്ട് ഇപ്പോള്‍ എല്ലാവരുടേയും വയറ് നിറഞ്ഞിരിക്കുന്ന സമയവും. മുന്നില്‍ ഒരാളും, നടുവില്‍ മൂന്ന് പേരും പിറകില്‍ മൂന്നാളും മതി എന്നവര്‍ തീരുമാനം എടുത്തു. പ്രായമായവരല്ലേ, പറഞ്ഞത് തട്ടിക്കളയാന്‍‍ പറ്റുമോ. അപ്പോള്‍ വണ്ടിയില്‍ ഏഴു പേര്‍. ബാക്കി മൂന്ന് പേര്‍ പുറത്ത്.

ആ മൂന്ന് പേര്‍ സ്വാഭാവികമായും ഞങ്ങളാണെന്ന് പറയേണ്ടതില്ലല്ലോ. ഞങ്ങള്‍ക്ക് റ്റാറ്റ പറഞ്ഞ് കൊണ്ട്, ഒരു മന്ദസ്മിതത്താല്‍ നന്ദിയും പറഞ്ഞ്, അവരും ഇന്നോവയും പാലക്കാട്ടേക്ക് യാത്രയാ‍യി.

പിന്നെ ഉണ്ടായിരുന്നത് കല്യാണവീട്ടുകാര്‍ വിളിച്ച് കൊണ്ട് വന്ന വണ്ടികളാണ്. ഒരു ക്വാളിസ്സും, രണ്ട് റ്റാറ്റാ സുമോയും, മിനി ബസ്സും, ഒരു വലിയ ബസ്സും, പിന്നെ വീഡിയോക്കാരുടെ കാറും. അവരൊന്നും ആ സമയത്ത് കൂടെപ്പോരാന്‍ തയ്യാറായില്ല. എല്ലാവരുടേയും കൂടെയേ പുറപ്പെടാന്‍ പറ്റൂ എന്ന് അവര്‍ക്ക് ആജ്ഞ കിട്ടിയിട്ടുണ്ടെന്നാണ് അവര്‍ പറയുന്നത്. പിന്നെ അവിടെ ഇരുന്നും നടന്നും കോട്ടുവായിട്ടും തല ചൊറിഞ്ഞും മണിക്കൂറുകള്‍ കാത്ത് നിന്ന് മൂന്ന് മണിയാക്കി. അവസാനം ഓഡിറ്റോറിയത്തിലെ വന്‍ പുരുഷാരം വണ്ടികളിലേക്ക് ഒതുങ്ങിയപ്പോള്‍, ഞങ്ങള്‍ ഓരോരുത്തരും ഓരോ വണ്ടിയില്‍ ഒരു പൃഷ്ഠത്തിനുള്ള സ്ഥലം ഇരന്ന് വാങ്ങി, കുലുങ്ങിക്കുലുങ്ങി തിരികേ പോന്നു, പാലക്കാട്ടേക്ക്. തിരികെ വരന്റെ വീട്ടിലെത്തുമ്പോള്‍ ആ ഇന്നോവ അവിടെ കാത്ത് നില്‍പ്പുണ്ടായിരുന്നു, വരന്റെ പാര്‍ട്ടിയുടെ കയ്യില്‍ നിന്ന് ടാക്സിച്ചാര്‍ജ്ജ് വാങ്ങാ‍ന്‍. ആ ഡ്രൈവര്‍ ഞങ്ങളെ നോക്കി ചിരിച്ചു, ആ ഇന്നോവയും.

Wednesday, August 16, 2006

സിറ്റ്-അപ്പും ചില അനുമാനങ്ങളും

അശ്വമേധമണ്ടത്തരം ഒപ്പിച്ചതിനു ശേഷം എനിക്ക് കൈരളി ടി.വി-യോട് ഒരു പ്രതിപത്തി ഇല്ലാതായിരുന്നു. ഈയിടെയായി സൂര്യയിലാണ് എനിക്ക് കമ്പം.

ഇത്തവണ നാട്ടില്‍പ്പോയപ്പോഴും കണ്ടിരിക്കാന്‍ ഞാന്‍ കൂടുതല്‍ താല്പര്യപ്പെട്ടത് സൂര്യ ടി.വി.യാണ്. ഈ ഞായറാഴ്ച നിങ്ങളുടെ സൂര്യ ടി.വി.-യോടൊപ്പം എന്നവരും പറഞ്ഞപ്പോള്‍ പിന്നെ രണ്ടാമതൊന്നും ആലോചിച്ചില്ല. രാവിലെ തന്നെ പഴം ചിപ്സിന്റെ പുതിയ ഒരു പായ്ക്കറ്റും മടിയില്‍ വച്ച്, റിമോട്ടും എടുത്ത് ഒരു കയ്യില്‍ പിടിച്ച് നിലത്ത് ഒരു പായും വിരിച്ച് നീട്ടി വലിച്ച് കിടന്ന് ടി.വി. കാണല്‍ യജ്ഞം തുടങ്ങി.

ഉച്ചയാകാറായപ്പോള്‍ സൂര്യയില്‍ കളിക്കളം എന്ന പ്രോഗ്രാം തുടങ്ങി.

കളിക്കളം, സൂര്യ ടി.വി-യില്‍ പ്രദീപ് അവതരിപ്പിക്കുന്ന ഒരു ഔട്ട്ഡോര്‍ ഗെയിം ഷോ ആണ്.
ഓരോ ആഴ്ചയും പുതിയ ഓരോ സ്ഥലത്ത് പോയി കൌതുകകരങ്ങളായ മത്സരങ്ങള്‍ കുട്ടികളെ വച്ച് നടത്തി, വിജയികള്‍ക്ക് അപ്പോള്‍ തന്നെ സമ്മാനം നല്‍ക്കുന്ന രസകരമായ ഒരു ചെറിയ പരിപാടി.

ഇത്തവണ മത്സരയിനം സിറ്റ്-അപ്പ്സ് ആയിരുന്നു. ഏറ്റവും കൂടുതല്‍ സിറ്റ്-അപ്പ്സ് എടുക്കുന്നവര്‍ക്ക് സമ്മാനം. അടിപൊളി ഗെയിം. വെറുതേ കുറച്ച് തവണ ഇരുന്നെഴുന്നേറ്റാല്‍ മതി, സമ്മാനം കിട്ടും. കൊള്ളാമല്ലോ വീഡിയോണ്‍.

പങ്കെടുക്കുന്നവര്‍ മുഴുവനും കുട്ടികള്‍. ഓരോരുത്തരായി വന്ന് സിറ്റ്-അപ്പ്സ് എടുത്ത് തുടങ്ങി. ആദ്യമാദ്യം വന്നിരുന്നവര്‍ ഇരുപത്-മുപ്പത് എന്നിങ്ങനെ എടുത്ത് നിര്‍ത്തിപ്പോയ്ക്കൊണ്ടിരുന്നെങ്കിലും സമയം കഴിയുന്തോറും മത്സരത്തിന്റെ വീറും വാശിയും കൂടിക്കൂടി വന്നു. അന്‍പതിനു മുകളില്‍ സിറ്റ്-അപ്പ്സ് എടുക്കാത്തവര്‍ അക്കൂട്ടത്തില്‍ നാണം കെടും എന്ന മട്ടിലായി കാര്യങ്ങളുടെ പോക്ക്.

അങ്ങിനെ അപ്പോഴത്തെ റെക്കോര്‍ഡ് അറുപതില്‍ വിരാജിക്കുമ്പോഴാണ് എന്റെ മനസ്സില്‍ അസൂയ സമം അഹങ്കാരം എന്നീ വികാരങ്ങള്‍ ഉടലെടുക്കുന്നത്. ഈ പീക്കിരി പിള്ളേര്‍ അറുപത് എടുക്കുമ്പെങ്കില്‍ എനിക്കൊരു നൂറ്റി ഇരുപതെങ്കിലും എടുക്കാന്‍ സാധിക്കണം. എന്നാല്‍ അതൊന്ന് അറിഞ്ഞിട്ട് തന്നെ കാര്യം.

രാവിലെ തൊട്ട് ചിപ്സ് തിന്നോണ്ടിരുന്നതല്ലേ, ആ ഊര്‍ജ്ജം കാണാതിരിക്കുമോ? കാവിലമ്മയെ ധ്യാനിച്ചുകൊണ്ട് സിറ്റപ്പാസനം തുടങ്ങി. ആഹ! ഇതിത്ര എളുപ്പമായിരുന്നോ, എന്തു സുഖം ഇരുന്നെഴുന്നേല്‍ക്കാന്‍. സൈക്കിള്‍ ചവിട്ടുന്നപോലെയേ ഉള്ളൂ. എണ്ണി എണ്ണി ഇരുപതെത്തുന്നതു വരെ ടി.വി.പ്രോഗ്രാം ആസ്വദിച്ചുകൊണ്ട് തന്നെ സിറ്റപ്പ് ചെയ്തു.

എന്നാല്‍ ഇരുപത് കഴിഞ്ഞപ്പോള്‍, കയറ്റത്തിലെത്തിയ സൈക്കിളിന്റെ അവസ്ഥ ആയി. വേഗത കുറഞ്ഞു എന്ന് മാത്രമല്ല ഇതു വരെ ഉണ്ടായിരുന്നതിനേക്കാളും കൂടുതല്‍ ശക്തി ഉപയോഗിക്കേണ്ടി വരികയും ചെയ്യുന്നു. ശബരിമല അയ്യപ്പനെ മനസ്സില്‍ ധ്യാനിച്ച് “മല കയറ്റം അതികഠിനം പൊന്നയ്യപ്പ” എന്നൊക്കെ പാടി ഒരു വിധം മുപ്പതില്‍ എത്തി.

തേര്‍ട്ടി പ്ലസ്സ് ആയതോടെ കഷ്ടപ്പെട്ട് കേറ്റം വലിച്ചുകൊണ്ടിരുന്നു സൈക്കിളിന്റെ പിറകില്‍ അരിച്ചാക്ക് കെട്ടി വച്ച് കണക്കായി കാര്യങ്ങള്‍. എന്നാലും നിര്‍ത്താന്‍ പറ്റുമോ. അഭിമാന പ്രശ്നമല്ലേ. ആ സമയം കൊണ്ട് കളിക്കളത്തിലെ റെക്കോര്‍ഡ് അറുപത്തി അഞ്ചായി ഉയര്‍ന്നു. നൂറ്റി ഇരുപത് ലക്ഷ്യം വച്ച് തുടങ്ങിയതാ ഞാന്‍. അറുപത് പോട്ടെ, ഒരു നാല്പതെങ്കിലും എത്തിച്ചില്ലെങ്കില്‍ പിന്നെ എന്റെ മുഖത്ത് ഞാന്‍ എങ്ങിനെ നോക്കും?

മുപ്പത്തിഅഞ്ചിനോടടുക്കുന്നു എന്റെ സിറ്റപ്പ് യജ്ഞം. സൈക്കിള്‍ ഇപ്പോള്‍ മണല്‍കൊണ്ട് നിറഞ്ഞ കയറ്റത്തില്‍ കയറിയ പോലെയായി മുന്നോട്ടുള്ള പോക്ക്. മുകളിലേക്ക് പൊങ്ങാന്‍ ഉപയോഗിക്കേണ്ട എന്റെ ഊര്‍ജ്ജം ഇപ്പോള്‍ വിയര്‍ക്കാനും ശ്വാസം കണ്ടെത്താനുമായിട്ടാണ് മുഖ്യമായും ഉപയോഗിക്കപ്പെടുന്നത്. രണ്ടിഞ്ച് മുകളിലേക്ക് പൊങ്ങുമ്പോള്‍ ഒരിഞ്ച് താഴേയ്ക്ക് വരുന്ന ദയനീയ സ്ഥിതിയിലായി ഞാന്‍. എന്നാലും നാല്‍പ്പതെന്ന കടമ്പയില്‍ തൊടാതെ നില്‍ക്കില്ല എന്ന വാശിയില്‍ ഞാന്‍ ശ്രമദാനം തുടര്‍ന്നു.

ഇപ്പോള്‍ എന്റെ സൂചിക കാ‍ണിക്കുന്നത് മുപ്പത്തി‌എട്ട് എന്ന റീഡിങ്ങ്. സൈക്കിളില്‍ മണലുള്ള കയറ്റം കയറിക്കൊണ്ടിരിക്കുന്ന ആ വേളയില്‍ ടയറും കൂടെ പഞ്ചറായാലോ? അവിടെ നിന്നു എന്റെ പരിശ്രമം. മുപ്പത്തി എട്ടില്‍ ഞാന്‍ അടിയറവു പറഞ്ഞു. ടയര്‍ പഞ്ചറാകുമ്പോള്‍ ചെയിനും കൂടെ പൊട്ടിയാലോ? തപ്പോ എന്നൊരു വീഴ്ചയായിരുന്നു ഞാന്‍. അമ്മേ എന്നൊരു കരച്ചില്‍ ബാക്ക്ഗ്രൌണ്ടിനു ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

അടുക്കളയില്‍, പൊന്നുമോന് പോഷകാഹാരം ഉണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു അമ്മ ഓടി വന്നു നോക്കുമ്പോള്‍ മകന്‍ അടുക്കളയിലെ മിക്സിയേക്കാള്‍ ശബ്ദത്തില്‍ ശ്വാസം കഴിച്ചു കൊണ്ട് വെട്ടിയിട്ട ചക്കപ്പോലെ കിടക്കുന്നതാണ് കാണുന്നത്. എന്ത് പറ്റിയെടാ എന്ന് ചോദിച്ച അമ്മയോട് എന്റെ കാലില്‍ മസ്സില്‍ കയറി എന്നേ അപ്പോള്‍ പറയാന്‍ തോന്നിയുള്ളൂ. അമ്മ അച്ഛനെ വിളിച്ച് കൊണ്ട് വന്ന്, രണ്ടാളും കൂടെ പൊക്കിയെടുത്ത് എന്നെ അകത്ത് കട്ടിലില്‍ കൊണ്ട് പോയി കിടത്തി.

ടി.വി. കാണല്‍ അതോടുകൂടി നിന്നു. എന്നാലും ഒരു രോഗിയെന്ന പരിഗണനയില്‍ ഭക്ഷണവും പഴവര്‍ഗ്ഗങ്ങളും വാരികകളും എന്റെ കട്ടിലില്‍ തന്നെ വരുന്നുണ്ടായിരുന്നതിനാല്‍ ഞാന്‍ ഹാപ്പി.

രണ്ട് ദിവസം ചില്ലറയും എടുത്തു പിന്നെ അവിടുന്ന് ഒന്നെഴുന്നേറ്റ് ഒരിടത്തും പിടിക്കാതെ നടക്കാം എന്ന അവസ്ഥയിലെത്താന്‍. കഴിച്ച ചിപ്സ് മുഴുവനും നീരായി കാലില്‍ കിടക്കുന്നുണ്ടായിരുന്നത് വറ്റാതെ നടക്കാനും പറ്റില്ലല്ലോ. അതിന്‍ഫലമായി ഒരു കൊച്ചു കുട്ടി നടക്കാന്‍ പഠിക്കുന്നത് പോലെ ആദ്യം തൊട്ട് തുടങ്ങേണ്ടി വന്നു. ആദ്യം കിടന്ന് കൈകാലിട്ടടിക്കുക, പിന്നെ കമിഴ്ന്ന് കിടക്കുക, പിന്നെ നീന്തുക, പിന്നീട് മുട്ടുകുത്തി നടക്കുക, പിന്നെ എവിടെയെങ്കിലും പിടിച്ച് നടക്കുക, അവസാനം പിടിക്കാതെ നടക്കാന്‍ പ്രാപ്തനാകുക. അതേ പ്രോസസ് തന്നെ. കുട്ടികളുടെ ബുദ്ധിമുട്ട് ശരിക്കും മനസ്സിലായി. ആ പാഠം പഠിച്ചു. ഇനി ഒരു വയസ്സിനു താഴെയുള്ള കുട്ടികള്‍ എന്താ നടക്കാന്‍ ഇത്ര സമയം എടുക്കുന്നത് എന്ന് സംശയം ചോദിക്കില്ല ഞാന്‍. അത് അവര്‍‍ വയറ്റില്‍ കിടന്ന് സിറ്റ്-അപ്പ്സ് എടുക്കുന്നതുകൊണ്ടാകാനാണ് വഴി. മണ്ടന്മാര്‍ കുട്ടികള്‍, അവര്‍ സിറ്റപ്പ്സ് എടുത്താലുണ്ടാകുന്ന ബുദ്ധിമുട്ട് എന്തറിയുന്നു.

Tuesday, August 01, 2006

ടാക്സിയില്‍ പോയി എഴുതിയ പരീക്ഷ

അന്നു ഞാന്‍ കൊച്ചിന്‍ യൂനിവേര്‍സിറ്റിയില്‍ പഠിക്കുകയായിരുന്നു.

വിശാലേട്ടന്‍ പറഞ്ഞപോലെ വീട്: കൊടകരേല്, ജോലി:ജെബല്‍ അലീല് , ഡൈലി പോയിവരും എന്ന രീതിയില്‍ ആയിരുന്നു അന്നത്തെ പഠനം. ഡെയിലി പോയി വരും.

ഇരുപത് കിലോമീറ്ററും ചില്വാനവും വരുമായിരുന്നു വീട്ടില്‍ നിന്ന് കോളേജിലേക്കുള്ള ദൂരം. പകുതി ദൂരം യൂനിവേര്‍സിറ്റി ബസ്സിലും പിന്നെയുള്ള ദൂരം പ്രൈവറ്റ് ബസ്സിലും, അങ്ങിനെ ആയിരുന്നു എന്റെ സഞ്ചാരം. യൂനിവേര്‍സിറ്റി ബസ്സ് വൈറ്റിലയില്‍ നിന്ന് രാവിലെ എട്ട് മണിക്ക് പുറപ്പെട്ട്, എറണാകുളം പട്ടണം മുഴുവന്‍ കറങ്ങി (ഇത്തിരി കുറയ്ക്കാം വേണമെങ്കില്‍, മുഴുവന്‍ കറങ്ങില്ല, എം.ജി. റോഡ് വഴി കറങ്ങും) യൂനിവേര്‍സിറ്റിയില്‍ ഒന്‍പതിനു ശേഷമുള്ള ഏതെങ്കിലും സമയത്ത് എത്തും. കുറ്റം പറയരുതല്ലോ, മിക്ക ദിവസവും ഒന്‍പതിനു തന്നെ എത്താറുണ്ട്.

അങ്ങനെ ഇരിക്കുന്ന ഒരു സമയത്തിങ്കല്‍, എന്റെ നാലാം സെമസ്റ്റര്‍ പരീക്ഷ വരവായി. പഠനം ഒക്കെ അതിന്റെ വഴിക്ക് നടന്നു (ഞാന്‍ എന്റെ വഴിക്കും). എന്റെ പരീക്ഷക്കാര്യത്തിലും പഠനകാര്യത്തിലും വീട്ടില്‍ ആര്‍ക്കും ഒരു ശ്രദ്ധയും ഇല്ല എന്നതായിരുന്നു അന്നത്തെ സ്ഥിതി. പാസ്സായാലും ജയിച്ചാലും നിനക്കു കൊള്ളാം എന്ന ആറ്റിറ്റ്യൂഡ് മാതാപിതാക്കള്‍ക്ക്. വൈകീട്ടത്തെ ഫുട്ബോള്‍ കളിയും, രാത്രിയത്തെ കോമഡീ സീരിയലുകളും, പിന്നെ ഒരിത്തിരി പഠനവും കഴിഞ്ഞ് അലാറം വച്ച് ഞാന്‍ ഉറങ്ങാന്‍ കിടന്നു.

രാവിലെ അലാറം അടിച്ചു. ഞാന്‍ എഴുന്നേറ്റു. റെഡിയായി. ബസ്സ് കേറി വൈറ്റിലയെത്തി. യൂനിവേര്‍സിറ്റി ബസ്സ് കാത്ത് നില്‍ക്കാന്‍ തുടങ്ങി. സമയം അപ്പോള്‍ എട്ട് മണി ആകുന്നതേയുള്ളൂ.

പതിനഞ്ച് മിനിറ്റോളം നിന്നു ഞാന്‍ അവിടെ. ഇത്ര നേരം കഴിഞ്ഞിട്ടും ബസ്സ് വരുന്നില്ല. എട്ടേകാല്‍ വരെ സാധാരണ ബസ്സ് വൈകാറില്ല.

അപ്പോഴാണ് ഞാന്‍ മറ്റൊന്നും കൂടെ ശ്രദ്ധിച്ചത്. വൈറ്റിലയില്‍ സാധാരണ ഇതേ ബസ്സ് കാത്ത് ഒരു പത്തോളം പേര്‍ അവിടെ നില്‍ക്കാറുണ്ട്. അന്ന് ഞാന്‍ അവിടെ ഒറ്റയ്ക്കായിരുന്നു. ബസ്സ് പോയിക്കാണുമോ? സംശയമായി, അതിലുമുപരി പേടിയായി ഒന്നും കൂടെ വാച്ച് നോക്കി.

ഉറക്കച്ചടവ് മാറി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അല്ലാതെ വേറെ എന്ത് കാരണമാണ് എനിക്ക് പറയാനുള്ളത്, ഇത്ര നേരവും ഒന്‍പതേകാലിനെ എട്ടേകാല്‍ എന്നും വിചാരിച്ച് ആ ബസ്സ്‌സ്റ്റോപ്പില്‍ തന്നെ കുറ്റിയടിച്ച് നില്‍ക്കാന്‍?

എന്റെ ജീവന്‍ പാതി പോയി. അലാറം വച്ചത് ഒരു മണിക്കൂര്‍ മാറിപ്പോയി എന്നറിഞ്ഞ് കരയണോ നിലവിളിക്കണോ എന്നറിയാത്ത ഒരു സിസ്റ്റുവേഷന്‍. ഇനി ആകെ കാല്‍ മണിക്കൂര്‍ മാത്രം പരീക്ഷ തുടങ്ങാന്‍. വൈറ്റിലയില്‍ നിന്ന് നേരിട്ട് കളമശ്ശേരിയിലേക്ക് ബൈപ്പാസ് വഴി ബസ്സ് ഇല്ല. പാലാരിവട്ടത്ത് ഇറങ്ങി, വേറെ ബസ്സ് പിടിച്ച് പോകണം. എന്തിരുന്നാലും യൂനിവേര്‍സിറ്റിയില്‍ എത്തുമ്പോള്‍ ഒരു മണിക്കൂര്‍ വരെ എടുക്കാം, രാവിലെ ആ തിരക്കുള്ള സമയത്ത്.

അടുത്ത ഓപ്‌ഷന്‍ ഓട്ടോ ആണ്. പത്ത് കിലോമീറ്ററില്‍ കൂടുതല്‍ ഉണ്ട് വൈറ്റിലയില്‍ നിന്ന് യൂനിവേര്‍സിറ്റിയിലേക്ക്. ഓട്ടോ പിടിച്ചാലും അരമണിക്കൂര്‍ കുറഞ്ഞത് എടുക്കും. ഇനി സമയത്ത് എത്തണമെങ്കില്‍ ഒരേ ഒരു മാര്‍ഗ്ഗം, ടാക്സി.

വൈറ്റിലയില്‍ ടാക്സിസ്റ്റാന്റ് ഉണ്ട്. അവിടെ ആദ്യം നിന്ന വണ്ടിയില്‍ കയറി യൂനിവേര്‍സിറ്റിയിലേക്ക് വിട്ടോളാന്‍ പറഞ്ഞു ഡ്രൈവറോട്. എന്റെ പരീക്ഷ ആണെന്നും വൈകിപ്പോയി എന്നും വേഗം പോകൂ എന്നും പറഞ്ഞപ്പോള്‍ ഡ്രൈവറുടെ മുഖത്ത് വന്ന ചിരി ഞാന്‍ കണ്ടില്ല എന്ന് നടിച്ചു.

ടാക്സി ഡ്രൈവറുടെ ശുഷ്കാ‍ന്തിയുടെ സഹായത്താല്‍ യൂനിവേര്‍സിറ്റിയില്‍ പതിനഞ്ച് മിനിറ്റ് കൊണ്ട് എത്തി. ടാക്സി ഡ്രൈവര്‍ ട്രാഫിക്കിനിടയിലൂടെ ആംബുലന്‍സ് ഓടിക്കുന്ന മട്ടിലായിരുന്നു വണ്ടി ഓടിച്ചിരുന്നത്. ഒരര്‍ത്ഥത്തില്‍ ഞാന്‍ അത്യസന നിലയിലും ആയിരുന്നല്ലോ.

എന്റെ ക്ലാസ്സിന്റെ മുന്നില്‍ വരെ ഞാന്‍ പോയില്ല ടാക്സിയില്‍. ടാക്സിയില്‍ ഒക്കെ പരീക്ഷയ്ക്ക് വന്നിറങ്ങുന്നത് കണ്ടാല്‍ ഞാന്‍ ഒരു പണക്കാരനാണെന്ന് തെറ്റിദ്ധരിക്കപ്പെടും. അതോടെ എന്റെ കഷ്ടകാലവും തുടങ്ങും. അത് കൊണ്ട് രണ്ട് കെട്ടിടങ്ങള്‍ക്കിപ്പുറം നിര്‍ത്തി ഞാന്‍ ഇറങ്ങി. കൂലിയായി നൂറ്റമ്പത് രൂപ കൊടുക്കേണ്ടി വന്നു. അത് എന്റെ വെപ്രാളം കണ്ട് അയാള്‍‍ കൂടുതല്‍ വാ‍ങ്ങിയതാണോ സഹതാപത്തിന്റെ പുറത്ത് കുറച്ച് തന്നിരുന്നോ, അതോ അതാണോ ശരിയായ കൂലി എന്നൊന്നും ഇപ്പോഴും എനിക്കറിയില്ല. ഞാന്‍ ആകെ എന്റെ ജീവിതത്തില്‍ സ്വന്തം കൈയ്യില്‍ നിന്ന് ടാക്സിക്ക് കാശ് കൊടുത്തിട്ടുള്ളത് അന്നാണ്.

പിന്നെ ഒരോട്ടമായിരുന്നു. രാവിലെ നല്ല വെയിലും ഉണ്ടായിരുന്നു. അഞ്ച്-പത്ത് മിനുട്ടോളം ഓടി ക്ലാസ്സില്‍ എത്തുമ്പോഴേക്കും ഞാന്‍ ആകെ വിയര്‍ത്ത് കുതിര്‍ന്നിരുന്നു. രാവിലത്തെ ടെന്‍ഷനും, ഓട്ടവും, അനാവശ്യമായി കാശ് ചിലവായ വിഷമവും എല്ലാം കൊണ്ട് എനിക്കപ്പൊഴേക്കും തലവേദനിച്ചും തുടങ്ങി. ഈ ഒരു മാനസികാവസ്ഥയില്‍ മനസ്സമാധാനമായി ഇരുന്ന് പരീക്ഷ നന്നായി എഴുതാം എന്നൊരു പ്രതീക്ഷയും അപ്പോഴുണ്ടായിരുന്നില്ല. വന്ന സ്ഥിതിക്ക് എഴുതിക്കളയാം എന്ന് മാത്രം.

ആകെ ക്ഷീണിതനായി ക്ലാസ്സില്‍ എത്തിയപ്പോള്‍ അവിടേയും ആരുമില്ല. എന്താ ഇന്ന് ഞാന്‍ പോകുന്നിടത്തൊന്നും ആളില്ലാത്തത്? ഇനി രാവിലെ ഒരു മണിക്കൂര്‍ വൈകിയത്, ഈ സമയം കൊണ്ട് മൂന്ന് മണിക്കൂറായോ, എല്ലാവരും പരീക്ഷ കഴിഞ്ഞ് പോയോ എന്ന് പേടിയായി. വാച്ചില്‍ പല‌ആവര്‍ത്തി നോക്കി. ഇല്ല തെറ്റിയിട്ടില്ല. സമയം ശരി തന്നെ.

ആരോടെങ്കിലും ഒന്ന് ചോദിക്കാം എന്ന് കരുതിയിട്ട്‍ ആരെയും കാണാനുമില്ലായിരുന്നു അവിടെങ്ങും. വേഗം നോട്ടിസ് ബോര്‍ഡില്‍ ചെന്ന് നോക്കി. പരീക്ഷ എങ്ങാനും മാറ്റിവച്ചതാണോ?

നോട്ടീസ് ബോര്‍ഡിലെ പരീക്ഷാ കലണ്ടറും ചുമരില്‍ തൂക്കിയിട്ടിരുന്ന സാധാ കലണ്ടറും ഒത്ത് നോക്കിയപ്പോള്‍ പോയ ബോധം എപ്പോള്‍ വന്നു എന്ന് എനിക്ക് ഇപ്പോള്‍ ഓര്‍ത്തെടുക്കാനാകുന്നില്ല.

കാരണം, എനിക്കന്ന് അലാറം വച്ചപ്പോള്‍ മാറിപ്പോയത് ഒരു മണിക്കൂര്‍ മാത്രമല്ല, ഒരു ദിവസം കൂടെ ആയിരുന്നു.

അന്ന്, അന്ന്, ... അന്നൊരു ഞായറാഴ്ച ആയിരുന്നു.

Wednesday, July 26, 2006

എ.ടി.എം മെഷീനും ഞാനും

ഇന്നലെ ഓഫീസില്‍ നിന്ന് ഇറങ്ങിയത് പതിവില്ലാത്ത സന്തോഷത്തോടെ ആയിരുന്നു.

ആദ്യമായി ഒരു ജോലി, പറഞ്ഞ സമയത്ത്, പറഞ്ഞ രീതിയില്‍ ചെയ്ത് കൊടുത്തതിന്റെ സന്തോഷം. ഞാന്‍ ചെയ്ത ഒരു പ്രോഗ്രാം ആദ്യമായി മുഴുവനും ഒരു തെറ്റുമില്ലാതെ ഓടി കണ്ട നിര്‍വൃതി വേറെ. കഴിഞ്ഞു എന്ന് ഞാന്‍ പറഞ്ഞത് കേട്ട് മാനേജറുടെ മുഖത്ത് കണ്ട സന്തോഷം, ആ ആശ്വാസം, ഹൊ. അത് ഞാന്‍ എങ്ങിനെ മറക്കും. ഇന്നലത്തെ എന്റെ ജീവിതം ധന്യമായി അങ്ങിനെ.

ആ സന്തോഷത്തില്‍ ഒരു മൂളിപ്പാട്ടും പാടി, എന്തൊക്കെയോ പകല്‍ക്കിനാവുകളും ഒക്കെ കണ്ടായിരുന്നു ഞാന്‍ വീട്ടിലേക്ക് വൈകുന്നേരം യാത്രയായത്. മനസ്സെവിടെയോ, കാലെവിടെയോ എന്ന രീതിയില്‍ അങ്ങിനെ നടക്കുമ്പോഴായിരുന്നു വഴിയില്‍ ഞാന്‍ എന്റെ ബാങ്കിന്റെ എ.ടി.എം കാണുന്നത്.

പതിവില്ലാതെ അവിടെ ഒഴിഞ്ഞ് കിടന്നിരുന്നു. സാധാരണ നല്ല ക്യൂ ഉണ്ടാകാറുള്ള സ്ഥലമാണ്. അതു കൊണ്ട് വല്ലപ്പോഴും മാത്രമേ കാശെടുക്കാന്‍ അവിടെ പോകാറുണ്ടായിരുന്നുള്ളൂ. പോകുമ്പോള്‍ എടുക്കാവുന്നത്രയും എടുത്തു വയ്ക്കുകയും ചെയ്യും. അതിനാല്‍ കാശെടുക്കാനുള്ള ബട്ടനല്ലാതെ വേറെ ഒന്നും അവിടെ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല. മെഷീനിന്റെ പ്രവര്‍ത്തനരീതി ഒന്ന് മുഴുവനും കണ്ട് മനസ്സിലാക്കാന്‍ ഇത് തന്നെ തക്കം എന്ന് ഞാന്‍ മനസ്സില്‍ വിചാരിച്ച് അങ്ങോട്ട് കയറി.

നേരത്തേ പാടിക്കൊണ്ടിരുന്ന മൂളിപ്പാട്ട് അപ്പോഴും ഞാന്‍ നിര്‍ത്തിയിട്ടുണ്ടായിരുന്നില്ല. മൈക്കിള്‍ ജാക്സനെക്കണക്കെ ഇടയ്ക്ക് കയ്യും കാലും ഊരി തെറിച്ച് പോകുന്ന പോലെ ചില നൃത്തച്ചുവടുകളും കാണിച്ച് കൊണ്ടാണ് ആ എ.ടി.എം ഇല്‍ ഞാന്‍ നില്‍ക്കുന്നുണ്ടായിരുന്നത്. അവിടെ ഉണ്ടായിരുന്ന ക്യാമറയില്‍ എല്ലാം പതിഞ്ഞ് കാണണം. അത് കണ്ട് എനിക്ക് ആരാധകര്‍ ഉണ്ടായിക്കാണുമോ എന്തോ.

മെഷീനിനകത്ത് ഞാന്‍ എന്റെ കാര്‍ഡ് ഇട്ടു. മെനു തെളിഞ്ഞ് വന്നു. പതിവില്ലാത്ത ഒരു മാറ്റം. സ്കീനില്‍ എഴുതിയിരിക്കുന്നതു ഞാന്‍ ഇതു വരെ കാണാത്ത എന്തൊക്കെയോ. കാശെടുക്കാനുള്ള ഓപ്ഷന്‍ മാത്രം അതു പോലെ. ഫോര്‍മാറ്റ് ചെയ്തു കാണും, എന്റെ കമ്പ്യൂട്ടര്‍ മനസ്സ് ചിന്തിച്ചു. പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്തതായിരിക്കാം, അല്ലെങ്കില്‍ പുതിയ സോഫ്റ്റ്വെയര്‍. ഇല്ലെങ്കില്‍ പാച്ച് ഇറങ്ങിയതാവാനും സാധ്യത ഉണ്ട്. എന്തായാലും വന്ന ദിവസം കൊള്ളാം. ഇതൊക്കെ സൌകര്യമായി കാണാന്‍ പറ്റിയല്ലോ.

ബ്ലോഗില്‍ പോയി വായിച്ച്, കമന്റിട്ട്, പിന്നെ തനിമലയാളത്തില്‍പ്പോയി അടുത്ത ബ്ലോഗില്‍ പോയി കമന്റിട്ട് എന്ന പ്രക്രിയ പോലെ ഓരോ മെനുവിലുമായി ഞാന്‍ കയറിയിറങ്ങി. പുതുതായി പലതും കണ്ടു. എന്തെല്ലാം ലോകത്ത് നടന്ന് കൊണ്ടിരിക്കുന്നു. ചിലതെങ്കിലും അറിയണ്ടേ?

അഞ്ച് പത്ത് മിനുട്ട് ആയപ്പോഴേക്കും ബോറടിച്ചു തുടങ്ങി. ഇനി മതിയാക്കാം എന്നായി. എന്തായാലും വന്നതല്ലേ ഒരു 100 രൂപ എടുത്തേക്കാം എന്നും തീരുമാനിക്കപ്പെട്ടു.

എത്ര വേണം എന്ന ചോദ്യത്തിന് 100 എന്ന് പറഞ്ഞ് കഴിഞ്ഞപ്പോഴാണ്, എന്റെ പിന്‍ നമ്പര്‍ മെഷീന്‍ ചോദിച്ചത്. ഞാന്‍ പിന്‍ നമ്പര്‍ അവിടെ അമര്‍ത്തി. പിന്‍ തെറ്റാണെന്ന അറിയിപ്പ് വന്നു. നമ്പര്‍ ഞെക്കിയപ്പോള്‍ ഉന്നം തെറ്റിയതായിരിക്കും എന്ന് കരുതി ഒന്നും കൂടെ നമ്പര്‍ അമര്‍ത്തി. വിണ്ടും വന്നു അറിയിപ്പ്, നമ്പര്‍ തെറ്റാണെന്ന്. അപ്പോള്‍ ഉന്നം തെറ്റുന്നതല്ല, നമ്പര്‍ ആണ് തെറ്റുന്നത്.

എന്റെ സഹമുറിയനെ നല്ല വിശ്വാസമായതിനാല്‍ എന്റെ പിന്‍ നമ്പര്‍ ഞാന്‍ എവിടേയും എഴുതി വച്ചിട്ടുണ്ടായിരുന്നില്ല. എന്റെ മനസ്സില്‍ മാത്രമേ ഉള്ളൂ. എന്റെ ഓര്‍മ്മ, ബുദ്ധിയുടെ അത്ര നല്ല പ്രവര്‍ത്തനശേഷി ഉള്ള ഒന്നല്ലാത്തത് കാരണം സംശയമായി. ഒന്നോ രണ്ടോ അക്കങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോകാനുള്ള സാധ്യത വളരെക്കൂടുതലാണ്.

നടുക്കുള്ള സംഖ്യകള്‍ തിരിച്ചിട്ട് ഒന്നും കൂടെ ശ്രമിച്ച് നോക്കി. രക്ഷയില്ല. അവസാനത്തേയും ആദ്യത്തേയും തിരിച്ചിട്ട് നോക്കി. കിം ഫല.

ഇനി എന്റെ മനസ്സ് ആദ്യം പറഞ്ഞ സംഖ്യ തന്നെ ഒന്നും കൂടെ ശ്രദ്ധിച്ച് ഇട്ടു നോക്കാം എന്ന് കരുതി. കമന്റ് വേരിഫിക്കേഷന്‍, ഓരോ അക്ഷരവും രണ്ടാമതും നോക്കി ഉറപ്പാക്കി മാത്രം ടൈപ്പ് ചെയ്യുന്ന പോലെ പതുക്കെ പതുക്കെ പിന്‍ നമ്പര്‍ കുത്തി. ഇത്തവണ പിന്‍ തെറ്റി എന്ന അറിയിപ്പ് വന്നില്ല.

പകരം വന്നത്, “ഇത്രയും ശ്രമിച്ചാല്‍ മതി. ഇനി ഈ കാര്‍ഡ് വേണമെന്നുണ്ടെങ്കില്‍ ബാങ്കില്‍ വന്ന് വാങ്ങണം” എന്ന അറിയിപ്പായിരുന്നു.

അതെന്താ ‍‍അങ്ങിനെ സംഭവിച്ചത് എന്ന സംശയമായി. ഇത് പതിവില്ലാത്തതാണല്ലോ. പോക്കറ്റില്‍ നിന്ന് പര്‍സ് എടുത്ത് നോക്കി. ഞാന്‍ ഞെട്ടി. ഡെബിറ്റ് കാര്‍ഡ് അതില്‍ തന്നെ കിടക്കുന്നുണ്ട്. അപ്പോള്‍ ഞാന്‍ ഇത്രയും നേരം അതിന്റെ അകത്തിട്ട് കളിച്ചത്? പര്‍സില്‍ തന്നെ വീണ്ടും തപ്പി. വിസിറ്റിങ്ങ് കാര്‍ഡും പര്‍സില്‍ തന്നെ ഉണ്ട്. എന്റെ ലൈസന്‍സും. പിന്നെ മെഷീന്‍ വിഴുങ്ങിയതെന്ത്?

കൂടുതല്‍ അന്വേഷണത്തില്‍ ഒരു കാര്യം വെളിവായി. എന്റെ ക്രെഡിറ്റ് കാര്‍ഡ് കാണുന്നില്ല. അപ്പോള്‍ അവന്‍ തന്നെ വില്ലന്‍. അത് പോയി. അങ്ങോട്ട് കേറിയ നേരത്തെ ശപിച്ച് കൊണ്ട് വേഗം ഫോണ്‍ എടുത്ത് കസ്റ്റമര്‍ സെര്‍വീസിന്റെ വിളിച്ച് കാര്‍ഡ് നഷ്ടപ്പെട്ട കാര്യം അറിയിച്ചു. “അത്രേയുള്ളോ, ബാങ്കിന്റെ മെയില്‍ ഓഫീസില്‍ നിന്ന് രണ്ട് ദിവസം കഴിഞ്ഞ് വന്ന് വാങ്ങിക്കോളൂ, ശുഭദിനം” എന്ന്‍ മറുപടി.

ആ ബ്രാഞ്ച് ആണെങ്കില്‍ എന്റെ വീട്ടില്‍ നിന്ന് വളരെയധികം ദൂരത്തിലും. ഇനി അത് വാങ്ങാ‍ന്‍ ഒരു അരദിവസമെങ്കിലും മെനക്കെടണം. സമയത്ത് ജോലി തീര്‍ത്തതിന്റേയും, ആദ്യമായി ഒരു അഭിനന്ദനം മാനേജറുടെ അടുത്ത് നിന്ന് കിട്ടിയതിന്റേയും സന്തോഷം അവിടെ നിന്നു. ഇനി മേലാല്‍ ഒരു പണിയും സമയത്ത് ചെയ്ത് തീര്‍ക്കില്ലെന്ന ഉഗ്രപ്രതിജ്ഞയുമെടുത്ത് ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തവനായിത്തീര്‍ന്ന ദുഃഖത്തില്‍ മൂളിപ്പാട്ടിനുപകരം ശോകഗാനം മൂളിക്കൊണ്ട് ഞാന്‍ വേച്ച് വേച്ച് വീട്ടിലേക്ക് നടന്നു. എന്റെ ക്രെഡിറ്റ് കാര്‍ഡ് ഒന്ന് നിലവിളിക്കാന്‍ കൂടെ കഴിയാതെ, അനാഥമായി ആ മെഷിനിനകത്തും. ഡെബിറ്റ് കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും തിരിച്ചറിയാന്‍ പാടില്ലാതെ വൃത്തികെട്ട മെഷീന്‍. അവനൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ല, നോക്കിക്കോ

Thursday, July 20, 2006

എന്നാലും എന്നെയന്ന് വിളിച്ചതാരായിരുന്നു?

അവസാ‍നവര്‍ഷ ബിരുദത്തിനു പഠിക്കുമ്പോഴാണ് എനിക്ക് അപ്പന്റിസൈറ്റിസിന്റെ അസ്കിത മുട്ടുന്നത്. അവന് മൂപ്പെത്തിയെന്നും വിളവെടുക്കാറായെന്നും, അവനെ പെട്ടെന്ന് വെളിയിലേക്കെടുത്തില്ലെങ്കില്‍ എന്നെ പറമ്പിലേക്കെടുക്കേണ്ടി വരുമെന്നും കണ്ണില്‍ ചോരയില്ലാതെ ഡാക്കിട്ടര്‍ പറഞ്ഞപ്പോള്‍ ഇഞ്ചക്ഷന്‍ എന്ന് കേട്ടാള്‍ തന്നെ തലകറങ്ങുന്ന ഞാന്‍ ഗത്യന്തരമില്ലാതെ ഓപ്പറേഷനു സമ്മതിക്കുകയായിരുന്നു.

സുഖപ്രസവമായിരുന്നു എന്റേത്. പക്ഷെ കുടലില്‍ തുള വീണതിനാല്‍ കട്ടിയാഹാരം കഴിക്കാന്‍ എനിക്ക് വിലക്കുണ്ടായിരുന്നു. അതിന്റെ ക്ഷീണവും, വയറില്‍ കുത്തിക്കെട്ടുള്ളതിനാല്‍ നടക്കാനുള്ള ബുദ്ധിമുട്ടും കാരണം തുടര്‍ന്നുള്ള ദിവസങ്ങള്‍ എന്റെ ജിവിതം കട്ടിലില്‍ തന്നെ കഴിച്ച് കൂട്ടേണ്ടി വന്നു. ആയിടയ്ക്കുള്ള ദിവസങ്ങളിലൊന്നിലെ പ്രാഭാതത്തില്‍ എന്റെ കട്ടിലിനരികിലെ ഫോണ്‍ ശബ്ദിച്ചു. ക്ണീം ക്ണീം ...

ഔട്ഗോയിങ്ങ് എല്ലാവരും ഉപയോഗിക്കാരുണ്ടെങ്കിലും ഇന്‍‌കമിങ്ങ് എനിക്ക് മാത്രമായിരുന്നതിനാല്‍ വീട്ടില്‍ ഫോണ്‍ കണക്ഷന്‍ എടുത്ത് അധികകാലമാകുന്നതിനു മുന്നേ തന്നെ ആ ഫോണ്‍ സ്വീകരണമുറിയില്‍ നിന്ന് എടുത്ത് എന്റെ മുറിയില്‍ കൊണ്ട് വച്ചിരുന്നു. കുറച്ച് കാലം ഫോണ്‍ സ്വീകരണമുറിയില്‍ ഉണ്ടായിരുന്ന കാലത്ത് എനിക്ക് സ്വീകരണമുറിയില്‍ നിന്ന് എന്റെ മുറിയിലേക്ക് പോകാന്‍ സമയം കിട്ടുന്നുണ്ടായിരുന്നില്ല എന്ന കാരണത്താല്‍ എന്റെ മാതാപിതാക്കന്മാര്‍ തന്നെ എടുത്ത ഒരു തീരുമാനം ആയിരുന്നു അത്.

ഞാന്‍ ഫോണ്‍ എടുത്തു.

ഹലോ
ഹലോ
ശ്രീജിത്ത് അല്ലേ
അതെ. ആരാണ്?
എന്റെ ശബ്ദം കേട്ടിട്ട് മനസ്സിലായില്ലെ?
ഇല്ലല്ലോ. പിടികിട്ടുന്നില്ല.
എന്നാല്‍ ഞാന്‍ പറഞ്ഞ് നീ അറിയണ്ട.
ഓ, പേരറിയണമെന്ന് എനിക്കും വലിയ നിര്‍ബന്ധം ഒന്നുമില്ല.
പിന്നെ എന്തുണ്ട് വിശേഷം?

ഇത്രയും സംഭാഷണത്തില്‍ നിന്ന്‍ മറുതലയ്ക്കല്‍ ഒരു പെണ്‍കുട്ടി ആണെന്ന് മനസ്സിലായിക്കാണുമല്ലോ. അതിനാല്‍ സംഭാഷണം വീണ്ടും തുടര്‍ന്നു.

വീട്ടില്‍ ഒറ്റയ്ക്കിരുന്ന് ബോറടിച്ചിരിക്കുകയായിരുന്നതിനാല്‍ വര്‍ത്തമാനം പറയാന്‍ ഒരാളെ കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ഞാന്‍. എന്റെ ഓപ്പറേഷനെക്കൂറിച്ചും, വരാനിരിക്കുന്ന എന്റെ പരീക്ഷകളെക്കുറിച്ചും, അതിന്റെ തയ്യാറെടുപ്പുകളെക്കുറിച്ചും, പരീക്ഷ കഴിഞ്ഞാല്‍ പിന്നെ എന്ത് എന്നതിനെക്കുറിച്ചും, അങ്ങിനെ അങ്ങിനെ ഞാന്‍ വാതോരാതെ സംസാരിച്ചു. ഇതിനിടയില്‍ ഞാന്‍ ഒരുതവണ പോലും മറുതലയ്ക്കല്‍ ആരാണെന്നു ചോദിക്കുകയോ, ആ ശബ്ദം തിരിച്ചറിയാന്‍ ശ്രമിക്കുകയോ ചെയ്തില്ല.

ഇടയ്ക്കെപ്പോഴോ ക്ലോക്കില്‍ നോക്കിയപ്പോള്‍ ആ ഫോണ്‍ വിളി ഒരുമണിക്കൂറിലേറെ കഴിഞ്ഞിരിക്കുന്നു എന്ന് മനസ്സിലായി. ഇനിയും പേര് ചോദിക്കാതിരിക്കുന്നത് മോശമാണ് എന്ന് തോന്നിത്തുടങ്ങി. ഒരാള്‍ മാത്രം സംസാരിക്കുന്നതില്‍ ഒരു ഔചിത്യക്കുറവ് ഇല്ലേ എന്നും സംശയം.

അപ്പോള്‍ ഇനി പറയൂ.
എന്ത്?
ഒരു മുത്തശ്ശിക്കഥ പറയാ‍നല്ലേ എന്നെ വിളിച്ചത്. അതിനി പറ എന്ന്‍.
അയ്യോ! മുത്തശ്ശി അവിടെ ഉണ്ടോ? എന്നാല്‍ ഞാന്‍ പിന്നെ വിളിക്കാം.
ക്‍ടിന്‍ ...

അവള്‍ ഒരു മുന്നറിയിപ്പും ഇല്ലാതെ ഫോണ്‍ വച്ചു. പേരുംകൂടി മനസ്സിലാക്കാന്‍ പറ്റിയില്ല.

എന്നെ എന്നും വിളിക്കാറുണ്ടായിരുന്ന, അഥവാ ഞാന്‍ സ്ഥിരം വിളിക്കാറുണ്ടായിരുന്ന അര-ഡസന്‍ പെണ്‍കുട്ടികളെങ്കിലും ഉണ്ടായിരുന്നു അന്ന്. അതിലാരുമാവാന്‍ സാധ്യത ഇല്ല. ആ ശബ്ദങ്ങള്‍ എനിക്ക് ചിരപരിചിതം. പിന്നെ ആര് എന്ന ചോദ്യം എന്നെ വലച്ചു. നീ ആണോ എന്ന് ചോദിച്ച് നടക്കാനും കഴിയില്ല. അപ്പൊ നിനക്കെന്റെ ശബ്ദം അറിയില്ലല്ലേ എന്ന് അവര്‍ തിരിച്ച് ചോദിച്ചാല്‍ ഞാന്‍ കുഴയും.

കൌതുകകരമായ വസ്തുത ഇതൊന്നുമല്ല. എന്റെ മുത്തശ്ശിമാര്‍ എന്റെ കൂടെയല്ല താമസമെന്നും, അവര്‍ കണ്ണുരിലാണെന്നും (ഞാന്‍ ബിരുദം പഠിച്ചത് എറണാകുളത്താണ്) എന്റെ സുഹൃത്തുക്കള്‍ക്ക് മുഴുവന്‍ അറിയാം. അപ്പോള്‍ അത് പോലും അറിയാത്ത ഇവള്‍ ആരായിരിക്കും?

ഇനി അവള്‍ക്ക് നം‌മ്പര്‍ തെറ്റിയതായിരിക്കുമോ? മറ്റേതെങ്കിലും ശ്രീജിത്തിനെയാകുമോ അവള്‍ വിളിച്ചത്?

ഇന്നും ഇതൊരു ഉത്തരം കിട്ടാത്ത ചോദ്യമായ് തുടരുന്നു.

എന്നാലും എന്നെയന്ന് വിളിച്ചതാരായിരുന്നു?

Monday, July 17, 2006

പിറന്നാളാഘോഷ സ്മരണകള്‍

രണ്ടാം ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് മീറ്റും, ബാംഗ്ലൂര്‍ ബ്ലോഗ്ഗേര്‍സ് അസ്സോസിയേഷന്റെ ആദ്യകാ‍ല മെംബറുമായ ശ്രീജിത്തിന്റെ ജന്മദിനവും ഇക്കഴിഞ്ഞ ജൂലായ് പതിനഞ്ചിന് സമുചിതം കൊണ്ടാടപ്പെട്ടു.

ഒന്നാം ബാംഗ്ലൂര്‍ മീറ്റിന്റെ അന്നു തന്നെ എന്ന് രണ്ടാം മീറ്റ് നടത്തണമെന്നും തീരുമാനിക്കപ്പെട്ടതായിരുന്നു. എല്ലാ മാസവും ഒരു മീറ്റ് നടത്താന്‍ തന്നെയായിരുന്നു അംഗങ്ങള്‍ ഇച്ഛിച്ചതും, അസോസിയേഷന്‍ കല്‍പ്പിച്ചതും.

ജൂലായ് പതിഞ്ച് ശനിയാഴ്ച, വൈകീട്ട് അഞ്ചരയ്ക്ക് എല്ലാവരും ബാംഗ്ലൂരിലെ ഫോറം മാളില്‍ വച്ച് കാണാം എന്ന് തീരുമാനിക്കപ്പെട്ടു. കഴിഞ്ഞ ബാംഗ്ലൂര്‍ മീറ്റിന് വന്നവര്‍ക്കെല്ലാം ക്ഷണക്കത്ത് എസ്.എം.എസ് വഴി അയച്ചു. എല്ലാവരും എത്താമെന്നും ഏറ്റു.

ഞാന്‍ അഞ്ചര കഴിഞ്ഞ് ഇത്തിരി കഴിഞ്ഞ് ഒരു ആറ് മണിയായപ്പോള്‍ അവിടെ എത്തി. ഫോറത്തില്‍ ബാര്‍, അല്ലല്ല, നല്ല ഒരു ഹോട്ടല്‍ ഇല്ലാത്തതിനാല്‍ തമ്മില്‍ ഒത്ത് കൂടാന്‍ ഒരു സ്ഥലം മാത്രമായിരുന്നു ഫോറം. ബൈക്കിന് ഫോറത്തില്‍ പാര്‍ക്കിങ്ങ് ഫീ പത്ത് രൂപയാണ്. ആകെ പത്ത് മിനുട്ട് അവിടെ നില്‍ക്കാന്‍ പത്ത് രൂപ ചിലവാക്കി പാര്‍ക്ക് ചെയ്യാന്‍ തോന്നിയില്ല. പോരാണ്ട് പത്ത് രൂപ എന്ന് പറഞ്ഞാല്‍ ചില്ലറക്കാര്യമാണോ? ഫോറത്തിന് പുറത്തുള്ള മറ്റൊരു ഷോപ്പിങ്ങ് കോമ്പ്ലെക്സിന്റെ മുന്നില്‍ ബൈക്ക് പാര്‍ക്ക് ചെയ്ത് ഞാന്‍ ഫോറത്തില്‍ എത്തി.

അവിടെ മഴനൂലുകളും, വര്‍ണ്ണമേഘങ്ങളും കുറ്റിയടിച്ച് നില്‍ക്കുന്നുണ്ടായിരുന്നു. എന്നെക്കണ്ട് ബര്‍ത്ത്ഡേ ബമ്പ്സ് എന്നറിയപ്പെടുന്ന പൃഷ്ഠമര്‍ദ്ദനം നടത്താന്‍ ശ്രമിച്ചെങ്കിലും അവിടെയുണ്ടായിരുന്ന തിരക്ക് മൂലം നടന്നില്ല. മൂന്നാളും ചേര്‍ന്ന് അന്ന് ചെയ്യേണ്ട കര്‍മ്മപരിപാടികള്‍ നടത്താന്‍ പ്ലാന്‍ ഒരുക്കുമ്പോഴേക്കും നളനും അവിടെ എത്തി. കുറേക്കഴിഞ്ഞ് കുട്ടപ്പായിയും( കുട്ടപ്പായി ഫോറത്തിന്റെ മുന്നില്‍ വളരെ നേരത്തേ എത്തിയിരുന്നെങ്കിലും, ആ വഴി മുഴുവന്‍ വണ്‍‌വേ ആയിരുന്നതിനാലും, വളയ്ക്കാന്‍ പിന്നേയും ഒരു കിലോമീറ്റര്‍ അപ്പുറം പോയി വരണമെന്നതിനാലും എത്തിയപ്പോള്‍ വൈകി) ഞങ്ങളോടോപ്പം ചേര്‍ന്നു.

ഔട്ടര്‍ റിങ്ങ് റോഡില്‍ ഉള്ള 'ദ ധാബ' എന്ന ഹോട്ടലില്‍ പോകാം എന്ന് അസ്സോസിയേഷന്‍ തീരുമാനമെടുത്തു. ചില തിരക്കുകള്‍ കാരണം നളന് അപ്പോള്‍ തന്നെ തിരിച്ച് പോകേണ്ടി വന്നു. കുറച്ച് കഴിഞ്ഞപ്പോഴേക്കും അജിത്തും എത്തിച്ചേര്‍ന്നു.

എല്ലാവരും ചേര്‍ന്ന് കുട്ടപ്പായിയുടെ കാറില്‍, ധാബയിലേക്ക് യാത്രയായി.

അവിടെ ഒരു മേളമായിരുന്നു പിന്നീട് നടന്നത്. ഒച്ചയും ബഹളവുമായി മലയാളികളുടെ തനി കൊണം ഞങ്ങള്‍ അവിടെ കാണിച്ചു കൊടുത്തു. അവിടെ ഇരുന്ന് ലൈവായി ഗസല്‍ പാടിക്കൊണ്ടിരുന്ന ഗായകനെക്കൊണ്ട്, വര്‍ണ്ണമേഘം എനിക്ക് പിറന്നാള്‍ ആശംസിപ്പിച്ചു, പരസ്യമായി. അതിലും നന്നായി ഞാന്‍ പാടും എന്ന് പറഞ്ഞ് കൊണ്ട് ഞങ്ങളുടെ ഇടയില്‍ നിന്ന് കൊണ്ട് മഴനൂലും പാടി ഒന്ന് രണ്ട് പാട്ടുകള്‍ പതിഞ്ഞ സ്വരത്തില്‍. ബഹളത്തില്‍ ഒന്നും കേട്ടില്ലെങ്കിലും എല്ലാവരും കൈയടിച്ച് പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.

കുട്ടപ്പായി ആദ്യ രണ്ട് പെഗ് വരെ സമാധാനപ്രിയനായിരുന്നെങ്കിലും, അതിനു ശേഷം എന്ത് ഒച്ച കേട്ടാലും ആരാടാ എന്നുറക്കെ പറഞ്ഞ് അടിയുണ്ടാക്കാന്‍ ശ്രമിക്കുന്നത് കാണാമായിരുന്നു. ഒരു നിമിഷത്തെ നിശബ്ദത എപ്പോഴുണ്ടായാലും, ഇനി ഞാന്‍ ഒരു തമാശ പറയാം എന്ന് പറഞ്ഞ് അജിത്ത്, താന്‍ പണ്ട് വായിച്ചിട്ടുള്ള നുറുങ്ങ്ബിന്ദുക്കള്‍ വിളബിക്കൊണ്ടിരുന്നു. അപകടം മനസ്സിലായതില്‍ പിന്നെ നിശബ്ദത ഉണ്ടാകാതിരിക്കാ‍ന്‍ വര്‍ണ്ണമേഘം പ്രത്യേക ശ്രദ്ധ ചെലുത്തി. സൌന്ദര്യയുടെ അവസാന സിനിമയായ ആപ്തമിത്രയെക്കുറിച്ച് ഒരു പ്രഭാഷണം കുട്ടപ്പായി നടത്താന്‍ ഒരുങ്ങുമ്പോഴാണ് അതുല്യച്ചേച്ചി ഫോണ്‍ വിളിച്ചത്. എറണാകുളത്ത് ഒരു നെറ്റ് കഫേയിലും മലയാളം ടൈപ്പ് ചെയ്യാന്‍ ആകുന്നില്ല എന്ന് അതുല്യച്ചേച്ചി വിഷമത്തോടെ പറഞ്ഞപ്പോള്‍, ങാഹാ, അതങ്ങിനെ വിടാന്‍ പറ്റില്ല എന്നും പറഞ്ഞ് മഴനൂല്‍ അടുത്ത പെഗ് ഓര്‍ഡര്‍ ചെയ്തു.

കൂട്ടത്തിലെ ഒരാളും ക്യാമറ കൊണ്ട് വരാതിരുന്നതിനാല്‍ ഫോട്ടോയെടുപ്പും, വീഡിയോ എടുപ്പുമായി എന്റെ മൊബൈല്‍ അവിടെ മുഴുസമയവും തിരക്കിലായിരുന്നു. എടുക്കുന്ന ഫോട്ടോ നന്നാവാതെയിരിക്കുമ്പോള്‍ അത് ഡിലീറ്റ് ചെയ്ത് അടുത്തത് എടുക്കും. അതും ശരിയാവില്ല, വീണ്ടും ഡിലീറ്റ്, അങ്ങിനെ അധികം സമയം കഴിയുന്നതിനു മുന്നേ തന്നെ മൊബൈല്‍, ദേ എന്റെ കാറ്റ് പോയേ എന്ന് പറഞ്ഞ് ഓഫായി. ആ സമയം കൊണ്ട് ആകെ ക്യാമറയില്‍ കയറിയത് ഒരേ ഒരു ചിത്രം മാത്രവും.

സമയം പതിനന്നോടടുത്തപ്പോള്‍ പിരിയാന്‍ എല്ലാവരും തീരുമാനിച്ചു. പിരിയുന്നതിനു മുന്‍പ് ഒരു പാട്ട് എല്ലാവരും പാടണമെന്ന് വര്‍ണ്ണമേഘത്തിന് നിര്‍ബന്ധം. മഴനുല്‍ “അനുരാഗ ലോല ഗാത്രീ.... വരവായി നീല... രാത്രീ....” എന്ന പാട്ട് പാടി ആ മഹാകര്‍മ്മ ഉത്ഘാടനം ചെയ്തു. അടുത്തത് വര്‍ണ്ണമേഘങ്ങള്‍; റേഡിയോ നാടകത്തില്‍ ഊമയുടെ ഗാനമേള പോലെ ചുണ്ട് മാത്രം അനക്കി ഒരു മനോഹരഗാനം ആലപിച്ചു. ഒച്ച തൊണ്ട വരെ എത്തിയോ, അതിനു മുന്നേ തന്നെ കട്ട് ആയോ എന്നതിന്റെ ഗവേഷണം നടത്താന്‍, ഗവേഷണം കുലത്തൊഴിലായ വക്കാരിയുടെ സഹായം തേടാന്‍ അസ്സോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. അടുത്തത് കുട്ടപ്പായി, കാനനച്ഛായയില്‍ ആട് മേയ്ക്കാന്‍ എന്ന സോങ്ങ് സിങ്ങി; എന്ന് ഞാന്‍ പറയില്ല, എല്ലാരും എന്നെ തല്ലും, അവന്‍ സോങ്ങ് ടെല്ലി. അടുത്ത ഊഴം അജിത്തിന്റെ, അവന്‍ പാട്ടിന്റെ ആദ്യ വരിയായ താനാരോ എന്ന് പാടിത്തുടങ്ങിയപ്പോഴേക്കും കുട്ടപ്പായി ചാടി വീണ് അവന്റെ വായ പൊത്തി. ജന്മദിനകുട്ടിയായ ഞാന്‍ ആയിരുന്നു അവസാനം. എന്റെ പാട്ടിനുള്ള ശ്രമത്തിനിടയില്‍ ഒന്ന് രണ്ട് അക്ഷരപ്പിശാച് വന്നു എന്ന് പറഞ്ഞ് വര്‍ണ്ണമേഘം എന്റെ പാട്ട് സെര്‍വറില്‍ ബ്ലോക്ക് ചെയ്തു. പാട്ടും വേണ്ട ഒരു മണ്ണാങ്കട്ടയും വേണ്ട എന്ന് പറഞ്ഞ് ഞാന്‍ പാടല്‍ നിര്‍ത്തി.

തുടര്‍ന്ന് കുട്ടപ്പായി വര്‍ണ്ണമേഘങ്ങളെയും അജിത്തിനേയും വീട്ടിലും, എന്നെയും മഴനൂലിനേയും ഫോറത്തിലും കാറില്‍ കൊണ്ട് വിട്ടതോടു കൂടി ബ്ലോഗ്ഗേര്‍സ് സമ്മേളനത്തിന് ഔപചാരികമായ വിരാമമായി. യാത്രയിലുടനീളം മഴനൂലുകള്‍ കഭീ കഭീ മേരേ ദില്‍ മേം എന്ന പാട്ട് പാടി എല്ലാവരേയും ആരാധകന്മാരാക്കി.

അപ്പോഴേക്കും ധാബ എന്ന ഹോട്ടലില്‍ ‍നിന്ന് ഇറങ്ങി അരമണിക്കൂറോളം ആയതിനാല്‍, ഞാനും മഴനൂലും ഫോറത്തിനുള്ളിലെ ട്രാന്‍സിറ്റ് എന്നയിടത്ത് കേറി ഒരോരോ മസാലദോശ കഴിച്ച് അത്ര നേരം കൊണ്ട് ഭക്ഷണം ദഹിച്ച് വയറില്‍ ഉണ്ടായ ഗ്യാപ്പ് നികത്തി. എന്റെ വീട്ടിലേക്ക് പോകുന്ന വഴിയിലാണ് മഴനൂലിന്റെ വീട് എന്നതിനാല്‍ മഴനുലിന്റെ അവിടെ കൊണ്ട് വിടാം എന്ന് തീരുമാനിച്ച് രണ്ടാളും ബൈക്ക് വച്ചിരിക്കുന്നിടത്തെത്തിയപ്പോള്‍, ഞാന്‍ ഭയപ്പെട്ടിരിക്കുന്നത് തന്നെ സംഭവിച്ചു. അവിടെ ബൈക്ക് ഇല്ല !!!

സമയം രാത്രി പതിനൊന്നര. ഈ പതിനൊന്നാം മണിക്കൂറില്‍ എന്ത് ചെയ്യാന്‍. അവിടെ കണ്ട ഒരാളോട് ബൈക്ക് കാണുന്നില്ല എന്ന വിവരം പറഞ്ഞപ്പോള്‍ ഇത് നോ പാര്‍ക്കിങ്ങ് ഏരിയാ ആയതിനാല്‍ പോലീസ് വണ്ടി എടുത്ത് കൊണ്ട് പോയി എന്ന മറുപടി കിട്ടി. ആടുഗോഡി പോലീസ് സ്റ്റേഷനില്‍ പോയി അന്വേഷിച്ചു നോക്ക് എന്ന നിര്‍ദ്ദേശവും.

അവിടെ കണ്ട ഒരു ഓട്ടോയില്‍ ഞാനും മഴനൂലും കയറി ആടുഗോഡി പോലീസ് സ്റ്റേഷന്‍ അറിയുമോ എന്ന് ചോദിച്ചു. പിന്നില്ലാണ്ട്, പക്ഷെ ഡബിള്‍ ചാര്‍ജ്ജ് ആകും, കേറിക്കോ എന്ന് ആ ചേട്ടന്‍ സന്തോഷത്തില്‍ പറഞ്ഞതിന്റെ ബലത്തില്‍ ഞങ്ങള്‍ കയറി പോലീസ് സ്റ്റേഷന്‍ തേടി യാത്രയായി.

കുറച്ച് ദൂരം കഴിഞ്ഞപ്പോള്‍, “ആടുഗോഡി എത്തി ഇറങ്ങിക്കോ” എന്ന് ഓട്ടോക്കാരന്‍. എവിടെ പോലീസ്‌സ്റ്റേഷന്‍ എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി, “പോലീസ് സ്റ്റേഷന്‍ ഒന്നും എനിക്കറിയില്ല, ഇതാണ് ആടുഗോഡി, പോലീസ് സ്റ്റേഷന്‍ ഇവിടെ എവിടെയെങ്കിലും കാണും” എന്നായിരുന്നു. “പിന്നെ എന്ത് പിണ്ണാക്കിനാണ് അറിയാം” എന്നും പറഞ്ഞോണ്ട് തലയാട്ടിയത് എന്ന് ചോദിക്കാന്‍ ഒരുമ്പെട്ടെങ്കിലും പിണ്ണാക്കിന്റെ കന്നഡ അറിയാത്തതിനാല്‍ ചോദിച്ചില്ല.

ലാലേട്ടന്റെ സ്റ്റ്രാറ്റജിയായ “നമുക്ക് ചോദിച്ച് ചോദിച്ച് പോകാം” എന്ന മഴനൂ‍ലിന്റെ തീരുമാനത്തില്‍ ഞങ്ങള്‍ വഴിയേ കാണുന്നവരോടെല്ലാം ചോദിക്കാന്‍ തുടങ്ങി. അര്‍ദ്ധരാത്രി ബാംഗ്ലൂര്‍ റോഡില്‍ കാണുന്നവരുടെ ദിശാബോധം മനസ്സിലായ ഒരു ദിവസമായിരുന്നു അത്. ചോദിക്കുന്നവര്‍ ഓരോരുത്തരും പറയുന്നത് ഒരോ ദിശ. തേരാപ്പാരാ ഓട്ടോ ഓടിച്ചതിന്റെ ഫലമായി അവസാനം ഭാഗ്യത്തിന് പോലീസ് സ്റ്റേഷന്‍ എന്ന ബോര്‍ഡ് ആരും പെട്ടെന്ന് ശ്രദ്ധിക്കാത്ത ഒരു മൂലക്ക് കണ്ടു. ഓട്ടോക്കാരനെ കാശ് കൊടുത്ത് മടക്കി, സ്റ്റേഷനില്‍ കയറി നോക്കിയപ്പോള്‍ അവിടെ ഉള്ളത് ആകെയൊരാള്‍ മാത്രം.

അങ്ങേര്‍ പറയുന്നത് തന്റെ കയ്യില്‍ താക്കോല്‍ ഇല്ലെന്നും, രാവിലെ മറ്റ് ആള്‍ക്കാര്‍ വന്നാലേ എന്തെങ്കിലും ചെയ്യാന്‍ പറ്റൂ എന്നും, പന്ത്രണ്ട് മണിക്കല്ല പോലീസ് സ്റ്റേഷനില്‍ ബൈക്ക് അന്വേഷിച്ച് വരുന്നതെന്നും ഒക്കെ ആയിരുന്നു. നിര്‍ഗ്ഗുണപരബ്രഹ്മത്തിനെപ്പോലെ, ചെരുപ്പും ഇല്ലാതെ, കണ്ണും തിരുമ്മി ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് വന്ന ആ സാറിനോട് എത്ര കെഞ്ചിയിട്ടും, കാശ് എത്രവേണമെങ്കിലും കൂടുതല്‍ തരാം എന്ന് പറഞ്ഞിട്ടും മറുപടി “ഞാന്‍ എന്ത് ചെയ്യാനാ മക്കളേ, ഞാന്‍ വിചാരിച്ചാല്‍ ഒന്നും നടക്കില്ല” എന്ന് തന്നെയായിരുന്നു.

പുറത്തിറങ്ങിയ ഞങ്ങള്‍ക്ക് ഓട്ടോ പിടിച്ച് തന്നെ വീട്ടില്‍ പോയി നാളെ തിരിച്ച് വന്ന് വണ്ടി എടുക്കുകയല്ലാതെ വേറെ നിവര്‍ത്തി ഇല്ലായിരുന്നു. ഞാന്‍ വിഷമിച്ച് താടിക്ക് കൈ കൊടുത്ത് നില്‍ക്കുന്ന സമയത്ത് മഴനൂലുകള്‍ പോയി ഒരു ഓട്ടോ പിടിച്ച് വന്നു. കോറമാങ്ക്‍ല ഇന്‍ഡോര്‍ സ്റ്റേഡിയം എന്ന മഴനൂലിന്റെ സ്ഥലം ഓട്ടോക്കാരനോട് പറഞ്ഞ് അങ്ങോട്ടേയ്ക്ക് ഓട്ടോയില്‍ പോയപ്പോള്‍, വഴിനീളെ ഞങ്ങള്‍ ഒന്നും മിണ്ടിയില്ലെന്നു തന്നെയാണെന്റെ ഓര്‍മ്മ.

ഇന്‍ഡോര്‍ സ്റ്റേഡിയം എത്തുന്നതിന് കുറച്ച് മുന്‍പായിരുന്നു മഴനൂലിന്റെ വീട്. ഓട്ടോ അവിടെ നിര്‍ത്തി മഴനൂല്‍ ഇറങ്ങി. എന്നോടും അവിടെ ഇറങ്ങൂ, തന്റെ വീട്ടില്‍ താമസിക്കുകയോ, തന്റെ ബൈക്കില്‍ എന്നെ വീട്ടില്‍ കൊണ്ട് വിടുകയോ ചെയ്യാമെന്ന് എന്നോട് പറഞ്ഞതാണ് മഴനൂല്‍. പക്ഷെ ഇനിയും കഷ്ടപ്പെടുത്തുന്നത് മര്യാദയല്ലല്ലോ എന്നോര്‍ത്ത് ഞാന്‍ ആ ക്ഷണം സ്നേഹപൂര്‍വ്വം നിരസിച്ചു.

തുടര്‍ന്ന് ഓട്ടോയില്‍ യാത്ര തുടര്‍ന്നു ഞാന്‍. ഇന്‍ഡോര്‍ സ്റ്റേഡിയം എത്തിയപ്പോള്‍ ഇടത്തേക്ക് തിരിയാന്‍ ഞാന്‍ ഓട്ടോക്കാരനോട് പറഞ്ഞു. ഇടത്തേക്കുള്ള വിജനമായ റോഡ് കണ്ട് ഓട്ടോക്കാരന്‍ ഒരു മിനുട്ട് ആലോചിച്ചു. എന്നിട്ട് അങ്ങോട്ട് വന്നാല്‍ അയാള്‍ക്ക് തിരിച്ച് ഓട്ടം കിട്ടില്ലാത്തതിനാല്‍ വരാന്‍ പറ്റില്ല എന്ന് അരുള്‍ ചെയ്തു. ഇവിടെ വരെ വരാനേ ഓട്ടം പിടിച്ചിട്ടുള്ളൂ എന്നും അയാള്‍ തര്‍ക്കിച്ചു. ഡബിള്‍ ചാര്‍ജ്ജ് തരാമെന്ന് പറഞ്ഞതും അയാള്‍ക്ക് സ്വീകാര്യമായില്ല. എന്നെ ആ മഹാനുഭാവന്‍ രാത്രിയുടെ പന്ത്രണ്ടാം യാമത്തില്‍ നടുറോഡില്‍ ഇറക്കി വിട്ടു.

മഴനൂലിന്റെ വീട്ടീലേക്ക് തിരിച്ച് പോകാം എന്ന് വിചാരിച്ചാല്‍ എനിക്ക് വഴി അറിയില്ല. കുറച്ചധികം വളവുകളും തിരിവുകളും ഉണ്ട്. എന്റെ സഹമുറിയനെ വിളിക്കാം എന്ന് വിചാരിച്ചാല്‍ മൊബൈല്‍ ചത്തിട്ട് മണിക്കൂര്‍ കുറേക്കഴിഞ്ഞിരിക്കുന്നു. ആ വഴി പോയ ഒരു ഓട്ടോയും, റിട്ടേണ്‍ കിട്ടില്ല എന്ന കാരണത്താല്‍ ഓട്ടത്തിന് തയ്യാറായില്ല. ഗത്യന്തരമില്ലാതെ ബാക്കിയുള്ള രണ്ട് കിലോമീറ്ററോളം നടക്കാന്‍ എനിക്ക് തീരുമാനിക്കേണ്ടി വന്നു.

കുറച്ച് നടന്നപ്പോള്‍ മഴയും പെയ്യാന്‍ തുടങ്ങി. നനയാതിരിക്കാന്‍ വല്ല കടയുടെ തിണ്ണയിലും കയറി നിന്നാല്‍ അവിടെത്തന്നെ നില്‍ക്കേണ്ടി വരും. പോരാണ്ട് രത്രിയിലെ തണുപ്പത്ത്, പരിചയമില്ലാത്ത സ്ഥലത്ത്, മഴയുംകുടെ ആകുമ്പോള്‍, ധൈര്യം ഏത് വഴിക്ക് ചോര്‍ന്ന് പോകും എന്ന് ചോദിച്ചാല്‍മതി. അധികം സമയം കളയാണ്ട് എത്രയും പെട്ടെന്ന് വീട് പിടിക്കുകയാകും ഭേദം എന്ന് തോന്നി നീട്ടി വലിച്ച് ഒരു നടപ്പ് അങ്ങ് നടന്നു ഞാന്‍ വീട്ടിലേക്ക്.

നനയാന്‍ ഒരിഞ്ച് സ്ഥലം പോലും ശരീരത്തിലോ, വസ്ത്രത്തിലോ ഇല്ലാത്ത അവസ്ഥയില്‍ ഞാന്‍ വീട്ടില്‍ എത്തി, വസ്ത്രം മാറി, ചൂട് കിട്ടാന്‍ ഒന്ന് രണ്ട് പുതപ്പുകള്‍ക്കുള്ളിലേക്ക് ചുരുണ്ട് കയറി, ഉറങ്ങാന്‍ ശ്രമിക്കുമ്പോള്‍, ഇങ്ങനെ ഒരു പിറന്നാള്‍ ഇനി ഉണ്ടാകരുതേ എന്നൊരു പ്രാര്‍ത്ഥന മാത്രമായിരുന്നു മനസ്സില്‍. ഇത് വരെ ആഘോഷിക്കാതിരുന്ന രീതിയില്‍ ആര്‍ഭാഢമായി, നല്ലവണ്ണം ആസ്വദിച്ച് ചെയ്ത പിറന്നാളാഘോഷം, വീണ്ടും ഓര്‍ക്കാന്‍ ശ്രമിക്കുമ്പോഴും മനസ്സില്‍ വരുന്നുണ്ടായിരുന്നത്, എന്നെക്കൂടാതെ പരിചയമില്ലാത്ത സ്ഥലത്ത് ബന്ധനസ്ഥനായി കിടന്നിരുന്ന എന്റെ ബൈക്കായിരുന്നു. ട്രീറ്റിന് ചിലവായ പത്ത് മൂവായിരം രൂപയെക്കാളും എനിക്ക് കനത്തതായി തോന്നിയത് നാളെ ബൈക്കിന് ഫൈന്‍ കൊടുക്കേണ്ട മുന്നൂറ്‌ രൂപയായിരുന്നു. ഒരു പത്ത് രൂപ പാര്‍ക്കിങ്ങിന് കൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നെങ്കില്‍ എന്നോര്‍ക്കുമ്പോള്‍ ...