Friday, November 24, 2006

വിമാനമണ്ടത്തരം

കോളേജില്‍ റാഗ് ചെയ്യപ്പെടുമ്പോഴും, ഇപ്പോള്‍ പുതിയ ആളുകളുമായി മെയില്‍ വഴിയും ചാറ്റ് വഴിയും പരിചയപ്പെടുമ്പോഴും സ്ഥിരമായി കേട്ടിരുന്നതും ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നതുമായ ചോദ്യമാണ് “എന്തൊക്കെയാണ് ഹോബികള്‍?” എന്ന ചോദ്യം. പാട്ടു കേള്‍ക്കല്‍, ടി.വി കാണല്‍ എന്ന പതിവ് മറുപടികള്‍ക്കപ്പുറത്തൊന്നും ഇതു വരെ പറഞ്ഞിട്ടില്ല ആരോടും. എന്റെ ഹോബി അറിഞ്ഞിട്ട് ഇവന്മാര്‍ക്കൊക്കെ എന്നെ അനുകരിക്കാനല്ലേ, അങ്ങനെയിപ്പോള്‍ വേണ്ട.

എത്രയൊക്കെ നിഷേധിച്ചാലും ഒളിപ്പിക്കാന്‍ ശ്രമിച്ചാലും എന്റെ ഹോബി, സര്‍ഫിങ്ങ് എന്നതാണ്. അത് വെള്ളത്തിലോ (sea surfing) വായുവിലോ (wind surfing) ഒന്നുമല്ല. വെറുതേ കിട്ടുന്ന ഇന്റെര്‍നെറ്റ് ആണ് എന്റെ ഹോബിക്കളിക്കളം. ചെയ്യുന്നത്, ഹോബികള്‍ നിരോധിച്ചിരിക്കുന്ന ഓഫീസ് സമയത്തും. വെറുതേ കിട്ടുന്ന ഫോര്‍വേഡഡ് ഇ-മെയിലുകളില്‍ നിന്ന് കിട്ടുന്ന വാക്കുകള്‍ ഗൂഗിളില്‍ തിരയുക, അവിടുന്ന് കിട്ടുന്ന കീവേഡ് വച്ച് വീണ്ടും ഗൂഗിളില്‍ തിരയുക, വീണ്ടും എന്തെങ്കിലും വാക്കുകള്‍ കണ്ട് പിടിച്ച് പിന്നേയും തിരയുക, അങ്ങിനെ രാവിലെ തിരച്ചില്‍ തുടങ്ങി വൈകുന്നേരമാകുമ്പോഴേക്കും ഒന്നും കിട്ടാതെ മടങ്ങുക. ഇതാണ് എന്റെ ഫേവറേറ്റ് ഹോബി.

അങ്ങിനെ ഇന്ന് രാവിലെ വേള്‍ഡ് വൈഡ് വെബ്ബില്‍ കറങ്ങിത്തിരിഞ്ഞ് നടക്കുന്നതിനിടയില്‍ എവിടെയോ ഇന്റസ് ഏവിയേഷന്‍ എന്ന കമ്പനിയുടെ ഒരു പരസ്യം കണ്ണില്‍പ്പെട്ടു. അവര്‍ തങ്ങളുടെ പരസ്യത്തില്‍ പറഞ്ഞിരുന്നത് തങ്ങള്‍ വിമാനം പറത്തുന്നത് സൌജന്യമായി പഠിപ്പിക്കുമെന്നതാണ്.

കണ്ടതും എന്നിലെ അത്യാഗ്രഹത്തിന്റെ ശരറാന്തല്‍ ആഞ്ഞുകത്തി. കൂടുതല്‍ നോക്കിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ലഭ്യമായത്.

ഒന്ന്, ഈ സ്ഥാപനത്തിന് ബാംഗ്ലൂരില്‍ ബ്രാഞ്ച് ഉണ്ടെന്നുള്ളത്. രണ്ട്, അതെന്റെ വീട്ടില്‍ നിന്ന് കഷ്ടിച്ച് രണ്ട് കിലോമീറ്റര്‍ ദൂരത്ത്, കോറമാംഗലയില്‍ ആണുള്ളതെന്നത്. മൂന്ന്, അത് ഞാനെന്നും ഓഫീസിലേക്ക് വരുന്ന വഴിക്കരികില്‍ തന്നെയാണെന്നുള്ളത്.

ശരിയാണ്. ദിവസവും ഞാന്‍ കാണാറുള്ള കട തന്നെ ഇത്. ആ കടയുടെ മുന്നില്‍ പ്രദര്‍ശനത്തിന് വച്ചിരിക്കുന്ന വിമാനം കണ്ട് ഒരു ദിവസം ഞാനും സഹമുറിയനും കുറേനേരം വായുംപൊളിച്ച് നിന്നിട്ടുള്ളതാണ്. ഇതൊക്കെ ആരു വാങ്ങാനാണ്, വാങ്ങിയാല്‍ തന്നെ ബാംഗ്ലൂരില്‍ എവിടെ ഒന്ന് പാര്‍ക്ക് ചെയ്യും എന്നൊക്കെ ഒരുപാടു ചിന്തിക്കുകയും ചെയ്തിരുന്നു. പോരാതെ ആ വിമാനത്തിന്റെ ഒരു ചക്രമെങ്കിലും വാങ്ങാന്‍ ശമ്പളം തികയില്ലല്ലോ എന്നോര്‍ത്ത് മത്സരിച്ച് നെടുവീര്‍പ്പിട്ടുള്ളതുമാണ്. എന്നിട്ടും ഈ കടക്കാര്‍ ഇങ്ങനെ ഒരു ഓഫര്‍ കൊണ്ട് വന്നിട്ട് ഞാന്‍ അത് അറിഞ്ഞില്ലല്ലോ, ശ്രദ്ധിച്ചില്ലല്ലോ; മോശമായിപ്പോയി.

എന്തായാലും കണ്ടല്ലോ. ഇനി വിടാന്‍ പറ്റില്ല. പഠിച്ചിട്ട് തന്നെ കാര്യം. ചെറുപ്പത്തിലേ പറക്കാന്‍ എനിക്ക് വലിയ മോഹമായിരുന്നു. പട്ടവും കടലാസ് വിമാനവും ഒക്കെ കുറേ ഉണ്ടാക്കി പറത്തിയിട്ടുണ്ട്. സ്വന്തമായി വിമാനം ഉണ്ടാക്കാനുള്ള മോഹം, വിമാനത്തിന്റെ പ്രവര്‍ത്തനതത്വം മനസ്സിലാക്കാന്‍ പറ്റാതിരുന്നതുകൊണ്ടുമാ‍ത്രമാണ് ഉപേക്ഷിച്ചത്. പിന്നീട് പലപ്പോഴും നെടുമ്പാശ്ശേരി വഴി പോകുമ്പോള്‍ വിമാനങ്ങള്‍ പറന്നുയരുന്നതുനോക്കി പഠിക്കാന്‍ ശ്രമിച്ചതും എന്തോ ഫലവത്തായില്ല. ഉണ്ടാക്കാന്‍ പറ്റിയില്ലെങ്കിലെന്താ, വേറെ ആളുകള്‍ ഉണ്ടാക്കിയത് ഉപയോഗിക്കാമല്ലോ. അത് ഒന്ന് പയറ്റിയിട്ട് തന്നെ കാര്യം.

ഞാന്‍ സഹമുറിയനെ വിളിച്ച് കാര്യം പറഞ്ഞു. പക്ഷെ ഞാന്‍ പണ്ട് ചെറുപ്പത്തില്‍ ജയന്റ് വീലില്‍ കയറിയപ്പോള്‍ തല കറങ്ങി വീണതും, പണ്ട് മാവില്‍ കയറിയപ്പോള്‍ പേടിച്ച് പിന്നെ ഇറങ്ങാന്‍ പറ്റാതെ ഫയര്‍ ഫോര്‍സിനെ വിളിച്ചതും ഇപ്പോഴുള്ള വീടിന്റെ ബാല്‍ക്കണിയില്‍ പോയി താഴോട്ട് നോക്കാന്‍ ഇതു വരെ ധൈര്യം കാണിക്കാത്തതും ഒക്കെ പറഞ്ഞ് എന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു ആ മൂരാച്ചി. ഇവനൊക്കെ പറയുന്നത് ആര് കേള്‍ക്കാന്‍ നില്‍ക്കുന്നു!

ദേഷ്യം വന്നു എനിക്ക്. ഞാന്‍ ഒരു വൈമാനികനാകാനുള്ള ആദ്യ ചുവട് വയ്ക്കുമ്പോള്‍ അവന്‍ അതിനെ പുശ്ചിച്ച് തള്ളുന്നു, കളിയാക്കുന്നു. ഇന്ന് തന്നെ ആ കോര്‍സിന് ചേര്‍ന്നില്ലെങ്കില്‍ നോക്കിക്കോ എന്ന് ഞാന്‍ അവനെ വെല്ലുവിളിച്ചു. ഒരുമാസത്തിനകം ഒരു പൈലറ്റ് ലൈസന്‍സ് ഒപ്പിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. പണ്ട് ഫോര്‍ വീലര്‍ ലൈസനസ് എടുക്കാന്‍ അത്രയും സമയമാണ് എടുത്തത്, ചെറിയ വിമാനത്തിനും അത്രയല്ലേ ചക്രങ്ങളുള്ളൂ‍. പക്ഷെ ഇതൊന്നും നടന്നില്ലെങ്കില്‍ എന്റെ പേര് നിന്റെ പട്ടിക്കിട്ടോ എന്ന് ഞാന്‍ പറഞ്ഞില്ല. അവന്‍ കേറി ഇട്ടുകളയും, അവനെ വിശ്വസിക്കാന്‍ പറ്റില്ല.

എന്തായാലും ഞാന്‍ വിമാനം പറത്താന്‍ പഠിക്കും. ഞാന്‍ ഒരു വൈമാനികനാകും. എന്നിട്ട് എന്റെ വീടിന്റെ മുകളില്‍ കൂടി വട്ടത്തില്‍ വിമാനം പറത്തി എന്റെ സഹമുറിയനെ കൊഞ്ഞനം കുത്തിക്കാണിക്കും. അപ്പോഴേ അവന്‍ പഠിക്കൂ. അതാണ് എന്റെ പ്രതികാരം.

നമ്പറും പരസ്യത്തിലുണ്ടായിരുന്നു. അത് കൊണ്ട് ഇനി വൈകിപ്പിക്കുന്നില്ല. വിളിച്ച് കളയാം.

വിളിച്ചു.

ചോദിച്ചു.

അതെ. ഫ്രീ തന്നെ. അവര്‍ ഉറപ്പിച്ചു പറയുന്നു.

എന്താവും കാരണം? അവര്‍ ഇപ്പോള്‍ തുടങ്ങിയ പുതിയ കമ്പനി ആകുമോ? അതുകൊണ്ടുള്ള ഓഫര്‍ ആകുമോ? അതോ തുടങ്ങിയിട്ടും ആരും തിരിഞ്ഞ് നോക്കാതിരുന്നതുകാരണം ഇങ്ങനെ ഒരു പരിപാടിയും ആയി ഇറങ്ങിയതാണോ? ഇനി ക്രെഡിറ്റ് കാര്‍ഡ് പോലെ, തുടക്കത്തില്‍ ഫ്രീ എന്ന് പറഞ്ഞിട്ട് പിന്നെ കാശ് വേണമെന്ന് പറഞ്ഞ് പറ്റിക്കുമോ? ആകാശത്ത് കൊണ്ട് പോയി കാശ് തന്നിലെങ്കില്‍ താഴേക്ക് തള്ളിയിടും എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യാന്‍ പറ്റും? എനിക്ക് പറക്കാന്‍ അറിയില്ലല്ലോ, മുങ്ങാനല്ലേ അറിയൂ. പക്ഷെ ഇവര്‍ പഠിക്കാന്‍ ചില്ലിക്കാശ് വേണ്ട എന്ന് തീര്‍ത്ത് പറയുമ്പോള്‍ വിശ്വസിക്കാതിരിക്കുന്നതെങ്ങിനെ? സ്വന്തമായി വെബ്‌സൈറ്റ് ഒക്കെ ഉള്ള കട അല്ലേ, മാന്യന്മാരായിരിക്കില്ലേ അത് കൊണ്ട്?

ഞാന്‍ തുടര്‍ന്ന് ചോദിച്ചു.

പഠനം എവിടെ വച്ചാണ്?

ബാംഗ്ലൂര്‍ എയര്‍പ്പോര്‍ട്ടില്‍, അല്ലെങ്കില്‍ പുതുതായി വരുന്ന ജക്കൂര്‍ എയറോഡ്രോമില്‍.

ഏത് തരം വിമാനത്തില്‍?

അത് നിങ്ങള്‍ ഏത് വിമാനമാണോ ഉള്ളത്, അതില്‍ !!!

ഡിങ്ങ്. ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. പറക്കാനും പറപ്പിക്കാനും ഉള്ള എന്റെ ആഗ്രഹം അതോടെ നിന്നു. ഭാഗ്യം അവരോട് എന്റെ പേരും ഫോണ്‍ നമ്പരും പറയാതിരുന്നത്. അല്ലെങ്കില്‍ സ്വന്തമായി വിമാനം പോയിട്ട് ഒരു കമാനം പോലും ഇല്ലാത്തവനാണ് ഞാന്‍ എന്നെങ്ങാനും അറിഞ്ഞ് എന്നെ വിമാനം കൊണ്ട് ഇടിച്ച് കൊന്നാലോ. എനിക്കിനിയും കടലാസ് വിമാന പരീക്ഷണങ്ങള്‍ നടത്താനുള്ളതാ. കൊള്ളാം, പുതുതായി ഒരു കീ വേഡ് കിട്ടി ഗൂഗിളില്‍ തപ്പാന്‍, “കടലാസ് വിമാന പരീക്ഷണങ്ങള്‍”. ഞാന്‍ എന്റെ ഹോബി തുടര്‍ന്നു.

സമര്‍പ്പണം: വിമാനങ്ങളെ സ്നേഹിച്ച എന്റെ ഒരു കൂട്ടുകാരിക്ക്. ഇന്നവളുടെ ഒന്നാം വിവാഹവാര്‍ഷികം

Thursday, November 09, 2006

എ.വി.ഐ മണ്ടത്തരം

വീഡിയോ ക്യാമറ വഴി എടുക്കുന്ന ചിത്രങ്ങള്‍ എ.വി.ഐ എന്ന ഫോര്‍മ്മാറ്റിലാണത്രേ ഉണ്ടാകുക. ഞാന്‍ ഇപ്പോഴാണ് അറിയുന്നത്. ഈയ്യടുത്ത് തോമാച്ചന്‍ ഒരു ക്യാമറ വാങ്ങിയിരുന്നു. അവന്‍ പറഞ്ഞ് തന്നുള്ള അറിവ്.

ക്യാമറ വാങ്ങിയ അവന് മിണ്ടാതിരുന്ന് ചിത്രം പിടിച്ച് അയച്ച് തന്നാല്‍പ്പോരേ, എനിക്ക് പണി തരണോ. അല്ലേലും തോമാച്ചന്‍ എന്‍െ പുക കണ്ടേ അടങ്ങു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇത്തവണ അവനെന്നോട് ആവശ്യപ്പെട്ടത് നിസ്സാരമായ ഒരു കാര്യം മാത്രം. എ.വി.ഐ എന്ന ഫോര്‍മ്മാറ്റില്‍ നിന്ന് ഇതൊന്ന് മാറ്റി എം‌പെഗ്ഗ് എന്ന ഫോര്‍മ്മാറ്റില്‍ ആക്കാന്‍ പറ്റിയ സോഫ്റ്റ്‌വെയര്‍ ഞാന്‍ കണ്ടുപിടിച്ചുകൊടുക്കണം. സോ സിമ്പിള്‍.

ക്യാമറ സ്വന്തമായി ഉണ്ടെങ്കിലും ഇദ്ദേഹത്തിന്റെ കയ്യില്‍ അപ്പോള്‍ വീഡിയോ ഒന്നും ഉണ്ടായിരുന്നില്ല. ഓഫീസില്‍ പുറമേ നിന്ന് എന്തെങ്കിലും കൊണ്ട് വരാന്‍ വിലക്കുണ്ടത്രേ. കൊണ്ട് വന്ന് തരാനും പറ്റിയ ദൂരത്തായിരുന്നില്ല കക്ഷി. ഞങ്ങള്‍ രണ്ടു സംസ്ഥാനങ്ങളില്‍ ആണ് അരി മേടിക്കാന്‍ ഗുസ്തി പിടിക്കുന്നത്.

കൊച്ചുകുട്ടികള്‍ എന്തിനും ഏതിനും അമ്മയുടെ അടുത്തേക്ക് ഓടുന്നതുപോലെയാണ് സോഫ്റ്റ്‌വേര്‍ എഞ്ചിനിയര്‍മാര്‍ ഗൂഗിളിലേയ്ക്ക് ഓടുന്നത്. എനിക്കും അതുതന്നെ ശീലം. ഗൂഗിളില്‍ ഇങ്ങനെ ഒരു കണ്‍‌വേര്‍ട്ടറിന്റെ കാര്യം പറഞ്ഞതേയുള്ളൂ. ഒരു നൂറ് സൊഫ്‌വേറുകള്‍ എനിക്ക് മുന്നില്‍ വന്നു നിരന്നു നിന്നു. അതിന്‍ ഒരു അഞ്ചാറെണ്ണം ഞാന്‍ ഡൌണ്‍ലോഡും ചെയ്തു.

ഇനി ഇതൊക്കെ പരീക്ഷിക്കാന്‍ കുറേ എ.വി.ഐ ഫയലുകള്‍ വേണം. അതിനാണോ ക്ഷാമം. ഇ-മെയില്‍ ആയി വരുന്ന മുഴുവന്‍ സ്ഥാപകജംഗമവസ്തുക്കളും അട്ടിക്കട്ടിക്ക് കെട്ടിക്കിടക്കുന്ന ഒരു ഗോണൌണ്‍ ആണ് എന്റെ കമ്പ്യൂട്ടല്‍. ഇതില്‍ ഇല്ലാത്ത സാധനമോ. സ്റ്റാര്‍ട്ട് മെനുവില്‍ പോയി ഫയല്‍ സെര്‍ച്ച് എടുത്ത് ഞാന്‍ തപ്പാന്‍ തുടങ്ങി.

ജാതകവശാല്‍ എനിക്ക് ആറില്‍ ബുധനും എട്ടില്‍ ശനിയും ആയതുകൊണ്ടാണോ എന്നറിയില്ല ആകെ ഒരു ഫയലേ കിട്ടിയുള്ളൂ. മുന്‍പ് ഞാന്‍ മൈസൂരില്‍ വിനോദയാത്ര പോയപ്പോള്‍ എടുത്ത ചിത്രങ്ങള്‍ ശേഖരിച്ചുവച്ച ഫോള്‍ഡറില്‍ ആയിരുന്നു ആ ഫയല്‍. അപ്പോള്‍ എന്റെ ക്യാമറയിലും എടുക്കുന്ന വീഡിയോകള്‍ ഈ ഫോര്‍മ്മാറ്റിലാണ്. ഞാന്‍ ഒന്നുപോലും ഇതുവരെ തുറന്ന് നോക്കിയിട്ടില്ലെന്ന് സാരം. ച്ഛെ. എന്റെ തന്നെ എത്ര എത്ര മഹത്തായ വീഡിയോ സൃഷ്ടികള്‍ ഞാന്‍ കാണാന്‍ വൈകി, മോശമായിപ്പോയി.

അതു പോട്ടെ, കാര്യം നടക്കട്ടെ. എന്തായാലും കണ്‍‌വേര്‍ട്ട് ചെയ്യുന്നതിനുമുന്‍പ് ഈ ഫയലില്‍ എന്താണെന്നൊന്ന് നോക്കിക്കളയാം. ഡബിള്‍ ക്ലിക്ക് ചെയ്ത് ഫയല്‍ മീഡിയ പ്ലെയറില്‍ തുറന്നു. താഴെ സ്ഥിതിവിവരപ്പട്ടികയില്‍ എന്തൊക്കെയോ എഴുതി വരുന്നു. കോഡെക്ക് കാണാനില്ല എന്നോ, ഓണ്‍ലൈനില്‍ കിട്ടുമോന്ന് നോക്കട്ടെ എന്നോ, എന്തൊക്കെയോ. ഓഫീസ് ആയതിനാലും കൂടിയ വേഗതയിലുള്ള ഇന്റെര്‍നെറ്റ് കണക്ഷനായതിനാലും ഞാന്‍ കാത്തുനിന്നു. എന്നിട്ടും കുറച്ച് കഴിഞ്ഞ് ഒരു എറര്‍ വന്നു “കോഡെക്ക് ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റുന്നില്ല ” എന്നും പറഞ്ഞുകൊണ്ട്.

അതെന്തുപറ്റി? എന്റെ കമ്പ്യൂട്ടറില്‍ ഇല്ലാത്ത കോഡെക്കോ. അതൊന്നറിയണമല്ലോ. ഗൂഗിളില്‍ വീണ്ടും ഞാന്‍ മുട്ടി. പക്ഷെ ഇത്തവണ ഗൂഗിള്‍ ആവോ എന്ന് പറഞ്ഞ് കൈ മലര്‍ത്തിക്കാണിച്ചു. ഇനി എന്ത് ചെയ്യും?

മീഡിയാ പ്ലെയറിന്റെ കുഴപ്പമായിരിക്കുമോ? പ്ലെയറിന്റെ വേഷന്‍ നോക്കി ഞാന്‍. എന്റെകയ്യില്‍ ഉള്ളത് ഒന്‍പതാം വേഷനാണ്. എന്റെ അറിവില്‍ ഏറ്റവും പുതിയത് പതിനൊന്നും. ചിലപ്പോള്‍ അതിട്ടാല്‍ ശരിയാകുമായിരിക്കും. ഉടന്‍ തന്നെ മൈക്രോസോഫ്റ്റിന്റെ സൈറ്റില്‍ പോയി പുതിയത് ഡൌണ്‍ലോഡ് ചെയ്യാന്‍ തുടങ്ങി.

പതിനഞ്ചോളം എം.ബി ഉള്ള ഈ ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ, അപ്പോഴേക്കും എന്റെ എം.എസ്.എന്‍ മെസ്സഞ്ചറില്‍ ഒരു ചാറ്റ് വിന്റോ പുതുതായി വന്നു. എം.എസ്.എന്‍ ഇല്‍ എപ്പോള്‍ ഒരു മെസ്സേജ് വന്നാലും ഞാന്‍ ഞെട്ടും. ആ ഐഡി ഒഫീഷ്യല്‍ ആവശ്യങ്ങള്‍ക്കായി മാത്രമേ ഉപയോഗിക്കാറുള്ളൂ എന്നതുകൊണ്ട് തന്നെ അവിടെ വരുന്ന മെസ്സേജുകള്‍ എപ്പോഴും എനിക്കൊരു തലവേദനയാണ്, പുതുതായി എന്തെങ്കിലും ജോലി തരാന്‍ മാനേജറാണ് അത് കൂടുതലായും ഉപയോഗിക്കുന്നത്. ഇത്തവണ വിന്റോയില്‍ ആരാണെന്ന് നോക്കിയ ഞാന്‍ സാധാരണയില്‍ കവിഞ്ഞ് കുറച്ച് ശക്തിയായി തന്നെ ഞെട്ടി.

ആ മെസ്സേജ് സന്തോഷേട്ടന്റേതായിരുന്നു.

സ്വന്തം ബ്ലോഗിന്റെ പ്രൊഫൈലില്‍ മൈക്രോസോഫിലെ മീഡിയ സെന്ററിലാണ് ജോലി എന്ന് പച്ചയ്ക്ക് എഴുതി വച്ചിരിക്കുന്ന ഒരു ബ്ലോഗറാണ് കക്ഷി. പണ്ടെപ്പോഴോ എന്റെ മെസ്സഞ്ചറില്‍ ഞാന്‍ ചേര്‍ത്തിട്ടുണ്ടായിരുന്നെങ്കിലും ഒന്നിതു വരെ സംസാരിക്കാന്‍ തരമായിരുന്നില്ല. ഇതിപ്പൊ മെസ്സേജ് വന്നത് എന്തിനായിരിക്കും?

ദൈവമേ, ഞാന്‍ പുതിയ വേര്‍ഷന്‍ മീഡിയ പ്ലെയര്‍ ഡൌണ്‍ലോഡ് ചെയ്യുന്നത് അറിഞ്ഞ് മെസ്സേജ് അയച്ചതായിരിക്കുമോ? അങ്ങിനെ ഒരാള്‍ ഡൌണ്‍ലോഡ് ചെയ്താല്‍ സന്തോഷേട്ടന് വിവരം കിട്ടുമോ? അരുതാത്തതെന്തെങ്കിലും ഞാന്‍ ചെയ്തതിന് എന്നെ ചീത്ത വിളിക്കാനായിരിക്കുമോ? മീഡിയ പ്ലെയര്‍ ഉപയോഗിക്കുന്നതിനുമുന്‍പുള്ള വല്ല ചടങ്ങിനേയും പറ്റി പറയാനായിരിക്കുമോ? ഉപയോഗിക്കുന്നതിനു മുന്‍പ് വല്ല ഫോറം പൂരിപ്പിച്ച് കൊടുക്കാനുണ്ടാകുമോ? എന്തിനാണ് ഈ പ്ലെയര്‍ ഡൌണ്‍ലോഡ് ചെയ്യുന്നത് എന്ന് വെറുതേ അറിയാനായിരിക്കുമോ? ആകെ കണ്‍ഫ്യൂഷന്‍. അതു മാത്രമോ, എന്തൊക്കെ സോഫ്റ്റ്വേറുകള്‍ ഇതിനും മുന്‍പ് ഞാന്‍ ഡൌണ്‍ലോഡ് ചെയ്തിരിക്കുന്നു. അതൊക്കെ സന്തോഷേട്ടന്‍ അറിഞ്ഞുകാണുമോ? അല്ലെങ്കില്‍ മൈക്രോസോഫ്റ്റിലുള്ള മറ്റ് മലയാളികള്‍? എന്നെങ്കിലും മൈക്രോസോഫില്‍ ജോലി കിട്ടുകയോ മുഖാമുഖത്തിന് പോകുകയോ ചെയ്യുമ്പോള്‍ ഞാന്‍ ഡൌണ്‍ലോഡ് ചെയ്ത സോഫ്റ്റ്വേറുകളുടെ ലിസ്റ്റ് കാണിച്ച് നിനക്ക് ഇത് മാത്രമായിരുന്നോ പഴയ കമ്പനിയില്‍ പണി എന്ന് ചോദിക്കുമോ? അയ്യോ!

സന്തോഷേട്ടനോട് തന്നെ ചോദിച്ച് കളയാം. “ഞാന്‍ മീഡിയ പ്ലെയര്‍ ഡൌണ്‍ലോഡ് ചെയ്യുന്നത് സന്തോഷേട്ടന്‍ എങ്ങിനെ അറിഞ്ഞു?” അതിനുള്ള മറുപടി ഒരു ചിരി മാത്രമായിരുന്നു. ഒന്ന് രണ്ട് വാചകങ്ങള്‍ കൂടി അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞതോടെ എന്റെ സംശയം നീങ്ങി. സന്തോഷേട്ടന്‍ അതറിഞ്ഞിട്ടല്ല ഹലോ എന്ന് ഒരു മെസ്സേജ് അയച്ചത്. ഞാന്‍ എന്തൊക്കെയോ തെറ്റിദ്ധരിച്ചു. പാ‍വം സന്തോഷേട്ടന്‍.

പാവമാണെങ്കിലും ഞാന്‍ പറഞ്ഞ മണ്ടത്തരം അദ്ദേഹത്തിന് മനസ്സിലായിട്ടുണ്ട്. ഇന്നെന്നെ കൊന്ന് കൊല വിളിക്കും, അല്ലെങ്കില്‍ ഇത് ബൂലോകത്ത് വിളിച്ച് പറയും. അത് തടഞ്ഞേ മതിയാകൂ. അതിനെളുപ്പമാ‍ര്‍ഗ്ഗം ഒന്നേയുള്ളൂ, എത്രയും പെട്ടെന്ന് വിഷയം മാറ്റുക.

“സന്തോഷേട്ടാ, എന്താ എ.വി.ഐ ഫയല്‍ മീഡിയ പ്ലെയറില്‍ ഓടാത്തത്?”

“അങ്ങിനെ വരേണ്ട കാര്യമില്ലല്ലോ അനിയാ, എന്താണ് സംഭവിക്കുന്നത്?”

പിന്നീട് നടന്ന സംസാരം ഇവിടെ ആവശ്യമല്ലാത്തതിനാല്‍ ഒഴിവാക്കുന്നു. നടന്നത് ഇതാണ്. അദ്ദേഹം കോഡെക്കുകളുടെ വെബ്സൈറ്റുകളും ചില ചില്ലറ മിനുക്കുപണികളും ഒക്കെ പറഞ്ഞു തന്നു. പക്ഷെ ഒന്നും പ്രയോജനകരമായില്ല. ഞാന്‍ നിരാശനായി. എങ്കിലും മൈക്രോസോഫിലെ മീഡിയ സെന്ററിലെ ഒരാളിനോട് കുറ്റം പറയാനുള്ള അവസരം കിട്ടിയത് എന്നെ സന്തോഷേട്ടനാക്കി, അല്ലല്ല, സന്തോഷവാനാക്കി.

മീഡിയാ പ്ലെയര്‍ കൊള്ളില്ലെന്നും, ഒരു ചെറിയ എ.വി.ഐ ഫയല്‍ പോലും പ്ലേ ചെയ്യാന്‍ കഴിവില്ലെന്നും, ഇത് വേഗം ഒരു ബഗ് ആയി അവിടത്തെ ചുമരില്‍ എഴുതിയിടാനും ഒക്കെ ഞാന്‍ ഇത്തിരി കടുപ്പിച്ച് തന്നെ പറഞ്ഞു. പോരാണ്ട് ഇനി ഞാന്‍ മീഡിയ പ്ലെയര്‍ ഉപയോഗിക്കില്ലെന്നും ഇനി എനിക്ക് റിയല്‍ പ്ലെയര്‍ മതിയെന്നും വരെ ഞാന്‍ കണ്ണില്‍ച്ചോരയില്ലാതെ പറയുകയുണ്ടായി. പാവം സന്തോഷേട്ടന്‍, എന്റെ രോഷാഗ്നി താങ്ങാന്‍ കഴിയാതെയാണോ എന്തോ, പെട്ടെന്ന് തന്നെ, തിരക്കുണ്ടെന്ന് പറഞ്ഞ് പോകേണ്ടി വന്നു.

എന്റെ പ്രശ്നം തീര്‍ന്നില്ലല്ലോ. ഈ സാധനം ഒന്ന് ഓടിക്കാണണ്ടേ.എന്ത് ചെയ്യും? റിയല്‍ പ്ലെയര്‍ ഇട്ട് നോക്കണോ, അതോ മറ്റെന്തെങ്കിലും പ്ലെയര്‍ ഉണ്ടോ എന്ന് ഗൂഗിളില്‍ തപ്പണോ, മറ്റേതെങ്കിലും കമ്പ്യൂട്ടറില്‍ ഇതൊന്ന് ശ്രമിച്ച് നോക്കണോ അതോ ഫയലിന്റെ തരം മാറ്റിയതിനു ശേഷം എന്താണെന്ന് നോക്കിയാല്‍ മതിയോ എന്നൊക്കെ ആലോചിച്ച് തല പുണ്ണാക്കുന്നതിനിടയിലാ‍ണ് എന്റെ തോളില്‍ ആരോ തട്ടിയത്.

തിരിഞ്ഞ് നോക്കിയപ്പോള്‍ എന്റെ സഹപ്രവര്‍ത്തകന്‍ ആണ്. അദ്ദേഹത്തിനോട് ചോദിച്ചു ഈ എ.വി.ഐ ഫയല്‍ പ്ലേ ചെയ്യാന്‍ ഏത് പ്ലെയര്‍ ഉപയോഗിക്കണമെന്ന്.

“ഇത് എ.വി.ഐ ഫയലാണെന്ന് ആര് പറഞ്ഞു. ഒന്നൂടെ നോക്കിക്കേ”, അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

നോക്കിയപ്പോള്‍ ആ ഫയലിന്റെ പേരായിരുന്നു എ.വി.ഐ 2034 എന്നത്. ആ ഫയലിന്റെ തരം എം.ഓ.വി (MOV)എന്നതായിരുന്നു. ചുമ്മാതല്ല അത് മീഡിയ പ്ലെയറില്‍ ഓടാതിരുന്നത്. അതിന്റെ പേരില്‍, വെറുതേ എന്നോട് സംസാരിക്കാന്‍ വന്ന സന്തോഷേട്ടനെ ചീത്ത വിളിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സമയം, നല്ല ബെസ്റ്റ് സമയം. അല്ലെങ്കില്‍ എന്നോട് സംസാരിക്കാന്‍ തോന്നേണ്ട വല്ല കാര്യവുമുണ്ടോ!

കുറിപ്പ്: സന്തോഷേട്ടാ, കളിയായി എഴുതിയതൊന്നും താങ്കളെ വിഷമിപ്പിക്കുന്നതരത്തില്‍ ആയില്ലെന്ന് വിശ്വസിക്കട്ടെ. എനിക്ക് ഫയല്‍ മാറിപ്പോയ വിവരം ഇതു വരെ പറയാതിരുന്നത് ഒരു പോസ്റ്റില്‍ അത് പൊട്ടിക്കാനായിരുന്നു. ഇനി ഓണ്‍ലൈന്‍ വരുമ്പോള്‍ നമുക്ക് അടുത്ത മണ്ടത്തരം ഒപ്പിക്കാം. വരു‍മല്ലോ അല്ലേ

Friday, November 03, 2006

പരീക്ഷാമണ്ടത്തരം

ലോങ്ങ് ടൈം എഗോ, അതായത് പണ്ടെങ്ങാണ്ടും ഒരു ദിവസം.

ഞാന്‍ അന്ന് ഏഴാം ക്ലാസ്സില്‍ പഠിക്കുന്നു. ആ പ്രായത്തിലെ ഏതൊരു കുട്ടിയെപ്പോലെയും വളരെ ഏകാഗ്രതയോടും ദൃഢചിത്തതയോടും കൂടി കളിച്ച് നടക്കുന്ന ഒരു കാലം.

***
ക്ലാസ്സില്‍ യാതൊരു ടെന്‍ഷനുമില്ലാതെയാണ് ഞാന്‍ അന്ന് ഇരുന്നിരുന്നത്. സാമൂഹ്യപാഠത്തിന്റെ പരീക്ഷപ്പേപ്പര്‍ അന്ന് ആ പിരീഡില്‍ തരുമെന്ന് ടീച്ചര്‍ പറഞ്ഞിരുന്നു. എന്നാലെന്താ, ഞാന്‍ നന്നായിട്ട് തന്നെ പരീക്ഷ എഴുതിയിരുന്നു. ഒരുകാലത്തും കൃത്യമായി എഴുതാതിരുന്ന ചരിതത്തിലെ തിയതികള്‍ വരെ ആ പരീക്ഷയ്ക്ക് ഞാന്‍ കൃത്യമായി ചരിത്രകാരന്റെ പ്രതിബദ്ധതയോടെ രേഖപ്പെടുത്തി. യുദ്ധങ്ങള്‍, നമ്മുടെ രാജ്യത്തിന്റെ ഭൂപ്രകൃതിയെക്കുറിച്ച്, കാലാവസ്ഥ, മഹാന്മാരുടെ ജീവചരിത്രം എന്നിങ്ങനെ പരീക്ഷയില്‍ വന്ന എല്ലാ ചോദ്യത്തിനും വളരെ സമഗ്രമായി തന്നെ ഞാന്‍ ഉത്തരം എഴുതിയിരുന്നു. ഇത്തവണ എന്റെ മാര്‍ക്ക് എന്റെ സര്‍വ്വകാല റെക്കോര്‍ഡ് ഭേദിക്കുന്ന ലക്ഷണമാണ്.

എന്റെ അത്ര തന്നെ ആത്മവിശ്വാസത്തിലായിരുന്നു എന്റെ അടുത്ത സീറ്റില്‍ ഇരിക്കുന്ന തോമാച്ചനും. അവനിതൊരു പുതുമ അല്ല. എല്ലാത്തവണയും പരീക്ഷയ്ക്ക് അവന് മുഴുവന്‍ മാര്‍ക്കും നേടാറുണ്ട്. നമുക്ക് പത്ത് മാര്‍ക്ക് നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വേദനയാണ് അവന് അര മാര്‍ക്ക് നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്നത്. അതിനാല്‍ തന്നെ ഒരു സ്പെല്ലിങ്ങ് മിസ്റ്റേക്ക് വന്നതായി സംശയം വന്നാല്‍ തന്നെ തോമാച്ചന്‌ ആധി ആണ്. എന്നാല്‍ ഇത്തവണ തോമാച്ചനും കൂള്‍ ആയി തന്നെ ഇരിക്കുന്നു. സേം പിഞ്ച്.

ടീച്ചര്‍ പേര് വിളിച്ച് ഓരോരുത്തര്‍ക്കും പേപ്പര്‍ നല്‍കിത്തുടങ്ങി. ചിലര്‍ നിരാശരായും ചിലര്‍ പതിവില്‍ കവിഞ്ഞ സന്തോഷത്തോടെയും പേപ്പര്‍ വാങ്ങിക്കൊണ്ട് പോകുന്നത് കണ്ട് രസിച്ച് ഞങ്ങള്‍ ഇരുന്നു. കാരണം ഞങ്ങള്‍ക്ക് ടെന്‍ഷന്‍ ഇല്ലല്ലോ. ടീച്ചറുടെ കയ്യിലെ പേപ്പറുകള്‍ കുറഞ്ഞ് കുറഞ്ഞ് വന്നു. പക്ഷെ എന്തോ, ഞങ്ങളെ വിളിക്കുന്നില്ല. ചിലപ്പോള്‍ രണ്ടാള്‍ക്കും മുഴുവന്‍ മാര്‍ക്ക് നേടി, അല്ലല്ല, എനിക്ക് മുഴുവന്‍ മാര്‍ക്കും തോമാച്ചന് അരമാര്‍ക്ക് കുറവും, ക്ലാസ്സില്‍ ഒന്നാമതായി എത്തിയവര്‍ക്ക് പ്രത്യേക അഭിനന്ദനം കൊടുക്കാനായിരിക്കും അവസാനം വിളിക്കാന്‍ വച്ചിരിക്കുന്നത് എന്ന് കരുതി ഞങ്ങള്‍ കാത്തിരുന്നു.

എന്നാല്‍ ടീ‍ച്ചറുടെ കയ്യിലെ ഉത്തരക്കടലാസുകള്‍ തീര്‍ന്നിട്ടും ഞങ്ങളെ രണ്ട് പേരെയും വിളിച്ചില്ല. അക്ഷമനായ ഞാന്‍ ഉറക്കെ ചോദിച്ചു. “ടീച്ചര്‍, എന്റെ പേപ്പര്‍ കിട്ടിയില്ല! തോമാച്ചനും കിട്ടിയില്ല.”

രണ്ട് പേരും ക്ലാസ്സ് കഴിഞ്ഞ് ക്ലാസ്സ് റൂമില്‍ വരൂ. അപ്പോള്‍ തരാം.

ഇനി ടീച്ചര്‍ ഞങ്ങള്‍ രണ്ടുപേരുടെ പേപ്പര്‍ മാത്രം കൊണ്ട് വരാന്‍ മറന്ന് പോയിക്കാണുമോ?

***

ഇന്നത്തെപ്പോലെത്തന്നെ അന്നും ഞാന്‍ പഠിക്കാന്‍ വളരെ മിടുക്കനായിരുന്നു. പക്ഷെ പരീക്ഷയുടെ തലേന്നേ പഠിക്കൂ എന്ന് മാത്രം.

അങ്ങിനെ ഉള്ള ഒരു സമയത്തിങ്കലായിരുന്നു ടി പരീക്ഷ വരുന്നത്. നന്നായി കുളിച്ചൊരുങ്ങി ആകെ മൊത്തം ഉഷാ‍റായി അസ്സലായൊരു ഊണും കഴിച്ച് ഞാന്‍ പഠിക്കാനിരുന്നപ്പോഴാണ് പരീക്ഷ സമൂഹപാഠമായത്തിന്റെ സാമൂഹികപ്രസക്തി മനസ്സിലാക്കി അമ്മ എനിക്ക് ബൂസ്റ്റ് കലക്കിയ പാല്‍ കുടിക്കാന്‍ തരുന്നത്. സമൂഹപാഠം എന്റെ ഒരു വീക്ക്നെസ്സ് ആണെന്ന് അമ്മയ്ക്ക് നന്നായി അറിയാം. കഴിഞ്ഞ തവണ നടന്ന സമൂഹപാഠപരീക്ഷയ്ക്ക് കഷ്ടിച്ചുമാത്രം ഞാന്‍ പാസ്സായത് പോഷകങ്ങള്‍ നിറഞ്ഞ ഈ പാനീയം കഴിക്കാത്തത് കൊണ്ടാണെന്ന് അമ്മ തെറ്റിദ്ധരിച്ചാല്‍ അമ്മയെ കുറ്റം പറയാന്‍ കഴിയില്ലല്ലോ.

എന്നാല്‍ ബൂസ്റ്റ് നല്ലൊരു ഉറക്കമരുന്നാണെന്ന് അമ്മയ്ക്ക് അറിയില്ലെന്ന് തോന്നുന്നു. അതോ അമ്മയുടെ സ്നേഹത്തിന്റെ ചൂട് ഒരു താരാട്ടായി തോന്നിയതോ, ഞാന്‍ തന്നെ എന്നില്‍ അടിച്ചേല്‍പ്പിച്ച പ്രതീക്ഷകളുടെ അമിതഭാരം കാരണമോ; എന്തോ ഈ സാധനം കഴിച്ചയുടനേ ഞാന്‍ ഉറങ്ങി. പിന്നീടുണര്‍ന്നത് സ്വാഭാവികമായും എന്നത്തേയും പോലെ പരീക്ഷയ്ക്ക് അരമുക്കാല്‍ മണിക്കൂര്‍ മുന്‍പാണ്. ഒരു കുന്തവും പഠിച്ചിട്ടില്ലെന്ന ദുരന്തസത്യം ഒരു ഞെട്ടലോടെ ഞാന്‍ തിരിച്ചറിഞ്ഞു. എന്നിട്ടും തളരാതെ ഞാന്‍ പതിവില്‍ കൂടുതല്‍ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. ആ പതിനൊന്നാം മണിക്കൂറില്‍ വായിക്കാന്‍ കഴിയുന്ന ചില ചില്ലറ ഭാഗങ്ങള്‍ പെട്ടെന്ന് വായിച്ചുതീര്‍ത്ത് ഞാന്‍ സ്കൂളിലേക്ക് യാത്രയായി.

എനിക്ക് അന്നും നല്ല ബുദ്ധിയാണെന്ന് ഒരിക്കല്‍ പറഞ്ഞല്ലോ. വീണ്ടും വീണ്ടും പറയുന്നതില്‍ ക്ഷമിക്കുക. പറഞ്ഞാലും ഇല്ലെങ്കിലും ഈ സത്യം ആര്‍ക്ക് നിഷേധിക്കാനാകും? അപ്പോള്‍ ഞാന്‍ പറഞ്ഞ് വന്നത്, ഇത്രയ്ക്കും ബുദ്ധിമാനായ ഒരു വിദ്യാര്‍ത്ഥിക്ക് പരീക്ഷയ്ക്കുള്ള പാഠങ്ങള്‍ ഒന്നോടിച്ച് വായിച്ചാലും മതി എന്നതാണ്.

ഈ ധാരണ തെറ്റാന്‍ അധികനേരം വേണ്ടി വന്നില്ല. പരീക്ഷയുടെ ചോദ്യക്കടലാസ് ഞാന്‍ നേരത്തേ പാഠ്യപുസ്തകം വാ‍യിച്ച അതേ സ്പീഡില്‍ ഒന്ന് ഓടിച്ച് വായിക്കേണ്ട നേരമേ താമസമേ ഉണ്ടായിരുന്നുള്ളൂ. ഇത്തവണ ഞാന്‍ പരാജയം രുചിക്കും. നിശ്ചയം. ഇത് ഒരു തരം, രണ്ട് തരം, മൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ... അല്ല ഇതാര് തോമ്മാച്ചനല്ലേ ഈ ഇരിക്കുന്നത്. ശ്ശൊ. ഇത്ര നേരമായിട്ടും ഞാന്‍ കണ്ടില്ലല്ലോ. ഇത്തിരി തിരക്കിലായിപ്പോയി, അതാ. ഇനി നമുക്ക് സംസാരിച്ചിരിക്കാം, എനിക്ക് പ്രത്യേകിച്ചൊന്നും ഇനി ചെയ്യാനില്ല അതാ.

ചിന്തകള്‍ ഇങ്ങനെ പോകുന്നതിന്റെ ഇടയ്ക്കാണ് ഞാന്‍ കുഞ്ഞനുറുമ്പുകള്‍ വരിവരിയായി പോകുന്നതുപോലെ തോമാച്ചന്റെ പേന ഉത്തരകടലാസിലേയ്ക്ക് ഉത്തരങ്ങള്‍ കുനുകുനാ എന്നെഴുതി വിടുന്നത് കാണുന്നത്. കൊള്ളാമല്ലോ, ഞാനും ഇതൊന്ന് ശ്രമിച്ച് നോക്കട്ടെ. തോമാച്ചാ, ആ കൈ ഒന്ന് മാറ്റിക്കേ.

പരീക്ഷ കഴിഞ്ഞു. ഞാന്‍ വളരെ ആത്മവിശ്വാസത്തിലായിരുന്നു. കാരണം? തോമാച്ചന്‍ എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായി തന്നെ ഉത്തരമെഴുതി. തനിക്ക് മുഴുവന്‍ മാര്‍ക്കും കിട്ടും എന്നുറപ്പ് പറഞ്ഞു തോമാച്ചന്‍. എങ്കില്‍പ്പിന്നെ ആ പേപ്പറിന്റെ ഫോട്ടോകോപ്പിയെടുത്ത എനിക്ക് എത്ര കിട്ടണം? ഇടയ്ക്കുള്ള വെട്ടലും തിരുത്തലും തോമാച്ചന്റെ അര മാര്‍ക്ക് നിര്‍ഭാഗ്യവശാല്‍ കുറച്ചാലും ശരി, എന്റെ കുറയില്ല. അച്ചടിച്ചപോലെയല്ലേ എന്റെ പേപ്പര്‍ കിടക്കുന്നത്. അനാവശ്യമായി ഒരു വെട്ടലോ തിരുത്തലോ അതിലില്ല.

ഇത്തവണ ആദ്യമായി എനിക്ക് മുഴുവന്‍ മാര്‍ക്ക് കിട്ടാന്‍ പോകുന്നു. ഞാന്‍ ഒരു വിലസ് വിലസും, നോക്കിക്കോ.

ഇങ്ങനെ കരുതിയിരുന്ന പേപ്പറാണ് ടീച്ചര്‍ ക്ലാസ്സില്‍ വച്ച് തരാതെ എന്നെ വഞ്ചിച്ചത്.
***

ക്ലാസ്സ് കഴിഞ്ഞപ്പോള്‍ രണ്ടാളും ക്ലാസ്സ് റൂമില്‍ ചെന്നു. ടീച്ചര്‍ അവിടെ രണ്ടുപേരെയും പ്രതീക്ഷിച്ച് ഇരിപ്പുണ്ടായിരുന്നു. ചെന്നയുടനേ ഞാന്‍ പേപ്പര്‍ ചോദിച്ചു. ക്ഷമയുടെ നെല്ലിപ്പലക ആ പ്രായത്തില്‍ എന്റേത് ചിരവപ്പലകയേക്കാള്‍ ചെറുതായിരുന്നു.

ടീച്ചര്‍ രണ്ട് ഉത്തരക്കടലാസുകള്‍ മേശയ്ക്ക് മുകളില്‍ വച്ചു. എന്നിട്ട് എന്നോട് എന്റേത് എടുത്തുകൊള്ളാന്‍ പറഞ്ഞു.

എന്റെ കൈയ്യക്ഷരം തിരിച്ചറിയാനാണോ പാട്? അത് ഏത് ഉറക്കത്തില്‍ വിളിച്ചുണര്‍ത്തിച്ചോദിച്ചാലും ഞാന്‍ തിരിച്ചറിയും. ചില അസൂയക്കാര്‍ അത് പുറമ്പോക്കില്‍ വേലികെട്ടിയപോലെയിരിക്കും എന്ന് പറഞ്ഞ് കളിയാക്കാറുണ്ട്, പക്ഷെ എന്റേത് നല്ല ബെസ്റ്റ് കൈയ്യക്ഷരമാണ്, കണ്ടാല്‍പ്പോലും നിങ്ങള്‍ വിശ്വസിക്കില്ല.

ടീച്ചറിന്റെ ചോദ്യം ഉടന്‍ വന്നു. നിന്റെ ഉത്തരക്കടലാസ് അതാണെന്നെങ്ങിനെ മനസ്സിലായി?

കൈയ്യക്ഷരം കണ്ടാണെന്ന് എങ്ങിനെ പറയും? അത് മോശമല്ലേ, സത്യം അതാണെങ്കിലും. സ്വാഭാവികമായും ആരും പറഞ്ഞ് പോകുന്ന ഉത്തരം തന്നെ ഞാനും പറഞ്ഞു.

“എന്റെ പേരുണ്ട് ഇതില്‍”

ഇത് മുഴുവന്‍ പറഞ്ഞോ എന്നോര്‍മ്മയില്ല എനിക്ക്. കാരണം പറഞ്ഞ്തീരുന്നതിനുമുന്നേ തന്നെ, ഞാന്‍ ഉത്തരക്കടലാസിന്റെ മുകളില്‍ പേരെഴുതുന്നയിടത്ത് എന്റെ കണ്ണുടക്കിയിരുന്നു. അവിടെ എന്റെ പേരായിരുന്നില്ല, മറിച്ച്, തോമാച്ചന്റെ പേരായിരുന്നു. അവന്റെ ഉത്തരക്കടലാസ് കമ്പ്ലീറ്റ് പകര്‍പ്പെടുക്കുന്നതിന്റെ ആവേശത്തില്‍ ഇടയ്ക്കെപ്പോഴോ‍ പേപ്പറിന്റെ മുകളിലെ അവന്റെ പേരും പകര്‍ത്തിയെഴുതിയത് ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല.

പ്രായപൂര്‍ത്തിയാകാത്ത ഒരു ചെക്കനായിരുന്നതിനാല്‍ കോടതി(ടീച്ചര്‍) എന്നെ വെറുതേ വിട്ടു. പ്രധാനാധ്യാപകനോടും എന്റെ മാതാപിതാക്കളോടും പറഞ്ഞ് എന്നെ നാറ്റിച്ചില്ല. ഉത്തരക്കടലാസില്‍ എനിക്ക് മുഴുവന്‍ മാര്‍ക്കും ടീച്ചര്‍ ഇട്ടിരുന്നു. എങ്കിലും സാമൂഹ്യപാഠം പരീക്ഷയ്ക്ക് ഞാന്‍ അന്ന് ആദ്യമായി തോറ്റു.