Wednesday, April 19, 2006

ഒരു ബാങ്കിന്റെ ചെക്കും മറ്റൊരു ബാങ്കിന്റെ ATM-ഉം

ഇന്ന് മാനേജറുടെ വായില്‍ നിന്ന് വയറ് നിറച്ചും കിട്ടി ചീത്ത. എനിക്കിത് വേണം. അല്ലെങ്കിലും ഓഫീസ്സില്‍ ഇത്ര തിരക്കുള്ള സമയത്ത് ഞാനല്ലാണ്ട് ഇത്ര വലിയ മണ്ടത്തരം കാണിക്കുമോ. ഞാന്‍ എന്നെക്കൊണ്ട് തോറ്റു.

ഏത് നേരത്താണാവോ ആ കൊറിയര്‍ കമ്പനിക്ക് മനോഹരന്‍ ചേട്ടന്റെ പേരിലുള്ള കൊറിയര്‍ എനിക്ക് തരാന്‍ തോന്നിയത്. എനിക്ക് കൊറിയര്‍ കിട്ടി എന്ന് ദുബായിയിലുള്ള മനോഹരന്‍ ചേട്ടന്‍ അറിഞ്ഞതെങ്ങിനെയാണാ‍വോ! അതും പോരാണ്ട് ആ കൊറിയറിലുള്ള ചെക്ക് എത്രയും പെട്ടെന്ന് ബാങ്കില്‍ കൊണ്ട് കൊടുക്കാന്‍ പറഞ്ഞപ്പോള്‍ ഇത്ര തിരക്കിന്റെ ഇടക്കും അതിന് ഓടാന്‍ നിന്ന എന്റെ മണ്ടത്തരത്തിനെ പറഞ്ഞാല്‍ മതിയല്ലോ.

വീട്ടിലെ പ്രാരബ്‌ധവും കാശിന്റെ ബുദ്ധിമുട്ടും ഒക്കെ പറഞ്ഞപ്പോള്‍ ഞാനൊന്ന് വീണ് പോയി. അതാ കേട്ട പാടെ കേള്‍ക്കാത്ത പാടെ ഓടിയത് ബാങ്കിലേക്ക്. ചെക്ക് വെറും ആയിരം രുപയുടെ. അതിനെന്താ ഇത്ര അത്യാവശ്യം എന്നാ മനസ്സിലാകാത്തത്. ഒരു രണ്ട് ദിവസം സമയം അവന്‍ തന്നിരുന്നെങ്കില്‍ പതുക്കെ ഓഫീസ് സമയം കഴിഞ്ഞ് ATM-ലെ ബോക്സില്‍ കൊണ്ടിട്ടാല്‍ മതിയായിരുന്നു. ബാങ്കില്‍ കൊണ്ട് കൊടുത്താല്‍ പെട്ടെന്ന് കിട്ടുമെന്ന് അവന്‍ പറഞ്ഞപ്പോള്‍ വേറൊന്നും ആലോചിച്ചില്ല.

അടുത്തുള്ള ICICI ബാങ്ക് എവിടെ എന്ന് അന്വേഷിച്ച് കണ്ട് പിടിച്ചു. അവിടെയാണ് മനോഹരന്‍ ചേട്ടന്റെ അക്കൌണ്ട്. ബൈക്കുമെടുത്ത് അഞ്ചെട്ട് കിലോമീറ്റര്‍ അപ്പുറത്തുള്ള ബാങ്കില്‍ പോയി ചെക്ക് കൊടുത്തപ്പോഴാണ് അവര്‍ പറയുന്നത്, ഇത് വേറെ ബാങ്കിന്റെ ചെക്കാണെന്നും അത് ചുരുങ്ങിയത് മൂന്ന് ദിവസം എടുക്കും മാറാന്‍ എന്നും. തിരക്കിട്ട് ഓടിച്ചാടി ഇറങ്ങിയപ്പൊ ഏത് ബാകിന്റെ ചെക്കാണ്, ഏത് ബാങ്കിലാണ് പോകുന്നത് എന്നൊന്നും ഓര്‍ത്തില്ല. അതെല്ലാം പോട്ടെ, ചെക്ക് മാറാന്‍ കൊടുത്തപ്പോള്‍ ടെല്ലര്‍ പറയുന്നത് ചെക്ക് ബാങ്കില്‍ സ്വീകരിക്കില്ലെന്നും അതു നിങ്ങളുടെ ഓഫീസിന്റെ തൊട്ട് മുന്നിലുള്ള ATM-ല്‍ കൊണ്ടിടാനും. എന്നെയൊക്കെ എന്താ ചെയ്യണ്ടേ?

അങ്ങോട്ടും ഇങ്ങോട്ടും ട്രാഫിക്ക് നല്ലവണ്ണം ഉള്ള വഴിയില്‍ പോയതിന്റേയും, അവിടെ ക്യൂ നിന്നതിന്റെയും എല്ലാം ചേര്‍ത്ത് മണിക്കൂര്‍ മൂന്ന് അങ്ങിനെ മാറിക്കിട്ടി. തിരിച്ച് ഓഫീസില്‍ എത്തിയപ്പൊ എന്റെ സീറ്റില്‍ എന്നെ കാണാതിരുന്നതിനായിരുന്നു മാനേജറിന്റെ ശകാരവര്‍ഷം. അതെല്ലാം കഴിഞ്ഞ്, കാശ് കിട്ടാന്‍ മൂന്ന് ദിവസത്തോളം എടുക്കുമെന്ന് മനോഹരന്‍ ചേട്ടന് മെസ്സേജ് അയച്ചപ്പോള്‍, തിരക്കില്ല പതുക്കെ മതി എന്ന മറുപടി കൂടെ കിട്ടിയപ്പോള്‍ എന്റെ ഇന്നത്തെ ദിനം ധന്യമായി. ഇങ്ങനെയുള്ള കുറച്ച് സുഹൃത്തുക്കളെക്കൂടെ കിട്ടിയിരുന്നെങ്കില്‍ ...

6 comments:

  1. Anonymous said...

    ഇങ്ങിനെ കുറച്ചു സുഹ്രുത്തുക്കള്‍ ഉണ്ടെങ്കില്‍ പിന്നെ ശത്ത്രുക്കളുടെ ആവശ്യം ഇല്ല :)
    സ്രീനിത്



  2. രാജീവ് സാക്ഷി | Rajeev Sakshi said...

    ശ്രീ, നീ അടി മേടിയ്ക്കും.
    മേലാല്‍ ഇത്ര ചെറിയ മണ്ടത്തരമൊന്നും
    പോസ്റ്റാക്കരുത്. :)

    (ചിരിച്ചിട്ടാ പറഞ്ഞതെങ്കിലും ഗൌരവമായിട്ടെടുക്കണം) ;)



  3. Obi T R said...

    കുറച്ചു ദിവസമായി ശ്രീജിത്തിനു എന്താണു മണ്ടത്തരങ്ങള്‍ ഒന്നും പറ്റാത്തത്‌ എന്നു സങ്കടപ്പെട്ടിരിക്കുവാരുന്നു (എന്തേലും മണ്ടത്തരം പറ്റണേ എന്നു പ്രാര്‍ത്ഥിച്ചോ എന്നും സംശയം ഉണ്ട്‌). ഇപ്പോള്‍ സന്തോഷം ആയി. എല്ലാ ദിവസവും ഇങ്ങനെ എന്തേലുമൊക്കെ സംഭവിക്കണേയെന്ന് സര്‍വ്വേശ്വരനോട്‌ പ്രാര്‍ത്ഥിക്കുന്നു ;-)
    -ഒബി



  4. Sreejith K. said...

    ശ്രീനിത്തേ, അനിയാ, നീ നിന്റെ പേരുപോലും ഇതു വരെ ശരിയായി എഴുതാന്‍ പഠിച്ചില്ലേ? മോശം.

    സാക്ഷി, എനിക്കെന്റെ മണ്ടത്തരങ്ങള്‍ ചെറുതെന്നോ വലുതെന്നോ ഇല്ല. എല്ലാം ആനമണ്ടത്തരങ്ങള്‍ തന്നെ. പിന്നെ എന്റെ ഭാഷ അവസരത്തിനൊത്തുയര്‍ന്നില്ല എന്നാണ് ആരോപണമെങ്കില്‍ ഞാന്‍ അതു ശരിവയ്‌ക്കുന്നു. ഇബ്രുവിനോടും, പെരിങ്ങോടനോടും ശിഷ്യപ്പേടാന്‍ ഞാന്‍ ശ്രമിച്ചതാ, അവര്‍ സമ്മതിക്കാഞ്ഞിട്ടാ, സാക്ഷി എന്നെ ഏറ്റെടുക്കണം. അതു വരെ, എല്ലാ പോസ്റ്റ് കഴിഞ്ഞും ഞാന്‍ പറയുന്നതു ഇപ്പോഴും പറയുന്നു, അടുത്ത പോസ്റ്റ് ഞാന്‍ നന്നാക്കിയിരിക്കും.

    ഓ ബി ഐ ടി ആറെ, എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ നീയെങ്കിലും ഉണ്ടല്ലോ. നിന്റെ പ്രാര്‍ത്ഥന ഫലം കാണട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു.



  5. വര്‍ണ്ണമേഘങ്ങള്‍ said...

    "സുഹൃത്തുക്കളെക്കൂടെ കിട്ടിയിരുന്നെങ്കില്‍ ..."

    എന്തുവാ ജയന്‌ പഠിക്കുന്നോ..?

    ഇങ്ങനെയുള്ള ചെറുതും വലുതും ഇടത്തരവും അങ്ങനെ സകലമാന മണ്ടത്തരങ്ങളും ഇങ്ങട്‌ പോരട്ടേ..!



  6. myexperimentsandme said...

    ശ്രീജിത്തിനേക്കാളും വലിയ മണ്ടന്മാര്‍ മാത്രമേ ഇവിടെ കമണ്ടാവുള്ളൂ എന്നെ ഇന്നാ മനസ്സിലായത്... ദേ കമണ്ടിയിരിക്കുന്നു...