Friday, April 07, 2006

വീണ്ടും ചില പിറന്നാള്‍ വിശേഷങ്ങള്‍

ആദ്യമായി പറ്റുമ്പോള്‍ അത് അബദ്ധം, പിന്നേയും പറ്റുമ്പൊ അത് മണ്ടത്തരം എന്നൊരു പഴംചൊല്ലുണ്ട് ഇംഗ്ലീഷില്‍. എപ്പോഴും മണ്ടത്തരം മാത്രം പറ്റുന്ന എനിക്ക് അത് ബാധകമല്ലെങ്കിലും, ഒരു മണ്ടത്തരം പിന്നീട് കാണിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിച്ച് അതു മറ്റൊരു മണ്ടത്തരമായ ചരിത്രം എനിക്കുണ്ട്. അതിനെപ്പറ്റിയാണ് ഈ പോസ്റ്റ്.

KFC-യില്‍ കാണിച്ച മണ്ടത്തരത്തിനുശേഷം പിറന്നാള്‍ ആഘോഷം എനിക്ക് ഒരു പേടിയുള്ള അനുഭവമായി. പിറന്നാള്‍, വര്‍ഷത്തില്‍ ഒരു തവണ മാത്രമേ വരൂ എന്നുണ്ടെങ്കില്‍പോലും, അന്നത്തെ ആഘോഷം കഴിഞ്ഞതില്‍ പിന്നെ ഓരോ നിമിഷവും അടുത്ത വര്‍ഷത്തില്‍ മണ്ടത്തരം ഒഴിവാക്കാന്‍ എന്താ വഴി എന്നായിരുന്നു എന്റെ ചിന്ത. ചിന്തിച്ച് ചിന്തിച്ച് വര്‍ഷമൊന്നങ്ങിനെ കടന്നു പോയി. പിറന്നാള്‍ മാന്യമായി എങ്ങിനെ ആഘോഷിക്കാം എന്നതിനു ഒരു തീരുമാനവും ആയില്ല എന്നിട്ടും. എന്റെ അത്ര ബുദ്ധി ആര്‍ക്കും ഉണ്ടാകാന്‍ സാധ്യത ഇല്ലാത്തതിനാല്‍ ഈ തീരുമാനം ഞാന്‍ എവിടേയും ഒരു ചര്‍ച്ചക്കും ഇട്ടില്ല.

അങ്ങിനെ എന്റെ പിറന്നാള്‍ ആഗതമായി. തലേന്ന് വരെ ആഘോഷത്തെപ്പറ്റി ഒരു തീരുമാനം ആവാത്തത് കൊണ്ട് ഞാന്‍ മറ്റൊരു തീരുമാനം എടുത്തു. ഈ വര്‍ഷം പിറന്നാള്‍ ആഘോഷം വേണ്ട. എന്റെ പിറന്നാള്‍ ഓര്‍ത്തു വച്ച് എന്റെ കഴുത്തിന് പിടിക്കാന്‍ മാത്രം ഉള്ള ക്ഷമയോ ഓര്‍മ്മയോ എന്റെ ഒരു കൂട്ടുകാരനും ദൈവം സഹായിച്ച് കിട്ടിയിട്ടില്ല. അത് കൊണ്ട് നൈസ്സായി മുങ്ങാം ഇത്തവണ. കഴിഞ്ഞ തവണ എന്നെ ഒരു വഴിക്കാക്കിയതല്ലേ, ഞാനും കാണിച്ച തരാം പ്രതികാരം എങ്ങിനെ തീര്‍ക്കാമെന്ന്.

എന്റെ പിറന്നാള്‍ ദിനം. നേരം പുലര്‍ന്നു. ഞാന്‍ ഒന്നും പിറന്നാളിനെപ്പറ്റി ഒന്നും മിണ്ടിയില്ല. എല്ലാവരും ഉണര്‍ന്നു. എന്നിട്ടും മിണ്ടിയില്ല. എല്ലാവരും കുളിച്ചൊരുങ്ങി അവരവരുടെ ഓഫീസ്സുകളില്‍ പോയി. ഇല്ല, ഞാന്‍ മിണ്ടുന്നില്ല. ഉച്ചയായി, വൈക്കുന്നേരവുമായി. എല്ലാവരും ഓഫീസില്‍ നിന്നു തിരിച്ചു വന്നു, ടി.വി. കാണാന്‍ തുടങ്ങി. ഞാന്‍ വീണ്ടും മിണ്ടുന്നില്ല. രാത്രിയായി. എല്ലാവരും അത്താഴം കഴിഞ്ഞു കിടന്നു. ഞാന്‍ എന്നിട്ടും മിണ്ടുന്നില്ല. എന്തൊരു ദുഷ്ടന്‍ ഞാന്‍, എന്തൊരു കഠിനഹൃദയന്‍ ഞാന്‍. നോ വേ, ഞാന്‍ മിണ്ടില്ല പിറന്നാളിനെപ്പറ്റി.

അല്ല, ഇതു ശരിയാണോ. എത്ര കാലമായി എനിക്കുള്ള കൂട്ടൂകാരാണ് ഇവര്‍. എന്റെ സുഖത്തിലും ദുഖഃത്തിലും മണ്ടത്തരങ്ങളിലും കൂടെ നിന്നിട്ടുള്ളവരല്ലേ. ഇവരോട് ഞാന്‍ ചെയ്യുന്നത് ദ്രോഹമല്ലേ. ഒന്നും പറയാതെ മുങ്ങുന്നത് മോശമല്ലേ. ചിലപ്പൊ പിന്നീട് ഇവര്‍ എന്റെ പിറന്നാള്‍ കടന്ന് പോയതറിയുമ്പോ എന്ത് വിചാരിക്കും. ഞാന്‍ ഒരു അഹങ്കാരി ആകില്ലേ. ഈ വക ചിന്തകള്‍ എന്നെ അലോസരപ്പെടുത്തി.

ഞാന്‍ സമയം നോക്കി. രാത്രി പതിനൊന്ന് കഴിഞ്ഞിരിക്കുന്നു. ഇനി എന്ത് പേടിക്കാന്‍. ഞാന്‍ എന്റെ പ്ലാന്‍ തീരുമാനിച്ചു. ഞാന്‍ ഇപ്പൊ കിടന്നുറങ്ങിത്തുടങ്ങിയ എല്ലാത്തിനേയും വിളിച്ചുണര്‍ത്തുന്നു. ഇന്നെന്റെ പിറന്നാള്‍ ആണെന്ന് പറയുന്നു. ഉറക്കപ്പിച്ച് കാരണവും, അത്താഴം കഴിച്ച് കഴിഞ്ഞത് കാരണവും, രാത്രിയേറെ കഴിഞ്ഞത് കാരണവും ഹൌഡ്നി എസ്കേപ്പ് പോലെ ഞാന്‍ അദ്ഭുതകരമായി രക്ഷപ്പെടുന്നു. വണ്ടര്‍ഫുള്‍ ഐഡിയ. കൈകൊട് മോനേ ദിനേശാ.

പ്ലാന്‍ പ്രകാരം ഞാന്‍ പരിപാടി തുടങ്ങി. ഉറങ്ങിക്കിടന്ന എല്ലാവരേയും പതുക്കെ തട്ടിവിളിച്ച് എഴുന്നേല്‍പ്പിച്ചു. ഇന്ന് എന്റെ പിറന്നാള്‍ എന്നറിയിച്ചു. രാത്രിയായിപ്പോയി പറയാന്‍, സോറി എന്ന് ഭവ്യതയോടെ അറിയിച്ചു. അത്രേം ഓക്കെ. പിന്നീടുള്ള എന്റെ പ്ലാനുകള്‍ എല്ലാം തെറ്റി.

മാരണങ്ങള്‍‍ എല്ലാം ചാടിയെഴുന്നേറ്റു. പിറന്നാള്‍‍ സമയത്തിന് പറയില്ലല്ലേ @#$@#@ എന്നും പറഞ്ഞ് എന്റെ മടിക്കുത്തിന് കേറിപ്പിടിച്ചു എല്ലാം. ബര്‍‍ത്ത്ഡേ ബമ്പ്സ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ചവിട്ടുനാടകത്തിന് എന്നെ എല്ലാവരും കൂടി ആകാശത്തേക്ക് എടുത്തുയര്‍ത്തി. സമയത്ത് പാര്‍ട്ടി കിട്ടാതിരുന്നതിന്റേയും, അതൊഴിവാക്കാന്‍ രാത്രി വൈകിവരെ കാത്തിരുന്നതിന്റേയും, അതിന്റെ പേരില്‍ തുടങ്ങിവന്ന ഉറക്കം കളഞ്ഞതിന്റേയും എല്ലാം വികാരം ചവിട്ടായി പെയ്തിറങ്ങിയപ്പോള്‍ എന്റെ നിതംബം പാണ്ടി ലോറിയെ കണ്ട തവളയെപ്പോലെ വീര്‍ത്ത് വന്നു.

തീര്‍ന്നില്ല പീഡനമുറകള്‍. അതിബുദ്ധിപരമായ നീക്കമായി ഞാന്‍ മനസ്സില്‍ കണ്ട പതിനൊന്ന് മണി എന്ന സുരക്ഷിത രേഖ തകര്‍ന്നത് അപ്പോഴാണ്. ബാംഗ്ലൂരില്‍ പാതിരാത്രി കഴിഞ്ഞും തുറന്നിരിക്കുന്ന ഹോട്ടലുകള്‍ എത്രയോ!!! ഞാന്‍ അതൊന്നും ഓര്‍ത്തില്ല. കേരളത്തിലെ കാര്യമേ ആ സമയം എന്റെ മനസ്സില്‍ ഓടിയുള്ളൂ. ആ സാമദ്രോഹികള്‍ രാത്രി മുഴുവന്‍ തുറന്നിരിക്കുന്ന ഹോട്ടലുകള്‍ എല്ലാം കണ്ടു പിടിച്ചുവച്ചിട്ടുണ്ടായിരുന്നു. ഇങ്ങനെ ഒരു ബുദ്ധിസാമര്‍ത്ഥ്യം ഞാന്‍ കാണിക്കുമെന്ന് അവര്‍ നേരത്തേ ഊഹിച്ചിരുന്നോ?

അങ്ങിനെ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പിറന്നാള്‍ ദിനത്തില്‍ ഞാന്‍ നല്ല അസ്സല്‍ മണ്ടത്തരം കാണിച്ച് എല്ലാവര്‍ക്കും ചിരിക്കാനുള്ള വഴിയുണ്ടാക്കി. എന്നെ സമ്മതിക്കണം. എന്തൊരു കണ്‍സിസ്റ്റന്‍സി. ഇനി ഈ വര്‍ഷവും പിറന്നാള്‍ വരുന്നുണ്ട്. എന്ത് ചെയ്യണമെന്ന് ഞാന്‍ നേരത്തേ ആലോചന തുടങ്ങിയിരിക്കുന്നു. മിക്കവാറും ഞാന്‍ അത് എന്തെങ്കിലും മണ്ടത്തരത്തില്‍ കൊണ്ട് ചെന്നവസാനിപ്പിച്ച് ഇവിടെ തന്നെ അതൊരു പോസ്റ്റായിടും, ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയം? Any doubts?

*സമര്‍പ്പണം - ഇന്ന് April 7-ന് പിറന്നാള്‍ ആഘോഷികുന്ന എന്റെ ഒരു പഴയ കൂട്ടുകാരിക്ക്.

5 comments:

  1. Durga said...

    (മൌനം) :-D



  2. Anonymous said...

    പിറന്നാല്‍ ദിനതില്‍ അബധം പറ്റുന്നതു സാധാരണയാണു. പക്ഷെ രക്ഷപെട്ട സ്തിധിയില്‍ നിന്നു കൂട്ടുകാരെ വിലിച്ചുണര്‍ത്തി തല്ലു മേടിച്ച നിന്നെ സമ്മതിക്കണം. നമിച്ചു.



  3. അരവിന്ദ് :: aravind said...

    ശ്രീജിത്തേ....:-) കൊള്ളാം.
    ഈ ബര്‍ത്‌ഡേ ബമ്പ്സിന്റെ ഒരു ഗുണം പറയാം.
    ഞങ്ങളുടെ ഒരു മൊഡ്യൂള്‍ ലീഡ് ഉണ്ടായിരുന്നു. ഐ.ഐ.ടി യന്‍..ബാക്കിയുള്ളവരെല്ലാം
    ഏഴാം കൂലികള്‍ എന്ന് വിചാരിക്കുന്ന അഹങ്കാരി ഒരു ബംഗാളി.
    മൂപ്പരുടെ ബര്‍ത്ത് ഡേയ്ക്ക്, സ്നേഹം നടിച്ച് ഞങ്ങള്‍ മൂപ്പരെ പൊക്കിയെടുത്ത് ബം‌പ്സ് കൊടുക്കാന്‍ തുടങ്ങി.
    ഞങ്ങളുടെ സ്നേഹവും, സ്വന്തം പോപ്പുലാരിറ്റിയും തെറ്റിദ്ധരിച്ച് മൂപ്പര്‍ കൂളായി ആയിക്കോ എന്ന് കിടന്നു തന്നു.
    അല്പം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ പക വച്ച തൊഴികളുടെ ശക്തി കൊണ്ട്, ഇത് ശരിയാവൂലാ എന്ന് മൂപ്പര്‍ക്ക് മനസ്സിലാവുകയും
    ലീവ് മി ലീവ് മി എന്ന് കാറാന്‍ തുടങ്ങുകയും ചെയ്തു.

    എന്തോന്ന് ലീവ് മി? മര്‍മ്മത്തിനിട്ട് തന്നെ കൂട്ടം കൂടി നിന്ന് തൊഴിച്ചു മദിച്ചു. കിട്ടിയ ചാന്‍സാണ്. ബര്‍ത്ത് ഡേ അഘോഷിച്ചതിന്റെ പേരില്‍ ആരും ശിക്ഷിക്കില്ല. കൂട്ടം കൂടി നിന്ന് പെരുമാറുന്നതിനിടക്ക് ആരാ എവിടാ തൊഴിച്ചതെന്ന് അവന്റെ അപ്പൂപ്പന്‍ വന്നാല്‍ കണ്ടു പിടിക്കാന്‍ പറ്റില്ല. പറ്റ്വ് ശ്രീജി?

    അവസാനം പരിപാടി കഴിഞ്ഞ് പഴംചാക്ക് താഴെ വച്ചപ്പോ, മൂപ്പരുടെ മുഖം തക്കാളി പോലെ ചുവന്നിരുന്നു.
    മര്‍മ്മവും താങ്ങി, ഹമ്മേ ഹമ്മേ എന്ന് പറഞ്ഞ്, മൂട്ടിലെല്ലാം ഞങ്ങളുടെ ഷൂവിന്റെ പാടുകളുമായി ഒത്തി ഒത്തി പോകുന്ന പാവത്തിനെ നോക്കി
    ഞങ്ങള്‍ പാടി - ഹാപ്പി ബര്‍ത്ത് ഡേ റ്റു യൂ..

    മൂപ്പര്‍ക്കിതു വരെ കുട്ടിയുണ്ടായിട്ടില്ല്യത്രെ..സത്യം.



  4. മനൂ‍ .:|:. Manoo said...

    ശ്രീജിത്ത്‌,

    ഇതിനെയൊക്കെയാണെന്നു തോന്നുന്നു, വേലിയിലിരിയ്ക്കുന്നതിനെ എടുത്ത്‌ എവിടെയൊക്കെയോ വച്ചതു പോലെ എന്നു പറയുന്നതല്ലേ?

    നന്നായി പുരോഗമിക്കുന്നു ശ്രീജിത്തരം :)

    ഇന്നു പിറന്നാള്‍ ആഘോഷിക്കുന്ന കൂട്ടുകാരിയ്ക്ക്‌, എന്റെ വകയും ഒരു ജന്മദിനാശംസകള്‍ അറിയിച്ചേക്കൂ.



  5. ഉമേഷ്::Umesh said...

    ബെര്‍ത്ത്ഡേ ബമ്പ് എന്ന സാധനം ഞാന്‍ ആദ്യമായി കേള്‍ക്കുന്നതു് എനിക്കു മുപ്പതു വയസ്സു തികഞ്ഞ ദിവസം. സ്ഥലം ബോസ്റ്റണ്‍. കൂടെ ജോലി ചെയ്യുന്ന പത്തുമുപ്പതു് ഇന്ത്യക്കാരു യുവതാരങ്ങളും കൂടെയുണ്ടായിരുന്നു.

    “ഉമേഷിനു ബെര്‍ത്ത്ഡേ ബമ്പു കൊടുക്കാം” എന്നു പറഞ്ഞപ്പോള്‍ ഗിഫ്റ്റ്, കേക്കു് എന്നൊക്കെപ്പറയുന്നതുപോലെ എന്തോ നല്ല സാധനമാണെന്നു വിചാരിച്ചു. അതുകൊണ്ടു വയസ്സു ചോദിച്ചപ്പോള്‍ “മുപ്പതു്” എന്നു സത്യം പറഞ്ഞു. എല്ലാവരും അദ്ഭുതപരതന്ത്രരും (എല്ലാവരും 25-ല്‍ താഴെയുള്ളവരായിരുന്നു. എന്നെ കണ്ടാല്‍ പ്രായം (വിവേകവും) തോന്നുകയേ ഇല്ലായിരുന്നു:-) ) ആനന്ദതുന്ദിലരും ആയി. ഏതാനും സെക്കന്റുകള്‍ കഴിഞ്ഞപ്പോഴാണു് വയസ്സു കുറച്ചുപറഞ്ഞാല്‍ മതിയായിരുന്നു എന്നു തോന്നിയതു്. My experiments with truth!

    (ഇതിന്റെ ഒരു ഫോട്ടോ ഉണ്ടു്. സ്കാന്‍ ചെയ്യാന്‍ സമയം കിട്ടുന്നതനുസരിച്ചു് ഇവിടെയെവിടെയെങ്കിലും കാണാം. ജാഗ്രതൈ!)

    ഏതായാലും, എനിക്കു കുട്ടിയുണ്ടാകാന്‍ വൈകി. ഇതുകൊണ്ടൊന്നുമല്ല. കല്യാണം കഴിക്കാന്‍ വൈകി, അതുകൊണ്ടാ...