Saturday, April 01, 2006

തോമസ്സ് ഇന്‍ ബര്‍ഗ്ഗര്‍ ടൌണ്‍

നാട്ടില്‍ നിന്ന് വന്ന തോമ്മാച്ചന്‍ രാവിലെ എന്റെ കൂടെ കാണിച്ച മണ്ടത്തരങ്ങളല്ലാതെ പിന്നീട് ബാങ്കിന്റെ പരീക്ഷ എഴുതാന്‍ പോയപ്പൊ അനിഷ്ഠസംഭവങ്ങള്‍ ഒന്നും സംഭവിച്ചില്ല. അതോ അതിനെ പറ്റി എന്നോട് പറയാതിരുന്നതോ? എന്തായാലും എനിക്ക് ഒരു പോസ്റ്റിനുള്ള വക ഒന്നും അവന്‍ ഉണ്ടാക്കിത്തന്നില്ല. അതിന് ഞാന്‍ അവന്റെ കൂടെ തന്നെ വേണം എന്നായോ അവസ്ഥ?. അങ്ങിനെ എങ്കില്‍ അങ്ങിനെ.

പുതിയ മണ്ടത്തരം ഒപ്പിക്കാന്‍ ഞാനും അവനും കൂടി വൈകുന്നേരം അങ്ങിനെ പുറപ്പെട്ടു. അവന്‍ ആദ്യമായിട്ടായിരുന്നു ബാംഗ്ലൂരില്‍ വരുന്നത്. പരീക്ഷ കഴിഞ്ഞപ്പോഴേക്കും ഒരുപാട് നേരമായതിനാല്‍ ഞാന്‍ ദൂരസ്ഥലങ്ങള്‍ ഒന്നും കാണിക്കണ്ട എന്നു വച്ചു. ഇവിടത്തെ Centralized AC ഉള്ള Shopping Mall ആയ ഫോറത്തില്‍ തന്നെ ഞാന്‍ അവനെ വൈകുന്നേരം കൊണ്ട് പോയി. പട്ടിക്കാട്ടില്‍ നിന്ന് വരുന്ന അവന് അതൊരു അനുഭവം തന്നെ ആയിരിക്കും എന്ന് കരുതി. പോരാണ്ട് ബംഗ്ലൂരിലുള്ള ഒരുമാതിരി നാണമില്ലാത്ത പെണ്‍പിള്ളേരെല്ലാം അവിടെ അല്പവസ്ത്രധാരിണികള്‍ ആയി വരും. അതും കണ്ട് രണ്ടാള്‍ക്കും നല്ലോണം വെള്ളമിറക്കാന്‍ പറ്റിയാല്‍ വിശപ്പും പൊയ്ക്കോളും, രാത്രിയുള്ള ഭക്ഷണത്തിന്റെ കാശും ലാഭിക്കാം.

ആ പ്ലാന്‍ അവന്‍ തെറ്റിച്ചു. പുതുവൈപ്പിനിലേക്ക് വെള്ളവും കൊണ്ട് പോകുന്ന മിനി ലോറി നിറക്കാന്‍ മാത്രം വെള്ളം ഒഴുക്കിയിട്ടും അവന്റെ വിശപ്പ് പോയില്ല. എന്റേം പോയില്ല, എങ്കില്‍ പോലും ഞാന്‍ പട്ടിണി കിടക്കാന്‍ തയ്യാറായിരുന്നു. പക്ഷെ അവന്‍ കാറാന്‍ തുടങ്ങി. ഫോറത്തില്‍ എവിടെ ചുളു വിലയ്ക്ക് ഭക്ഷണം കിട്ടും എന്ന് ഞാന്‍ ആലോചിച്ച് വരുമ്പോഴേക്കും അവന്റെ കണ്ണില്‍ മക്‍ഡോണാള്‍ഡ് ഉടക്കി. ഡോണാള്‍ഡ് ഡക്ക് ടി.വിയില്‍ കണ്ട് തലതല്ലിച്ചിരിക്കുന്ന അവന് അവിടെ നിന്ന് തന്നെ കഴിച്ചേ മതിയാകൂ. അവിടെ ബര്‍ഗ്ഗറും ഹോട്ട്ഡോഗും പോലത്തെ വേഷപ്രച്ഛന്നരായ ബ്രെഡ് മാത്രമേ ഉണ്ടാവൂ എന്ന് പറഞ്ഞ് തലയൂരാന്‍ നോക്കി ഞാന്‍. അതും കേട്ടേ പരിചയം ഉള്ളു, അതുകൊണ്ട് കഴിച്ചേ മതിയാകൂ എന്ന് അവന്‍. ഞാന്‍ എന്തു ചെയ്യും?

പര്‍സ് എടുത്ത് നോക്കി ഞാന്‍. കഷ്ടിച്ച് നൂറ് രൂപ കാണും. അവന്റെ കയ്യില്‍ എത്രയുണ്ടെന്ന് തിരക്കി. അവന്‍ പര്‍സ് പോലും എടുത്തിട്ടില്ല. അപ്പൊ എന്നെ വഴിയാധാരമാക്കാന്‍ തന്നെ ഇറങ്ങിപ്പുറപ്പെട്ടതാണ്. ഇവനെയൊക്കെ ...

എന്നാലും ക്രെഡിറ്റ് കാര്‍ഡും, ഡെബിറ്റ് കാര്‍ഡും ഒക്കെ ഉണ്ടല്ലോ കയ്യില്‍. അത് വച്ച് ഒപ്പിക്കാം. ഇവനെ പിണക്കി വിട്ടാല്‍ ഇനി തിരിച്ച് നാട്ടിലേക്ക് പോകാന്‍ പറ്റാത്ത ഒരു അവസ്ഥ ഇവന്‍ ഉണ്ടാക്കിക്കളയും. അതു കൊണ്ട് തീറ്റിപ്പണ്ടാരത്തിനെ പിണക്കാനും വയ്യ. ശരി, വാ എന്നു പറഞ്ഞ് കേറി അകത്ത്.

ആദ്യമായിട്ടാണ് ഓരോ സാധനവും കാണുകയും കേള്‍ക്കുകയും ചെയ്യുന്നത് എന്ന ഒരു ബുദ്ധിമുട്ടും അവനെ ബാധിക്കുന്നതായി തോന്നിച്ചില്ല അവന്‍. അല്ലേലും അവന്‍ ആദ്യം കാണുന്ന പെണ്‍പിള്ളേരോടും അവന് കുട്ടിക്കാലത്ത് മണ്ണ് കൊണ്ട് അപ്പം ഉണ്ടാക്കികളിച്ചിട്ടുള്ള ബാല്യകാല സഖി എന്ന രീതിയിലാ സംസാരിക്കാറുള്ളത്. ഒന്നും വിടാതെ ആ മെനുവിലുള്ള സാധനങ്ങളെല്ലാം അവന്‍ ഓര്‍ഡര്‍ ചെയ്യുകയും മുതുക്കാടിന്റെ Great Vanishing Act പോലെ അതൊക്കെ കാണാതാക്കുകയും ചെയ്തു ടിയാന്‍. ഞാന്‍ എന്റെ ദേഷ്യവും വിഷമവും വിശപ്പും ഒരു പെപ്‌സിയില്‍ ഒതുക്കി.

എല്ലാം കഴിച്ച് കഴിഞ്ഞ് പത്ത് മുന്നൂറ് രൂപയുടേ ബില്ലും കൊണ്ട് വന്ന ബെയററരിന് ക്രെഡിറ്റ് കാര്‍ഡ് കൊടുത്തപ്പോഴാണ് ആ മഹാത്മാവ് എന്റെ ശ്വാസം നിലക്കാന്‍ പാകത്തിലുള്ള ഒരു വാചകം കാച്ചിയതു. അവിടുത്തെ ക്രെഡിറ്റ് കാര്‍ഡ് മെഷീന്‍ വര്‍ക്ക് ചെയ്യുന്നില്ലപോലും. ഇനി എന്നാ ചെയ്യുമെടാ തോമ്മാച്ചാ എന്ന എന്റെ ചോദ്യത്തിന് നീ അരിയാട്ടിക്കോ എന്ന മറുപടി നല്‍കി അവന്‍ മിടുക്കനായി. മക്ക്‍ഡൊണാള്‍ഡ്സില്‍ എന്തു അരി, എന്തു ആട്ടല്‍? ഗോതമ്പ് മാവു കുഴക്കാന്‍ പറയുമോ? ഈശ്വരാ, ഇതിലും ഭേദം മരണമാണ്. എന്ന അങ്ങോട്ടെടുക്കുമോ വേഗം നീ എന്നെ?, plz.. ഇവനെ അങ്ങോട്ടെടുക്കുവോ എന്ന് പ്രാര്‍ത്ഥിക്കാമായിരുന്നു. പക്ഷെ ഒന്നാമതു ഇവന്റെ ദൈവത്തെ എനിക്ക് അത്ര പരിചയം പോര, രണ്ടാമത് ഇവന്റെ കഥ തീര്‍ന്നാലും എന്റെ ദുരിതങ്ങള്‍ അവസാനിക്കുന്നില്ല. ബില്ലിന്റെ ഭീഷണി പിന്നേം അവിടെ കിടക്കുന്നു ഡെമോസ്‌തനിസ്സിന്റെ വാളു പോലെ.

മാനേജറോട് പോയി സങ്കടം പറഞ്ഞു. ഒറ്റത്തവണത്തേക്ക് ക്ഷമിച്ച് വിട്ടാല്‍ ഇനി ഒരിക്കലും മണ്ടത്തരങ്ങള്‍ ഒന്നും കാണിക്കാതെ നല്ല കുട്ടിയായി ജീവിച്ചുകൊള്ളാം എന്നു വരെ പറഞ്ഞു. ഇത്രേം ത്യാഗം ഞാന്‍ ചെയ്യാം എന്ന് പറഞ്ഞിട്ടും അങ്ങേര്‍ കേള്‍ക്കണ്ടേ? ബ്ലഡി ഫൂള്‍. എന്നാലും ഇത്തിരി ദയ കാണിച്ചു ചേട്ടന്‍. ആ തീറ്റിപണ്ടാരത്തിനെ അവിടെ പണയം വച്ചിട്ട് വല്ല ATM ഇലും പോയി കാശ് എടുത്തിട്ട് വരാന്‍ ഉള്ള അനുവാദം തന്നു.

അതിനെന്താ, നോ പ്രോബ്ലം. എനിക്ക് സന്തോഷമേ ഉള്ളു. ഇവിടെ കിടന്നോട്ടെ ഈ ഈറ്റിങ്ങ് മെഷീന്‍. കുറെ കൂടി ബര്‍ഗ്ഗറും ഹോട്ട്ഡോഗും ഒക്കെ കാണിച്ച് കൊടുത്ത് പീഡിപ്പിച്ചോളൂ. ഒരെണ്ണം പോലും തൊടീക്കരുതു. ഞാന്‍ ഇപ്പൊ ഈ പഴംചരക്ക് നിങ്ങളെ ഏല്‍പ്പിച്ചിട്ട് പോകുവാണ്. ഇനി എന്ത് സംഭവിച്ചാലും ഞാന്‍ ഉത്തരവാദി അല്ല. അപ്പൊ ബൈ ബൈ എന്നും പറഞ്ഞ് ഇറങ്ങിയ ഞാന്‍ തൊട്ടപ്പുറത്തുള്ള ATM ഇല്‍ പോയി ഞാന്‍ പിന്നെ കാശും ഒക്കെ എടുത്ത് ഞാന്‍ തിരിച്ച് വന്നത് ആ കട അടക്കാറായപ്പോള്‍ മാത്രം.

ഇത്ര അപകടം പിടിച്ച സാധനം എനിക്ക് പിന്നെ എവിടെയാ സുരക്ഷിതമായി വച്ചിട്ട് പോകാന്‍ പറ്റുക? എന്തായാലും എന്റെ പ്രതികാരവും തീര്‍ന്നു, അവന്റെ ബര്‍ഗ്ഗര്‍ കൊതിയും തീര്‍ന്നു. ആദ്യമായി എന്റെ മണ്ടത്തരം എനിക്ക് തന്നെ സുഖിച്ച സന്തോഷത്തോടെ ഞാനും, കാണിച്ച മണ്ടത്തരത്തിന്റെ വിഷമവുമായി അവനും ഒന്നും മിണ്ടാതെ വീട്ടിലേക്ക് യാത്രയായി. വഴിനീളെ ഞാന്‍ പാടിക്കൊണ്ടിരുന്നു “യേ ദോസ്തീ, ഹം നഹീ ചോടേങ്കേ”, അവന് എന്തു തോന്നിക്കാണുമോ എന്തോ.

14 comments:

  1. Kalesh Kumar said...

    കൊള്ളാം ശ്രീജിത്തേ!
    ഇതുപോലൊരബദ്ധം എനിക്കും പറ്റിയിട്ടുണ്ട്! ഉം അല്‍ കുവൈന്‍ കേ.എഫ്.സീയില്‍ ഒരിക്കല്‍ എന്റെ സുഹൃത്തിനെ ഞാന്‍ നിര്‍ബന്ധിച്ച് കൊണ്ട് “കെന്താ‍ക്കി” തീറ്റിക്കാന്‍ പോയി. ക്രെഡിറ്റ് കാര്‍ഡ് എടുത്ത് വീശിയപ്പം “സോറീ സാര്‍, വീ ഡോണ്ട് അക്സപ്റ്റ് ക്രെഡിറ്റ് കാര്‍ഡ്സ്”. കാര്‍ഡ് സ്വൈപ്പ് ചെയ്യുന്ന സംഭവം അവന്റെ പി.ഓ.എസ് ന്റെ മോണിറ്ററില്‍ ഉണ്ട് - അതെന്തിനാ വച്ചേക്കുന്നതെന്ന് ചോദിച്ചപ്പം - “നോട്ട് വര്‍ക്കിംഗ്“ എന്ന മറുപടിയും കിട്ടി. പിന്നെ സുഹൃത്ത് കാശ് കൊടുത്തു. സുഹൃത്തിന്റെ വായീന്ന് ചീത്ത കേട്ടത് മിച്ചം!



  2. ദേവന്‍ said...

    ശ്രീജിത്തേ,
    എതോ പടത്തില്‍ (സുനിലേ മാപ്പ്‌) ക്യാപ്റ്റന്‍ രാജു വന്നിറങ്ങിയിട്ട്‌ ക്രെഡിറ്റ്‌ കാര്‍ഡ്‌ എടുത്തു ആട്ടോക്കാരനു കൊടുക്കുന്നതോര്‍ത്തുപോയി!!

    ഈ ശ്രീജിത്ത്‌ എന്റെ സഹപാഠി ശ്രീജിത്താണെന്ന് ഞാന്‍ വിശ്വസിച്ചു പോയേനേ ആ ഫോട്ടോ ഇട്ടില്ലായിരുന്നെങ്കില്‍ (ഈശ്വരാ ഇങ്ങനേം ഉണ്ടോ രണ്ടുരുപ്പടികള്‍?)



  3. Sapna Anu B.George said...

    മണ്ടത്തര‍ങ്ങളാണെങ്കിലും, ഉഗ്രന്‍ ആയിട്ടുണ്ട് ശ്രീജിത്തേ.



  4. അതുല്യ said...

    ശ്രീക്കുട്ടാ, നീ ഒന്ന് പോയി പെണ്ണു കെട്ടീട്ട്‌ ഇതു പോലൊരു കറക്കം കറങ്ങി വന്ന് ബ്ലോഗെഴുത്‌ കേട്ടോ. മൂന്ന് മാസത്തെ വരവടക്കം ഒരു കറങ്ങിലില്‍ കളയും ചില ലലനാ മണികള്‍. വാങ്ങിച്ച്കൊടുത്തില്ലേലു പിന്നെ വീട്ടിലെ പട്ടിണി ഞാന്‍ പറയാതെ തന്നെ അനുഭവം പറഞ്ഞ്‌ തരും.

    കലേഷുക്കുട്ടാ, അനിയനും കൂടിയാ ഈ വാണിംഗ്‌.. കെട്ടുന്നതിനു മുമ്പ്‌ ആ പ്ലാസ്റ്റിക്ക്‌ ഭൂതത്തേ അങ്ങട്‌ കത്തിച്ചു കള.



  5. ചില നേരത്ത്.. said...

    മുമ്പൊക്കെ വാച്ച് ഊരി വെച്ച് അവധി പറയലായിരുന്നു. ഇതു പോലൊരിക്കല്‍ പേഴ്സ് അടിച്ച് പോയ സുഹൃത്ത് മനസ്സില്ലാ മനസ്സോടെ അവന്റെ IKEPOD വാച്ച് ഹോട്ടലുകരന് കൊടുത്തപ്പോള്‍, കാശില്ലേലും വേണ്ടില്ല ഈ മാതിരി ചവറുകള്‍ വെച്ച് പോകല്ലേന്ന് പറഞ്ഞതോര്‍മ്മ വരുന്നു.
    പിന്നെ പെണ്ണുകെട്ടണമെന്നില്ല ഒരു ക്രെഡിറ്റ് കാര്‍ഡെടുത്താല്‍ തന്നെ ഒരു പാടെഴുതാനുള്ളത് കിട്ടും.
    മണ്ടത്തരങ്ങള്‍ കസറുന്നു.തോമസുകുട്ടിയെ പറഞ്ഞയക്കല്ലേ.



  6. ചില നേരത്ത്.. said...

    അല്ലാ ശ്രീജിത്തേ അതെന്തു വാള്‍?



  7. ഇളംതെന്നല്‍.... said...

    ഡമോക്ലിസിന്റെ വാളല്ലേ?



  8. ഉമേഷ്::Umesh said...

    പാവം ഡെമോസ്തനീസ്. തത്ത്വചിന്തകനായിരുന്നു. അങ്ങേരു വാളുവെച്ചതെങ്ങനെ ശ്രീജിത്തിന്റെ തലയില്‍ വീണു?

    ഇളം തെന്നലേ, ഡെമോസ്തനീസിന്റെ അച്ഛന്‍ വാളുണ്ടാക്കുന്ന മനുഷ്യനായിരുന്നു എന്നു വിക്കിപീഡിയ പറയുന്നു. അതിലൊരെണ്ണം എടുത്തു ശ്രീജിത്തിനിട്ടു വീശിയതായിരിക്കും :-)



  9. സു | Su said...

    ശ്രീജിത്തേ,
    അങ്ങോട്ട് വരുന്നവര്‍ കാശുംകൊണ്ട് വന്നാല്‍ മതി എന്നൊരു സൂചന ആണ് ഇത് അല്ലേ? :)



  10. മനൂ‍ .:|:. Manoo said...

    ശ്രീജിത്ത്‌,

    മുന്‍പൊരനുഭവം ഇതുപോലുണ്ടായത്‌ ഓര്‍മ്മ വരുന്നു.
    സംഭവം പക്ഷേ ബാറിലായിരുന്നെന്നു മാത്രം.

    തിരിച്ചെടുത്തോളാം എന്ന ഉറപ്പിന്മേല്‍ കൂട്ടുകാരനെ(?) counter - ഇല്‍ ഏല്‍പ്പിച്ച്‌, കാശെടുത്തു തിരികെവന്നപ്പോള്‍ കണ്ടത്‌ വീണ്ടും മൂന്നാലെണ്ണെം കൂടി അടിച്ചു കേറ്റി അവിടമാകെ വാളുവച്ചു മനോഹരമാക്കിയിരുന്നതാണ്‌!



  11. വര്‍ണ്ണമേഘങ്ങള്‍ said...

    ശ്രീജിത്തേ മഴനൂലൻ പറഞ്ഞ സംഭവത്തിന്‌ ഞാനും സാക്ഷി.അടിച്ചു കൂട്ടിയത്‌ കാർഡടച്ച്‌ തലയൂരാൻ പറ്റിയില്ല.കാശെടുക്കാൻ വേണ്ടി പോയപ്പോൾ കൌണ്ടറിൽ ഇരുത്തിയ പണയ വസ്തു ഞങ്ങളെക്കൊണ്ട്‌ അനുദിനം ചുരുങ്ങിക്കൊണ്ടിരിക്കുന്ന സ്വർണ?(ഉൽപ്രേക്ഷ ബാധകം) മാല പണയത്തിലാക്കിച്ചു.

    പൊന്നു മോനെ മക്‌ ഡൊ അല്ലാതെ വേറൊന്നും കണ്ടില്ലേ..?
    അവിടെ കിട്ടുന്നത്‌ പാമ്പ്‌ വലിയ ഇരയെ വിഴുങ്ങുന്ന പോലെ അകത്താക്കുകയും വേണം, പിന്നെ ബില്ലിങ്ങിന്‌ അതേ പരുവത്തിൽ പ്ലേറ്റിൽ കയറി ഇരുന്നു കൊടുക്കുകയും വേണം



  12. അരവിന്ദ് :: aravind said...

    പോസ്റ്റ് കലക്കീ ട്ടാ..
    എന്നാ വേറൊരു കഥ പറയാം.
    ഞങ്ങളുടെ കൂടെ ഹൈദ്രാബാദില്‍ താമസ്സിച്ചിരുന്ന പ്രായത്തില്‍ മൂത്ത ഒരു പരമ സാധു ബഷീര്‍- ബഷീര്‍ക്ക എന്ന് ഞങ്ങള്‍ വിളിച്ചു പോന്ന വ്യക്തി.
    മൂപ്പര്‍ക്ക് ഇംഗ്ലണ്ടിലേയ്ക്ക് ഓണ്‍സൈറ്റ് ചാന്‍സ് കിട്ടി.
    അടിപൊളി!! നടക്ക് ബഷീര്‍ക്കാ താജ് ബഞ്ചാരയിലേയ്ക്ക് , ചെലവ് ചെലവ് എന്ന് പറഞ്ഞ്, ഞങ്ങളൊരു 7-8 പേര്‍ പാവത്തിനെ പിടിച്ചു വലിച്ചു കൊണ്ടോയി.
    ഡിന്നര്‍ ബുഫെയാണ്. ഒരു പ്ലേയ്റ്റിനു വെറും 400 രൂപാ. മൂപ്പരുടെ കൈയ്യില്‍ കൃത്യത്തിനു മീതെ ഇത്തിരി കൂടി കാശ്.
    ബുഫേ ഐറ്റംസ് പ്ലേറ്റില്‍ നിറച്ച് വെട്ടി വീക്കാനിരുന്നപ്പോള്‍ ബെയറര്‍ വന്നു.
    “സാര്‍, മിനറല്‍ വാട്ടര്‍, കോള്‍ഡ് ഡ്രിങ്ക്സ്, ഓര്‍ നോര്‍മല്‍ വാട്ടര്‍?”
    ബുഫെ അല്ലേ..എന്തിനാ കുറയ്ക്കുന്നത്? ഏതെടുത്താലും എത്രയെടുത്താലും 400 ഉലുവ. പോരട്ടെ കോള്‍ഡ് ഡ്രിങ്ക്സ്!
    പെപ്സി, മിറിന്‍ഡാ, സ്പ്രൈറ്റ് ഇത്യാദി ഗ്ലാസ്സുകളില്‍ നിരന്നു.
    കുടിച്ചവര്‍ വീണ്ടും വീണ്ടും നിറച്ചു..വയറു നിറഞ്ഞപ്പോ ഗ്ലാസ്സുകളില്‍ പകുതിയിലും മേലെ അവശേഷിച്ചു.
    ബില്ലു വന്നപ്പോള്‍ കണ്ണ് തള്ളി.
    വിചാരിച്ചതിലും ഒരു 1500 രൂപാ കൂടുതല്‍!!
    സംഗതി എന്താന്നല്ലേ? ഡ്രിങ്ക്സ് എക്സ്ട്രാ ആണ് പോലും..10 രൂപയുടെ പെപ്സിക്ക് അവിടെ ചാര്‍ജ് 40 രൂപാ!!
    ആദ്യം ചെയ്തത്, മേശക്ക് ചുറ്റും ഓടി നടന്ന്, ഗ്ലാസ്സുകളില്‍ ബാക്കിയുണ്ടായിരുന്നത് മൊത്തം കുടിച്ചു തീര്‍ക്കുകയാണ്.
    പിന്നെ ബഷീര്‍ക്കയെ പണയം വച്ചു, ഓട്ടോ പിടിച്ച്, കാശ്ശെടുത്ത് കൊണ്ടു വന്നു.
    1500 രൂപക്ക് പെപ്സി കുടിച്ച ആ സന്തൊഷത്തില് ഞങ്ങള്‍ ബഞ്ചാര മുതല്‍ ബേഗംപേട്ടു വരെ ഓട്ടോ പിടിക്കാതെ ആ പാതിരാത്രിയില്‍ ഒറ്റ നട നടന്നു!



  13. Durga said...

    അപ്പോള്‍ അന്നു നിങ്ങളെയൊക്കെ ക്യാമ്പസ് ചോയ്സില്‍ അരിയാട്ടിക്കഴിഞ്ഞിട്ടേ അവര്‍ വീട്ടില്‍ വിട്ടുള്ളൂ അല്ലേ......:-( ;;-)))



  14. Durga said...

    കൂട്ടുകാരെ, ഇനി ശ്രീജിത്ത് താജില്‍ ട്രീറ്റ് തരാമ്മ്ന്നു പറഞ്ഞാലും ഞാന്‍ ആ പഞ്ചായത്തിലേക്കില്ലേയ്......!!!!!! എന്തായാലും ക്രെഡിറ്റ് കാര്‍ഡ് കളയണ്ട....ഒരു ജാഡയ്ക്കിരിക്കട്ടെ...ഹഹാ‍ാ‍ാ....ആധാരതിലുണ്ടെങ്കിലും അത്താഴത്തിനില്ലാലേ.......:-))
    hahaahooooy!! ROFL