Tuesday, April 11, 2006

പുലര്‍കാല ബൈക്ക് സ്മരണകള്‍

നാട്ടില്‍ നിന്ന് ബാങ്ക് ടെസ്റ്റ് എഴുതാന്‍ വന്ന തോമസ്സ് എല്ലാവര്‍ക്കും നല്ല നേരമ്പോക്കിന് വഴിയാകുകയും രസിപ്പിക്കുകയും ചെയ്തെങ്കിലും അവന്‍ പോകുകയാണെന്ന് കേട്ടപ്പോള്‍ എനിക്ക് വിഷമമായി. വേറൊന്നുമല്ല, അവനെ അതിരാവിലെ റെയില്‍‌വേ സ്റ്റേഷനില്‍ കൊണ്ട് വിടണം ഞാന്‍. അവനാണെങ്കില്‍ രാവിലെ 5 മണിക്കുള്ള കൊയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചറിന് തന്നെ പോകുകയും വേണം. മറ്റു ട്രെയിനുകളെക്കുറിച്ചുള്ള പ്രലോഭനങ്ങളും അതിരാവിലെ ബാംഗ്ലൂരില്‍ യാത്ര ചെയ്യുന്നതിന്റെ അപകടങ്ങളെക്കുറിച്ചുള്ള ഭീഷണികളും ചിലവാകാതിരുന്നപ്പോല്‍ അവനെ കൊണ്ടു വിടാന്‍ തയാറാകേണ്ടി വന്നു എനിക്ക് അവസാനം.

രാവിലെ ഒരു നാലുമണിക്ക് തന്നെ എഴുന്നേറ്റ്, പല്ലുപോലും തേക്കാതെ, ഉടുത്ത വസ്ത്രവും മാറാതെ, ബാംഗ്ലൂരിലെ പുലര്‍ക്കാലകൊടുംതണുപ്പത്ത് ഞാന്‍ അവനെ കൊണ്ടു വിട്ടു റയില്‍‌വേ സ്റ്റേഷനില്‍. യാത്രയും പറഞ്ഞ്, ഇനിയും ഈ വഴി വരണേ എന്നു പാതി തമാശയായും, പാതി കാര്യമായും, അതിന്റെ ഇടക്ക് കുറച്ച് വിരട്ടായും പറഞ്ഞ്, അവനെ ഒരു ബോഗിയില്‍ പിടിച്ചിരുത്തി ഞാന്‍ തിരിച്ച് പ്രയാണം ആരംഭിച്ചു. അഞ്ച് മിനുട്ടെങ്കില്‍ അത്രയും നേരത്തേ എത്തിയാല്‍ അത്രയും കൂടുതല്‍ ഉറങ്ങാമല്ലോ എന്ന ചിന്ത മാത്രം മനസ്സില്‍. പാതി വഴിയില്‍ റിച്ച്മണ്ട് സര്‍ക്കിളിന് അടുത്തെത്തിയപ്പോള്‍, എന്റെ പ്രിയ ശകടം ദോണ്ടേ കിടക്കുന്നു, അതങ്ങ് നിന്നു.

അവന് നില്‍ക്കാന്‍ കണ്ട നേരം. നല്ല ഉറക്കപ്പിച്ചില്‍ നില്‍ക്കുന്ന സമയത്ത് തീരെ ഗ്രീസ് തൊട്ടിട്ടില്ലാതെ ഒരു കിക്കര്‍ അടിക്കാനുള്ള ബുദ്ധിമുട്ട് പറയണ്ടല്ലോ. ഞാന്‍ പിച്ചും പേയും പറഞ്ഞ്, തോമസ്സിനേയും, അവന്‍ പരീക്ഷ എഴുതിയ ബാങ്കിനേയും, അവനോട് സൌഹൃദം കൂടാന്‍ തോന്നിയ സമയത്തേയും പ്രാകിക്കൊണ്ട്, കിക്കര്‍ അടി തുടങ്ങി. ഒന്നേ, രണ്ടേ, മൂന്നേ, നാലേ, ...

നാ‍ല്പത്തൊന്നേ, നാല്പത്തിരണ്ടേ, നാല്പത്തിമൂന്നേ, നാല്പത്തിനാലേ, ...

എണ്ണല്‍ നിര്‍ത്തി ഞാന്‍ കിക്കര്‍ അടിയില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്ത് തുടങ്ങി. ഇതിനോടകം എന്റെ ഉറക്കമൊക്കെ പോയിരുന്നു. എങ്ങിനെ പോകാതിരിക്കും, അമ്മാതിരി ചവിട്ടല്ലേ ചവിട്ടുന്നത്.

ഇനി പെട്രോള്‍ ഇല്ലാത്തത് കൊണ്ടായിരിക്കുമോ? പെട്രോള്‍ ടാങ്കിന്റെ അടപ്പ് തുറന്ന് നോക്കി. അകത്ത് കുരാക്കുരിരുട്ട്. വണ്ടി കുലുക്കിനോക്കി. പെട്രോല്‍ കുലുങ്ങുന്ന ശബ്‌ദം കേള്‍ക്കുന്നുണ്ട്. അപ്പൊ പെട്രോള്‍ ഇല്ലാഞ്ഞിട്ടല്ല.

ഞാനീ പോളിടെക്നിക്ക് ഒന്നും പഠിച്ചിട്ടില്ലാത്തത് കാരണം, യന്ത്രങ്ങളുടെ പ്രവര്‍ത്തനരീതിയൊന്നും അറിയില്ല. സ്പാര്‍ക്ക് പ്ലഗ്ഗില്‍ പൊടി കേറിയോന്ന് നോക്കാനാണെങ്കില്‍ അത് ഊരാനും‍ അറിയില്ല. എയര്‍ഫില്‍റ്റര്‍ ചെക്ക് ചെയ്യാനാണെങ്കില്‍ അതിതുവരെ കണ്ടിട്ടില്ല. ഇതു രണ്ടുമല്ലാതെ വേരെ ഒന്നിന്റേയും എനിക്ക് പേരുപോലും അറിയില്ല. ഇതു രണ്ടിന്റേയും പേര് തന്നെ, സര്‍വീസ് ചെയ്യുമ്പൊ നൂരു രൂപ വീതം അവര്‍ ബില്ല് തരുന്നത് കൊണ്ട് പഠിച്ചതാണ്.

ഇനി എന്ത് ചെയ്യും? സമയമാണെങ്കില്‍ 7 മണി കഴിഞ്ഞു. ഇനി വയ്യ എനിക്ക് കിക്കര്‍ അടിക്കാന്‍. എന്റെ കപ്പാസിറ്റി തീര്‍ന്നു. വേഗം വീട്ടില്‍ പോയിട്ട് വേണം പെന്റിങ്ങില്‍ കിടക്കുന്ന ഉറക്കം ഉറങ്ങിത്തീര്‍ക്കാന്‍. ഞാന്‍ എന്റെ സഹമുറിയനെ വിളിച്ചു. അവനാണെങ്കില്‍ നല്ല ഉറക്കം. കുറേ നേരം മണി അടിച്ചതിനുശേഷമാണ് അവന്‍ ഫോണ്‍ എടുത്തത് തന്നെ. ഞാന്‍ കാര്യം പറഞ്ഞു. ബൈക്ക് ഇവിടെ ഇട്ടിട്ട് നിന്റെ കൂടെ വീട്ടിലേക്ക് വരാം. ബൈക്ക് പിന്നെ എടുക്കാം. എനിക്ക് ഉറക്കമാണ് മുഖ്യം. കം അന്റ് പിക്ക് മി അപ്പ്.

പറ്റില്ല. അവന്‍ ആദ്യമേ പറഞ്ഞു. അവനും ഉറക്കമാണ് മുഖ്യമത്രേ. എന്തൊരു കഷ്‌ടമാ. എന്റെ ഉറക്കത്തിന് ഒരു വിലയുമില്ലേ. അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലൊ. തേനേ, ചക്കരേ വിളികള്‍ + കെഞ്ചല്‍ + ഭീഷണി + പ്രാകല്‍. ഒരാളെ അനുസരിപ്പിക്കാന്‍ ഇതു ധാരാളം. അവസാനം അവന്‍ വന്നു, ഞാന്‍ വരുത്തിച്ചു.

വന്നയുടനേ അവന്‍ ചോദിച്ചത് പെട്രോള്‍‍ ഉണ്ടൊയെന്നാണ്. “പിന്നേ, എത്ര ഉണ്ട് എന്നു ചോദിക്ക് “ എന്ന് ഞാനും. അവന്‍ വന്നു ടാങ്കിന്റെ അടപ്പ് തുറന്ന് കുലുക്കിനോക്കി. ചെറിയ കുലുക്കം ഉണ്ട്. അവനും കുറേ കിക്കര്‍ അടിച്ച് നോക്കി. രക്ഷയില്ല. എത്ര നാളായി പെട്രോല്‍ അടിച്ചിട്ട്? അവന്‍ ചോദിച്ചു.

ഗോള്‍ഡ് ഫിഷിന് അഞ്ച് മിനുട്ടിന്റെ ഓര്‍മ്മശക്തിയേ ഉള്ളൂ എന്ന് കേട്ടിട്ടുണ്ട്. എനിക്കു ഇത്തിരീം കൂടെ കാണും. എന്നാലും ഒരുപാടില്ല. ഓര്‍മ്മയില്ല എന്ന് എന്റെ മറുപടി. അവന്റെ മറുപടി ഒരു നോട്ടത്തില്‍ ഒതുങ്ങി. അതിത്തിരി കടുപ്പത്തില്‍ ആയിരുന്നു പക്ഷെ. ദേഷ്യം കൂടിക്കൂടി വരുന്നു അവന്റെ മുഖത്ത്. ദേഷ്യം വരുമ്പോഴും തെറിവിളിക്കുമ്പോഴും അവന്റെ മുഖം കാണാന്‍ ഒരു പ്രത്യേക ഭംഗി ആണ്. അതു ഞാന്‍ ആസ്വദിച്ചു നില്‍ക്കുമ്പോള്‍ ഒരു ഒന്നു രണ്ട് തെറികളുടെ അകമ്പടിയോട് കൂടെ അവന്‍ അലറി. “അവസാനം ഉള്ള ഒരു അരലിറ്ററോളം പെട്രോള്‍ ഉപയോഗശൂന്യമായിരിക്കും, അത് എഞ്ചിനിലേക്ക് വരില്ല. ഇത്ര കാലമായിട്ടും ഇതറിയാന്‍ പാടില്ലേ? ഒന്നു പെട്രോള്‍‍ അടിച്ച് നോക്കാമായിരുന്നില്ലേ നിനക്ക്?“

ഇത് പുതിയ അറിവാണല്ലോ. നിത്യജീവിതത്തില്‍ നിന്ന് എന്തൊക്കെയാണ് എനിക്ക് പഠിക്കാന്‍ പറ്റുന്നത്. എന്നെ സമ്മതിക്കണം. എന്നാല്‍ ഇത് പരീക്ഷിച്ച് നോക്കാതെ വിശ്വസിക്കാനും പറ്റില്ലല്ലോ. തൊട്ടപ്പുറത്ത് തന്നെ ഉണ്ടായിരുന്ന പെട്രോള്‍ പമ്പിലേക്ക് ഞാന്‍ തള്ളിക്കൊണ്ട്പോയി, കയ്യില്‍ നിന്ന് നുള്ളിപ്പെറുക്കി ഉണ്ടാക്കിയ കാശു കൊണ്ട് വീണ്ടും ഒരു അര ലിറ്റര്‍ പെട്രോള്‍ കൂടെ അടിച്ക് കിക്കര്‍ ഒന്നടിച്ചപ്പോഴേക്കും, അത്‌ഭുതം, മഹാത്‌ഭുതം. അത് സ്റ്റാര്‍ട്ട് ആയി. അപ്പോള്‍ അവന്‍ പറഞ്ഞത് ശരി തന്നെ. അവസാനം കിടന്ന ആ അരലിറ്റര്‍ ആണ് കുലുങ്ങിക്കുലുങ്ങിക്കൊണ്ടിരുന്നത്. ആ അരലിറ്ററാണ് എന്നെക്കൊണ്ട് ഒരു പത്ത്നൂറു തവണ കിക്കര്‍ അടിപ്പിച്ചത്, അതേ അരലിറ്ററാണ് എന്റെ സഹമുറിയന്റെ ഉറക്കവും കളഞ്ഞത്. ആ അരലിറ്റര്‍ തന്നെ ഇനി എന്റെ ഇന്നത്തെ ഒരു ദിവസവും കുളമാക്കിത്തരാന്‍ പോകുന്നു. ഇന്നെന്നെ കാത്തിരിക്കുന്നത് ഒരു സുഭദിനമല്ല, ഒരു തെറിദിനമാണ്.

“ഞാന്‍ പോകുന്നു, നീ അങ്ങോട്ട് വന്നേരെ, വച്ചിട്ടുണ്ട് “ എന്നും പറഞ്ഞ് എന്റെ ബഹുമാന്യനായ സുഹൃത്ത് അവന്റെ ബൈക്കില്‍ വീട്ടിലേക്ക് പോയി. എന്നെ കാത്തിരിക്കുന്ന തെറികളുടെ ഷോറൂമിലേക്ക് ഞാന്‍ എന്റെ ബൈക്കില്‍ പിന്നാലെയും. ശേഷം ചിന്ത്യം.

17 comments:

 1. evuraan said...

  ശ്രീജിത്തേ,

  കേമമാവുന്നുണ്ട്, കേട്ടോ..

  ആശംസകള്‍ 2. ഇളംതെന്നല്‍.... said...

  ശ്രീജിയേ... ഒരു ശകടം കൊണ്ടുനടക്കുമ്പോള്‍ അതിന്റെ കാര്യങ്ങള്‍ നോക്കാന്‍ പോളിടെക്‍നിക്കില്‍ പോയി പഠിക്കുകയൊന്നും വേണ്ട... മറ്റൊന്നും കൊണ്ടല്ല.. പോളിടെക്‍നിക്‌ പഠിച്ചവന്മാരുടെ കാര്യവും വലിയ വ്യത്യാസമൊന്നുമില്ല.... പിന്നെ ഒരാശ്വാസമേ ഉള്ളൂ.. അനുഭവമാണല്ലോ പലതും പഠിപ്പിക്കുന്നത്‌... 3. ശനിയന്‍ \OvO/ Shaniyan said...

  ശ്രീജിത്തേ, ഇങ്ങനത്തെ സന്ദര്‍ഭങ്ങളില്‍, ആ വണ്ടിയെ വണ്ടിക്കാളക്ക് ലാടം അടിക്കാന്‍ എന്ന പോലെ ചെരിച്ച് ഒരു പതിനഞ്ച് സെക്കന്ഡ് കിടത്തുക. പിന്നെ പൊക്കി എടുത്ത് ചവിട്ടിയാല്‍ സ്റ്റാര്‍ട്ട് ആവും. നൂറേ നൂറില്‍ പിടിപ്പിച്ചാല്‍ ഒരു അര കിലോമീറ്ററില്‍ താഴെ ഓടും.. നേരത്തെ പറഞത് വീണ്ടും ചെയ്താല്‍ (ചെയ്തോണ്ടിരുന്നാല്‍) ഒരു വിധം പമ്പിലെത്താം. വണ്ടിയുടെ മോഡല്‍ അനുസരിച്ച് ആ പെട്രോളിന്റെ അളവും, എത്താവുന്ന ദൂരവും മാറും..

  (എന്റെ അനുഭവത്തെ(സമ്പത്തിനെ)ക്കുറിച്ച് ഇനി കൂടുതല്‍ പറ്യണ്ടല്ലോ അല്ലെ? ;)) 4. ശനിയന്‍ \OvO/ Shaniyan said...

  പുലര്‍ക്കാലമാണോ അതോ പുലര്‍കാലമാണോ ശരി? 5. സു | Su said...

  ശ്രീജിത്തേ,

  ഇനി എവിടെയെങ്കിലും പോകുമ്പോള്‍ നടന്ന് പോവണം കേട്ടോ. എന്തെങ്കിലും മണ്ടത്തരം സംഭവിക്കുമോന്ന് നോക്കാലോ.

  വിഷു ആശംസകള്‍ :) 6. വിശാല മനസ്കന്‍ said...

  കൊള്ളാം കൊള്ളാം..മിടുക്കന്‍. 7. കലേഷ്‌ കുമാര്‍ said...

  ശ്രീജിത്തേ, പറ്റിയ അബദ്ധങ്ങളെ നോക്കി ചിരിക്കാന്‍ കഴിയുന്നതാണ് ഏറ്റവും വല്യ കാര്യം.
  നന്നായിട്ടുണ്ട്! 8. ഉമേഷ്::Umesh said...

  ശ്രീജിത്തേ,

  സര്‍ദാര്‍ജി റോക്കറ്റു വിട്ട കഥ പോലും ഇതു വരെ കേട്ടിട്ടില്ലേ? ബജാജ് സ്കൂട്ടര്‍ സ്റ്റാര്‍ട്ടാക്കുന്നതുപോലെ... കഷ്ടം...

  അഥവാ കേട്ടാല്‍ത്തന്നെ എന്തു കാര്യം? ഗോള്‍ഡ്‌ഫിഷിന്റെ മെമ്മറിയല്ലേ...

  ഏതായാലും മാസ്ത്തില്‍പ്അകുതി ദ്ഇവസവും ഉന്തലല്ലേ. ആ പാട്ട ബൈക്കു കൊടുത്തിട്ടു് ഒരു വക്കാരി മോഡല്‍ ജിടെന്‍ഷാ വാങ്ങിക്കെന്നേ. എയറു ഫില്ലു ചെയ്താല്‍ മതി, എയര്‍ ഫില്‍ട്ടറു മാറണ്ട... 9. ഉമേഷ്::Umesh said...

  ശനിയാ,

  “പുലര്‍കാലം” ആണു ശരി. തത്പുരുഷനില്‍ പൂര്‍വ്വപദം ഒരു ക്രിയാധാതുവാണെങ്കില്‍ ഉത്തരപദത്തിലെ ആദ്യാക്ഷരം ഇരട്ടിക്കില്ല. ഇവിടെ “പുലര്‍” എന്നതു് ഒരു ക്രിയാധാതുവാണു് - “പുലരുക“ എന്ന ക്രിയയുടെ.

  കൂടുതല്‍ വിവരങ്ങള്‍ക്കു് ഇതു വായിച്ചാല്‍ മതി. അല്പം കളറൊക്കെ വേണമെങ്കില്‍ ഇതു വായിക്കുക. 10. ഉമേഷ്::Umesh said...

  (കഴിഞ്ഞ കമന്റു തുടരുന്നു...)
  എരിതീ, ചാപിള്ള, കടകോല്‍ തുടങ്ങിയവ മറ്റുദാഹരണങ്ങള്‍. ഇവിടെയും പൂര്‍വ്വപദങ്ങള്‍ ക്രിയാധാതുക്കളാണു്. 11. ഉമേഷ്::Umesh said...

  മാസ്ത്തില്‍പ്അകുതി ദ്ഇവസവും...

  എന്റമ്മോ, എനിക്കിന്നെന്തു പറ്റി?

  ഓ, അര്‍ദ്ധരാത്രി പന്ത്രണ്ടുമണിയായി. മന്ദമാരുതന്‍ ആഞ്ഞുവീശുന്നു. ഉറക്കം തൂങ്ങിയാണു് എഴുത്തു്. ചുമ്മാതല്ല. ഓക്കേ, ഗുഡ് നൈറ്റ്! 12. Anonymous said...

  ബൂലോക നാറാണത്ത് ഭ്രാന്തന്‍!-സു- 13. Chathunni said...

  ശ്രീജിത്ത്‌,
  നല്ല ഉഗ്രന്‍ ശൈലി..:-) 14. അതുല്യ said...

  ഒന്നേ, രണ്ടേ, മൂന്നേ, നാലേ, ...

  നാ‍ല്പത്തൊന്നേ, നാല്പത്തിരണ്ടേ, നാല്പത്തിമൂന്നേ, നാല്പത്തിനാലേ, ...

  ഇതാണു ഹൈലൈറ്റ്‌ ഈ മണ്ടത്തരത്തിന്റെ...

  നന്നായി ശ്രീക്കുട്ടാ... 15. ചില നേരത്ത്.. said...

  മണ്ടത്തരങ്ങളുടെ കൂട്ടുകാരാ..
  നിന്നെ നമ്പി ഞാനെങ്ങിനെ ബാംഗ്ലൂര്ക്ക് വരും???
  വല്ല ട്രെയിനും കയറ്റി വിട്ട് എന്റെ മണ്ടത്തരങ്ങള്‍ എന്നും പറഞ്ഞ് നീ എഴുതി തുടങ്ങില്ലെ?..
  പറയൂ ..ശരിയല്ലേ?

  വിഷു ദിനാശംസകള്‍!!

  സസ്നേഹം
  ഇബ്രു 16. Durga said...

  :-) എന്താ ഇപ്പോ പറയ്ക? :-))
  നന്നാവുന്നുണ്ട്....:-)) 17. കണ്ണൂസ്‌ said...

  കാണാന്‍ വൈകി ജിത്തേ.. നന്നായിട്ടുണ്ട്‌.