Thursday, August 31, 2006

ഓണാഘോഷസ്മരണകള്‍

അന്ന് ഞാന്‍ എറണാകുളം മഹാരാജാസില്‍ ബിരുദത്തിന് പഠിക്കുന്നു.

ക്ലാസ്സില്‍ കൂടെ ഉണ്ടായിരുന്ന മറ്റ് കുട്ടികള്‍ എല്ലാം മഹാ അലവലാതികള്‍ ആയിരുന്നു. ഏത് നേരവും പഠിക്കണമെന്നും, നല്ല മാര്‍ക്ക് നേടണമെന്നും മാത്രം എല്ലാവര്‍ക്കും വിചാരം. പക്ഷെ ഞാന്‍ ഡിസന്റ് ആയിരു‍ന്നു. ബോറടിച്ചിരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് കമ്പനി കൊടുത്തും, ഒറ്റയ്ക്ക് സിനിമയ്ക്ക് പോകാന്‍ മടിച്ച് നില്‍ക്കുന്നവര്‍ക്ക് ആശ്വാസമായി കൂടെപ്പോയും, സമരങ്ങള്‍ക്ക് ആള്‍ബലം കൂട്ടാന്‍ പാര്‍ട്ടികാര്‍ക്ക് ഒരു സഹായമായും, ആള്‍ക്കാര്‍ ഇല്ലാതെ ഒഴിഞ്ഞ് കിടക്കുന്ന കോളേജ് കാന്റീനിന് ഒരു പരസ്യമായി അവിടെ ഇരുന്നും ഒക്കെ ആര്‍ഭാടമായി വിരാജിക്കുന്ന ഒരു കാലഘട്ടം.

അങ്ങിനെ ഉള്ള സമയത്ത് ചിങ്ങമാസമായി, ഓണവും വന്നെത്തി.

ക്ലാസ്സില്‍ ആര്‍ക്കും ഒരു ചൂടുമില്ല. അവസാന വര്‍ഷ ബിരുദമായതില്‍ പിന്നെ പഴയതിലും കഷ്ടമാണ് സ്ഥിതി. എല്ലാവര്‍ക്കും വരാനിരിക്കുന്ന പരീക്ഷയിലെ മാര്‍ക്കിന്റെ ആധിയും ബിരുദം കഴിഞ്ഞാല്‍പ്പിന്നെ എന്ത് ചെയ്യും എന്ന ആലോചനയും മാത്രം എപ്പോഴും. ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന്മാര്‍ക്ക് അടുത്ത അവര്‍ എന്താണ് പഠിപ്പിക്കാന്‍ പോകുന്നതെന്ന് മാത്രം ചിന്ത. എനിക്കാണെങ്കില്‍ ഓണത്തിന് പൂക്കളം ഇടാതിരുന്നിട്ട് ഒരു മനസ്സമാധാനവുമില്ല. മറ്റു ക്ലാസ്സുകളിലെ പിള്ളേര്‍ എല്ലാം നല്ല അസ്സലായി പൂക്കളം ഇട്ടു തുടങ്ങി. നാളെ ഇനി അവിടെപ്പോയി പെണ്‍പിള്ളേര്‍ക്ക് കമ്പനി കൊടുക്കുമ്പോള്‍ “നിന്റെ ക്ലാസ്സില്‍ പൂക്കളമിട്ടോടാ” എന്ന് അവര്‍ ചോദിച്ചാല്‍ ഞാന്‍ എന്തു സമാധാനം പറയും?

വിഷയം ഗൌരവത്തോടെ ഞാന്‍ ക്ലാസ്സില്‍ അവതരിപ്പിച്ചു. പൂക്കളം ഒരു അഭിമാനപ്രശ്നമായി ഉയര്‍ത്തിക്കാട്ടിയുള്ള എന്റെ ശ്രമം വിജയിച്ചു. പൂക്കളത്തിന് കൂടെ നില്‍ക്കാന്‍ അവര്‍ തയ്യാറായി.

അപ്പോള്‍ ആദ്യം പൂക്കള്‍ വാങ്ങണം. പിന്നെ ഒരു ഡിസൈന്‍ ഉണ്ടാക്കി അതിടണം. അത്രേയുള്ളൂ. സിമ്പിള്‍.

പൂക്കള്‍ വാങ്ങാന്‍ ധനസമാഹരണം തുടങ്ങണം. പെണ്‍പിള്ളേരുടെ ഇടയില്‍ നിന്ന് പിരിക്കുന്ന ഭാരിച്ച ഉത്തരവാദിത്തം ഞാന്‍ ചോദിച്ച് പിടിച്ച് വാങ്ങി. ആണ്‍പിള്ളേരുടെ ഇടയിലുള്ള പിരിവ് വേറൊരുത്തനും തുടങ്ങി. അരമണിക്കൂറിനുള്ളില്‍ ഒരു മീഡിയം റേഞ്ച് പൂക്കളത്തിനുള്ള പൂക്കള്‍ വാങ്ങാനുള്ള കാശ് ഒത്തുവന്നു.

ഇനി പൂ വാങ്ങാന്‍ പോകണം. ആര് പോകും? ഞാന്‍ പോകില്ല. ഞാന്‍ പോയാല്‍ പിന്നെ ക്ലാസ്സിലെ പെണ്‍പിള്ളേര്‍ക്കൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കാന്‍ ആരുണ്ട്? പോകുന്ന പ്രശ്നമേയില്ല. എന്നാല്‍ ഈ കാരണം പറഞ്ഞാല്‍ അടി നിശ്ചയം. അതിനാല്‍, കാ‍രണം പൂക്കളത്തിന്റെ ഡിസൈനിന്റെ തലയിലിട്ടു. നിങ്ങള്‍ പോയി പൂ വാങ്ങി വാ, ഞാനും പെണ്‍പിള്ളേരും കൂടി ഒരു ഡിസൈന്‍ ശരിയാക്കട്ടെ എന്നായി ഞാന്‍. അതേറ്റു. അവര്‍ പോയി.

ഞാന്‍ ഒരു ശ്രീകൃഷ്ണനായി രൂപാന്തരപ്പെട്ടു. അവിടെ നിന്ന് ഗോപികമാരുടെ ഇടയില്‍ ഞാന്‍ ആനന്ദനടനമാടി. ഡിസൈനിനെ ഞാന്‍ കാറ്റില്‍ പറത്തി. പകരം പുതിയ തരം വളകളെക്കുറിച്ചും പൊട്ടുകളെക്കുറിച്ചും, സാരിയില്‍ സംഭവിക്കുന്ന പുതിയ ട്രെന്റുകളെക്കുറിച്ചും, സൌന്ദര്യം കൂട്ടാനുപയോഗിക്കുന്ന ക്രീമുകളെക്കുറിച്ചും, മറ്റു ക്ലാസ്സുകളിലെ പെണ്‍കുട്ടികളുടെ കുറ്റങ്ങളേയും കുറവുകളേയും കുറിച്ചും, പുതിയ സിനിമകളെക്കുറിച്ചും, സീരിയലുകളെക്കുറിച്ചും, വനിത, ഗൃഹലക്ഷി തുടങ്ങിയ വാരികകളിലെ നുറുങ്ങുകളെക്കുറിച്ചും ഒരു സിമ്പോസിയം തന്നെ നടത്തി. ചര്‍ച്ച പൊടിപൊടിച്ചു, അന്തരീക്ഷം നാരീമൊഴികളാല്‍ മുഖരിതമായി. ഞാന്‍ മേഘം ഒന്‍പതില്‍ (Cloud 9) ഒഴുകി നടന്നു.

അതിനോടൊപ്പം തന്നെ മണിക്കൂറുകളും ഇഴഞ്ഞ് നീങ്ങിക്കൊണ്ടിരുന്നു. ഒന്നായി, രണ്ടായി, മൂന്നായി. പൂ വാങ്ങാന്‍ പോയ മക്കള്‍ തിരിച്ച് വന്നില്ല. എല്ലാവര്‍ക്കും ടെന്‍‍ഷനായി, എനിക്കും. ഇനിയും പൂ കിട്ടിയില്ലെങ്കില്‍ പ്ലാന്‍ പൊളിയും. കുറച്ച് കഴിഞ്ഞാല്‍ എല്ലാവരും ഊണ് കഴിക്കാന്‍ പോകും. ഊണ് കഴിഞ്ഞാണോ പൂക്കളം ഇടുന്നത്, ച്ഛായ്!

ഞാന്‍ സെര്‍ച്ച് പാര്‍ട്ടിയെ വിട്ടു. എനിക്ക് പോകാന്‍ പറ്റില്ലല്ലോ, നേരത്തേ പറഞ്ഞ തിരക്കിലല്ലേ. അന്വേഷകര്‍‍ പോയി, പെട്ടെന്ന് തന്നെ തിരിച്ചും വന്ന് അന്വേഷണ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. പൂ വാങ്ങാന്‍ പോയ ടീമംഗങ്ങള്‍ വഴിയില്‍ കണ്ട പൂവിന്റെ പടമുള്ള ബോര്‍ഡ് വച്ച ബാറില്‍ ആണ് ചെന്നെത്തിയതെന്നും, പൂ വാങ്ങാന്‍ കൊടുത്തയച്ച കാശെടുത്ത് അവര്‍ പൂവിനേക്കാള്‍ സുഗന്ധമുള്ള ഒരു പാനീയം വാങ്ങി മോന്തിയെന്നും, ഇപ്പോള്‍ പൂവിനേക്കാള്‍ ഭാരം കുറഞ്ഞ അവസ്ഥയില്‍ എവിടെയോ പൂക്കുറ്റിയായി കിടക്കുകയാണെന്നും അന്വേഷണറിപ്പോര്‍ട്ടില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിരുന്നു.

എന്റെ നിലനില്‍പ്പ് അപകടത്തിലായി. അനേഷണക്കമ്മീഷനംഗങ്ങളും ക്ലാസ്സിലെ മറ്റ് പൊതുപ്രവര്‍ത്തകരും കൈചുരുട്ടി മസ്സിലു പെരുപ്പിച്ചു കാണിക്കാന്‍ തുടങ്ങി. അത് വരെ ചിരിച്ച് കൂടെ നിന്നിരുന്ന പെണ്‍കുട്ടികള്‍ തിരുവനന്തപുരം ബസ്സ്സ്റ്റാന്റില്‍ നിന്ന പുരുഷന്മാരെ പാര്‍വ്വതി നോക്കിയത് പോലെ നോക്കിത്തുടങ്ങി. പലയിടത്തു നിന്നും മുറുമുറുപ്പുകള്‍, പല്ലിറുമ്മുന്ന ശബ്ദങ്ങള്‍. താണുകിടന്ന മീശകള്‍ ചിലര്‍ ചുരുട്ടിക്കയറ്റി. പെണ്‍കുട്ടികള്‍, ഷോള്‍ എടുത്ത് അരയില്‍ ചുറ്റി. ചിലര്‍ കയ്യില്‍ എടുക്കാന്‍ പറ്റിയ കനവും സാന്ദ്രതയും ഉള്ള വസ്തുക്കള്‍ എടുത്ത് പിടിച്ചു. ചിലര്‍ മുഴുക്കൈയന്‍ ഷര്‍ട്ട് തെരുത്ത് കയറ്റി, മറ്റു ചിലര്‍ എല്ലാം കാണാന്‍ സൌകര്യമുള്ള നല്ല സ്ഥലം നോക്ക് കണ്ട് പിടിച്ച് അങ്കം കാണാന്‍ തയ്യാറായി നിന്നു.

നിമിഷങ്ങള്‍ മണിക്കൂറുകള്‍പോലെ തോന്നിക്കൊണ്ടിരുന്ന ആ ഒരു നിമിഷത്തില്‍ അനിവാര്യമായ എന്റെ വിധി വന്നു ചേര്‍ന്നു. കൂട്ടത്തില്‍ ഞാന്‍ ഏറ്റവും ബഹുമാനിച്ചിരുന്ന എന്റെ സഹപാഠി തന്നെ അത് അനൌണ്‍സ് ചെയ്തു, “ഈ ഓണത്തിനിനി പൂക്കളം വേണ്ട, പകരം നമുക്ക് ഓണത്തല്ലാകാം”. ശേഷം ചിന്ത്യം.

***
ഓണത്തിന് ഞാന്‍ അവധിയിലായിരിക്കുമെന്നതിനാല്‍ എല്ലാവര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍ നേരത്തേ തന്നെ നേരുന്നു. നന്മകളൂം സമ്പല്‍സമൃദ്ധിയും നിറഞ്ഞ ഒരു പുതുവര്‍ഷം എല്ലാവര്‍ക്കും കിട്ടുമാമാറാകട്ടെ.

Friday, August 25, 2006

ടൊയോട്ട ഇന്നോവയും ഒരു വിവാഹയാത്രയും

ടൊയോട്ട ഇന്നോവ. ഇതാണ് കിട്ടിയത് അവസാന നിമിഷത്തില്‍.

എന്റെ ഒരു വളരെ അടുത്ത ഒരു സുഹൃത്തിന്റെ കല്യാണത്തിന് പോയതായായിരുന്നു കഴിഞ്ഞ ഞായറാഴ്ച. അവന്റെ വീട് ഒറ്റപ്പാലത്തും പെണ്ണിന്റെ വീട് കീച്ചേരിയിലും (ത്രിശ്ശൂര്‍). ഒരു മണിക്കൂര്‍ യാത്ര.

രാവിലെ തന്നെ സ്ഥലത്തെത്തി. ഐ മീന്‍, കല്യാണച്ചെക്കന്റെ വീട്ടില്‍. ബ്രേക്ക്ഫാസ്റ്റ് ഉണ്ടാകുമല്ലോ. അവിടെ എത്തിയപ്പോള്‍ സഹപാഠികള്‍ ഒരുപാടുണ്ട്. എല്ലാവര്‍ക്കും എന്റെ അതേ ചിന്താഗതി തന്നെ. വെറുതേ അല്ല തമ്മില്‍ ഇത്രയും അടുത്തത്.

പ്രാതല്‍ കഴിച്ച പ്രാ‍ന്തന്മാരെല്ലാം കല്യാണത്തിന് പോകാന്‍ കല്യാണവീട്ടുകാര്‍ തയ്യാറാക്കി വച്ചിരിക്കുന്ന വണ്ടികള്‍ നോക്കിയപ്പോള്‍ ഞെട്ടി. ആവശ്യത്തിനില്ല. ഒരുമാതിരി എല്ലാവരേയും കുത്തിത്തിരുകി വാനിലും ബസ്സിലും ജീപ്പിലും ഒക്കെ കേറ്റി പറഞ്ഞ വിട്ടപ്പോഴേക്കും ഞാനും എന്റെ കൂട്ടുകാരും പുറത്ത്. ഞായറാഴ്ച ആയതിനാലും കല്യാണ സീസണ്‍ ആയതിനാലും വണ്ടി ഒരു സ്റ്റാന്റിലും കിട്ടാനില്ലായിരുന്നു. വെറുതേ റോഡില്‍ മാ‍നം നോക്കി നിന്നപ്പോഴാണ് ഒരു ടൊയോട്ട ഇന്നോവ വണ്ടി വന്നതും ഞങ്ങള്‍ പത്ത് പേരും അതില്‍ കയറിയതും.

കല്യാണം നന്നായി നടന്നു, സദ്യയും. മണ്ടത്തരം ഒന്നും അപ്പോള്‍ കാണിച്ചില്ല. അല്ലേലും ഞാനല്ലല്ലോ, കല്യാണച്ചെക്കനല്ലേ മണ്ടത്തരം കാണിച്ചത്.

സദ്യ കഴിഞ്ഞപ്പോള്‍ സമയം വെറും പന്ത്രണ്ടര. കല്യണപ്പാര്‍ട്ടി തിരിച്ച് പോകുന്നത് രണ്ട് മണിക്കെന്നും അറിഞ്ഞു. നല്ലൊരു ഞായറാഴ്ച. പോരാണ്ട് ഉച്ച സമയം. പെട്ടെന്ന് വീട്ടില്‍ എത്തിയാല്‍ നല്ലോണം ഉറങ്ങാം. രണ്ട് മണി എന്ന് ഇവര്‍ പറഞ്ഞാലും‍ പുറപ്പെടുമ്പോള്‍ ഒരു മൂന്ന് മണിയോളമാകും. തിരിച്ച് പാലക്കാട്ടെത്തുമ്പോള്‍ ഉറങ്ങാനുള്ള നല്ല സമയം കഴിയുകയും ചെയ്യും. ഉച്ചയുറക്കം നഷ്ടപ്പെടുമല്ലോ എന്നോര്‍ത്തപ്പോള്‍ എന്റെ ക്ഷമ കെട്ടു. കല്യാണപ്പാര്‍ട്ടിയുടെ കൂടെ തിരിച്ച് പോകാന്‍ നില്‍ക്കണ്ട, ഇപ്പോള്‍ തന്നെ പോകാം എന്ന് പറഞ്ഞ് ഞാന്‍ എന്റെ സുഹൃത്തുക്കളെ സമ്മതിപ്പിച്ചു.

അപ്പോഴാണ് അറിയുന്നത് എന്റെ കൂടെ വന്ന സുഹൃത്തുക്കള്‍ ഏഴു പേരും പോകുന്നത് എറണാകുളം ഭാഗത്തേക്ക്, മൂന്ന് പേര് മാത്രമുണ്ട് വന്ന വഴിയേ തിരിച്ച് പോകുന്നവര്‍. മൂന്ന് പേരായി എങ്ങിനെയാണ് ഒരു ഇന്നോവയില്‍ പോകുന്നത് തിരിച്ച്? അത് ആഢംഭരം ആയിപ്പോകില്ലേ? വരുമ്പോള്‍ വണ്ടിക്ക് അത്ര ക്ഷാമമായിരുന്നു എന്നതും ഓര്‍ക്കണ്ടേ!

നമുക്ക് പോയി, ഇപ്പോള്‍ കൂടെ വരാന്‍ താല്പര്യമുള്ള കുറച്ച് പേരെ വിളിച്ച് കൊണ്ട് വരാം കൂട്ടിന് എന്ന് ഞാന്‍ പറഞ്ഞു. മറ്റു രണ്ടു പേരും സമ്മതിച്ചു. തുടര്‍ന്ന്, ഓരോരുത്തരും ഓരോ വഴിക്ക് ആളെപ്പിടിക്കാന്‍ പോയി. ഒരാള്‍ ഓഡിറ്റോറിയത്തിലും ഒരാള്‍ സദ്യ നടക്കുന്നിടത്തും, മൂന്നാമത്തെയാള്‍ സദ്യ കഴിഞ്ഞ് സിഗരറ്റും മുറുക്കുമായി വിശ്രമിക്കുന്നവരുടെ ഇടത്തും പോയി “ഒറ്റപ്പാലം, വണ്ടി വിടാന്‍ പോണേ” എന്ന് വിളിച്ച് ആളെപ്പിടിത്തം തുടങ്ങി.

രണ്ടാളെ ഞാന്‍ സംഘടിപ്പിച്ചു. അവരേയും കൂട്ടി വേഗം ഇന്നോവയുടെ അടുത്തെത്തി. എന്റെ കൂട്ടുകാരും മിടുക്കന്മാര്‍. ഒരുത്തന്‍ രണ്ടു പേരെയും, മറ്റവന്‍ മൂന്ന് പേരെയും വിളിച്ചു കൊണ്ട് വന്നിരിക്കുന്നു.

അപ്പോള്‍ മൊത്തം ആള്‍ക്കാര്‍ ഇപ്പോള്‍ പത്ത്. വന്നപ്പോഴും പത്ത്, പോകുമ്പോഴും പത്ത്. പക്ഷെ വന്നപ്പോള്‍ എല്ലാവരും സുഹൃത്തുക്കള്‍, പോകുമ്പോള്‍ എല്ലാവരും അപരിചിതര്‍. പോരാണ്ട് ഇപ്പോള്‍ എല്ലാവരുടേയും വയറ് നിറഞ്ഞിരിക്കുന്ന സമയവും. മുന്നില്‍ ഒരാളും, നടുവില്‍ മൂന്ന് പേരും പിറകില്‍ മൂന്നാളും മതി എന്നവര്‍ തീരുമാനം എടുത്തു. പ്രായമായവരല്ലേ, പറഞ്ഞത് തട്ടിക്കളയാന്‍‍ പറ്റുമോ. അപ്പോള്‍ വണ്ടിയില്‍ ഏഴു പേര്‍. ബാക്കി മൂന്ന് പേര്‍ പുറത്ത്.

ആ മൂന്ന് പേര്‍ സ്വാഭാവികമായും ഞങ്ങളാണെന്ന് പറയേണ്ടതില്ലല്ലോ. ഞങ്ങള്‍ക്ക് റ്റാറ്റ പറഞ്ഞ് കൊണ്ട്, ഒരു മന്ദസ്മിതത്താല്‍ നന്ദിയും പറഞ്ഞ്, അവരും ഇന്നോവയും പാലക്കാട്ടേക്ക് യാത്രയാ‍യി.

പിന്നെ ഉണ്ടായിരുന്നത് കല്യാണവീട്ടുകാര്‍ വിളിച്ച് കൊണ്ട് വന്ന വണ്ടികളാണ്. ഒരു ക്വാളിസ്സും, രണ്ട് റ്റാറ്റാ സുമോയും, മിനി ബസ്സും, ഒരു വലിയ ബസ്സും, പിന്നെ വീഡിയോക്കാരുടെ കാറും. അവരൊന്നും ആ സമയത്ത് കൂടെപ്പോരാന്‍ തയ്യാറായില്ല. എല്ലാവരുടേയും കൂടെയേ പുറപ്പെടാന്‍ പറ്റൂ എന്ന് അവര്‍ക്ക് ആജ്ഞ കിട്ടിയിട്ടുണ്ടെന്നാണ് അവര്‍ പറയുന്നത്. പിന്നെ അവിടെ ഇരുന്നും നടന്നും കോട്ടുവായിട്ടും തല ചൊറിഞ്ഞും മണിക്കൂറുകള്‍ കാത്ത് നിന്ന് മൂന്ന് മണിയാക്കി. അവസാനം ഓഡിറ്റോറിയത്തിലെ വന്‍ പുരുഷാരം വണ്ടികളിലേക്ക് ഒതുങ്ങിയപ്പോള്‍, ഞങ്ങള്‍ ഓരോരുത്തരും ഓരോ വണ്ടിയില്‍ ഒരു പൃഷ്ഠത്തിനുള്ള സ്ഥലം ഇരന്ന് വാങ്ങി, കുലുങ്ങിക്കുലുങ്ങി തിരികേ പോന്നു, പാലക്കാട്ടേക്ക്. തിരികെ വരന്റെ വീട്ടിലെത്തുമ്പോള്‍ ആ ഇന്നോവ അവിടെ കാത്ത് നില്‍പ്പുണ്ടായിരുന്നു, വരന്റെ പാര്‍ട്ടിയുടെ കയ്യില്‍ നിന്ന് ടാക്സിച്ചാര്‍ജ്ജ് വാങ്ങാ‍ന്‍. ആ ഡ്രൈവര്‍ ഞങ്ങളെ നോക്കി ചിരിച്ചു, ആ ഇന്നോവയും.

Wednesday, August 16, 2006

സിറ്റ്-അപ്പും ചില അനുമാനങ്ങളും

അശ്വമേധമണ്ടത്തരം ഒപ്പിച്ചതിനു ശേഷം എനിക്ക് കൈരളി ടി.വി-യോട് ഒരു പ്രതിപത്തി ഇല്ലാതായിരുന്നു. ഈയിടെയായി സൂര്യയിലാണ് എനിക്ക് കമ്പം.

ഇത്തവണ നാട്ടില്‍പ്പോയപ്പോഴും കണ്ടിരിക്കാന്‍ ഞാന്‍ കൂടുതല്‍ താല്പര്യപ്പെട്ടത് സൂര്യ ടി.വി.യാണ്. ഈ ഞായറാഴ്ച നിങ്ങളുടെ സൂര്യ ടി.വി.-യോടൊപ്പം എന്നവരും പറഞ്ഞപ്പോള്‍ പിന്നെ രണ്ടാമതൊന്നും ആലോചിച്ചില്ല. രാവിലെ തന്നെ പഴം ചിപ്സിന്റെ പുതിയ ഒരു പായ്ക്കറ്റും മടിയില്‍ വച്ച്, റിമോട്ടും എടുത്ത് ഒരു കയ്യില്‍ പിടിച്ച് നിലത്ത് ഒരു പായും വിരിച്ച് നീട്ടി വലിച്ച് കിടന്ന് ടി.വി. കാണല്‍ യജ്ഞം തുടങ്ങി.

ഉച്ചയാകാറായപ്പോള്‍ സൂര്യയില്‍ കളിക്കളം എന്ന പ്രോഗ്രാം തുടങ്ങി.

കളിക്കളം, സൂര്യ ടി.വി-യില്‍ പ്രദീപ് അവതരിപ്പിക്കുന്ന ഒരു ഔട്ട്ഡോര്‍ ഗെയിം ഷോ ആണ്.
ഓരോ ആഴ്ചയും പുതിയ ഓരോ സ്ഥലത്ത് പോയി കൌതുകകരങ്ങളായ മത്സരങ്ങള്‍ കുട്ടികളെ വച്ച് നടത്തി, വിജയികള്‍ക്ക് അപ്പോള്‍ തന്നെ സമ്മാനം നല്‍ക്കുന്ന രസകരമായ ഒരു ചെറിയ പരിപാടി.

ഇത്തവണ മത്സരയിനം സിറ്റ്-അപ്പ്സ് ആയിരുന്നു. ഏറ്റവും കൂടുതല്‍ സിറ്റ്-അപ്പ്സ് എടുക്കുന്നവര്‍ക്ക് സമ്മാനം. അടിപൊളി ഗെയിം. വെറുതേ കുറച്ച് തവണ ഇരുന്നെഴുന്നേറ്റാല്‍ മതി, സമ്മാനം കിട്ടും. കൊള്ളാമല്ലോ വീഡിയോണ്‍.

പങ്കെടുക്കുന്നവര്‍ മുഴുവനും കുട്ടികള്‍. ഓരോരുത്തരായി വന്ന് സിറ്റ്-അപ്പ്സ് എടുത്ത് തുടങ്ങി. ആദ്യമാദ്യം വന്നിരുന്നവര്‍ ഇരുപത്-മുപ്പത് എന്നിങ്ങനെ എടുത്ത് നിര്‍ത്തിപ്പോയ്ക്കൊണ്ടിരുന്നെങ്കിലും സമയം കഴിയുന്തോറും മത്സരത്തിന്റെ വീറും വാശിയും കൂടിക്കൂടി വന്നു. അന്‍പതിനു മുകളില്‍ സിറ്റ്-അപ്പ്സ് എടുക്കാത്തവര്‍ അക്കൂട്ടത്തില്‍ നാണം കെടും എന്ന മട്ടിലായി കാര്യങ്ങളുടെ പോക്ക്.

അങ്ങിനെ അപ്പോഴത്തെ റെക്കോര്‍ഡ് അറുപതില്‍ വിരാജിക്കുമ്പോഴാണ് എന്റെ മനസ്സില്‍ അസൂയ സമം അഹങ്കാരം എന്നീ വികാരങ്ങള്‍ ഉടലെടുക്കുന്നത്. ഈ പീക്കിരി പിള്ളേര്‍ അറുപത് എടുക്കുമ്പെങ്കില്‍ എനിക്കൊരു നൂറ്റി ഇരുപതെങ്കിലും എടുക്കാന്‍ സാധിക്കണം. എന്നാല്‍ അതൊന്ന് അറിഞ്ഞിട്ട് തന്നെ കാര്യം.

രാവിലെ തൊട്ട് ചിപ്സ് തിന്നോണ്ടിരുന്നതല്ലേ, ആ ഊര്‍ജ്ജം കാണാതിരിക്കുമോ? കാവിലമ്മയെ ധ്യാനിച്ചുകൊണ്ട് സിറ്റപ്പാസനം തുടങ്ങി. ആഹ! ഇതിത്ര എളുപ്പമായിരുന്നോ, എന്തു സുഖം ഇരുന്നെഴുന്നേല്‍ക്കാന്‍. സൈക്കിള്‍ ചവിട്ടുന്നപോലെയേ ഉള്ളൂ. എണ്ണി എണ്ണി ഇരുപതെത്തുന്നതു വരെ ടി.വി.പ്രോഗ്രാം ആസ്വദിച്ചുകൊണ്ട് തന്നെ സിറ്റപ്പ് ചെയ്തു.

എന്നാല്‍ ഇരുപത് കഴിഞ്ഞപ്പോള്‍, കയറ്റത്തിലെത്തിയ സൈക്കിളിന്റെ അവസ്ഥ ആയി. വേഗത കുറഞ്ഞു എന്ന് മാത്രമല്ല ഇതു വരെ ഉണ്ടായിരുന്നതിനേക്കാളും കൂടുതല്‍ ശക്തി ഉപയോഗിക്കേണ്ടി വരികയും ചെയ്യുന്നു. ശബരിമല അയ്യപ്പനെ മനസ്സില്‍ ധ്യാനിച്ച് “മല കയറ്റം അതികഠിനം പൊന്നയ്യപ്പ” എന്നൊക്കെ പാടി ഒരു വിധം മുപ്പതില്‍ എത്തി.

തേര്‍ട്ടി പ്ലസ്സ് ആയതോടെ കഷ്ടപ്പെട്ട് കേറ്റം വലിച്ചുകൊണ്ടിരുന്നു സൈക്കിളിന്റെ പിറകില്‍ അരിച്ചാക്ക് കെട്ടി വച്ച് കണക്കായി കാര്യങ്ങള്‍. എന്നാലും നിര്‍ത്താന്‍ പറ്റുമോ. അഭിമാന പ്രശ്നമല്ലേ. ആ സമയം കൊണ്ട് കളിക്കളത്തിലെ റെക്കോര്‍ഡ് അറുപത്തി അഞ്ചായി ഉയര്‍ന്നു. നൂറ്റി ഇരുപത് ലക്ഷ്യം വച്ച് തുടങ്ങിയതാ ഞാന്‍. അറുപത് പോട്ടെ, ഒരു നാല്പതെങ്കിലും എത്തിച്ചില്ലെങ്കില്‍ പിന്നെ എന്റെ മുഖത്ത് ഞാന്‍ എങ്ങിനെ നോക്കും?

മുപ്പത്തിഅഞ്ചിനോടടുക്കുന്നു എന്റെ സിറ്റപ്പ് യജ്ഞം. സൈക്കിള്‍ ഇപ്പോള്‍ മണല്‍കൊണ്ട് നിറഞ്ഞ കയറ്റത്തില്‍ കയറിയ പോലെയായി മുന്നോട്ടുള്ള പോക്ക്. മുകളിലേക്ക് പൊങ്ങാന്‍ ഉപയോഗിക്കേണ്ട എന്റെ ഊര്‍ജ്ജം ഇപ്പോള്‍ വിയര്‍ക്കാനും ശ്വാസം കണ്ടെത്താനുമായിട്ടാണ് മുഖ്യമായും ഉപയോഗിക്കപ്പെടുന്നത്. രണ്ടിഞ്ച് മുകളിലേക്ക് പൊങ്ങുമ്പോള്‍ ഒരിഞ്ച് താഴേയ്ക്ക് വരുന്ന ദയനീയ സ്ഥിതിയിലായി ഞാന്‍. എന്നാലും നാല്‍പ്പതെന്ന കടമ്പയില്‍ തൊടാതെ നില്‍ക്കില്ല എന്ന വാശിയില്‍ ഞാന്‍ ശ്രമദാനം തുടര്‍ന്നു.

ഇപ്പോള്‍ എന്റെ സൂചിക കാ‍ണിക്കുന്നത് മുപ്പത്തി‌എട്ട് എന്ന റീഡിങ്ങ്. സൈക്കിളില്‍ മണലുള്ള കയറ്റം കയറിക്കൊണ്ടിരിക്കുന്ന ആ വേളയില്‍ ടയറും കൂടെ പഞ്ചറായാലോ? അവിടെ നിന്നു എന്റെ പരിശ്രമം. മുപ്പത്തി എട്ടില്‍ ഞാന്‍ അടിയറവു പറഞ്ഞു. ടയര്‍ പഞ്ചറാകുമ്പോള്‍ ചെയിനും കൂടെ പൊട്ടിയാലോ? തപ്പോ എന്നൊരു വീഴ്ചയായിരുന്നു ഞാന്‍. അമ്മേ എന്നൊരു കരച്ചില്‍ ബാക്ക്ഗ്രൌണ്ടിനു ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

അടുക്കളയില്‍, പൊന്നുമോന് പോഷകാഹാരം ഉണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു അമ്മ ഓടി വന്നു നോക്കുമ്പോള്‍ മകന്‍ അടുക്കളയിലെ മിക്സിയേക്കാള്‍ ശബ്ദത്തില്‍ ശ്വാസം കഴിച്ചു കൊണ്ട് വെട്ടിയിട്ട ചക്കപ്പോലെ കിടക്കുന്നതാണ് കാണുന്നത്. എന്ത് പറ്റിയെടാ എന്ന് ചോദിച്ച അമ്മയോട് എന്റെ കാലില്‍ മസ്സില്‍ കയറി എന്നേ അപ്പോള്‍ പറയാന്‍ തോന്നിയുള്ളൂ. അമ്മ അച്ഛനെ വിളിച്ച് കൊണ്ട് വന്ന്, രണ്ടാളും കൂടെ പൊക്കിയെടുത്ത് എന്നെ അകത്ത് കട്ടിലില്‍ കൊണ്ട് പോയി കിടത്തി.

ടി.വി. കാണല്‍ അതോടുകൂടി നിന്നു. എന്നാലും ഒരു രോഗിയെന്ന പരിഗണനയില്‍ ഭക്ഷണവും പഴവര്‍ഗ്ഗങ്ങളും വാരികകളും എന്റെ കട്ടിലില്‍ തന്നെ വരുന്നുണ്ടായിരുന്നതിനാല്‍ ഞാന്‍ ഹാപ്പി.

രണ്ട് ദിവസം ചില്ലറയും എടുത്തു പിന്നെ അവിടുന്ന് ഒന്നെഴുന്നേറ്റ് ഒരിടത്തും പിടിക്കാതെ നടക്കാം എന്ന അവസ്ഥയിലെത്താന്‍. കഴിച്ച ചിപ്സ് മുഴുവനും നീരായി കാലില്‍ കിടക്കുന്നുണ്ടായിരുന്നത് വറ്റാതെ നടക്കാനും പറ്റില്ലല്ലോ. അതിന്‍ഫലമായി ഒരു കൊച്ചു കുട്ടി നടക്കാന്‍ പഠിക്കുന്നത് പോലെ ആദ്യം തൊട്ട് തുടങ്ങേണ്ടി വന്നു. ആദ്യം കിടന്ന് കൈകാലിട്ടടിക്കുക, പിന്നെ കമിഴ്ന്ന് കിടക്കുക, പിന്നെ നീന്തുക, പിന്നീട് മുട്ടുകുത്തി നടക്കുക, പിന്നെ എവിടെയെങ്കിലും പിടിച്ച് നടക്കുക, അവസാനം പിടിക്കാതെ നടക്കാന്‍ പ്രാപ്തനാകുക. അതേ പ്രോസസ് തന്നെ. കുട്ടികളുടെ ബുദ്ധിമുട്ട് ശരിക്കും മനസ്സിലായി. ആ പാഠം പഠിച്ചു. ഇനി ഒരു വയസ്സിനു താഴെയുള്ള കുട്ടികള്‍ എന്താ നടക്കാന്‍ ഇത്ര സമയം എടുക്കുന്നത് എന്ന് സംശയം ചോദിക്കില്ല ഞാന്‍. അത് അവര്‍‍ വയറ്റില്‍ കിടന്ന് സിറ്റ്-അപ്പ്സ് എടുക്കുന്നതുകൊണ്ടാകാനാണ് വഴി. മണ്ടന്മാര്‍ കുട്ടികള്‍, അവര്‍ സിറ്റപ്പ്സ് എടുത്താലുണ്ടാകുന്ന ബുദ്ധിമുട്ട് എന്തറിയുന്നു.

Tuesday, August 01, 2006

ടാക്സിയില്‍ പോയി എഴുതിയ പരീക്ഷ

അന്നു ഞാന്‍ കൊച്ചിന്‍ യൂനിവേര്‍സിറ്റിയില്‍ പഠിക്കുകയായിരുന്നു.

വിശാലേട്ടന്‍ പറഞ്ഞപോലെ വീട്: കൊടകരേല്, ജോലി:ജെബല്‍ അലീല് , ഡൈലി പോയിവരും എന്ന രീതിയില്‍ ആയിരുന്നു അന്നത്തെ പഠനം. ഡെയിലി പോയി വരും.

ഇരുപത് കിലോമീറ്ററും ചില്വാനവും വരുമായിരുന്നു വീട്ടില്‍ നിന്ന് കോളേജിലേക്കുള്ള ദൂരം. പകുതി ദൂരം യൂനിവേര്‍സിറ്റി ബസ്സിലും പിന്നെയുള്ള ദൂരം പ്രൈവറ്റ് ബസ്സിലും, അങ്ങിനെ ആയിരുന്നു എന്റെ സഞ്ചാരം. യൂനിവേര്‍സിറ്റി ബസ്സ് വൈറ്റിലയില്‍ നിന്ന് രാവിലെ എട്ട് മണിക്ക് പുറപ്പെട്ട്, എറണാകുളം പട്ടണം മുഴുവന്‍ കറങ്ങി (ഇത്തിരി കുറയ്ക്കാം വേണമെങ്കില്‍, മുഴുവന്‍ കറങ്ങില്ല, എം.ജി. റോഡ് വഴി കറങ്ങും) യൂനിവേര്‍സിറ്റിയില്‍ ഒന്‍പതിനു ശേഷമുള്ള ഏതെങ്കിലും സമയത്ത് എത്തും. കുറ്റം പറയരുതല്ലോ, മിക്ക ദിവസവും ഒന്‍പതിനു തന്നെ എത്താറുണ്ട്.

അങ്ങനെ ഇരിക്കുന്ന ഒരു സമയത്തിങ്കല്‍, എന്റെ നാലാം സെമസ്റ്റര്‍ പരീക്ഷ വരവായി. പഠനം ഒക്കെ അതിന്റെ വഴിക്ക് നടന്നു (ഞാന്‍ എന്റെ വഴിക്കും). എന്റെ പരീക്ഷക്കാര്യത്തിലും പഠനകാര്യത്തിലും വീട്ടില്‍ ആര്‍ക്കും ഒരു ശ്രദ്ധയും ഇല്ല എന്നതായിരുന്നു അന്നത്തെ സ്ഥിതി. പാസ്സായാലും ജയിച്ചാലും നിനക്കു കൊള്ളാം എന്ന ആറ്റിറ്റ്യൂഡ് മാതാപിതാക്കള്‍ക്ക്. വൈകീട്ടത്തെ ഫുട്ബോള്‍ കളിയും, രാത്രിയത്തെ കോമഡീ സീരിയലുകളും, പിന്നെ ഒരിത്തിരി പഠനവും കഴിഞ്ഞ് അലാറം വച്ച് ഞാന്‍ ഉറങ്ങാന്‍ കിടന്നു.

രാവിലെ അലാറം അടിച്ചു. ഞാന്‍ എഴുന്നേറ്റു. റെഡിയായി. ബസ്സ് കേറി വൈറ്റിലയെത്തി. യൂനിവേര്‍സിറ്റി ബസ്സ് കാത്ത് നില്‍ക്കാന്‍ തുടങ്ങി. സമയം അപ്പോള്‍ എട്ട് മണി ആകുന്നതേയുള്ളൂ.

പതിനഞ്ച് മിനിറ്റോളം നിന്നു ഞാന്‍ അവിടെ. ഇത്ര നേരം കഴിഞ്ഞിട്ടും ബസ്സ് വരുന്നില്ല. എട്ടേകാല്‍ വരെ സാധാരണ ബസ്സ് വൈകാറില്ല.

അപ്പോഴാണ് ഞാന്‍ മറ്റൊന്നും കൂടെ ശ്രദ്ധിച്ചത്. വൈറ്റിലയില്‍ സാധാരണ ഇതേ ബസ്സ് കാത്ത് ഒരു പത്തോളം പേര്‍ അവിടെ നില്‍ക്കാറുണ്ട്. അന്ന് ഞാന്‍ അവിടെ ഒറ്റയ്ക്കായിരുന്നു. ബസ്സ് പോയിക്കാണുമോ? സംശയമായി, അതിലുമുപരി പേടിയായി ഒന്നും കൂടെ വാച്ച് നോക്കി.

ഉറക്കച്ചടവ് മാറി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അല്ലാതെ വേറെ എന്ത് കാരണമാണ് എനിക്ക് പറയാനുള്ളത്, ഇത്ര നേരവും ഒന്‍പതേകാലിനെ എട്ടേകാല്‍ എന്നും വിചാരിച്ച് ആ ബസ്സ്‌സ്റ്റോപ്പില്‍ തന്നെ കുറ്റിയടിച്ച് നില്‍ക്കാന്‍?

എന്റെ ജീവന്‍ പാതി പോയി. അലാറം വച്ചത് ഒരു മണിക്കൂര്‍ മാറിപ്പോയി എന്നറിഞ്ഞ് കരയണോ നിലവിളിക്കണോ എന്നറിയാത്ത ഒരു സിസ്റ്റുവേഷന്‍. ഇനി ആകെ കാല്‍ മണിക്കൂര്‍ മാത്രം പരീക്ഷ തുടങ്ങാന്‍. വൈറ്റിലയില്‍ നിന്ന് നേരിട്ട് കളമശ്ശേരിയിലേക്ക് ബൈപ്പാസ് വഴി ബസ്സ് ഇല്ല. പാലാരിവട്ടത്ത് ഇറങ്ങി, വേറെ ബസ്സ് പിടിച്ച് പോകണം. എന്തിരുന്നാലും യൂനിവേര്‍സിറ്റിയില്‍ എത്തുമ്പോള്‍ ഒരു മണിക്കൂര്‍ വരെ എടുക്കാം, രാവിലെ ആ തിരക്കുള്ള സമയത്ത്.

അടുത്ത ഓപ്‌ഷന്‍ ഓട്ടോ ആണ്. പത്ത് കിലോമീറ്ററില്‍ കൂടുതല്‍ ഉണ്ട് വൈറ്റിലയില്‍ നിന്ന് യൂനിവേര്‍സിറ്റിയിലേക്ക്. ഓട്ടോ പിടിച്ചാലും അരമണിക്കൂര്‍ കുറഞ്ഞത് എടുക്കും. ഇനി സമയത്ത് എത്തണമെങ്കില്‍ ഒരേ ഒരു മാര്‍ഗ്ഗം, ടാക്സി.

വൈറ്റിലയില്‍ ടാക്സിസ്റ്റാന്റ് ഉണ്ട്. അവിടെ ആദ്യം നിന്ന വണ്ടിയില്‍ കയറി യൂനിവേര്‍സിറ്റിയിലേക്ക് വിട്ടോളാന്‍ പറഞ്ഞു ഡ്രൈവറോട്. എന്റെ പരീക്ഷ ആണെന്നും വൈകിപ്പോയി എന്നും വേഗം പോകൂ എന്നും പറഞ്ഞപ്പോള്‍ ഡ്രൈവറുടെ മുഖത്ത് വന്ന ചിരി ഞാന്‍ കണ്ടില്ല എന്ന് നടിച്ചു.

ടാക്സി ഡ്രൈവറുടെ ശുഷ്കാ‍ന്തിയുടെ സഹായത്താല്‍ യൂനിവേര്‍സിറ്റിയില്‍ പതിനഞ്ച് മിനിറ്റ് കൊണ്ട് എത്തി. ടാക്സി ഡ്രൈവര്‍ ട്രാഫിക്കിനിടയിലൂടെ ആംബുലന്‍സ് ഓടിക്കുന്ന മട്ടിലായിരുന്നു വണ്ടി ഓടിച്ചിരുന്നത്. ഒരര്‍ത്ഥത്തില്‍ ഞാന്‍ അത്യസന നിലയിലും ആയിരുന്നല്ലോ.

എന്റെ ക്ലാസ്സിന്റെ മുന്നില്‍ വരെ ഞാന്‍ പോയില്ല ടാക്സിയില്‍. ടാക്സിയില്‍ ഒക്കെ പരീക്ഷയ്ക്ക് വന്നിറങ്ങുന്നത് കണ്ടാല്‍ ഞാന്‍ ഒരു പണക്കാരനാണെന്ന് തെറ്റിദ്ധരിക്കപ്പെടും. അതോടെ എന്റെ കഷ്ടകാലവും തുടങ്ങും. അത് കൊണ്ട് രണ്ട് കെട്ടിടങ്ങള്‍ക്കിപ്പുറം നിര്‍ത്തി ഞാന്‍ ഇറങ്ങി. കൂലിയായി നൂറ്റമ്പത് രൂപ കൊടുക്കേണ്ടി വന്നു. അത് എന്റെ വെപ്രാളം കണ്ട് അയാള്‍‍ കൂടുതല്‍ വാ‍ങ്ങിയതാണോ സഹതാപത്തിന്റെ പുറത്ത് കുറച്ച് തന്നിരുന്നോ, അതോ അതാണോ ശരിയായ കൂലി എന്നൊന്നും ഇപ്പോഴും എനിക്കറിയില്ല. ഞാന്‍ ആകെ എന്റെ ജീവിതത്തില്‍ സ്വന്തം കൈയ്യില്‍ നിന്ന് ടാക്സിക്ക് കാശ് കൊടുത്തിട്ടുള്ളത് അന്നാണ്.

പിന്നെ ഒരോട്ടമായിരുന്നു. രാവിലെ നല്ല വെയിലും ഉണ്ടായിരുന്നു. അഞ്ച്-പത്ത് മിനുട്ടോളം ഓടി ക്ലാസ്സില്‍ എത്തുമ്പോഴേക്കും ഞാന്‍ ആകെ വിയര്‍ത്ത് കുതിര്‍ന്നിരുന്നു. രാവിലത്തെ ടെന്‍ഷനും, ഓട്ടവും, അനാവശ്യമായി കാശ് ചിലവായ വിഷമവും എല്ലാം കൊണ്ട് എനിക്കപ്പൊഴേക്കും തലവേദനിച്ചും തുടങ്ങി. ഈ ഒരു മാനസികാവസ്ഥയില്‍ മനസ്സമാധാനമായി ഇരുന്ന് പരീക്ഷ നന്നായി എഴുതാം എന്നൊരു പ്രതീക്ഷയും അപ്പോഴുണ്ടായിരുന്നില്ല. വന്ന സ്ഥിതിക്ക് എഴുതിക്കളയാം എന്ന് മാത്രം.

ആകെ ക്ഷീണിതനായി ക്ലാസ്സില്‍ എത്തിയപ്പോള്‍ അവിടേയും ആരുമില്ല. എന്താ ഇന്ന് ഞാന്‍ പോകുന്നിടത്തൊന്നും ആളില്ലാത്തത്? ഇനി രാവിലെ ഒരു മണിക്കൂര്‍ വൈകിയത്, ഈ സമയം കൊണ്ട് മൂന്ന് മണിക്കൂറായോ, എല്ലാവരും പരീക്ഷ കഴിഞ്ഞ് പോയോ എന്ന് പേടിയായി. വാച്ചില്‍ പല‌ആവര്‍ത്തി നോക്കി. ഇല്ല തെറ്റിയിട്ടില്ല. സമയം ശരി തന്നെ.

ആരോടെങ്കിലും ഒന്ന് ചോദിക്കാം എന്ന് കരുതിയിട്ട്‍ ആരെയും കാണാനുമില്ലായിരുന്നു അവിടെങ്ങും. വേഗം നോട്ടിസ് ബോര്‍ഡില്‍ ചെന്ന് നോക്കി. പരീക്ഷ എങ്ങാനും മാറ്റിവച്ചതാണോ?

നോട്ടീസ് ബോര്‍ഡിലെ പരീക്ഷാ കലണ്ടറും ചുമരില്‍ തൂക്കിയിട്ടിരുന്ന സാധാ കലണ്ടറും ഒത്ത് നോക്കിയപ്പോള്‍ പോയ ബോധം എപ്പോള്‍ വന്നു എന്ന് എനിക്ക് ഇപ്പോള്‍ ഓര്‍ത്തെടുക്കാനാകുന്നില്ല.

കാരണം, എനിക്കന്ന് അലാറം വച്ചപ്പോള്‍ മാറിപ്പോയത് ഒരു മണിക്കൂര്‍ മാത്രമല്ല, ഒരു ദിവസം കൂടെ ആയിരുന്നു.

അന്ന്, അന്ന്, ... അന്നൊരു ഞായറാഴ്ച ആയിരുന്നു.