Tuesday, March 28, 2006

തോമ്മാസ്സുകുട്ടീ, വിട്ടോടാ V2.O

ഓട്ടോ ഡ്രൈവറുടെ മുന്നില്‍ കാണിച്ച മണ്ടത്തരത്തിന്റെ അമ്പരപ്പ് അയാള്‍ക്ക് മാറും‌മുന്നേ ഞങ്ങള്‍ ദൂരമേറെ താണ്ടിയിരുന്നു. അതിരാവിലെ എഴുന്നേറ്റ് കുളിക്കാതെ പല്ലുപോലും തേയ്ക്കാതെ മീന്‍‌കാര്‍ക്കുള്ള ഐസ്സുംകൊണ്ടുപോകുകയായിരുന്നിരിക്കണം പാവം. അങ്ങേര്‍ കണ്ടതോ, രാവിലെ സിനിമാ സ്റ്റൈലില്‍ മുന്നില്‍ വന്നു രണ്ടു ചെറുപ്പക്കാര്‍ ബൈക്ക് ചവുട്ടി നില്‍ക്കുന്നതും, എന്തൊക്കെയോ വിളിച്ചു കൂവുന്നതും, തനിക്കു കാര്യം എന്തെങ്കിലും മനസ്സിലാകുന്നതിനു മുന്നേ പിടിവിട്ട പോലെ പോക്കുന്നതും. ധന്യമായിക്കാണണം ആ മഹാന്റെ അന്നത്തെ ദിവസം.

ഞങ്ങളുടെ അമ്പരപ്പും ചമ്മലും മാറാന്‍ അധികം നേരം വേണ്ടി വന്നില്ല. കാണിച്ച മണ്ടത്തരം ഓര്‍ത്തപ്പോള്‍ രണ്ടാള്‍ക്കും ചിരിക്കാതിരിക്കാനും‍ കഴിയുന്നുണ്ടായിരുന്നില്ല. ഒരുപാട് നാളുകള്‍ക്ക് ശേഷം കാണുകയായിരുന്നു ഞാനും തോമസ്സും. കാണാന്‍ ഒരുപാട് മാറിപ്പോയിരുന്നെങ്കിലും കാണിക്കുന്ന മണ്ടത്തരത്തിന്റെ അളവിനു ഒരു കുറവും വന്നിട്ടില്ല എന്ന് രണ്ടാള്‍ക്കും മനസ്സിലായി. പഴയതും പുതിയതും ആയ കഥകളും വിശേഷങ്ങളും അയവിറക്കി ഞങ്ങള്‍ അങ്ങിനെ വീട്ടിലേക്ക് പോകുകയായിരുന്നു. വഴിയേ ഉള്ള ഒരു സിഗ്നലില്‍ വീണ്ടും ഞാന്‍ വണ്ടി നിര്‍ത്തി.

നാട്ടില്‍ പണ്ടുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഇപ്പോള്‍‍ എവിടെ ആ‍ണെന്നും, പണ്ടു പിറകേ നടന്ന പെണ്‍പിള്ളേരില്‍ ഇപ്പോള്‍ ആരൊക്കെ വിവാഹിതരാണെന്നും, ഇനിയും പ്രതീക്ഷക്കു വക ഉള്ളവര്‍ എത്ര ഉണ്ടെന്നുമുള്ള ഗൌരവമുള്ള ചര്‍ച്കകള്‍ ഞങ്ങള്‍ ബൈക്കില്‍ ഇരുന്നു കൊണ്ടു തന്നെ നടത്തിക്കൊണ്ടിരിക്കുന്ന അവസരത്തിങ്കല്‍, പെട്ടെന്നൊരു ഭൂമികുലുക്കം. എന്താ പറ്റിയെ എന്ന് മനസ്സികാ‍ലാകുന്നതിനു മുന്നേ ഞങ്ങള്‍ ചെറുതായി വിഹഗസഞ്ചാരം ഒക്കെ നടത്തി വന്നു. ബൈക്ക് ആകെ ഒന്നു ആടി ഉലഞ്ഞു. ഭാഗ്യത്തിന് രണ്ടാളും വീണില്ല.

സ്ഥലകാലബോധം വന്നപ്പോഴാണ് മനസ്സിലാകുന്നത് പിറകെ വന്ന ഒരു മിനി ബസ്സ് ബൈക്കിന്റെ പിന്നിലിടിച്ചതായിരുന്നു അതു എന്ന്. എന്തു റോഡ് അപകടം നടന്നാലും മലയാളിയുടെ ആദ്യത്തെ പ്രതികരണം ആയ "എവിടെ നോക്കിയാടാ ഓടിക്കുന്നത്?” എന്നും ചോദിച്ച് ഞങ്ങള്‍ രണ്ടു പേരും ആ ബസ്സിന്റെ വാതിലിനടുത്തെത്തി. ഒന്നേ അകത്തു നോക്കിയുള്ളു, രണ്ടാളുടേയും മുട്ടിടിക്കാന്‍ തുടങ്ങി.

ബസ്സ് നിറയെ പോലീസുകാര്‍. പോലീസുകാര്‍ പോലീസ് ബസ്സില്‍ തന്നെ സഞ്ചരിക്കണം എന്നു നിയമമൊന്നുമില്ലല്ലോ. എന്തു ബസ്സിലും ആകാം. എന്നാല്‍ മറ്റു വണ്ടികളില്‍ ഇടിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടോ? ഇല്ല. ഉണ്ടോ? ഉണ്ടാവില്ലായിരിക്കും. അല്ല ശരിക്കും ഉണ്ടോ? ഉണ്ടാവാന്‍ സാദ്ധ്യത ഉണ്ട് !!! ഇങ്ങനെ പോയി ഞങ്ങളുടെ രണ്ടാളുടേയും ടെലിപ്പതി സംഭാഷണം.

രണ്ടു ചുറുചുറുക്കുള്ള ചെറുപ്പക്കാര്‍ എന്തൊക്കെയോ ഉച്ചത്തില്‍ പറയുന്നതു കേട്ട പോലീസുകാര്‍ വണ്ടിയില്‍ നിന്നു പുറത്തേക്ക് ഞങ്ങളെ നോക്കിത്തുടങ്ങി. ഒരു അജാനബാഹു പുറത്തേക്ക് ഇറങ്ങി വരാനും തുടങ്ങി. തോമസ്സാണെങ്കില്‍ അന്ത്യകുര്‍ബാനയ്ക്ക് ഏത് അച്ചനെ വിളിക്കണം എന്ന ആലോചന വരെ തുടങ്ങി. ഞാന്‍ ഒന്നു തല ചെരിച്ച് ബസ്സിന്റെ ഡ്രൈവറെ നോക്കി. ആ കപടാമീശക്കാരന്‍ “ഒന്നു മുട്ടിയതിനാണോ നിനക്കു ഇത്ര ചൊറിച്ചില്‍. ഇനി നെഞ്ചത്തൂടെ കേറ്റും ഞാന്‍. നീയൊക്കെ എന്തു ചെയ്യുമെന്ന് കാണാണമല്ലോ” എന്ന മട്ടില്‍ കണ്ണും ഉരുട്ടി പേടിപ്പിക്കുന്നു. ഞാന്‍ അറസ്റ്റാണോ മരണമാണോ വരിക്കേണ്ടത് എന്ന ചിന്താക്കുഴപ്പത്തിലായി.

അറസ്റ്റ്, മരണം, അറസ്റ്റ്, മരണം, ... എന്റെ ചിന്തകല്‍ പെന്റുലം പോലെ ഒരു ബിന്ദുവിന്റെ ചുറ്റിപ്പറ്റി ആടിക്കൊണ്ടിരുന്നു. എന്റെ ചിന്തകളെ ഉണര്‍ത്തിയത് തോമസ്സാണ്. “അളിയാ, സിഗ്നല്‍ മാറി”, അവന്‍ ചുണ്ടനക്കാതെ പതിയെ പറഞ്ഞു. എന്റെ ശ്വാസം നേരെ വീണു. എന്റെ അബോധമനസ്സ് എന്റെ കണ്ട്രോള്‍ ഏറ്റെടുത്തു. അവശേഷിച്ച പ്രാണനും കൊണ്ട് പിന്നെ ഒരൊറ്റ അലര്‍ച്ച ആയിരുന്നു. തോമസ്സുകുട്ടീ, വിട്ടോടാ. അന്നു ഞാന്‍ ബൈക്ക് അവിടുന്നു പറത്തിയ വഴിക്ക് പിന്നെ പുല്ല് മുളച്ചിട്ടുണ്ടാവില്ല.

Saturday, March 25, 2006

തോമ്മാസ്സുകുട്ടീ, വിട്ടോടാ

തോമസ്സിനെ പണ്ടു തൊട്ടേ എനിക്കറിയാം. എന്റെ സഹപാഠിയും അയല്‍ക്കാരനും ഒക്കെ ആണ്‌. ഡിഗ്രി കഴിഞ്ഞ്‌ നാട്ടില്‍ അല്ലറ ചില്ലറ പണികളുമായി കഴിയുകയായിരുന്നു.

അവന്‌ ബാംഗ്ലൂര്‍ ആണ്‌ ഏതോ ഒരു ബാങ്കിന്റെ ടെസ്റ്റിനുള്ള സെന്റര്‍ ആയി കിട്ടിയത്‌. ഇങ്ങൊട്ടു വരുന്നുണ്ടെന്നു വിളിച്ച്‌ പറഞ്ഞപ്പോള്‍ തന്നെ രാവിലെ പിക്ക്‌ ചെയ്യാനും, പരീക്ഷക്ക്‌ കൊണ്ടു വിടാനും, പിന്നെ വൈകുന്നേരം ഒരു ചെറിയ കറക്കത്തിനും ഞാന്‍ തയ്യാറായി.

നാട്ടില്‍ നിന്നുള്ള ബസ്സുകള്‍ 6 മണിക്ക്‌ മുന്നേ തന്നെ ഇവിടെ എത്തും. ഞാനാണെങ്കില്‍ സൂര്യന്‍ ഒരു 45 ഡിഗ്രി ആങ്കിളിലെങ്കിലും തറനിരപ്പില്‍ നിന്നുയര്‍ന്നാലേ എഴുന്നേല്‍ക്കാറ്‌ പതിവുള്ളൂ. രാവിലത്തെ തണുപ്പും അതിനൊരു കാരണമാണ്‌ എന്ന് വച്ചൊ (ചുമ്മാ).

എന്നാലും തോമസ്സിനു വേണ്ടി ആ കടുംകൈക്ക്‌ ഞാന്‍ തയ്യാറായി. കഷ്ടപെട്ട്‌, ബുദ്ധിമുട്ടി, പാടുപെട്ട്‌ രാവിലെ എഴുന്നേറ്റ്‌, ബൈക്കെടുത്തുപോയി അവനെ കൂട്ടിക്കൊണ്ട്‌ തിരികെ ഉറക്കപ്പിച്ചില്‍ പതുക്കെ ആടിയാടി വരുമ്പോഴാണ്‌ ഞാനതു കണ്ടത്‌. മുന്നില്‍ പോകുന്ന ഓട്ടോറിക്ഷയുടെ പെട്രോള്‍ ടാങ്കിന്റെ വശത്തു നിന്നായി എന്തോ റോഡില്‍ ഉറ്റിറ്റ്‌ വീഴുന്നു.

എന്തു അപകടമാണെന്റെ ഈശ്വരാ, അല്ലേ? തോമാസ്സും ശരി വച്ചു. ആ ഓട്ടോക്കാരനെ എങ്ങിനെയെങ്കിലും രക്ഷിക്കണം. പെട്രോള്‍ കത്താന്‍ മൊബൈല്‍ ഫോണിന്റെ ഉള്ളില്‍ ഉണ്ടാവുന്ന സ്പാര്‍ക്ക്‌ മതിയെന്നാ പെട്രോള്‍ പമ്പുകാര്‍ വരെ പറയുന്നത്‌. ഒരു തീപ്പൊരിയില്‍ ആ ഓട്ടോ കത്തിചാമ്പലാകുന്നതു കാണാന്‍ വയ്യ. അയാളെ രക്ഷപെടുത്തിയാല്‍ ഒരു ധീരതക്കുള്ള അവാര്‍ഡ്‌ ഉറപ്പ്‌. തീയോടല്ലേ കളി.

ഞാന്‍ ബൈക്കിന്റെ വേഗത കൂട്ടി. ഒരു നാലും കൂടിയ കവലയില്‍ എത്തിയപ്പോഴേക്കും സിഗ്നല്‍ ചുവപ്പായി. നാലും കൂടിയ കവലക്കു ബാംഗ്ലൂരുകാര്‍ സര്‍ക്കിള്‍ എന്നു പറയും, ചിലയിടത്ത്‌ സിഗ്നല്‍ എന്നും. എന്തായലും അതു റെഡ്‌ ആയി. എന്നാല്‍ മുന്നേ പോയ ഓട്ടോ സിഗ്നല്‍ കടക്കുകയും ചെയ്‌തു. ഛെ, മിസ്സായി.

എന്നാലും പിന്മാറാന്‍ ഞങ്ങള്‍ ഒരുക്കമല്ലായിരുന്നു. സിഗ്നല്‍ മാറിയതും ഞങ്ങള്‍ തടയാന്‍ ഓട്ടോയെ വീണ്ടും നോക്കി. പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്നു പറഞ്ഞ അവസ്ഥ. പോരാണ്ട്‌ എല്ലാ ഓട്ടോയും പിറകില്‍നിന്നു നോക്കിയാല്‍ ഒരുപോലെ ഇരിക്കും. ഉറ്റിറ്റു വീഴുന്ന പെട്രോള്‍ കണ്ടു വേണം ഓട്ടോ തിരിച്ചറിയാന്‍. അതിന്റെ പെട്രോള്‍ തീരല്ലേ ഭഗവനെ എന്നു മനസ്സില്‍ വിചാരിച്ചതും എന്റെ വണ്ടിയുടെ പെട്രോള്‍ തീര്‍ന്നു.

അധികം ദൂരെയല്ലാതെ ഒരു പെട്രോള്‍ പമ്പുണ്ടായിരുന്നതു ഭാഗ്യം. എന്നാലും തള്ളി തള്ളി അവിടെ എത്തിയപ്പോഴേക്കും രണ്ടാളുടേയും പരിപ്പിളകി. ആ തണുത്ത പ്രഭാതത്തിലും ഞങ്ങള്‍ വിയര്‍ത്തു കുളിച്ചു. എന്നാലും ഞങ്ങള്‍ക്ക്‌ വിടാന്‍ ഉദ്ദേശമില്ലായിരുന്നു.

വയര്‍ നിറഞ്ഞ ആശ്വാസത്തിലിരിക്കുന്ന ബൈക്കിനെ ഞാന്‍ സ്പീഡോമീറ്ററിന്റെ കാണാത്ത കരകളിലെത്തിച്ചു. കാറ്റത്ത്‌ വിയര്‍പ്പൊക്കെ ശ്ശടേന്ന് ഉണങ്ങി. കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ധാര ധാരയായി ഒഴുകിത്തുടങ്ങി. പക്ഷെ അത്‌ കവിളിലെത്തുന്നതിനു മുന്നേ ആവി ആയിപ്പോകും, അത്തരമാ കാറ്റ്‌. ജോണ്‍ എബ്രഹാമിന്റെ പരസ്യത്തില്‍ കാണുന്ന പോലെ ബൈക്ക്‌ ഞാന്‍ കിടത്തിയും ചെരിച്ചും എല്ലാം ഒരു മത്സരത്തില്‍ പങ്കെടുക്കുന്ന കണക്കെ പറപ്പിച്ച്‌ പറപ്പിച്ച്‌ പോകുമ്പോഴതാ ദൂരെയായി നമ്മുടെ കഥാനായകന്‍ ഓട്ടോ. അതെ നമ്മുടെ ഓട്ടോ, ഓട്ടയുള്ള ഓട്ടോ, ഞങ്ങള്‍ക്ക്‌ അവാര്‍ഡ്‌ നേടിത്തരാനുള്ള ഓട്ടോ.

പിന്നെ ഒരു പരവേശമായിരുന്നു. ചാടിക്കെട്ടിയമര്‍ന്ന്‌, മുന്നോട്ടാഞ്ഞ്‌, വലത്‌ മാറി, ഇടത്‌ മാറി, എന്നൊക്കെ അഭ്യാസം കാണിക്കുന്ന ഒരു കളരിയഭ്യാസിയുടെ കണക്കെ ഞങ്ങള്‍ ക്ഷണനേരം കൊണ്ട്‌ ഓട്ടോയുടെ ഒപ്പം എത്തി, മുന്നില്‍ തൊട്ടു തൊട്ടില്ല എന്ന തരത്തില്‍ നിര്‍ത്തി ഓട്ടോയേയും നിര്‍ത്തിച്ച്‌ അയാളെ രക്ഷിക്കാനായി ഓടിവന്ന്‌ "വണ്ടിയില്‍ നിന്നു പെട്രോള്‍ ലീക്ക്‌ ആവുന്നു, വേഗം ഓടിക്കൊ, വണ്ടി ഇപ്പൊ കത്തും" എന്നൊക്കെ പറഞ്ഞ്‌ അയാളെ ഓട്ടോയില്‍ നിന്നിറക്കാന്‍ ശ്രമിക്കുമ്പോഴാണ്‌ തോമസ്സ്‌ ആ ദൃശ്യം കാണുന്നത്‌. പിന്നാലെ ഞാനും. ആ ഓട്ടോയില്‍ നിറയെ ഉണ്ടായിരുന്നത്‌ പലവലിപ്പത്തിലുള്ള അഞ്ചാറ്‌ ഏസ്‌ കട്ടകള്‍. അപ്പൊ റോഡില്‍ ഉറ്റിറ്റ്‌ വീണുകൊണ്ടിരുന്നതു വെറും വെള്ളമായിരുന്നു, സാക്ഷാല്‍ H2O.

രാവിലെ തന്നെ സമയം മെനക്കെടുത്തിയതിനും വെറുതേ ആളെ പേടിപ്പിച്ചതിനും ആ ഓട്ടോക്കാരന്‍ കന്നഡയില്‍ തെറിപറയാനൊരുങ്ങി. ഇമ്മാതിരി മണ്ടത്തരങ്ങള്‍ ഒക്കെ ഒരുപാട്‌ ഒപ്പിച്ചിട്ടുള്ള, അതില്‍ നിന്നൊക്കെ പുല്ലു പോലെ ഊരിയിട്ടുള്ള ഞാന്‍ അതിനു മുന്നേ അലറി "തോമ്മാസ്സുകുട്ടീ, വിട്ടോടാ"

Thursday, March 16, 2006

ചാറ്റിങ്ങും ചില ലീവ്‌ വിശേഷങ്ങളും

സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലി കിട്ടിയതിനു ശേഷം എപ്പൊഴും ആഗ്രഹിക്കുകയും സ്വപ്നം കാണുകയും ചെയ്യുന്ന കാര്യങ്ങളുടെ പട്ടികയില്‍ ഒന്നും കൂടി ചേര്‍ക്കപ്പെട്ടു. ലീവ്‌.

ഒരു ലീവ്‌ കിട്ടാന്‍ ഇത്രയും പാടാണെന്നറിഞ്ഞിരുന്നെങ്കില്‍ ഈ വഴിക്കേ വരുമായിരുന്നില്ല എന്ന്‌ തോന്നിപ്പോകാറുണ്ട്‌. ഒരു ദിവസത്തെ ലീവിനു തന്നെ ഒരു നൂറായിരം വട്ടം കാലു പിടിക്കണം. ലീവ്‌ തരാന്‍ മാനേജര്‍ക്ക്‌ അങ്ങേരുടെ പിതൃസ്വത്ത്‌ ഭാഗം വയ്‌ക്കുന്നത്ര വിഷമമാണ്‌. തീരെ സഹിക്കാന്‍ പറ്റാത്തത്‌ ഓരോ തവണ എന്തായി എന്റെ ലീവ്‌ എന്ന് ചോദിക്കുമ്പോഴുമുള്ള അങ്ങേരുടെ 'ഊമപ്പെണ്ണിന്‌ ഉരിയാടാപയ്യന്‍' എന്ന സിനിമയിലെ ജയസൂര്യയുടെ അഭിനയത്തിന്റെ അനുകരണമാണ്‌.

ഒടുവില്‍ ഒരുപറ്റം ദയാഹര്‍ജികളുടെയും ദീനരോദനങ്ങളുടെയും ഫലമായി കഴിഞ്ഞ വെള്ളിയാഴ്ച ഒരു ലീവ്‌ അനുവദിച്ച്‌ കിട്ടി. ലീവ്‌ ഒപ്പിക്കാമെങ്കില്‍ ബസ്സ്‌ ടിക്കറ്റ്‌ ഒപ്പിച്ചെടുക്കാനാണൊ ബുദ്ധിമുട്ട്‌. വ്യാഴാഴ്ച രാത്രി 9 മണിക്കുള്ള ബസ്സിന്‌ ബുക്കും ചെയ്തു.

അങ്ങിനെ വ്യാഴാഴ്ച ആഗതമായി. ഞാന്‍ ഒരു പാട്‌ നാളായി കാത്തിരുന്ന Return to Home ചടങ്ങിനുള്ള സമയമായി. ബാഗും കൊണ്ടാണ്‌ ഓഫീസില്‍ പോയത്‌. കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞ പോലത്തെ ബാഗ്‌ അല്ല, ഇതൊരു കുഞ്ഞ്‌ ബാഗ്‌. അല്ലെങ്കിലും വീട്ടില്‍ പോകുമ്പോള്‍ എന്റെ മേക്കപ്പ്‌ സാധനങ്ങളും ഫോട്ടോകള്‍, ഗ്രീറ്റിങ്ങ്‌ കാര്‍ഡുകള്‍ എന്നിവയൊന്നും കൊണ്ട്‌ പോകണ്ടല്ലൊ.

ഓഫീസില്‍ നിന്ന്‌ മുക്കാല്‍ മണിക്കൂറിന്റെ ദൂരമേ ഉള്ളു ബസ്സ്‌ സ്റ്റാന്‍ഡിലേക്ക്‌. ഒരു 8 മണിക്ക്‌ ഇറങ്ങിയാല്‍ മതിയാകും, പോരെ? മതി. നേരെ ബസ്സ്‌ സ്റ്റാന്‍ഡില്‍ പോകുക. ബൈക്ക്‌ അവിടെ പാര്‍ക്ക്‌ ചെയ്യുക വീട്ടില്‍ പോകുക. തിരിച്ച്‌ വരുമ്പോള്‍ ബൈക്ക്‌ എടുത്ത്‌ തിരിച്ച്‌ വരിക. എത്ര മനോഹരമായ പ്ലാന്‍.

8 മണിയായി. ഇറങ്ങാന്‍ നേരത്താണ്‌ ഒരോരുത്തരായി ഓണ്‍ലൈനായി വന്ന്‌ തുടങ്ങിയത്‌. എല്ലാവരോടും കുശലം പറയതെ പോകുന്നതെങ്ങിനെ. ഹായ്‌, ഹോയ്‌, ഹൂയ്‌ വിളികളും, ഹൌ ഡു യു ഡു ക്ഷേമാന്വേഷണങ്ങളും, പുതിയ വിശേഷങ്ങളുടെ പങ്ക്‌ വെയ്ക്കലിനും ശേഷം ഒരു സൈഡിലേക്ക്‌ ഒതുക്കി റ്റാറ്റ പറയമെന്ന്‌ വച്ചാലേക്കും വരും അടുത്ത ആള്‍ ഓണ്‍ലൈന്‍. എല്ലാവരോടും ഒന്ന്‌ സംസാരിക്കാതെ പോകുന്നതെങ്ങിനെ. ഞാന്‍ ഒരു പൌരപ്രമുഖനല്ലെ.

അര മണിക്കൂര്‍ ഈ പരിപാടി നിര്‍ബാധം തുടര്‍ന്നു. 8.30 ആയപ്പൊ വേറെ നിവര്‍ത്തി ഒന്നും ഇല്ലണ്ടായി ഈ ചാറ്റിംഗ്‌ തുടരാന്‍. എല്ലാവരോടും റ്റാറ്റ എന്ന ഒരു ഒറ്റ വാചകം പറഞ്ഞ്‌ പോകാം എന്ന്‌ വച്ചാല്‍ തന്നെ, അതിനെടുക്കും പത്തിരുപതു മിനിറ്റ്‌ ഇനിയും. അത്ര മാത്രം വിന്‍ഡോകള്‍ ഉണ്ട്‌ തുറന്ന്‌ വച്ചിട്ട്‌. പവ്വര്‍ ബട്ടണ്‍ തന്നെ ശരണം. ഞെക്കടാ OFF ബട്ടണ്‍. ഞെക്കി. ഓഫായി, അത്രയും സമാധാനം. ഒരു തലവേദന്‍ ഒഴിവായി. ഇനി അടുത്തത്‌.

നേരായ വഴിക്ക്‌ പോയിട്ട്‌ ഇനിയൊരു കാര്യവുമില്ല. ബന്നര്‍ഘട്ട റോഡ്‌, ഹൊസ്സൂര്‍ റോഡ്‌, റിച്ച്‌മണ്ട്‌ റോഡ്‌, ഇതെല്ലാം കടന്ന്‌ അവിടെ എത്തുമ്പോഴേക്കും ആ ബസ്സ്‌ നാട്ടില്‍ പോയി തിരിച്ച്‌ വന്നിട്ടുണ്ടാകും. വേറെ ഒരു ഷോര്‍ട്ട്‌കട്ട്‌ ഉണ്ട്‌. ഇത്തിരി ദൂരം കൂടുതലാ, എന്നാലും വേഗം എത്താം.

നൂറേ നൂറില്‍ ബൈക്ക്‌ പിടിപ്പിച്ചു. അധികം ജനവാസമോ, വാഹങ്ങങ്ങളോ ഒന്നും ഇല്ലാത്ത വഴിയാണ്‌. അതു കൊണ്ട്‌ തന്നെ ഈ പോക്ക്‌ കണ്ടിട്ട്‌ സമയത്തിനൊക്കെ അവിടെ എത്തുന്ന ലക്ഷണമുണ്ട്‌.

ഠോ.

പൊട്ടി പൊട്ടി ഉച്ചത്തില്‍ പൊട്ടി
മൊട്ട ടയറ്‌ പട്ടേന്ന് പൊട്ടി.

വഴിവിളക്ക്‌ പോലും ഇല്ലാത്ത റോഡ്‌. അടുത്തെങ്ങും ഒരു മനുഷ്യനേയും കാണാനില്ല. എങ്ങനെയെങ്കിലും ഒരു ഓട്ടോ പിടിച്ചിട്ട്‌ പോകാമെന്ന് വച്ചാല്‍ ബൈക്ക്‌ വിശ്വസിച്ച്‌ ഇട്ടിട്ട്‌ പോകാനും പറ്റുന്ന സ്ഥലമേയല്ല. ബൈക്ക്‌ ഒരു സുരക്ഷിത സ്ഥാനത്തെത്തുന്ന വരെ തള്ളുക തന്നെ.

തള്ളി തള്ളി പഞ്ചറൊട്ടിക്കുന്ന ഒരു കടയില്‍ എത്തുമ്പോഴേക്കും സമയം 9. ടയര്‍ നന്നാക്കി കിട്ടുമ്പൊ സമയം 9.30. ഇനി ബസ്സ്‌ സ്റ്റാന്റില്‍ പോയിട്ടെന്തിനാ? ആ ബസ്സ്‌ പഞ്ചറായിരുന്നെങ്കില്‍ ഒരു പക്ഷെ ഇനി പോയാല്‍ കിട്ടിയേനെ. പക്ഷെ അതിന്‌ ആ മണ്ടന്‍ ബസ്സ്‌ ഇതുപോലത്തെ ഏതെങ്കിലും റോഡില്‍ ഓടിച്ചാലല്ലെ. മണ്ടത്തരം കൈ നിറയെ ഉണ്ടെങ്കിലും എന്റെ കയ്യില്‍ ഭാഗ്യം തീരെ ഇല്ല. എന്തായാലും വഴിയില്‍ നിന്ന്‌ പിടിച്ചു പറിക്കാര്‍ക്ക്‌ ഭാഗ്യം ഉണ്ടാക്കിക്കൊടുക്കാന്‍ നില്‍ക്കാതെ വീട്ടിലെക്ക്‌ പോന്നു.

ആറ്റുനോറ്റ്‌ കിട്ടിയ ഒരു ലീവ്‌ അങ്ങിനെ വഴിയാധാരമായി. ഇനി അടുത്ത ലീവ്‌ എപ്പോഴാണാവോ. ഇനി ലീവ്‌ ഒക്കെ കിട്ടി, വീട്ടില്‍ പോകാന്‍ ഇരിക്കുന്ന സമയത്ത്‌ വീണ്ടും ഹായ്‌ ഹോയ്‌ ഹൂയ്‌ എന്നൊക്കെ പറഞ്ഞ്‌ എന്നോട്‌ ചാറ്റ്‌ ചെയ്യാന്‍ വന്നാലുണ്ടല്ലൊ ബ്ലോഗന്മാരേ/ബ്ലൊഗിണികളേ, സത്യമായിട്ടും ഞാന്‍ കേറി സൈനൌട്ട്‌ ചെയ്തു കളയും, പറഞ്ഞേക്കാം.

Saturday, March 11, 2006

ആദ്യദിനം ഇന്‍ ഓഫീസ്‌

രണ്ടര വര്‍ഷം കളിച്ചും ചിരിച്ചും കടന്നുപോയി. അക്കാഡമിക്ക്‌ പ്രൊജക്റ്റിന്റെ സമയമായപ്പോഴാണ്‌ ജീവിതം പഞ്ചാരയടിയേക്കാളും സിനിമയേക്കാളും വലിയ എന്തോ ആണെന്ന്‌ മനസ്സിലാകുന്നത്‌. കുറച്ചധികം കഷ്ടപ്പെടേണ്ടി വന്നു ഒരെണ്ണം തരമാക്കാന്‍. അവസാനം പ്രോജക്ട്‌ കിട്ടിയത്‌ ബാംഗ്ലൂരിലും. വീട്ടില്‍ നിന്നും മാറി നില്‍ക്കാനോ, പ്രിയപെട്ട പഞ്ചാര മിത്രങ്ങളേ വിട്ട്‌ പോകാനോ ഒട്ടും താല്‍പര്യമില്ലായിരുന്നു, എന്നാല്‍ വേറെ വഴിയുമില്ലായിരുന്നു.

ബാംഗ്ലൂരില്‍ വരുമ്പോള്‍ താമസിക്കാന്‍ ഒരിടത്തിന്‌ തീരെ ബുദ്ധിമുട്ടേണ്ടി വന്നില്ല.ഒരു പാട്‌ ബന്ധുക്കളുണ്ട്‌ എനിക്ക്‌ ബാംഗ്ലൂരില്‍. വലിയമ്മയുടെ മോളും കുടുംബവും, അമ്മായിയും കുടുംബവും, ഇളയച്ഛനും കുടുംബവും എന്നിങ്ങനെ നൂറു കണക്കിന്‌ ബന്ധുക്കള്‍. നൂറ്‌ എന്ന്‌ ഞാന്‍ ഒരു മൂപ്പിനു കേറി അങ്ങ്‌ പറഞ്ഞതാ. നിങ്ങള്‍ ഒന്നു ക്ഷമിച്ചേരെ.

എനിക്ക്‌ അവിടെ റിപ്പോര്‍ട്ട്‌ ചെയ്യേണ്ട ദിവസം 2003 ജൂണ്‍ 25, ബുധനാഴ്ച. ഏറ്റവും അടുപ്പമുള്ള ആള്‍ എന്ന നിലക്ക്‌ വലിയമ്മയുടെ മോള്‍ക്ക്‌ തന്നെ നറുക്ക്‌ വീണു. ചേച്ചിയെ വിളിച്ച്‌ വരുന്നുണ്ടെന്ന മുന്നറിയിപ്പു കൊടുത്തു. 24-ന്‌ രാത്രി എറണാകുളത്ത്‌ നിന്നുള്ള KSRTC ബസ്സ്‌ രാജഹംസ ബുക്ക്‌ ചെയ്തു. ബസ്സ്‌ രാത്രി 7 മണിക്ക്‌ പുറപ്പെട്ട്‌ പിറ്റേ ദിവസം രാവിലെ 6 മണിക്ക്‌ ബാംഗ്ലൂരില്‍ എത്തും. അങ്ങിനെ വരുമ്പൊ ബനശങ്കരിയിലുള്ള ചേച്ചിയുടെ വീട്ടില്‍ പോകാനും തിരിച്ച്‌ ശിവാജി നഗറിലുള്ള ഓഫീസ്സിലെത്താനും ആവശ്യത്തിലധികം സമയം.

വീട്ടുകാരെയും കൂട്ടുകാരെയും നാട്ടുകാരെയും അയല്‍ക്കാരെയും സാക്ഷി നിര്‍ത്തി കണ്ണിരോടെ വിട ചൊല്ലി അങ്ങിനെ ഞാന്‍ 24-ആം തീയതി പുതിയ ലോകത്തേക്ക്‌ യാത്രയായി.

അഞ്ചരക്ക്‌ അലാറം വച്ചിരുന്നു. ആ സമയത്ത്‌ തന്നെ എഴുന്നേറ്റു. ബാംഗ്ലൂരില്‍ എത്തിയിട്ടില്ല. എന്നാലും ചേച്ചിക്ക്‌ ഒരു വാര്‍ണിങ്ങ്‌ കൊടുക്കേണ്ടേ. വേഗം തന്നെ ഫോണ്‍ വിളിച്ച്‌ അവരെ എഴുന്നേല്‍പ്പിച്ച്‌ ഞാന്‍ വരുന്നുണ്ട്‌ എന്ന്‌ അറിയിച്ചു. ഇനിയും സമയമുണ്ടല്ലൊ കുറച്ചും കൂടി ഉറങ്ങിക്കളയാം.

വീണ്ടും എഴുന്നേറ്റത്ത്‌ 8 മണിക്ക്‌. വണ്ടി അപ്പോഴും ഓടിക്കൊണ്ടിരിക്കുന്നു. ആയ്യൊ, വേഗം പോയി കണ്ടക്ടറോട്‌ ബാംഗ്ലൂര്‍ എത്തിയോ എന്നു അന്വേഷിച്ചു. ബാംഗ്ലൂര്‍ അവസാന സ്റ്റോപ്പ്‌ ആണെന്നും അവിടെ എത്താന്‍ ഇനിയും കുറച്ചു സമയം കൂടി പിടിക്കും എന്ന്‌ മറുപടി.

കഷ്ടമായല്ലൊ. എന്റെ പദ്ധതി മുഴുവന്‍ പാളി. വീണ്ടും ചേച്ചിയെ വിളിച്ചു കാര്യങ്ങള്‍ ധരിപ്പിച്ചു. ചേച്ചി പറഞ്ഞു ഒരു 8.30-ക്കെങ്കിലും ബാംഗ്ലൂരില്‍ എത്തിയാല്‍ ഒരു 9.30-ക്കെങ്കിലും ഓഫീസ്സില്‍ എത്താം. ഒരു അര മണിക്കുര്‍ വൈകുന്നത് അത്ര പ്രശ്നമാകില്ല എന്ന്‌. എത്തിയാല്‍ ഉടനെ വിളിക്കാം എന്ന്‌ ഞാന്‍.

KSRTC-യുടെ രാജഹംസം അവസാനം പറന്ന്‌ പറന്ന്‌ ബാംഗ്ലൂര്‍ മജസ്റ്റിക്ക്‌ ബസ്സ്‌ സ്റ്റാന്റില്‍ എത്തിയപ്പൊ സമയം 9. ഹംസങ്ങള്‍ക്ക്‌ സ്പീഡ്‌ കുറവാണെന്ന്‌ അറിയാമായിരുന്നു. എന്നാലും ഇത്ര പ്രതീക്ഷിച്ചില്ല. ഇനിയിപ്പൊ ചേച്ചിയുടെ വീട്ടില്‍ പോകാനൊന്നും സമയമില്ല. നേരെ കമ്പനിയിലേക്കോടാം.

പല്ലു തേക്കണോ?

അതു തല പോകുന്ന കാര്യമൊന്നുമല്ലല്ലോ. ഇന്നൊഴിവാക്കാം.

കുളിക്കണോ?

അതിന്‌ വൈകീട്ടും സമയം ഉണ്ടല്ലോ. ഇപ്പൊ വേണ്ട.

വസ്ത്രം മാറണോ?

അത്‌ വേണം. ഇപ്പോഴേ നാറി തുടങ്ങി. എന്താ ഒരു വഴി.

എന്തായാലും ഇനി നാണവും മാനവും ഒന്നും നോക്കിയിട്ട്‌ കാര്യമില്ല. ബസ്സ്‌ സ്റ്റാന്‍ഡില്‍ ഉള്ള മൂത്രപ്പുരയില്‍ കയറി 50 പൈസയും കൊടുത്ത്‌. അകത്ത്‌ നിന്ന്‌ ഡ്രസ്സ്‌ മാറി ഇറങ്ങി വന്നപ്പൊ കാശ്‌ പിരിക്കാന്‍ നില്‍ക്കുന്നവന്‌ അതിശയം, കള്ളച്ചിരി, പുച്ഛം. നിനക്കെന്തറിയാം എന്റെ ഗതികേടെന്ന്‌ മനസ്സില്‍ വിചാരിച്ച്‌ വേഗം ശിവാജി നഗറിലേക്ക്‌ ബസ്സ്‌ തപ്പിപ്പിടിച്ച്‌ കയറി അവിടെ എത്തി.

സമയം ഒന്‍പതര. എന്റെ കയ്യിലാണെങ്കില്‍ ക്രിക്കറ്റ്‌ കിറ്റ്‌ പോലൊരു വലിയ ബാഗും. കുറെ കാലം ബാംഗ്ലുരില്‍ താമസിക്കാനുള്ളതല്ലേ. ഉപ്പ്‌ തൊട്ട്‌ കര്‍പ്പൂരം വരെ ഉള്ള സകല സാധനങ്ങളും അതിലുണ്ട്‌. വസ്ത്രങ്ങളുടെ കമനീയ ശേഖരം, ഗ്രീറ്റിങ്ങ്‌ കാര്‍ഡുകളുടെ കട തുടങ്ങാന്‍ മാത്രയും അത്‌, സോപ്പ്‌ ചീപ്പ്‌ കണ്ണാടി, ബുക്കുകള്‍,... എന്ന് വേണ്ട എന്റെ റൂമിലുണ്ടായിരുന്ന സകല സാധനവും ആ ബാഗില്‍ ഉണ്ട്‌.

ഇത്ര വലിയ ബാഗും ചുമന്നു ഓഫീസ്സിലെക്ക്‌ ആരൊ വരുന്നത്‌ കണ്ട റിസപ്ഷനിസ്റ്റ്‌ കൊറിയര്‍-കാരനായിരിക്കും എന്നു കരുതിക്കാണും. നിറചിരിയുമായി അവളുടെ ഇരിപ്പു കണ്ടാല്‍ എന്തോ കാര്യമായി അവള്‍ക്കും കിട്ടാനുണ്ടെന്ന ഭാവം. ഞാന്‍ എന്റെ ആഗമനോദ്ദേശ്യം അറിയിച്ചപ്പൊ കലാഭവന്‍ മണിയുടെ ചിരി നിറഞ്ഞ്‌ നിന്ന അവളുടെ മുഖം ബാബു നമ്പൂതിരിയുടെ പോലെ ദുഖ:സാന്ദ്രമായ ഒന്നായി.

പേരും നാളും നക്ഷത്രവുമൊക്കെ കുറിച്ച്‌ കൊടുത്ത്‌ കഴിഞ്ഞ്‌, അകത്തു കയറിക്കോളൂ എന്നവള്‍ പറഞ്ഞപ്പൊ ബാഗ്‌ ആ റിസപ്ഷന്റെ ഏതെങ്കിലും മൂലക്ക്‌ വച്ചോട്ടെ എന്ന്‌ ചോദിച്ചു ഞാന്‍. കൊറിയര്‍ ഒന്നും കിട്ടാതിരുന്നതിന്റെ വിഷമം അവള്‍ അപ്പൊ തീര്‍ത്തു. ബാഗിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പറ്റില്ല എന്ന കാരണം കൊണ്ട്‌ എന്റെ ബാഗിന്‌ മോഹിച്ച ഇരിപ്പിടം നഷ്ടപെട്ടു.

ആ ഗജാനന ബാഗും പിടിച്ചോണ്ടാണ്‌ പിന്നെ ഞാന്‍ ആ ഓഫീസ്സ്‌ മുഴുവന്‍ നടന്നത്‌. എവിടെ കൊണ്ട്‌ വച്ചാലും ആ ബാഗ്‌ ഏതെങ്കിലും ഒരു വഴി ബ്ലോക്ക്‌ ആക്കും, അപ്പൊ ആരെങ്കിലും തെറി വിളിക്കും, ഞാന്‍ ബാഗ്‌ മാറ്റും വേറെ ഏതെങ്കിലും വഴി ബ്ലോക്ക്‌ ആക്കും. ഈ കലാപരിപാടി ദിവസം മുഴുവനും നടന്നു. പുതിയ ഓഫീസില്‍ മാനേജറേയും എനിക്ക്‌ കൂടെ ജോലി ചെയ്യേണ്ടവരേയും എന്നു വേണ്ട ആരെയൊക്കെ അന്നു പരിചയപ്പെട്ടിട്ടുണ്ടൊ, അതൊക്കെ ഈ വലിയ ബാഗും തോളിലെറ്റിക്കൊണ്ടാണ്‌. ഗതികേട്‌ നോക്കണേ.

പിന്നീട്‌ ആ കമ്പനി മാറാനുള്ള തീരുമാനത്തെ വലിയൊരളവ്‌ വരെ സ്വാധീനിച്ചതും എന്റെ ഈ ആദ്യ ദിനം നല്‍കിയ ചമ്മലാണ്‌. ഈ മണ്ടത്തരത്തിന്റെ വില ഞാന്‍ ഇപ്പോഴും കൊടുത്ത്‌ കൊണ്ടിരിക്കുന്നു. പഴയ കമ്പനിയിലെ സഹപ്രവര്‍ത്തകരെ എപ്പോള്‍ കണ്ടാലും അവര്‍ക്കു ചോദിക്കാനുള്ളതൊന്നു മാത്രം. ഇപ്പോഴും ആ ബാഗ്‌ തോളത്തിട്ടാണൊ ഓഫീസ്സില്‍ നടക്കാറ്‌?

Thursday, March 09, 2006

മണ്ടത്തര വാര്‍ത്തകള്‍

നമസ്കാരം. മണ്ടത്തര വാര്‍ത്തകളിലേക്ക് നിങ്ങള്‍ക്കെല്ലാവര്‍ക്കും സ്വാഗതം. വാര്‍ത്തകള്‍ വായിക്കുന്നത് തിരുമണ്ടന്‍ കുട്ടന്‍.

പക്ഷിപ്പനി ഭീതി അകറ്റാന്‍ കോഴി മുതലാളി സംഘടന നടത്തിയ കോഴി മേള, ആളുകളുടെ തിക്കും തിരക്കും കാരണം അലങ്കോലമായി. കോഴിക്കോടും പിന്നീട് പൊന്നാനിയിലും നടത്തിയ രണ്ടു കോഴി മേളകളും ആളുക്കളുടെ ആക്രാന്തം മൂലം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. രണ്ടിടത്തും പോലീസ് ഇടപെട്ടാണ് ജനങ്ങളെ കോഴിക്കറിയില്‍ നിന്നും അകറ്റിയത്. പോലീസ് വന്നില്ലായിരുന്നുവെങ്കില്‍ അവര്‍ ആ കോഴിക്കറി വച്ചവരേയും പിടിച്ചു തിന്നുമായിരുന്നു എന്നാണ് അവിടെ ഉണ്ടായിരുന്ന മണ്ടത്തരങ്ങള്‍ ടി.വി-യുടെ റിപ്പോര്‍ട്ടര്‍ മണ്ണുണ്ണി ഫോണ്‍ വിളിച്ച് പറഞ്ഞത്. കുറച്ച് നാളുകള്‍ക്ക് മുന്നേ മൈസൂരില്‍ നടന്ന കോഴി മേളയും ഇതു പോലെ ജനങ്ങള്‍ ഒരു വഴിക്കാക്കി കൊടുത്തിരുന്നു.

കാര്യം പരിപാടി അലങ്കോലമായെങ്കിലും ജനങ്ങളുടെ മനസ്സില്‍ കോഴിയെക്കുറിച്ച് ഒരു ഭയവും ഇല്ലെന്ന് ഇതിനാല്‍ തെളിഞ്ഞിരിക്കുകയാണെന്ന് സംഘാടകര്‍ അവകാശപെട്ടു. പക്ഷിപ്പനി എന്ന് കേട്ടാല്‍ ജലദോഷപ്പനി എന്നു കേള്‍ക്കുന്ന അത്രയെ ഉള്ളു ഇപ്പൊ ജനങ്ങള്‍ക്ക് എന്നു അവര്‍ പത്രസമ്മേളനം നടത്തി ചാരിതാര്‍ത്ഥ്യത്തോടെ വിളിച്ചു പറഞ്ഞു.

ഇങ്ങനെ ഒരു വാര്‍ത്ത നിങ്ങള്‍ ടി.വി-യില്‍ കേട്ടു കാണും. ഇതിനേക്കാല്‍ വലിയ മണ്ടത്തരം വേറെ എന്തുണ്ട്? ജനങ്ങള്‍ ഇരച്ചു കേറിയത് പക്ഷിപ്പനിയെക്കുറിച്ച് പേടി ഇല്ലാഞ്ഞിട്ടാണത്രേ. അയ്യട !!! അവിടെ AIDS ബാധിച്ച കോഴിയെ വിതരണം ചെയ്‌തിരുന്നെങ്കില്‍ പോലും ഇത്ര തന്നെ തിരക്കുണ്ടാകുമായിരുന്നു. ആസിഡ് കൊടുത്താലും ഓസിനു കുടിക്കുന്ന ജനങ്ങളല്ലേ നമ്മുടെ നാട്ടിലുള്ളത്.

ഈ വാര്‍ത്തയും അതില്‍നിന്ന് സംഘാടകര്‍ ഊഹിച്ചതും കണ്ടപ്പോള്‍ എനിക്കു ഒരു പഴയ വാര്‍ത്തയാണ് ഓര്‍മ്മ വന്നത്. സമയവും കാലവും ഓര്‍മ്മയില്ല. കേരളത്തില്‍ എപ്പോഴോ എവിടുന്നോ എങ്ങോട്ടൊ പൊയിക്കൊണ്ടിരുന്ന ഒരു ട്രെയില്‍ എവിടെ വച്ചോ അപകടം പറ്റുന്നു. പാളത്തില്‍ കിടന്നിരുന്ന പാറയില്‍ തട്ടി എഞ്ചിന്‍ കേടായിപ്പോകുന്നു. ഇടിയുടെ ആഘാതത്തില്‍ എഞ്ചിന്റെ ഡീസല്‍ ടാങ്ക് പൊട്ടുകയും ഡീസല്‍ അവിടമാകെ പരക്കുകയും ചെയ്യുന്നു.

പിന്നെ അവിടെ കണ്ടത് വെറുതേ കിട്ടിയ ഡീസല്‍ അടിച്ചു മാറ്റാനുല്ല നാട്ടുകാരുടെ വ്യഗ്രത അല്ലെങ്കില്‍ ത്വര ആണ്. ബക്കറ്റിലും കലത്തിലും കുടത്തിലും ആയി ഡീസല്‍ കോരിക്കൊണ്ടു പോകാന്‍ അവിടെ തിക്കും തിരക്കും ആയി, അടിയായി ബഹളമായി. കിട്ടാനുള്ള അത്രയും ഡീസല്‍ വാരിക്കൂട്ടാന്‍ ആ എഞ്ചിന്റെ പുറത്തും അകത്തും ആളുകള്‍ തിങ്ങിക്കൂടി.

രസം ഇതൊന്നുമല്ല. ടാങ്കില്‍ നിന്നും ചീറ്റിക്കൊണ്ടിരുന്ന ഡീസല്‍ അവിടെ നിന്നിരുന്ന എല്ലാവരുടേയും ദേഹത്ത് വീഴുന്നുണ്ടായിരുന്നു. സത്യം പറഞ്ഞാല്‍ അവിടെ നിന്നിരുന്നവരെല്ലാം ഡീസലില്‍ മുങ്ങിക്കുളിച്ചിരിക്കുകയായിരുന്നു. ആ ചിത്രം മനോരമയില്‍ വന്നത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. അന്നേരം, എവിടെ നിന്നെങ്കിലും ഒരു ചെറിയ തീപ്പൊരി ഉണ്ടായിരുന്നെങ്കില്‍ ഇക്കണ്ട ജനങ്ങളെല്ലാം നിന്നു കത്തിയേനെ. തീ തപ്പി എങ്ങും പോകണ്ട. അവിടെ ഒരു ട്രെയില്‍ അപകടം കഴിഞ്ഞതേയുള്ളു എന്നതോര്‍ത്താല്‍ മാത്രം മതി.

അങ്ങിനെ ഡീസലില്‍ കുളിച്ച് അപകടപ്പെട്ട ഒരു ട്രെയിന്റെ എഞ്ചിന്റെ നെഞ്ചത്ത് കേറി നില്‍ക്കാന്‍ മടിയില്ലാത്ത നാട്ടുകാര്‍ക്കാണോ വെറുതേ കിട്ടുന്ന കോഴിക്കറി വാങ്ങാന്‍ മടി? എന്തുവാ സംഘാടകരേ നിങ്ങള്‍ ഈ അവകാശപ്പെടുന്നത്? നിങ്ങള്‍ക്ക് നാണമില്ലേ? ഇമ്മാതിരി മണ്ടത്തരം പത്രസമ്മേളനം നടത്തിയാനോ വിളിച്ചു കൂവുന്നത്. കൂടിപ്പോയാല്‍ ബ്ലോഗില്‍ ഇടാം എന്നല്ലാണ്ട്!

***
വാല്‍കഷ്ണം: അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയില്‍ വന്നപ്പോള്‍ അതിനെതിരെ പ്രതിഷേധ ജാഥകളും സമ്മേളനവും നടത്തിയ ഒരു പാര്‍ട്ടി, ഘോര ഘോരം വിളിച്ച് കൂവിയത്, പ്രവാചകനെ മോശമായി ചിത്രീകരിച്ചതിനു ബുഷ് ഭായി മാപ്പ് പറയണമെന്നായിരുന്നു. ഡെന്മാര്‍ക്കില്‍ ഏതോ ഒരു പത്രം ഒരു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനു പാവം അമേരിക്കന്‍ പ്രസിഡന്റ് എന്തു പിഴച്ചു? നിങ്ങളോടൊന്നും മണ്ടത്തരം പറഞ്ഞ് മത്സരിക്കാന്‍ ഞാന്‍ ആളല്ലേ...

Monday, March 06, 2006

സ്റ്റ്‌റീറ്റിലൊരു കോളേജ്‌ ഡേ

Hero Honda Street
Hero Honda Street എന്നൊരു വാഹനം Hero Motors പുറത്തിറക്കിയിരുന്നു പണ്ട്‌. ഗിയറുള്ള ആദ്യ Scooterette എന്ന നിലയില്‍ വിപണിയില്‍ നല്ല തരംഗം ഉളവാക്കും എന്ന്‌ അവര്‍ പ്രതീക്ഷിച്ചിരുന്ന ഉല്‍പന്നം. ഏതു ഗിയറിലും ഓടിക്കാം എന്നതടക്കം പല പ്രത്യേകതയും ഉണ്ടായിരുന്ന ശകടം.

ആ ഉല്‍പന്നത്തിന്റെ പ്രചരണാര്‍ത്ഥം പലയിടങ്ങളിലും അവര്‍ ഷോകളും ടെസ്റ്റ്‌ ഡ്രൈവുകളും നടത്തിയിരുന്നു അക്കാലത്ത്‌. അതിന്റെ ഭാഗമായി എറണാകുളം മഹാരാജാസിലെ വര്‍ഷികാഘോഷങ്ങള്‍ നടത്തുന്നയിടത്തും അവര്‍ ടെസ്റ്റ്‌ ഡ്രൈവ്‌ സംഘടിപ്പിച്ചിരുന്നു. മഹാരാജാസ്‌ ഓഡിറ്റോറിയത്തിന്റെ കിഴക്ക്‌ വശത്തായി എല്ലാവരും പെട്ടെന്ന്‌ കാണുന്ന സ്ഥലത്ത്‌ തന്നെയായിരുന്നു അവരുടെ സ്റ്റാള്‍. അതോ വലത്‌ വശത്തായിരുന്നൊ? എന്തായാലും, വശക്കേടായത്‌ എന്റെയാണെന്ന് പറഞ്ഞാല്‍ മതിയല്ലൊ.

മഹാരാജാസിലെ കോളേജ്‌ ഡേ പ്രസിദ്ധമാണ്‌. നല്ല നിലവാരമുള്ള പരിപാടികള്‍ തീര്‍ച്ചയായും പ്രതീക്ഷിക്കാം എന്നത് കൊണ്ട്‌ നല്ല തിരക്കായിരിക്കും ആ ദിവസം അവിടെ. പോരാണ്ട്‌ പുറമെ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക്‌ അകത്ത്‌ കയറുന്നതിനും വിലക്കില്ല. പിന്നെ പറയാനുണ്ടോ പൂരം.

ഞാന്‍ അന്ന്‌ അവിടെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്‌. നാലാളുടെ മുന്നില്‍ ആളാകാനും, പെണ്‍കുട്ടികളുടെ ഇടയില്‍ ഹീറോ ചമയാനും എന്താ വഴി എന്ന്‌ ഇരുപത്തിനാലു മണിക്കൂറും ചിന്തിച്ച്‌ നടക്കുന്ന സമയം. അത്‌ കൊണ്ട്‌ തന്നെ ഹീറോ ഹോണ്ടാ സ്റ്റ്റീറ്റ്‌ ആദ്യമേ തന്നെ എന്റെ കണ്ണിലുടക്കി.

അന്ന്‌ എനിക്ക്‌ വാഹന ലൈസന്‍സ്‌ ഇല്ല. എടുക്കണമെന്ന് വിചാരിച്ചാലും അതിനുള്ള പ്രായമായില്ല. അഥവാ പ്രായമുണ്ടായിരുന്നല്‍ തന്നെയും ഓടിക്കാന്‍ അറിയില്ല. എങ്കിലും ഉണ്ടോ അത്യാഗ്രഹത്തിന്‌ പഞ്ഞം. ഈ വണ്ടി കണ്ടതും എനിക്കതില്‍ കയറിയേ പറ്റൂ, ഒന്നു ഓടിച്ചേ മതിയാകൂ.

കമ്പനിയുടെ പ്രതിനിധികളോട്‌ ചെന്ന്‌ ആഗമനോദ്ദേശ്യം അറിയിച്ചു. അവര്‍ സന്തോഷത്തോടെ വണ്ടി എന്നെ എല്‍പ്പിച്ചു, മണ്ടന്മാര്‍, അവരെന്ത്‌ കണ്ടിട്ടുള്ള പുറപ്പാടാ?

വണ്ടി സ്റ്റാര്‍ട്‌ ചെയ്തു. വ്രൂൂൂൂൂൂൂൂംംംം. നല്ല പവറും ഒച്ചയും. എനിക്കിഷ്ടപെട്ടു. ഒന്നാം ഗിയറില്‍ ഇട്ടു നോക്കി. നല്ല സ്മൂത്ത്‌ ട്രാന്‍സിഷന്‍. ഭേഷ്‌. ഇനി ഇത്തിരി സ്പീഡ്‌ എടുത്ത്‌ നോക്കാം.

പരിപാടികള്‍ നടന്നു കൊണ്ടിരുന്ന ഓഡിറ്റോറിയത്തിന്റെ മുന്നിലേക്ക്‌ തന്നെ ഞാന്‍ ആത്മവിശ്വാസത്തിന്റെ ചിറകിലേറി വണ്ടിയും കൊണ്ട്‌ പോയി. അവിടെ അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു. ഞാന്‍ അറിയുന്നവരും അല്ലാത്തവരും ആയ എല്ലാവരുടേയും മുന്നില്‍ ഒന്ന്‌ തിളങ്ങാന്‍ ഇതു തന്നെ അവസരം.

പിന്നൊന്നും ആലോചിച്ചില്ല, ആക്സലറേറ്റര്‍ പിടിച്ച്‌ ഒറ്റത്തിരി. അതോടെ കടിഞ്ഞാണ്‍ എന്റെ കയ്യില്‍ നിന്നും പോയി. മുന്‍ചക്രം വായുവിലേക്കുയര്‍ന്നു. മഴവെള്ളം കെട്ടിക്കിടക്കുന്നുണ്ടായിരുന്നതിനാല്‍ അവിടെ മുഴുവന്‍ മണല്‍ ഇട്ട്‌ വച്ചിരിക്കുകയായിരുന്നു. അതു കൊണ്ട്‌ പിന്‍ചക്രം എങ്ങിനെ പെരുമാറി എന്നു ഞാന്‍ പ്രത്യേകം പറയണ്ടതില്ലല്ലോ. വണ്ടി എന്റെ പേര്‌ എഴുതാനുള്ള ഉദ്ദേശത്തിലോ എന്തൊ, നിലത്ത്‌ S വരച്ചു. ഞാനാണെങ്കില്‍ ഇടതു ഭാഗത്തേക്ക്‌ ചാടണോ, വലതു ഭാഗത്തേക്ക്‌ ചാടണോ എന്ന സംശയത്തിലും.

എന്തായാലും ഞാന്‍ തീരുമാനം എടുക്കുന്നതിനു മുന്നേ വണ്ടി തീരുമാനം എടുത്തു. അത്‌ വലതു ഭാഗത്തേക്ക്‌ മറിഞ്ഞു. ഞാന്‍ താഴെയും വണ്ടി മുകളിലും. അതും, കൂടി നില്‍ക്കുന്ന ഒരു വന്‍ ജനാവലിയുടെ മുന്നില്‍.

വണ്ടിയുടെ ആള്‍ക്കാര്‍ അപ്പോഴെക്കും ഓടി എത്തി. "എന്തിനാ അറിയത്ത പണിക്ക്‌ നില്‍ക്കുന്നെ" എന്ന ഒരു ചോദ്യം അവര്‍ എന്നൊട്‌ ചോദിച്ചു, അതും സാമാന്യം ഉറക്കെ തന്നെ. എനിക്ക്‌ ഇത്‌ തന്നെയാണ്‌ പണി എന്ന്‌ അവര്‍ക്കറിയില്ലല്ലൊ.

കാണേണ്ടവര്‍ മുഴുവനും കണ്ടു, അറിയേണ്ടവര്‍ മുഴുവനും അറിയുകയും ചെയ്തു. നാണക്കേടു കാരണം പൊട്ടിച്ചിരികളുടേയും കൂക്കു വിളികളുടേയും ഇടയില്‍ നിന്നു ഞാന്‍ പയ്യെ തലയൂരി, മെല്ലെ നടന്നു, പിന്നേ ഓടി, എന്നിട്ട് മുങ്ങി. അങ്ങോട്ട്‌ ആ ദിവസം പിന്നെ ഞാന്‍ പോയില്ല. അങ്ങിനെ നല്ലൊരു കോളേജ്‌ ഡേ എന്നെ സംബന്ധിച്ചിടത്തോളം കുളമായിക്കിട്ടി.

പിന്നീടെനിക്ക്‌ പ്രായമായി ലൈസന്‍സ്‌ ആയി, വണ്ടിയായി. എന്നിട്ടോ? ഒരുപാട്‌ വണ്ടികള്‍ ഇക്കാലത്തിനിടക്ക്‌ ഞാന്‍ ഓടിച്ചിട്ടുണ്ട്‌. എങ്കിലും ഞാന്‍ വേറൊരു വണ്ടി വച്ചും എന്റെ പേര്‌ നിലത്തെഴുതാന്‍ നോക്കിയിട്ടില്ല. അതിന്‌ സ്റ്റ്‌റീറ്റിന്റെ അത്രേം കഴിവ്‌ വേറെ ഒരു വണ്ടിക്കും ഇല്ല. എന്തോ, ആ വണ്ടി റോഡില്‍ അധികം കണ്ടിട്ടില്ല പിന്നെ. അല്ലായിരുന്നേല്‍ ...

Saturday, March 04, 2006

International മണ്ടത്തരം

ആദ്യമേ പറയട്ടെ, ഇത്‌ എന്റെ കഥ അല്ല. കുറേ നാളായി ഞാന്‍ എന്നെപ്പറ്റി മാത്രം പറയുന്നു. ഞാന്‍ എന്റെ തന്നെ കുഴി തോണ്ടി എന്നെ സ്വയം നാണം കെടുത്തുന്നു. മതി. ഇനി മറ്റുള്ളവരുടെ പുറത്ത്‌ കുതിര കേറാം എന്നാണ്‌ തീരുമാനം. അത്‌ കൊണ്ട്‌ ഇന്ന്‌ ഞാന്‍ പറയാന്‍ പോകുന്നത്‌ മനോഹരന്‍ ചേട്ടന്റെ കഥയാണ്‌.

മനോഹരന്‍ ചേട്ടന്‍ എന്റെ നാട്ടുകാരന്‍ ആണ്‌. അതാണ്‌ ഞങ്ങള്‍ തമ്മിലുള്ള പരിചയവും. വിവരവും വിദ്യാഭ്യാസവും തീരെ ഇല്ലെങ്കിലും മണ്ടത്തരത്തിന്‌ ഒട്ടും കുറവുമില്ല; അതാണ്‌ മനോഹരന്‍ ചേട്ടന്‍.

നാട്ടില്‍ മനോഹരന്‍ ചേട്ടന്‍ അന്നന്നത്തെ അപ്പത്തിനു വേണ്ടിയുള്ള ഓട്ടത്തില്‍ ആയിരുന്നു എപ്പോഴും എന്നത്‌ കൊണ്ട്‌ ഞങ്ങള്‍ക്കധികം അടുക്കാന്‍ പറ്റിയിട്ടില്ല. അതിലെനിക്ക്‌ ഒട്ടും വിഷമവുമില്ല. പിന്നീട്‌ ഞാന്‍ ബംഗ്ലൂരിലും എത്തിപ്പെട്ടു, അങ്ങനെ ഞങ്ങള്‍ തമ്മിലുള്ള പരിചയവും മുറിഞ്ഞു.

മനോഹരന്‍ ചേട്ടന്‌ ബംഗ്ലൂരില്‍ ഒരു താല്‍ക്കാലിക ജോലി ശരിയായപ്പോള്‍ കൂടെ താമസിക്കാന്‍ തിരഞ്ഞെടുത്തത്‌ ഈ എന്നെ ആയിരുന്നു. പെട്ടെന്നു തന്നെ ഗള്‍ഫില്‍ ജോലി ശരിയായത്‌ കാരണം അധികം വൈകാതെ കടല്‍ കടക്കുകയും ചെയ്തു കക്ഷി. കുറച്ചു കാലമേ ഇവിടെ ഉണ്ടായിരുന്നുള്ളുവെങ്കിലും ചെയ്യാവുന്ന ദ്രോഹമൊക്കെ മനോഹരമായി ചെയ്തിട്ടേ ചേട്ടന്‍ പോയുള്ളൂ.

ഇവിടെ ഉണ്ടായിരുന്ന കാലത്ത്‌ മനോഹരന്‍ ചേട്ടന്‌ മൊബൈല്‍ കണക്ഷന്‍ ശരിയാക്കിക്കൊടുത്തത്‌ ഞാനാണ്‌. മനോഹരന്‍ ചേട്ടന്‌ അഡ്രസ്സ്‌ പ്രൂഫ്‌ ഇല്ലല്ലൊ ഇവിടെ. അന്നു SMS മുഴുവന്‍ ഫ്രീ ആയിരുന്ന ഏതോ ഒരു സ്‌കീം ഉണ്ടായിരുന്നു Airtel-ന്‌. അതാ ഞാന്‍ എടുത്തു കൊടുത്തത്‌. പാവം SMS അയച്ച്‌ കളിച്ചോട്ടെ എന്നു കരുതി. മനോഹരന്‍ ചേട്ടനെ SMS അയക്കാന്‍ ഒക്കെ പഠിപ്പിച്ചത്‌ ഞാനാണ്‌. ആ വകയില്‍ ഒരു ഗുരുസ്ഥാനവും ചുളുവില്‍ അടിച്ചെടുത്തു.

പെട്ടെന്നാണ്‌ മനോഹരന്‍ ചേട്ടന്‌ ഗള്‍ഫില്‍ ജോലി ശരിയായത്‌. നല്ല ഒരു ഓഫര്‍ ആയിരുന്നു. സന്തോഷത്തൊടെ തന്നെ ഞാന്‍ യാത്രയാക്കുകയും ചെയ്തു.

കുറച്ച്‌ നാളത്തേക്ക്‌ പിന്നെ ഒന്നും അവിടുന്ന്‌ കേള്‍ക്കുന്നുണ്ടായിരുന്നില്ല. ആര്‍ക്ക്‌ കേള്‍ക്കണം അല്ലെങ്കില്‍ തന്നെ. പക്ഷെ വേറെ ഒരാള്‍ ഇത്‌ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഞാന്‍ അവരെ മറന്നു എന്ന്‌ അവര്‍ക്ക്‌ മനസ്സിലായപ്പോള്‍ അവര്‍ ഒരു നോട്ടീസും അയച്ച്‌ തന്നു. വെറും നോട്ടീസ്‌ അല്ല, വക്കീല്‍ നോട്ടീസ്‌. അയച്ചത്‌ എയര്‍ടെല്‍ കമ്പനി. അപ്പോഴല്ലേ കാര്യങ്ങളുടെ കിടപ്പുവശം മനസ്സിലാകുന്നത്‌.

മനോഹരന്‍ ചേട്ടന്‍ ഗള്‍ഫില്‍ പോയിട്ടും ഉപയോഗിച്ചു കൊണ്ടിരുന്നത്‌ ഞാന്‍ എടുത്ത്‌ കൊടുത്ത എന്റെ പേരിലുള്ള സിം കാര്‍ഡ്‌. മനോഹരന്‍ ചേട്ടാ‍... യൂ ഫൂള്‍, ബ്ലഡി ഫൂള്‍ റു ബി പ്രിസൈസ്. മനോഹരന്‍ ചേട്ടന്റെ പുതിയ നമ്പര്‍ എവിടുന്നോ സംഘടിപ്പിച്ചു ഞാന്‍ അങ്ങോട്ട്‌ വിളിച്ചു. അപ്പൊഴേക്കും ഇത്തിരി കാശൊക്കെ കയ്യില്‍ ഒത്തു വന്ന മനോഹരന്‍ ചേട്ടന്‍ പഴയ മൊബൈല്‍ ഒക്കെ മാറ്റി SMS പോരാണ്ട്‌ MMS-ഉം GPRS-ഉം ഒക്കെയുള്ള പുതിയ മോഡല്‍ മൊബൈല്‍ വാങ്ങിയിരുന്നു. അതിന്റേയും ചാര്‍ജ്‌ എന്റെ പേരില്‍ എയര്‍ടെല്‍ ഡാറ്റാബേസില്‍ അടിഞ്ഞു കൂടി.

മനോഹരന്‍ ചേട്ടന്‍ അവിടെ എത്തിയിട്ട്‌ കാട്ടാ‍വുന്നതിന്റെ പരമാവധി ആഢംബരം ആയിരുന്നു എന്ന്‍ അപ്പൊ എനിക്ക് മനസ്സിലായി. നാട്ടിലുള്ള സകലര്‍ക്കും SMS-ഉം MMS-ഉം അയക്കല്‍ തന്നെ ആയിരുന്നു മുഖ്യ പണി. അല്‍പ്പന്‌ മൊബൈല്‍ കിട്ടിയാല്‍ അര്‍ദ്ധരാത്രിയിലും SMS അയക്കും എന്ന്‌ ഞാന്‍ കേട്ടിട്ടുണ്ട്‌, ഇപ്പൊ കണ്ടു. മനോഹരന്‍ ചേട്ടന്റെ മൊബൈലില്‍ നിന്ന്‌ മെസ്സേജുകള്‍ കുത്തിച്ചു പാഞ്ഞു. മനോഹരന്‍ ചേട്ടന്‌ അവിടെ SMS കൊണ്ട്‌ ആറാട്ടും MMS കൊണ്ട്‌ അഭിഷേകവും ആയിരുന്നു. അവസാനം എയര്‍ടെല്‍ ഇടപെടേണ്ടി വന്നു അതൊന്ന്‌ നിര്‍ത്തിക്കാന്‍.

ഇപ്പൊ ഞാന്‍ സ്ഥിരം വിളിയാണ്‌ മനോഹരന്‍ ചേട്ടന്‌, അങ്ങേര്‍ ഉണ്ടാക്കിത്തന്ന കടബാധ്യത ഒന്നു തീര്‍ത്ത്‌ തരാന്‍. ഫ്രീ കോള്‍ അല്ല, എന്റെ സ്വന്തം കാശ്‌ മുടക്കിയുള്ള വിളി. അവിടെ റേഞ്ച്‌ കുറവാണെന്ന്‌ തോന്നുന്നു. വിളിക്കുമ്പോള്‍ മനോഹരന്‍ ചേട്ടന്‍ "കമ്പിളിപ്പുതപ്പോ?, ഉറക്കെ പറ" എന്നു മാത്രം പറയുന്ന കേള്‍ക്കാം.

അത്‌ ശരി, പറഞ്ഞ്‌ പറഞ്ഞ്‌ വന്നപ്പോള്‍ ഇത്‌ എന്റെ മണ്ടത്തരം തന്നെ ആയി വന്നു, അല്ലേ. എല്ലാം വിധിയുടെ വിളയാട്ടമാണ്‌. അല്ലേലും, തലേലെഴുത്തു തൂത്താല്‍ പോകുമോ?

സമര്‍പ്പണം: ഇങ്ങനെയുള്ള മണ്ടത്തരം പറ്റിയിട്ടുള്ള എല്ലാവര്‍ക്കും.

Wednesday, March 01, 2006

മണ്ടത്തരം ഓണ്‍‍ലൈന്‍.com

ജോലി കിട്ടി വര്‍ഷമൊന്ന് കഴിഞ്ഞപ്പോഴേക്കും കയ്യില്‍ ഇത്തിരി ചിക്കിലി കൂടുതല്‍ ആയി വന്നു തുടങ്ങി. കഴിക്കാവുന്നത്രയും കപ്പലണ്ടി വാങ്ങി കൊറിച്ചാലും പിന്നേയും കാശ്‌ കയ്യില്‍ ബാക്കി വരുന്ന അവസ്ഥ. ശ്ശൊ. എന്തു കഷ്ടമെന്ന്‌ നോക്കണേ.

ഞാന്‍ എന്റെ പരിചയത്തിലും ബന്ധത്തിലും ഉള്ളവരോട്‌ അഭിപ്രായം ആരാഞ്ഞു. എവിടെയെങ്കിലും നിക്ഷേപിക്കണം എന്നത്‌ എല്ലാവരും തര്‍ക്കലേശമന്യേ പറഞ്ഞു. പക്ഷെ എവിടെ? അതിന്‌ ഓരൊരുത്തര്‍ക്കും ഓരോ അഭിപ്രായങ്ങള്‍. ഷെയര്‍ മാര്‍ക്കറ്റ്‌, മ്യൂച്വല്‍ ഫണ്ട്‌, പോസ്റ്റോഫീസ്‌ RD ഡെപ്പോസിറ്റ്‌, ബാങ്ക്‌ ഫിക്സഡ്‌ ഡെപ്പോസിറ്റ്‌ എന്നിങ്ങനെ മാര്‍ഗ്ഗങ്ങള്‍ നിരവധി. പൊടി പിടിച്ചു കിടക്കുന്ന എന്റെ ബുദ്ധി ഉപയോഗിക്കാതെ നിവര്‍ത്തിയില്ല എന്നായി സ്ഥിതി. എനിക്ക്‌ ഒട്ടും ഇഷ്ടമല്ലാത്ത ഒരു പരിപാടി ആണത്‌.

എന്റെ ചിന്തകള്‍ ഇങ്ങനെ പോയി. ഷെയര്‍ ബിസിനസ്സ്‌ അപകടം പിടിച്ച ഒരു പരിപാടി ആണ്‌. ശരിക്കും ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ സാമ്പത്തികനഷ്ടം വളരെയധികം സംഭവിക്കാവുന്ന ഒരു മേഖല. ഞാനാണെങ്കില്‍ ശ്രദ്ധയോടെ ചെയ്യുന്ന ഒറ്റക്കാര്യം ഈച്ച അടിക്കലാണ്‌. പോസ്റ്റ്‌ ഓഫീസില്‍ ഇട്ടാല്‍ പലിശ കുറവ്‌. എനിക്ക്‌ ഒരുപാട്‌ കാശ്‌ തിരിച്ചു കിട്ടണം. ചെറിയ തുകയേ അങ്ങോട്ട്‌ ഇടാനുള്ളൂ, എന്നാലും. ബാങ്ക്‌ ഫിക്സഡ്‌ ഡെപ്പൊസിറ്റ്‌ ഇടാന്‍ മാത്രം കയ്യിലുള്ള കാശ്‌ തികയുകയുമില്ല. അപ്പൊ മ്യൂച്വല്‍ ഫണ്ട്‌ തന്നെ ശരണം.

ഒരു പഠനം ഒക്കെ നടത്തി ഞാന്‍. ഷെയര്‍ഖാന്‍.com- ഉം മണികണ്ട്രോള്‍.com-ഉം ഒക്കെ അരിച്ചു പെറുക്കി അവസാനം SBI ഫണ്ടിലും, HDFC ഫണ്ടിലും ഇടാം എന്നു തീരുമാനിച്ചു. ഒരു പരീക്ഷണം എന്ന നിലയില്‍ ഒരു ചെറിയ സംഖ്യ രണ്ടിലും ഇട്ടു കുറച്ചു നാള്‍ കാത്തിരുന്നു.

മോശമില്ല. സെന്‍സെക്സിന്റെ സൂചിക പെട്രോളിന്റെ വില പോലെ കുത്തനെ മുകളിലോട്ട്‌ തന്നെ. ഭാഗ്യം. ഫണ്ടുകളുടെ NAV കണ്ണൂരിലെ രാഷ്ട്രീയ ആക്രമണത്തില്‍ മരിക്കുന്നവരുടെ എണ്ണം പോലെ ദിവസവും കുറഞ്ഞത്‌ ഒരു പോയിന്റ്‌ വച്ചെങ്കിലും കൂടുന്നുണ്ട്‌. കാശ്‌ കൂടുന്നതു കണ്ടപ്പോള്‍ ആര്‍ത്തിയും കൂടി.

ഫണ്ടുകളില്‍ പിന്നെയും കുറച്ചു കൂടി നിക്ഷേപിക്കാം എന്നു വച്ചു. അതിന്‌ അപേക്ഷ എഴുതി ചെക്കിന്റെ കൂടെ പോസ്റ്റല്‍ ആയി അയക്കണം. അതാണ്‌ അതിന്റെ രീതി. അപ്പൊ ആദ്യം ഒരു പേന വാങ്ങിക്കണം, പിന്നെ ഒരു എന്‍വലപ്പ്‌ വാങ്ങിക്കണം, അതില്‍ സ്റ്റാമ്പ്‌ വാങ്ങി ഒട്ടിക്കണം, അതു വാങ്ങാന്‍ പോസ്റ്റ്‌ ഓഫീസില്‍ പോകണം, എന്നിട്ട്‌ പോസ്റ്റും ചെയ്യണം. ശ്ശൊ എന്തെല്ലാം നൂലാമാലകളാ. എനിക്കെങ്ങും മേല ഇതിന്റെ പിറകേ ഓടാന്‍.

രണ്ടു ഫണ്ടിന്റേയും വെബ്‌സൈറ്റില്‍ പോയി നോക്കി. SBI-ക്ക്‌ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ഉണ്ട്‌. HDFC-ക്ക്‌ ഇല്ല. HDFC-യോട്‌ പോയി പണി നോക്കാന്‍ പറഞ്ഞു. SBI കീ ജെയ്‌. എന്റെ കാശ്‌ SBI-ക്ക്‌.

സൈറ്റ്‌ തുറന്നു. അപേക്ഷാ ഫോം എടുത്ത്‌ പൂരിപ്പിച്ചു, കാശ്‌ ട്രാന്‍സ്ഫര്‍ ചെയ്തു. ഫോം സബ്‌മിറ്റ്‌ ചെയ്തു. ആഹാ. എന്തൊരു സുഖം, എന്തൊരെളുപ്പം. വിവരസാങ്കേതിക വിദ്യ നീണാള്‍ വാഴട്ടെ.

ഏതു ഫോം സബ്‌മിറ്റ്‌ ചെയ്താലും ഒരു കണ്‍ഫര്‍മേഷന്‍ പേജ്‌ വരണമല്ലോ. കുറച്ചു നേരം എടുത്തു അതു വരാന്‍. അവസാനം "കൊച്ചു കള്ളി, എന്താടീ നിനക്ക്‌ എന്റെ മുന്നിലേക്ക്‌ വരാന്‍ ഇത്ര താമസം" എന്നു പറഞ്ഞപ്പോഴേക്കും അതു വന്നു. കൊള്ളാം എനിക്കിഷ്ടപ്പെട്ടു. നല്ല ഭംഗിയുള്ള പേജ്‌. ക്ലോസ്‌ ചെയ്യുന്നതിന്‌ തൊട്ടു മുന്നേയാണ്‌ താഴെ എന്തോ കാര്യമായി എഴുതി വച്ചിരിക്കുന്നത്‌ ഞാന്‍ കണ്ടത്‌.

പ്രത്യേക ശ്രദ്ധക്ക്‌.
നിങ്ങളുടെ ട്രാന്‍സാക്ഷന്‍ പൂര്‍ണ്ണമാകണമെങ്കില്‍, ഈ പേജിന്റെ ഒരു പ്രിന്റ്‌ എടുത്ത്‌, താഴെ അതിനായി കൊടുത്തിരിക്കുന്ന കോളത്തില്‍ ഒപ്പിട്ട്‌, മുകളില്‍ കൊടുത്തിരിക്കുന്ന വിലാസത്തില്‍ തപാല്‍ മാര്‍ഗ്ഗം അയച്ചു തരിക. അല്ലാത്ത പക്ഷം നിങ്ങളുടെ നിക്ഷേപം മുന്നോട്ടുള്ള നടപടിക്രമങ്ങള്‍ക്ക്‌ പരിഗണിക്കപ്പെടുന്നതല്ല.