Thursday, April 27, 2006

സംവരണമെന്ന മണ്ടത്തരം

സ്വകാര്യ സ്ഥാപനങ്ങളില്‍ പിന്നോക്ക ജാതിക്കാര്‍ക്ക് സംവരണം വേണമെന്ന് പി.എം പറഞ്ഞതിന്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ട് പി.എം അറിയുവാനായി എന്റെ ചില നിര്‍ദ്ദേശങ്ങള്‍ കീഴെ കൊടുക്കുന്നു.

***

എല്ലായിടത്തും സംവരണം വേണമെന്നാണ് എന്റെ പക്ഷം. പ്രധാനമന്ത്രിക്കും, ഇതിന് ചുക്കാന്‍ പിടിച്ച എല്ലാ രാഷ്‌ട്രീയക്കാര്‍ക്കും ഞാന്‍ ജയ് വിളിക്കുന്നു.

ആദ്യമായി സംവരണം ഏര്‍പ്പെടുത്തേണ്ടത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലാണ്. മുപ്പത്തിമൂന്ന് ശതമാനം വരുന്ന ടീമംഗങ്ങള്‍ താഴ്നജാതിക്കാര്‍ ആകണമെന്ന് നിയമം വരണം. അതുമാത്രം പോര. അവര്‍ക്ക് അര്‍ഹമായ മറ്റ് ആനുകൂല്യങ്ങളും നല്‍കണം. ഉദാഹരണമായി, അവര്‍ക്ക് മാത്രം ബൌണ്ടറി ചെറുതാക്കി ഭേദഗതി ചെയ്യണം. അവരുടെ ഫോര്‍ സിക്സ് ആയും, അവരുടെ സിക്സ് എട്ട് റണ്‍സായും കണക്കിലെടുക്കണമെന്ന് നിയമം വരണം. അവര്‍ എടുക്കുന്ന ഓരോ അറുപത്തിയേഴ്്് റണ്‍സും സെഞ്ച്വറി ആയി കണക്കാക്കണം. അവര്‍ക്ക് ശംമ്പളത്തിനു പുറമേ ഗ്രാന്റും കൊടുക്കണം. അവര്‍‍ ക്രിക്കറ്റ് കളിക്കിടെ മരിച്ചാല്‍ പകരമായി അവരുടെ കുട്ടികള്‍ക്ക് ടീമില്‍ സ്ഥാനം കൊടുക്കണം.

ഇതു മറ്റ് കളികളിലും പ്രാവര്‍ത്തികമാക്കണം എന്ന് പ്രത്യേകം പറയേണ്ടല്ലോ !!!

ഇനി ഒളിമ്പിക്സ്. ഒളിമ്പിക്സില്‍ പിന്നോക്ക ജാതിക്കാര്‍ക്ക് നൂറ്‌ മീറ്റര്‍ ഓട്ടമത്സരം, എണ്‍പത് മീറ്റര്‍ ഓടിയാല്‍ മതി. അത് മറ്റ് ജാതിക്കാരുടെ നൂറ് മീറ്ററിന്`തുല്യമായി കണക്കാക്കപ്പെടും. മറ്റ് ഇനങ്ങളായ നീന്തല്‍, ഓട്ടം ചാട്ടം എന്നീ ഇനങ്ങളിലും മേല്‍ജാതിക്കാര്‍ ചെയ്യുന്നതിന്റെ അറുപത്തിയേഴ് ശതമാനം ദൂരം കീഴ് ജാതിക്കാര്‍ ചെയ്താല്‍ മതി എന്ന് തീരുമാനിക്കപ്പെടണം. ഷൂട്ടിങ്ങ്, അമ്പെയ്ത്ത് എന്നി ഇനങ്ങളില്‍ അവരുടെ ലക്ഷ്യം കൂടുതല്‍ അടുത്ത് വയ്ക്കണം. ഡിസ്കസ് ത്രോ, ഷോര്‍ട്ട്പുട്ട് എന്നീ ഇനങ്ങളില്‍ അവര്‍ എറിയുന്ന ഐറ്റത്തിന്റെ ഭാരം സാധാരണയുടെ അറുപത്തിയേഴ് ശതമാനമാക്കി നിജപ്പെടുത്തണം.

ഇനി വ്യോമഗതാഗതം. മുപ്പത്തിമൂന്ന് ശതമാനം പൈലറ്റ്സ് പിന്നോക്ക ജാതിക്കാര്‍ ആയിരിക്കണം. പോരാണ്ട് രാഷ്‌ട്രീയക്കാര്‍ ഉപയോഗിക്കുന്ന വിമാനങ്ങള്‍, ഹെലിക്കോപ്റ്ററുകള്‍ എന്നിവ മുപ്പത്തിമൂന്ന് ശതമാനം തവണയും പിന്നോക്ക വിഭാഗക്കാര്‍ തന്നെ പറപ്പിക്കണം. മുപ്പത്തിമൂന്ന് ശതമാനം എയര്‍ഹോസ്റ്റസ്സുമാരും പിന്നോക്ക വിഭാഗത്തില്‍ നിന്ന് വരണം. വിമാനത്തില്‍ വിളമ്പുന്ന ഭക്ഷണം ഉണ്ടാകുന്നവര്‍ പോലും മുപ്പത്തിമൂന്ന് ശതമാനം പിന്നോക്ക ജാതിക്കാര്‍ ആയിരിക്കണം.

ഇനി വൈദ്യശാസ്ത്രം. മുപ്പത്തിമൂന്ന് ശതമാനം മെഡിക്കല്‍ വിദ്യാര്‍ത്ഥികളും പിന്നോക്ക ജാതിക്കാര്‍ ആയിരിക്കണം എന്നു മാത്രമല്ല, എല്ലാ ആശുപത്രികളിലും നടക്കുന്ന ശസ്ത്രക്രിയകള്‍ മുപ്പത്തിമൂന്ന് ശതമാനം തവണയും പിന്നോക്ക ജാതിക്കാര്‍ ചെയ്യണം എന്ന് സംവരണം വരണം. പ്രത്യേകിച്ച് രാഷ്ട്രീയക്കാരുടെ ശസ്ത്രക്രിയകള്‍. നഴ്സുമാരും മറ്റ് ആശുപത്രി ജീവനക്കരുടേയും കാര്യം പറയേണ്ടല്ലതില്ലല്ലോ. അത് മാത്രമല്ല, മരുന്നുണ്ടാകുന്ന കമ്പനിയിലെ ജീവനക്കാരില്‍ പോലും വേണം നമുക്കു മുപ്പത്തിമൂന്ന് ശതമാനം താഴ്ന ജാതിക്കാര്‍.

സിനിമയെ എങ്ങിനെ വെറുതേ വിടും. അവിടേയും വേണം നമുക്ക് സംവരണം. മുപ്പത്തിമൂന്ന് ശതമാനം നടന്മാരും നടിമാരും കീഴ്‌ജാതിക്കാരില്‍ നിന്ന് വരണം. മികച്ച കീഴ്‌ജാതി നടന്‍, മികച്ച കീഴ്‌ജാതി നടി എന്നീ അവാര്‍ഡുകളും പുതുതായി ഏര്‍പ്പെടുത്തണം. സിനിമ കാണാന്‍ വരുന്നവരിലും ഈ സംവരണം ഏര്‍പ്പെടുത്തിയാന്‍ നന്ന്.

ഇത് കൂടാതെ, പാര്‍ക്കുകളില്‍, ബസ്സുകളില്‍, പൊതുശൌച്യാലയങ്ങളില്‍, സ്റ്റേഡിയങ്ങളില്‍, മരണവീടുകളില്‍ എന്നുവേണ്ട നാലാള് കൂടുന്നിടത്തെല്ലാം നമുക്ക് ഘട്ടം ഘട്ടമായി സംവരണം ഏര്‍പ്പെടുത്താവുന്നതാണ്. ബ്ലോഗുകളിലും ഈ സംവരണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ഗൌരവപൂര്‍ണ്ണമായി ആലോചിക്കാവുന്നതേ ഉള്ളൂ.

Monday, April 24, 2006

ഹാര്‍ബര്‍ മാര്‍ക്കറ്റ്

ഹാര്‍ബര്‍ മാര്‍ക്കറ്റ് എന്നു പറഞ്ഞാല്‍ തുറമുഖത്തിനടുത്തുള്ള ഏതോ ഒരു ചന്ത എന്ന് തോന്നും. എന്നാല്‍ ബാംഗ്ലൂരുകാര്‍ക്ക് അതൊരു ഹോട്ടല്‍ ആണ്. ഹോട്ടലുകള്‍ കൊണ്ട് നിറഞ്ഞ ഈ ഉദ്യാനനഗരത്തില്‍ ഈ ഹോട്ടല്‍ വെത്യസ്തമാകുന്നത്, ഇതിന്റെ മുതലാളി, മലയാളികളുടെ ഇഷ്‌ടതാരം ഭരത് മോഹന്‍ലാല്‍ ആണെന്നുള്ളതാണ്.

ദുബായില്‍ സ്വന്തമായി തുറന്ന ഹോട്ടല്‍ വിജയമായതിന്റെ ചുവട് പിടിച്ചാണ് ഇന്ത്യയിലും ഹോട്ടല്‍ ശ്രുംഖല തുറക്കാന്‍ അദ്ദേഹത്തിന് പ്രേരകമായത്. അതിന്റെ ആദ്യ പടിയായിട്ടാണ് ബാംഗ്ലൂരില്‍ ഹാര്‍ബര്‍ മാര്‍ക്കറ്റ് എന്ന പേരില്‍ ഒരു ഹോട്ടല്‍ ആരംഭിച്ചത്. താമസിയാതെ മറ്റു ഇന്ത്യന്‍ നഗരങ്ങളിലും ഹോട്ടലുകള്‍ തുടങ്ങാന്‍ അദ്ദേഹത്തിന് പരിപാടിയുണ്ട്.

ഇനി കാര്യത്തിലേക്ക് വരാം.

സാധാരണയായി തിന്നും, ഉറങ്ങിയും, ടി.വി. കണ്ടും ചിലവഴിക്കാറുള്ള ഞായറാഴ്ച ഞാനും എന്റെ സഹമുറിയനും ഒരു മാറ്റത്തിനു വേണ്ടി ഈ ഹോട്ടലിലെ ഒരു അത്താഴത്തോടെ ചിലവഴിക്കാന്‍ തീരുമാനിക്കുന്നതാണ് ഈ കഥയുടെ, അല്ലല്ല, ഈ മണ്ടത്തരത്തിന്റെ ഇതിവൃത്തം. തേര്‍ട്ടി സെവെന്‍‌ത് ക്രെസന്റ് എന്ന ബില്‍ഡിങ്ങിന്റെ അകത്താണ് പ്രസ്തുത ഹോട്ടല്‍ എന്ന് മനസ്സിലാക്കി, ലോകത്തുള്ളവരോട് മുഴുവന്‍ വഴി ചോദിച്ച് വളരെ കഷ്ടപെട്ട് ബുദ്ധിമുട്ടി പാടുപെട്ട് ഞങ്ങള്‍ അവിടെ ചെന്നെത്തി. പുറത്ത് നിന്ന് കണ്ടപ്പോഴേ അകത്ത് കേറണമോ എന്ന ശങ്കയിലായി. ഒരു സബ്‌സ്റ്റേഷന്റെ കറണ്ട് മുഴുവന്‍ ഉപയോഗിക്കുന്നതരത്തിലാണ് അവിടെ വെളിച്ചം കൊടുത്തിരിക്കുന്നത്. ഒരു പഞ്ചനക്ഷത്രലക്ഷണം. കയ്യിലാണെങ്കില്‍ അഞ്ഞൂറ് രൂപ മാത്രം രണ്ടാളുടേയും കൂടി.

വെറും ഒരു ഹോട്ടലില്‍ അത്താഴം കഴിക്കുകയല്ല, മലയാളികളുടെ സ്വന്തം ലാലേട്ടന്റെ ഹോട്ടലില്‍ നിന്ന് ഊണ് കഴിച്ച് ആ മഹാനാ‍യ കലാകാരനോടുള്ള സ്നേഹം പ്രകടിപ്പിക്കുക എന്നതും, സര്‍വ്വോപരി മലയാളം സിനിമാലോകത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുക എന്നുള്ളതുമാണ് നമ്മുടെ ലക്ഷ്യം എന്ന് ഒരു നിമിഷം ഞങ്ങള്‍ മനസ്സിലോര്‍ത്തു. മുന്നോട്ടുവച്ച കാല്‍ ഇനി പിന്നോട്ടില്ല തന്നെ. ഇനി ഒന്നും നോക്കാനില്ല. നടക്കെടാ മോനെ ദിനേശാ അകത്തേക്ക് എന്നും പറഞ്ഞ് ഞങ്ങള്‍‍ അകത്ത് കയറി.

അകം ഒന്ന് കാണേണ്ട കാഴ്ച് തന്നെ. ആകെ ഒരു ഇരുപത് ടേബിള്‍ മാത്രമേ ഉള്ളുവെങ്കിലും അത് മനോഹരമായിത്തന്നെ അലങ്കരിച്ചിരിക്കുന്നു. ഒരു കപ്പല്‍ പോലെതന്നെയുണ്ട് ഉള്‍വശം. കപ്പലിലെപ്പോലെയുള്ള ജനലുകളും വാതിലുകളും. ജോലിക്കാര്‍ക്കാണെങ്കില്‍ നാവികരുടെ വേഷവും. ചുമരില്‍ കപ്പലുകളുടെ ചിത്രങ്ങളും ദൂരദര്‍ശിനിയും മറ്റും. അകത്തെ ഭംഗിയില്‍ മതിമറന്ന് നില്‍ക്കുന്നതിന്റെ ഇടയിലാണ് ഉള്ളില്‍ കൂടി ഒരു മിന്നല്‍‌പിണര്‍ വീശിയത്. “അളിയാ, ഇത് പഞ്ചന്‍ തന്നെ”, ഞാന്‍ പറഞ്ഞു. അവന്‍ പറഞ്ഞു, “നീ ഒന്ന് ക്ഷമിക്ക്, നമുക്കു മെനു നോക്കിയിട്ട് തീരുമാനിക്കാം”.

മെനു കൊണ്ടുവന്ന ആളെകണ്ടിട്ട് ഞങ്ങള്‍ ഒന്നും കൂടി ഞെട്ടി. നല്ല പരിചയമുള്ള മുഖം. പല സിനിമകളില്‍ ഈ മുഖം ഞങ്ങള്‍ കണ്ടിരിക്കുന്നു. പേര് ഓര്‍മ്മ കിട്ടുന്നില്ല. പോകുന്നതിനു മുന്നേ ചോദിക്കാം എന്ന് കരുതി.

മെനു നോക്കി. ഒറ്റ നോട്ടത്തില്‍ ഞങ്ങളുടെ സകല നാഡീ ഞരമ്പുകളും തളര്‍ന്നു.

സോഡ - 30 രൂപ
മിനറല്‍ വാട്ടര്‍ - 40 രൂപ
ജ്യൂസ് - 90 രൂപ.

ഈശ്വരാ, ഇതൊന്നും വേണ്ട, വേണ്ടേ വേണ്ട. കഴിക്കാനുള്ളതിന്റെ മെനു തരൂ ചേട്ടാ, എന്ന് ഞങ്ങള്‍. ആദ്യ പേജില്‍ തന്നെ കണ്ടത് ഇത്.

പൊറോട്ട (ഒരെണ്ണം) - 40
അപ്പം (3 എണ്ണം) - 75
തട്ട് ദോശ( 3 എണ്ണം) - 75

ഇതോടെ ബാക്കി ഉണ്ടായിരുന്ന ജീവന്‍ കൂടെപ്പോയി. എന്ത് ചെയ്യണം എന്നറിയാന്‍ വയ്യാത്ത അവസ്ഥ. ഇമവെട്ടാ‍മത്സരം പോലെ ഞാനും അവനും പരസ്പരം നോക്കിയിരുന്നു. ആപത്ബാന്ധവനായ ബിരിയാണിയെ തപ്പിനോക്കിയപ്പോള്‍ അതവിടെങ്ങും കണ്ടുമില്ല. അപ്പൊ മോഹന്‍ലാല്‍ കരുതിക്കൂട്ടിത്തന്നെയാണ്. ഇന്നാ, ഇങ്ങോട്ട് ഒരു കത്തി കയറ്റിക്കോ എന്ന് നെഞ്ച് വിരിച്ച്കാണിച്ച് പറയാന്‍ തോന്നി അന്നേരം.

വേറെ നിവര്‍ത്തി ഒന്നും ഇല്ലാത്തത്കൊണ്ട് അപ്പവും ചിക്കനും ഞാനും, ദോശയും മട്ടനും അവനും ഓര്‍ഡര്‍ ചെയ്ത്, ക്ഷീണം തീര്‍ക്കാനായി ഹോട്ടലിനേയും, ലാലിനേയും, ആ നടനേയും കുറ്റം പറഞ്ഞ് തുടങ്ങി.

മോഹന്‍ലാലിന്റെ അനിയനും, അനുയായിയയും ഒക്കെ അഭിനയിച്ചിട്ടുള്ള ഒരു നടന്റെ ഇന്നത്തെ അവസ്ഥ നോക്കിക്കേ. ഒരു ഹോട്ടലില്‍ വെയിറ്റര്‍ ആയിട്ട് ജീവിക്കേണ്ടി വരിക എന്ന് പറഞ്ഞാല്‍? ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടാന്‍ പറ്റില്ല, പക്ഷെ വെയിറ്റര്‍ ആകാന്‍ പറ്റുമായിരിക്കും. പുതിയ സിനിമ ഒന്നും കിട്ടിയില്ലായിരിക്കും. ജീവിക്കണ്ടേ പാവത്തിന്. നമ്മള്‍ എത്ര ഭാഗ്യവാന്മാര്‍. ഇത്ര ഗ്ലാമര്‍ ഉള്ള ഞാന്‍ ഇവിടെ വെയിറ്ററും കാക്ക പോലും രണ്ടാമത്ത് തിരിഞ്ഞ് നോക്കാത്ത ഇവന്മാരൊക്കെ എന്റെ കസ്റ്റമറും എന്നൊക്കെ ആ പാവം വിചാരിക്കുന്നുണ്ടാകും. ചിന്തകള്‍ കാട് കയരുമ്പോഴേക്കും ഓര്‍ഡര്‍ കൊടുത്ത വസ്‌തുവകകള്‍ എത്തി.

അപ്പവും ദോശയും ഒരുപോലെ. അപ്പമേതാ, ദോശയേതാ എന്നറിയണമെങ്കില്‍ റിവേര്‍സ് എഞ്ചിനിയറിങ്ങ് ചെയ്യേണ്ടി വരും. അതു സഹിക്കാം. അവയ്ക്ക് ഉഷ ഉതുപ്പിന്റെ പൊട്ടിന്റെ വലുപ്പം പോലുമില്ലെന്നേ. അതെങ്ങിനെ ഞങ്ങള്‍‍ സഹിക്കും? മോഹന്‍ലാലിനോടുള്ള സ്നേഹത്തിന്റെ പുറത്ത് കുറച്ച് കൂടുതല്‍ വിശപ്പിച്ചിട്ടാ, കേറി വന്നത്. ഇനി ഞാന്‍ എന്റെ വയറിനോട് എന്ത് സമാധാനം പറയും?

ലാലേട്ടന്റെ മാമ്പഴക്കാലമെന്ന സിനിമ പോലെ എന്റെ പ്രതീക്ഷകളും എട്ട് നിലയില്‍ പൊട്ടി. ഇത് കഴിച്ച് കഴിഞ്ഞ് പുറത്ത് പോയി വേറെ ഏതെങ്കിലും ഹോട്ടലില്‍ പോയി വയറ് നിറച്ച് കഴിക്കാമെന്ന് തീരുമാനമെടുത്ത് ആ പ്ലേറ്റ് രണ്ടും ഞങ്ങള്‍ ക്ഷണപ്രഭാചഞ്ചലമാക്കി. വയറില്‍ ബാക്കി ഉണ്ടായിരുന്ന സ്ഥലം വെള്ളമൊഴിച്ച് നിറച്ചു. എണ്ണൂറ് രൂപ ആയ ബില്ല്, ക്രെഡിറ്റ് കാര്‍ഡിന്റെ ബലത്താല്‍ ഒത്തുതീര്‍പ്പാക്കി തിരിച്ച് പോകാന്‍ ഒരുങ്ങുമ്പോള്‍ നന്ദി പറയാന്‍ നേരത്തേ പറഞ്ഞ നടന്‍ മുന്നില്‍. ലക്ഷങ്ങള്‍ ഒഴുക്കുന്ന പ്രൊഡ്യൂസറെ വരെ പിച്ചചട്ടി എടുപ്പിക്കുന്ന ഇവര്‍ അത്രയും ദ്രോഹം ഞങ്ങളോട് ചെയ്തില്ലല്ലോ എന്ന ആശ്വാസത്തില്‍ ഒരു ചിരി മുഖത്ത് വരുത്തി അദ്ദേഹത്തെ പരിചയപ്പെട്ടു.

അദ്ദേഹം ഇതിന്റെ C.E.O ആണത്രെ. നേരത്തേ ഊഹിച്ച കാര്യങ്ങള്‍ ഒന്നും ചോദിക്കാന്‍ തോന്നാതിരുന്നത് ഭാഗ്യം. ചിലപ്പൊ അകത്ത് പാചകം ചെയ്യുന്നത് ഇത് പോലെ വല്ല നടന്മാരും ആണെങ്കില്‍, ചിലപ്പൊ അവര്‍ വില്ലന്മാര്‍ ആയിരുന്നെങ്കില്‍, അതു റിയാസ് ഖാന്‍ ആയിരുന്നെങ്കില്‍? ... ആയിരുന്നെങ്കില്‍ ഞാന്‍ ഇന്ന് ചുമരില്‍ തൂക്കുന്ന വെറും ഒരു ചിത്രം മാത്രം, അതില്‍ കൂടുതല്‍ ഒന്നും സംഭവിക്കില്ല. ഇനി കാര്യത്തിലേക്ക്. നേരത്തേ പറഞ്ഞ നടന്‍, അദ്ദേഹത്തിന്റെ പേര് അനില്‍ കുമാര്‍ ആനന്ദ്. സൂര്യഗായത്രി എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ മകനായി അഭിനയിച്ച് ജനഹൃദയങ്ങളില്‍ ഇടം നേടിയ നടന്‍. അഭിനയിച്ച സിനിമകളുടെ മുഴുവന്‍ പേരുകള്‍ എടുത്ത് പറയുന്നില്ല. അറിയില്ല എന്നതും അതിനൊരു കാരണം മാത്രം.

സംഭവബഹുലമായ ഒരു അത്താഴത്തിന് ശേഷം ഞങ്ങള്‍ വയറ് നിറക്കാന്‍ ബിരിയാണി കിട്ടുന്ന സ്ഥലം നോക്കി ഞങ്ങള്‍ യാത്രയായി വീണ്ടും. വഴി നീളെ ഞങ്ങള്‍ ഉച്ചത്തില്‍ അട്ടഹസിച്ച് കൊണ്ടിരുന്നു. ഏയ്, വട്ടായിട്ടൊന്നുമല്ല. മുന്നാഭായി MBBS എന്ന സിനിമയില്‍ ബൊമ്മന്‍ ഇറാനി ചെയ്ത വേഷം കണ്ടതില്‍പിന്നെ ഞങ്ങള്‍ അങ്ങിനെയാ, ദേഷ്യം വന്നാലും ചിരിച്ചുകൊണ്ടേയിരിക്കും, ചിരി ഈസ് ഡൈറക്റ്റ്ലി പ്രൊപ്പോഷണല്‍ റ്റു ദ ദേഷ്യം എന്ന് ഉവാച. ബൊമ്മന്‍ ഇറാനിക്കും ഹോട്ടലുണ്ടോ ആവോ! എന്തായാലും അങ്ങോട്ട് ഞങ്ങളില്ലേ...

കുറിപ്പ്: ഈ ലേഖനം മോഹന്‍ലാലെന്ന അതുല്യനടനേയോ, അദ്ദേഹത്തിന്റെ പ്രസ്ഥാനത്തേയോ എന്തെങ്കിലും രീതിയില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടുള്ളതല്ല. തമാശയായി മാത്രം ആദ്യവസാനം പറഞ്ഞത് കാണണമെന്ന് താല്പര്യപ്പെടുന്നു.

Friday, April 21, 2006

മണ്ടന്‍‌കവിത

എന്താണെന്നറിയില്ല, എങ്ങിനെന്നറിയില്ല,
ഞാന്‍ കാട്ടുന്നതെല്ലാം മണ്ടത്തരങ്ങള്‍
ചെയ്യുന്നതെല്ലാം അതിബുദ്ധിപൂര്‍വ്വവും,
ആയിവരുന്നതേറ്റം വങ്കത്തരവും.

നല്ലവലിപ്പത്തില്‍ ഒരു തലയുണ്ടെനിക്കതില്‍
ഉള്ളതൊക്കെയും ബുദ്ധിയെന്നുവൃഥാനിനപ്പുഞാന്‍
എവിടേയും കേറി കൈ കടത്തീടുമതിനു
കിട്ടേണ്ടത് വാങ്ങിക്കൂട്ടുമവശ്യമേ.

ഞാന്‍, ഞാന്‍, എന്നു എപ്പോഴും നിനച്ചീടും
എന്നിലെനിക്കത്രയും അഭിമാനവും
നീ നീ എന്നു അലറീടുമെല്ലാരും
എന്ത് പ്രശ്നഹേതുതേടീടുകിലും.

ബുദ്ധിമാനെന്ന വിളി കൊതിച്ചീടുമതിന്
ചിന്തയും പ്രവര്‍ത്തിയും മൂര്‍ച്ചകൂട്ടീടേണം
ഒക്കുന്നതിന് പോയാപ്പോരേ എന്നുതോന്നായ്കയില്ല
ചേര്‍ന്നതിനിക്ക് കൂടുതലീ മണ്ടത്തരങ്ങള്‍

Wednesday, April 19, 2006

ഒരു ബാങ്കിന്റെ ചെക്കും മറ്റൊരു ബാങ്കിന്റെ ATM-ഉം

ഇന്ന് മാനേജറുടെ വായില്‍ നിന്ന് വയറ് നിറച്ചും കിട്ടി ചീത്ത. എനിക്കിത് വേണം. അല്ലെങ്കിലും ഓഫീസ്സില്‍ ഇത്ര തിരക്കുള്ള സമയത്ത് ഞാനല്ലാണ്ട് ഇത്ര വലിയ മണ്ടത്തരം കാണിക്കുമോ. ഞാന്‍ എന്നെക്കൊണ്ട് തോറ്റു.

ഏത് നേരത്താണാവോ ആ കൊറിയര്‍ കമ്പനിക്ക് മനോഹരന്‍ ചേട്ടന്റെ പേരിലുള്ള കൊറിയര്‍ എനിക്ക് തരാന്‍ തോന്നിയത്. എനിക്ക് കൊറിയര്‍ കിട്ടി എന്ന് ദുബായിയിലുള്ള മനോഹരന്‍ ചേട്ടന്‍ അറിഞ്ഞതെങ്ങിനെയാണാ‍വോ! അതും പോരാണ്ട് ആ കൊറിയറിലുള്ള ചെക്ക് എത്രയും പെട്ടെന്ന് ബാങ്കില്‍ കൊണ്ട് കൊടുക്കാന്‍ പറഞ്ഞപ്പോള്‍ ഇത്ര തിരക്കിന്റെ ഇടക്കും അതിന് ഓടാന്‍ നിന്ന എന്റെ മണ്ടത്തരത്തിനെ പറഞ്ഞാല്‍ മതിയല്ലോ.

വീട്ടിലെ പ്രാരബ്‌ധവും കാശിന്റെ ബുദ്ധിമുട്ടും ഒക്കെ പറഞ്ഞപ്പോള്‍ ഞാനൊന്ന് വീണ് പോയി. അതാ കേട്ട പാടെ കേള്‍ക്കാത്ത പാടെ ഓടിയത് ബാങ്കിലേക്ക്. ചെക്ക് വെറും ആയിരം രുപയുടെ. അതിനെന്താ ഇത്ര അത്യാവശ്യം എന്നാ മനസ്സിലാകാത്തത്. ഒരു രണ്ട് ദിവസം സമയം അവന്‍ തന്നിരുന്നെങ്കില്‍ പതുക്കെ ഓഫീസ് സമയം കഴിഞ്ഞ് ATM-ലെ ബോക്സില്‍ കൊണ്ടിട്ടാല്‍ മതിയായിരുന്നു. ബാങ്കില്‍ കൊണ്ട് കൊടുത്താല്‍ പെട്ടെന്ന് കിട്ടുമെന്ന് അവന്‍ പറഞ്ഞപ്പോള്‍ വേറൊന്നും ആലോചിച്ചില്ല.

അടുത്തുള്ള ICICI ബാങ്ക് എവിടെ എന്ന് അന്വേഷിച്ച് കണ്ട് പിടിച്ചു. അവിടെയാണ് മനോഹരന്‍ ചേട്ടന്റെ അക്കൌണ്ട്. ബൈക്കുമെടുത്ത് അഞ്ചെട്ട് കിലോമീറ്റര്‍ അപ്പുറത്തുള്ള ബാങ്കില്‍ പോയി ചെക്ക് കൊടുത്തപ്പോഴാണ് അവര്‍ പറയുന്നത്, ഇത് വേറെ ബാങ്കിന്റെ ചെക്കാണെന്നും അത് ചുരുങ്ങിയത് മൂന്ന് ദിവസം എടുക്കും മാറാന്‍ എന്നും. തിരക്കിട്ട് ഓടിച്ചാടി ഇറങ്ങിയപ്പൊ ഏത് ബാകിന്റെ ചെക്കാണ്, ഏത് ബാങ്കിലാണ് പോകുന്നത് എന്നൊന്നും ഓര്‍ത്തില്ല. അതെല്ലാം പോട്ടെ, ചെക്ക് മാറാന്‍ കൊടുത്തപ്പോള്‍ ടെല്ലര്‍ പറയുന്നത് ചെക്ക് ബാങ്കില്‍ സ്വീകരിക്കില്ലെന്നും അതു നിങ്ങളുടെ ഓഫീസിന്റെ തൊട്ട് മുന്നിലുള്ള ATM-ല്‍ കൊണ്ടിടാനും. എന്നെയൊക്കെ എന്താ ചെയ്യണ്ടേ?

അങ്ങോട്ടും ഇങ്ങോട്ടും ട്രാഫിക്ക് നല്ലവണ്ണം ഉള്ള വഴിയില്‍ പോയതിന്റേയും, അവിടെ ക്യൂ നിന്നതിന്റെയും എല്ലാം ചേര്‍ത്ത് മണിക്കൂര്‍ മൂന്ന് അങ്ങിനെ മാറിക്കിട്ടി. തിരിച്ച് ഓഫീസില്‍ എത്തിയപ്പൊ എന്റെ സീറ്റില്‍ എന്നെ കാണാതിരുന്നതിനായിരുന്നു മാനേജറിന്റെ ശകാരവര്‍ഷം. അതെല്ലാം കഴിഞ്ഞ്, കാശ് കിട്ടാന്‍ മൂന്ന് ദിവസത്തോളം എടുക്കുമെന്ന് മനോഹരന്‍ ചേട്ടന് മെസ്സേജ് അയച്ചപ്പോള്‍, തിരക്കില്ല പതുക്കെ മതി എന്ന മറുപടി കൂടെ കിട്ടിയപ്പോള്‍ എന്റെ ഇന്നത്തെ ദിനം ധന്യമായി. ഇങ്ങനെയുള്ള കുറച്ച് സുഹൃത്തുക്കളെക്കൂടെ കിട്ടിയിരുന്നെങ്കില്‍ ...

Tuesday, April 11, 2006

പുലര്‍കാല ബൈക്ക് സ്മരണകള്‍

നാട്ടില്‍ നിന്ന് ബാങ്ക് ടെസ്റ്റ് എഴുതാന്‍ വന്ന തോമസ്സ് എല്ലാവര്‍ക്കും നല്ല നേരമ്പോക്കിന് വഴിയാകുകയും രസിപ്പിക്കുകയും ചെയ്തെങ്കിലും അവന്‍ പോകുകയാണെന്ന് കേട്ടപ്പോള്‍ എനിക്ക് വിഷമമായി. വേറൊന്നുമല്ല, അവനെ അതിരാവിലെ റെയില്‍‌വേ സ്റ്റേഷനില്‍ കൊണ്ട് വിടണം ഞാന്‍. അവനാണെങ്കില്‍ രാവിലെ 5 മണിക്കുള്ള കൊയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചറിന് തന്നെ പോകുകയും വേണം. മറ്റു ട്രെയിനുകളെക്കുറിച്ചുള്ള പ്രലോഭനങ്ങളും അതിരാവിലെ ബാംഗ്ലൂരില്‍ യാത്ര ചെയ്യുന്നതിന്റെ അപകടങ്ങളെക്കുറിച്ചുള്ള ഭീഷണികളും ചിലവാകാതിരുന്നപ്പോല്‍ അവനെ കൊണ്ടു വിടാന്‍ തയാറാകേണ്ടി വന്നു എനിക്ക് അവസാനം.

രാവിലെ ഒരു നാലുമണിക്ക് തന്നെ എഴുന്നേറ്റ്, പല്ലുപോലും തേക്കാതെ, ഉടുത്ത വസ്ത്രവും മാറാതെ, ബാംഗ്ലൂരിലെ പുലര്‍ക്കാലകൊടുംതണുപ്പത്ത് ഞാന്‍ അവനെ കൊണ്ടു വിട്ടു റയില്‍‌വേ സ്റ്റേഷനില്‍. യാത്രയും പറഞ്ഞ്, ഇനിയും ഈ വഴി വരണേ എന്നു പാതി തമാശയായും, പാതി കാര്യമായും, അതിന്റെ ഇടക്ക് കുറച്ച് വിരട്ടായും പറഞ്ഞ്, അവനെ ഒരു ബോഗിയില്‍ പിടിച്ചിരുത്തി ഞാന്‍ തിരിച്ച് പ്രയാണം ആരംഭിച്ചു. അഞ്ച് മിനുട്ടെങ്കില്‍ അത്രയും നേരത്തേ എത്തിയാല്‍ അത്രയും കൂടുതല്‍ ഉറങ്ങാമല്ലോ എന്ന ചിന്ത മാത്രം മനസ്സില്‍. പാതി വഴിയില്‍ റിച്ച്മണ്ട് സര്‍ക്കിളിന് അടുത്തെത്തിയപ്പോള്‍, എന്റെ പ്രിയ ശകടം ദോണ്ടേ കിടക്കുന്നു, അതങ്ങ് നിന്നു.

അവന് നില്‍ക്കാന്‍ കണ്ട നേരം. നല്ല ഉറക്കപ്പിച്ചില്‍ നില്‍ക്കുന്ന സമയത്ത് തീരെ ഗ്രീസ് തൊട്ടിട്ടില്ലാതെ ഒരു കിക്കര്‍ അടിക്കാനുള്ള ബുദ്ധിമുട്ട് പറയണ്ടല്ലോ. ഞാന്‍ പിച്ചും പേയും പറഞ്ഞ്, തോമസ്സിനേയും, അവന്‍ പരീക്ഷ എഴുതിയ ബാങ്കിനേയും, അവനോട് സൌഹൃദം കൂടാന്‍ തോന്നിയ സമയത്തേയും പ്രാകിക്കൊണ്ട്, കിക്കര്‍ അടി തുടങ്ങി. ഒന്നേ, രണ്ടേ, മൂന്നേ, നാലേ, ...

നാ‍ല്പത്തൊന്നേ, നാല്പത്തിരണ്ടേ, നാല്പത്തിമൂന്നേ, നാല്പത്തിനാലേ, ...

എണ്ണല്‍ നിര്‍ത്തി ഞാന്‍ കിക്കര്‍ അടിയില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്ത് തുടങ്ങി. ഇതിനോടകം എന്റെ ഉറക്കമൊക്കെ പോയിരുന്നു. എങ്ങിനെ പോകാതിരിക്കും, അമ്മാതിരി ചവിട്ടല്ലേ ചവിട്ടുന്നത്.

ഇനി പെട്രോള്‍ ഇല്ലാത്തത് കൊണ്ടായിരിക്കുമോ? പെട്രോള്‍ ടാങ്കിന്റെ അടപ്പ് തുറന്ന് നോക്കി. അകത്ത് കുരാക്കുരിരുട്ട്. വണ്ടി കുലുക്കിനോക്കി. പെട്രോല്‍ കുലുങ്ങുന്ന ശബ്‌ദം കേള്‍ക്കുന്നുണ്ട്. അപ്പൊ പെട്രോള്‍ ഇല്ലാഞ്ഞിട്ടല്ല.

ഞാനീ പോളിടെക്നിക്ക് ഒന്നും പഠിച്ചിട്ടില്ലാത്തത് കാരണം, യന്ത്രങ്ങളുടെ പ്രവര്‍ത്തനരീതിയൊന്നും അറിയില്ല. സ്പാര്‍ക്ക് പ്ലഗ്ഗില്‍ പൊടി കേറിയോന്ന് നോക്കാനാണെങ്കില്‍ അത് ഊരാനും‍ അറിയില്ല. എയര്‍ഫില്‍റ്റര്‍ ചെക്ക് ചെയ്യാനാണെങ്കില്‍ അതിതുവരെ കണ്ടിട്ടില്ല. ഇതു രണ്ടുമല്ലാതെ വേരെ ഒന്നിന്റേയും എനിക്ക് പേരുപോലും അറിയില്ല. ഇതു രണ്ടിന്റേയും പേര് തന്നെ, സര്‍വീസ് ചെയ്യുമ്പൊ നൂരു രൂപ വീതം അവര്‍ ബില്ല് തരുന്നത് കൊണ്ട് പഠിച്ചതാണ്.

ഇനി എന്ത് ചെയ്യും? സമയമാണെങ്കില്‍ 7 മണി കഴിഞ്ഞു. ഇനി വയ്യ എനിക്ക് കിക്കര്‍ അടിക്കാന്‍. എന്റെ കപ്പാസിറ്റി തീര്‍ന്നു. വേഗം വീട്ടില്‍ പോയിട്ട് വേണം പെന്റിങ്ങില്‍ കിടക്കുന്ന ഉറക്കം ഉറങ്ങിത്തീര്‍ക്കാന്‍. ഞാന്‍ എന്റെ സഹമുറിയനെ വിളിച്ചു. അവനാണെങ്കില്‍ നല്ല ഉറക്കം. കുറേ നേരം മണി അടിച്ചതിനുശേഷമാണ് അവന്‍ ഫോണ്‍ എടുത്തത് തന്നെ. ഞാന്‍ കാര്യം പറഞ്ഞു. ബൈക്ക് ഇവിടെ ഇട്ടിട്ട് നിന്റെ കൂടെ വീട്ടിലേക്ക് വരാം. ബൈക്ക് പിന്നെ എടുക്കാം. എനിക്ക് ഉറക്കമാണ് മുഖ്യം. കം അന്റ് പിക്ക് മി അപ്പ്.

പറ്റില്ല. അവന്‍ ആദ്യമേ പറഞ്ഞു. അവനും ഉറക്കമാണ് മുഖ്യമത്രേ. എന്തൊരു കഷ്‌ടമാ. എന്റെ ഉറക്കത്തിന് ഒരു വിലയുമില്ലേ. അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലൊ. തേനേ, ചക്കരേ വിളികള്‍ + കെഞ്ചല്‍ + ഭീഷണി + പ്രാകല്‍. ഒരാളെ അനുസരിപ്പിക്കാന്‍ ഇതു ധാരാളം. അവസാനം അവന്‍ വന്നു, ഞാന്‍ വരുത്തിച്ചു.

വന്നയുടനേ അവന്‍ ചോദിച്ചത് പെട്രോള്‍‍ ഉണ്ടൊയെന്നാണ്. “പിന്നേ, എത്ര ഉണ്ട് എന്നു ചോദിക്ക് “ എന്ന് ഞാനും. അവന്‍ വന്നു ടാങ്കിന്റെ അടപ്പ് തുറന്ന് കുലുക്കിനോക്കി. ചെറിയ കുലുക്കം ഉണ്ട്. അവനും കുറേ കിക്കര്‍ അടിച്ച് നോക്കി. രക്ഷയില്ല. എത്ര നാളായി പെട്രോല്‍ അടിച്ചിട്ട്? അവന്‍ ചോദിച്ചു.

ഗോള്‍ഡ് ഫിഷിന് അഞ്ച് മിനുട്ടിന്റെ ഓര്‍മ്മശക്തിയേ ഉള്ളൂ എന്ന് കേട്ടിട്ടുണ്ട്. എനിക്കു ഇത്തിരീം കൂടെ കാണും. എന്നാലും ഒരുപാടില്ല. ഓര്‍മ്മയില്ല എന്ന് എന്റെ മറുപടി. അവന്റെ മറുപടി ഒരു നോട്ടത്തില്‍ ഒതുങ്ങി. അതിത്തിരി കടുപ്പത്തില്‍ ആയിരുന്നു പക്ഷെ. ദേഷ്യം കൂടിക്കൂടി വരുന്നു അവന്റെ മുഖത്ത്. ദേഷ്യം വരുമ്പോഴും തെറിവിളിക്കുമ്പോഴും അവന്റെ മുഖം കാണാന്‍ ഒരു പ്രത്യേക ഭംഗി ആണ്. അതു ഞാന്‍ ആസ്വദിച്ചു നില്‍ക്കുമ്പോള്‍ ഒരു ഒന്നു രണ്ട് തെറികളുടെ അകമ്പടിയോട് കൂടെ അവന്‍ അലറി. “അവസാനം ഉള്ള ഒരു അരലിറ്ററോളം പെട്രോള്‍ ഉപയോഗശൂന്യമായിരിക്കും, അത് എഞ്ചിനിലേക്ക് വരില്ല. ഇത്ര കാലമായിട്ടും ഇതറിയാന്‍ പാടില്ലേ? ഒന്നു പെട്രോള്‍‍ അടിച്ച് നോക്കാമായിരുന്നില്ലേ നിനക്ക്?“

ഇത് പുതിയ അറിവാണല്ലോ. നിത്യജീവിതത്തില്‍ നിന്ന് എന്തൊക്കെയാണ് എനിക്ക് പഠിക്കാന്‍ പറ്റുന്നത്. എന്നെ സമ്മതിക്കണം. എന്നാല്‍ ഇത് പരീക്ഷിച്ച് നോക്കാതെ വിശ്വസിക്കാനും പറ്റില്ലല്ലോ. തൊട്ടപ്പുറത്ത് തന്നെ ഉണ്ടായിരുന്ന പെട്രോള്‍ പമ്പിലേക്ക് ഞാന്‍ തള്ളിക്കൊണ്ട്പോയി, കയ്യില്‍ നിന്ന് നുള്ളിപ്പെറുക്കി ഉണ്ടാക്കിയ കാശു കൊണ്ട് വീണ്ടും ഒരു അര ലിറ്റര്‍ പെട്രോള്‍ കൂടെ അടിച്ക് കിക്കര്‍ ഒന്നടിച്ചപ്പോഴേക്കും, അത്‌ഭുതം, മഹാത്‌ഭുതം. അത് സ്റ്റാര്‍ട്ട് ആയി. അപ്പോള്‍ അവന്‍ പറഞ്ഞത് ശരി തന്നെ. അവസാനം കിടന്ന ആ അരലിറ്റര്‍ ആണ് കുലുങ്ങിക്കുലുങ്ങിക്കൊണ്ടിരുന്നത്. ആ അരലിറ്ററാണ് എന്നെക്കൊണ്ട് ഒരു പത്ത്നൂറു തവണ കിക്കര്‍ അടിപ്പിച്ചത്, അതേ അരലിറ്ററാണ് എന്റെ സഹമുറിയന്റെ ഉറക്കവും കളഞ്ഞത്. ആ അരലിറ്റര്‍ തന്നെ ഇനി എന്റെ ഇന്നത്തെ ഒരു ദിവസവും കുളമാക്കിത്തരാന്‍ പോകുന്നു. ഇന്നെന്നെ കാത്തിരിക്കുന്നത് ഒരു സുഭദിനമല്ല, ഒരു തെറിദിനമാണ്.

“ഞാന്‍ പോകുന്നു, നീ അങ്ങോട്ട് വന്നേരെ, വച്ചിട്ടുണ്ട് “ എന്നും പറഞ്ഞ് എന്റെ ബഹുമാന്യനായ സുഹൃത്ത് അവന്റെ ബൈക്കില്‍ വീട്ടിലേക്ക് പോയി. എന്നെ കാത്തിരിക്കുന്ന തെറികളുടെ ഷോറൂമിലേക്ക് ഞാന്‍ എന്റെ ബൈക്കില്‍ പിന്നാലെയും. ശേഷം ചിന്ത്യം.

Friday, April 07, 2006

വീണ്ടും ചില പിറന്നാള്‍ വിശേഷങ്ങള്‍

ആദ്യമായി പറ്റുമ്പോള്‍ അത് അബദ്ധം, പിന്നേയും പറ്റുമ്പൊ അത് മണ്ടത്തരം എന്നൊരു പഴംചൊല്ലുണ്ട് ഇംഗ്ലീഷില്‍. എപ്പോഴും മണ്ടത്തരം മാത്രം പറ്റുന്ന എനിക്ക് അത് ബാധകമല്ലെങ്കിലും, ഒരു മണ്ടത്തരം പിന്നീട് കാണിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിച്ച് അതു മറ്റൊരു മണ്ടത്തരമായ ചരിത്രം എനിക്കുണ്ട്. അതിനെപ്പറ്റിയാണ് ഈ പോസ്റ്റ്.

KFC-യില്‍ കാണിച്ച മണ്ടത്തരത്തിനുശേഷം പിറന്നാള്‍ ആഘോഷം എനിക്ക് ഒരു പേടിയുള്ള അനുഭവമായി. പിറന്നാള്‍, വര്‍ഷത്തില്‍ ഒരു തവണ മാത്രമേ വരൂ എന്നുണ്ടെങ്കില്‍പോലും, അന്നത്തെ ആഘോഷം കഴിഞ്ഞതില്‍ പിന്നെ ഓരോ നിമിഷവും അടുത്ത വര്‍ഷത്തില്‍ മണ്ടത്തരം ഒഴിവാക്കാന്‍ എന്താ വഴി എന്നായിരുന്നു എന്റെ ചിന്ത. ചിന്തിച്ച് ചിന്തിച്ച് വര്‍ഷമൊന്നങ്ങിനെ കടന്നു പോയി. പിറന്നാള്‍ മാന്യമായി എങ്ങിനെ ആഘോഷിക്കാം എന്നതിനു ഒരു തീരുമാനവും ആയില്ല എന്നിട്ടും. എന്റെ അത്ര ബുദ്ധി ആര്‍ക്കും ഉണ്ടാകാന്‍ സാധ്യത ഇല്ലാത്തതിനാല്‍ ഈ തീരുമാനം ഞാന്‍ എവിടേയും ഒരു ചര്‍ച്ചക്കും ഇട്ടില്ല.

അങ്ങിനെ എന്റെ പിറന്നാള്‍ ആഗതമായി. തലേന്ന് വരെ ആഘോഷത്തെപ്പറ്റി ഒരു തീരുമാനം ആവാത്തത് കൊണ്ട് ഞാന്‍ മറ്റൊരു തീരുമാനം എടുത്തു. ഈ വര്‍ഷം പിറന്നാള്‍ ആഘോഷം വേണ്ട. എന്റെ പിറന്നാള്‍ ഓര്‍ത്തു വച്ച് എന്റെ കഴുത്തിന് പിടിക്കാന്‍ മാത്രം ഉള്ള ക്ഷമയോ ഓര്‍മ്മയോ എന്റെ ഒരു കൂട്ടുകാരനും ദൈവം സഹായിച്ച് കിട്ടിയിട്ടില്ല. അത് കൊണ്ട് നൈസ്സായി മുങ്ങാം ഇത്തവണ. കഴിഞ്ഞ തവണ എന്നെ ഒരു വഴിക്കാക്കിയതല്ലേ, ഞാനും കാണിച്ച തരാം പ്രതികാരം എങ്ങിനെ തീര്‍ക്കാമെന്ന്.

എന്റെ പിറന്നാള്‍ ദിനം. നേരം പുലര്‍ന്നു. ഞാന്‍ ഒന്നും പിറന്നാളിനെപ്പറ്റി ഒന്നും മിണ്ടിയില്ല. എല്ലാവരും ഉണര്‍ന്നു. എന്നിട്ടും മിണ്ടിയില്ല. എല്ലാവരും കുളിച്ചൊരുങ്ങി അവരവരുടെ ഓഫീസ്സുകളില്‍ പോയി. ഇല്ല, ഞാന്‍ മിണ്ടുന്നില്ല. ഉച്ചയായി, വൈക്കുന്നേരവുമായി. എല്ലാവരും ഓഫീസില്‍ നിന്നു തിരിച്ചു വന്നു, ടി.വി. കാണാന്‍ തുടങ്ങി. ഞാന്‍ വീണ്ടും മിണ്ടുന്നില്ല. രാത്രിയായി. എല്ലാവരും അത്താഴം കഴിഞ്ഞു കിടന്നു. ഞാന്‍ എന്നിട്ടും മിണ്ടുന്നില്ല. എന്തൊരു ദുഷ്ടന്‍ ഞാന്‍, എന്തൊരു കഠിനഹൃദയന്‍ ഞാന്‍. നോ വേ, ഞാന്‍ മിണ്ടില്ല പിറന്നാളിനെപ്പറ്റി.

അല്ല, ഇതു ശരിയാണോ. എത്ര കാലമായി എനിക്കുള്ള കൂട്ടൂകാരാണ് ഇവര്‍. എന്റെ സുഖത്തിലും ദുഖഃത്തിലും മണ്ടത്തരങ്ങളിലും കൂടെ നിന്നിട്ടുള്ളവരല്ലേ. ഇവരോട് ഞാന്‍ ചെയ്യുന്നത് ദ്രോഹമല്ലേ. ഒന്നും പറയാതെ മുങ്ങുന്നത് മോശമല്ലേ. ചിലപ്പൊ പിന്നീട് ഇവര്‍ എന്റെ പിറന്നാള്‍ കടന്ന് പോയതറിയുമ്പോ എന്ത് വിചാരിക്കും. ഞാന്‍ ഒരു അഹങ്കാരി ആകില്ലേ. ഈ വക ചിന്തകള്‍ എന്നെ അലോസരപ്പെടുത്തി.

ഞാന്‍ സമയം നോക്കി. രാത്രി പതിനൊന്ന് കഴിഞ്ഞിരിക്കുന്നു. ഇനി എന്ത് പേടിക്കാന്‍. ഞാന്‍ എന്റെ പ്ലാന്‍ തീരുമാനിച്ചു. ഞാന്‍ ഇപ്പൊ കിടന്നുറങ്ങിത്തുടങ്ങിയ എല്ലാത്തിനേയും വിളിച്ചുണര്‍ത്തുന്നു. ഇന്നെന്റെ പിറന്നാള്‍ ആണെന്ന് പറയുന്നു. ഉറക്കപ്പിച്ച് കാരണവും, അത്താഴം കഴിച്ച് കഴിഞ്ഞത് കാരണവും, രാത്രിയേറെ കഴിഞ്ഞത് കാരണവും ഹൌഡ്നി എസ്കേപ്പ് പോലെ ഞാന്‍ അദ്ഭുതകരമായി രക്ഷപ്പെടുന്നു. വണ്ടര്‍ഫുള്‍ ഐഡിയ. കൈകൊട് മോനേ ദിനേശാ.

പ്ലാന്‍ പ്രകാരം ഞാന്‍ പരിപാടി തുടങ്ങി. ഉറങ്ങിക്കിടന്ന എല്ലാവരേയും പതുക്കെ തട്ടിവിളിച്ച് എഴുന്നേല്‍പ്പിച്ചു. ഇന്ന് എന്റെ പിറന്നാള്‍ എന്നറിയിച്ചു. രാത്രിയായിപ്പോയി പറയാന്‍, സോറി എന്ന് ഭവ്യതയോടെ അറിയിച്ചു. അത്രേം ഓക്കെ. പിന്നീടുള്ള എന്റെ പ്ലാനുകള്‍ എല്ലാം തെറ്റി.

മാരണങ്ങള്‍‍ എല്ലാം ചാടിയെഴുന്നേറ്റു. പിറന്നാള്‍‍ സമയത്തിന് പറയില്ലല്ലേ @#$@#@ എന്നും പറഞ്ഞ് എന്റെ മടിക്കുത്തിന് കേറിപ്പിടിച്ചു എല്ലാം. ബര്‍‍ത്ത്ഡേ ബമ്പ്സ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ചവിട്ടുനാടകത്തിന് എന്നെ എല്ലാവരും കൂടി ആകാശത്തേക്ക് എടുത്തുയര്‍ത്തി. സമയത്ത് പാര്‍ട്ടി കിട്ടാതിരുന്നതിന്റേയും, അതൊഴിവാക്കാന്‍ രാത്രി വൈകിവരെ കാത്തിരുന്നതിന്റേയും, അതിന്റെ പേരില്‍ തുടങ്ങിവന്ന ഉറക്കം കളഞ്ഞതിന്റേയും എല്ലാം വികാരം ചവിട്ടായി പെയ്തിറങ്ങിയപ്പോള്‍ എന്റെ നിതംബം പാണ്ടി ലോറിയെ കണ്ട തവളയെപ്പോലെ വീര്‍ത്ത് വന്നു.

തീര്‍ന്നില്ല പീഡനമുറകള്‍. അതിബുദ്ധിപരമായ നീക്കമായി ഞാന്‍ മനസ്സില്‍ കണ്ട പതിനൊന്ന് മണി എന്ന സുരക്ഷിത രേഖ തകര്‍ന്നത് അപ്പോഴാണ്. ബാംഗ്ലൂരില്‍ പാതിരാത്രി കഴിഞ്ഞും തുറന്നിരിക്കുന്ന ഹോട്ടലുകള്‍ എത്രയോ!!! ഞാന്‍ അതൊന്നും ഓര്‍ത്തില്ല. കേരളത്തിലെ കാര്യമേ ആ സമയം എന്റെ മനസ്സില്‍ ഓടിയുള്ളൂ. ആ സാമദ്രോഹികള്‍ രാത്രി മുഴുവന്‍ തുറന്നിരിക്കുന്ന ഹോട്ടലുകള്‍ എല്ലാം കണ്ടു പിടിച്ചുവച്ചിട്ടുണ്ടായിരുന്നു. ഇങ്ങനെ ഒരു ബുദ്ധിസാമര്‍ത്ഥ്യം ഞാന്‍ കാണിക്കുമെന്ന് അവര്‍ നേരത്തേ ഊഹിച്ചിരുന്നോ?

അങ്ങിനെ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പിറന്നാള്‍ ദിനത്തില്‍ ഞാന്‍ നല്ല അസ്സല്‍ മണ്ടത്തരം കാണിച്ച് എല്ലാവര്‍ക്കും ചിരിക്കാനുള്ള വഴിയുണ്ടാക്കി. എന്നെ സമ്മതിക്കണം. എന്തൊരു കണ്‍സിസ്റ്റന്‍സി. ഇനി ഈ വര്‍ഷവും പിറന്നാള്‍ വരുന്നുണ്ട്. എന്ത് ചെയ്യണമെന്ന് ഞാന്‍ നേരത്തേ ആലോചന തുടങ്ങിയിരിക്കുന്നു. മിക്കവാറും ഞാന്‍ അത് എന്തെങ്കിലും മണ്ടത്തരത്തില്‍ കൊണ്ട് ചെന്നവസാനിപ്പിച്ച് ഇവിടെ തന്നെ അതൊരു പോസ്റ്റായിടും, ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയം? Any doubts?

*സമര്‍പ്പണം - ഇന്ന് April 7-ന് പിറന്നാള്‍ ആഘോഷികുന്ന എന്റെ ഒരു പഴയ കൂട്ടുകാരിക്ക്.

Thursday, April 06, 2006

ഹര്‍ബജനെ പോലീസ് പിടിച്ചു


ഇന്ന് അതിരാവിലെ ഒന്‍പത് മണിക്ക് എഴുന്നേറ്റ് മനോരമ പത്രം എടുത്ത് നോക്കിയപ്പോഴാണ് ഈ ചിത്രം ആദ്യതാളില്‍ തന്നെ കാണുന്നത്. പാതിയടഞ്ഞ കണ്ണുകള്‍ കണ്ട് നോക്കിയപ്പൊ കാണുന്നത് നാട്ടിലെ സാധാരണ പോലീസുകാര്‍ വളഞ്ഞ് നില്‍ക്കുന്ന ഹര്‍ബജന്‍ സിങ്ങിനെ. എന്റെ ജീവന്‍ പോയി. ഇന്ന് കളി ഉള്ളതല്ലേ ഇന്ന് ഇംഗ്ലണ്ടുമായി. ആര് സ്പിന്‍ ആക്രമണം നയിക്കും ഹര്‍ബജനെ പോലീസ് കൊണ്ട് പോയാല്‍? എന്റെ സ്വന്തം നാടിലുള്ള കളിയില്‍ ഇന്ത്യ ഈ ഒരു കാരണം കൊണ്ട് തോറ്റാല്‍ എനിക്കെങ്ങിനെ ആത്മാഭിമാനത്തോടെ ജീവിക്കാന്‍ കഴിയും. എന്താ കഥ?

അല്ല, എന്തിനായിരിക്കും ഹര്‍ഭജനെ അറസ്റ്റ് ചെയ്തിട്ടുണ്ടാകുക? കോഴ വാങ്ങിയതിനായിരിക്കുമോ? അങ്ങിനെ എങ്കില്‍ കേരളാ പോലീസ് പിടിക്കാന്‍ വരില്ല, അവര്‍ക്ക് പോക്കറ്റടിക്കാരെപ്പോലും പിടിക്കാന്‍ നേരമില്ല. പിന്നെ, ഉത്തേജകമരുന്ന് കഴിച്ചതിനായിരിക്കുമോ? അതിന് ക്രിക്കറ്റിലെന്ത് ഉത്തേജകമരുന്ന് പരിശോധന. സ്‌ത്രീപീഡനത്തിനാകുമോ? ആളാണെങ്കില്‍ നില്‍ക്കുന്നത് ഷര്‍ട്ടിടാതെ ആണ് താനും. അപ്പൊ അതു തന്നെ കാര്യം. വൃത്തികെട്ടവന്‍, മ്ലേച്ചന്‍, ആഭാസന്‍. എത്ര പേരുടെ അമ്മയും പെങ്ങന്മാരും വരുന്നതാ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍. ഇവനൊക്കെ ഉള്ള ഒരു സ്ഥലത്ത് എങ്ങിനെ അവരെ പാസ്സ് കൊടുത്ത് കയറ്റി വിടും.

ഇതങ്ങിനെ വിട്ടാല്‍ പറ്റില്ല. വിളിച്ചുണര്‍ത്തി ഞാന്‍ എന്റെ സഹമുറിയന്മാരെ. "എടാ, ഇതു കണ്ടോ. ഹര്‍ബജനെ സ്ത്രീ പീഡനത്തിന് നമ്മുടെ കേരളാ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയേയും കൊണ്ട് പോലീസുകാര്‍ നില്‍ക്കുന്ന ചിത്രവുമുണ്ട്". എല്ലാവരും ചാടി എഴുന്നേറ്റു കൂലംകഷമായി ആലോചനകള്‍ തുടങ്ങി. നാട്ടില്‍ പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിക്കണം. മേമ്പൊടിക്ക് ഹര്‍ത്താലും ജാഥകളും സംഘടിപ്പിക്കണം. വെറുതേ കിടക്കുന്ന നാട്ടുകാരുടെ വണ്ടികള്‍ അടിച്ച് തകര്‍ക്കണം. ആവഴി ആ സമയത്ത് പോകുന്ന ഏത് സര്‍ക്കാര്‍ വണ്ടി കിട്ടിയാലും കത്തിക്കണം. ഒരു ലാത്തിച്ചാര്‍ജ് ഉണ്ടായേക്കാവുന്നതിനെ ദൈര്യമായി നേരിടാന്‍ അണികളോട് പറഞ്ഞ് മുങ്ങണം. ശ്ശൊ. എന്തൊക്കെ ചെയ്യണം ഇപ്പൊ തൊട്ട്. ഒട്ടും സമയമില്ല ഇനി ചിന്തിക്കാന്‍. വാ നേരെ സമരമുന്നണിയിലേക്ക്. സ്ത്രീപീഡന പ്രതിഷേധസമിതി സിന്ദാബാദ്.

ആ നേരമാണ് കൂട്ടത്തിലെ ഒരു റിബലിന് ആ പത്രം എടുത്ത് വായിക്കാന്‍ തോന്നിയത്. പത്രത്തില്‍ ചിത്രത്തിന്റെ അടിക്കുറിപ്പ് "ഇത്ര മാത്രം ഫീള്‍ഡര്‍മാരോ". വാര്‍ത്തയാണെങ്കില്‍ "ഹര്‍ബജന്റെ പരിശീലനം കണ്ടുകൊണ്ടിരിക്കുന്ന പോലീസുകാര്‍ എന്ന്".

അടിയെടാ അവനെ. അവന്‍ അലറി. പിന്നെ അവിടെ നടന്നത് ധോണിയുടെ ബാറ്റിങ്ങിനെ വെല്ലുന്ന സ്റ്റ്‌റൈക്ക് റേറ്റുള്ള ബാറ്റിങ്ങ് ആയിരുന്നു. സിക്സറിന്റേയും ഫോറുകളുടേയും സ്വന്തം റെക്കോര്‍ഡ് എല്ലാവരും തിരുത്തി. എന്റെ ദീനരോദനം ടിനു യോഹന്നാന്റെ ഓവര്‍ പോലെ ആരും ശ്രദ്ധിച്ചില്ല. മാന്‍ ഓഫ് ദ മാച്ച് ആവാന്‍ എല്ലാവരും മത്സരിച്ചു. അവസാനം അവര്‍ ഒരുലക്ഷം റണ്ണുകള്‍ക്ക് വിജയിച്ചു. മാന്‍ ഓഫ് ദ മാച്ച് സമ്മാനം അവര്‍ പങ്കിട്ടെടുത്തു. ഞാന്‍ കളിയില്‍ നിന്ന് വിരമിച്ചു. മറ്റോരുതരത്തില്‍ പറഞ്ഞാന്‍ ഇനി കളിക്കാന്‍ പറ്റാത്ത വിധത്തില്‍ ആക്കിയേ അവര്‍ വിട്ടുള്ളൂ. ക്രിക്കറ്റ് കിറുക്കന്മാരുടെ കളിയെന്ന് പറയുന്നത് എത്രയോ ശരി. നോക്കിക്കോ, ഇനി ഹര്‍ബജനെ ശരിക്കും പോലീസ് പിടിച്ചാലും ഞാന്‍ ഒരക്ഷരം മിണ്ടില്ല.

Saturday, April 01, 2006

തോമസ്സ് ഇന്‍ ബര്‍ഗ്ഗര്‍ ടൌണ്‍

നാട്ടില്‍ നിന്ന് വന്ന തോമ്മാച്ചന്‍ രാവിലെ എന്റെ കൂടെ കാണിച്ച മണ്ടത്തരങ്ങളല്ലാതെ പിന്നീട് ബാങ്കിന്റെ പരീക്ഷ എഴുതാന്‍ പോയപ്പൊ അനിഷ്ഠസംഭവങ്ങള്‍ ഒന്നും സംഭവിച്ചില്ല. അതോ അതിനെ പറ്റി എന്നോട് പറയാതിരുന്നതോ? എന്തായാലും എനിക്ക് ഒരു പോസ്റ്റിനുള്ള വക ഒന്നും അവന്‍ ഉണ്ടാക്കിത്തന്നില്ല. അതിന് ഞാന്‍ അവന്റെ കൂടെ തന്നെ വേണം എന്നായോ അവസ്ഥ?. അങ്ങിനെ എങ്കില്‍ അങ്ങിനെ.

പുതിയ മണ്ടത്തരം ഒപ്പിക്കാന്‍ ഞാനും അവനും കൂടി വൈകുന്നേരം അങ്ങിനെ പുറപ്പെട്ടു. അവന്‍ ആദ്യമായിട്ടായിരുന്നു ബാംഗ്ലൂരില്‍ വരുന്നത്. പരീക്ഷ കഴിഞ്ഞപ്പോഴേക്കും ഒരുപാട് നേരമായതിനാല്‍ ഞാന്‍ ദൂരസ്ഥലങ്ങള്‍ ഒന്നും കാണിക്കണ്ട എന്നു വച്ചു. ഇവിടത്തെ Centralized AC ഉള്ള Shopping Mall ആയ ഫോറത്തില്‍ തന്നെ ഞാന്‍ അവനെ വൈകുന്നേരം കൊണ്ട് പോയി. പട്ടിക്കാട്ടില്‍ നിന്ന് വരുന്ന അവന് അതൊരു അനുഭവം തന്നെ ആയിരിക്കും എന്ന് കരുതി. പോരാണ്ട് ബംഗ്ലൂരിലുള്ള ഒരുമാതിരി നാണമില്ലാത്ത പെണ്‍പിള്ളേരെല്ലാം അവിടെ അല്പവസ്ത്രധാരിണികള്‍ ആയി വരും. അതും കണ്ട് രണ്ടാള്‍ക്കും നല്ലോണം വെള്ളമിറക്കാന്‍ പറ്റിയാല്‍ വിശപ്പും പൊയ്ക്കോളും, രാത്രിയുള്ള ഭക്ഷണത്തിന്റെ കാശും ലാഭിക്കാം.

ആ പ്ലാന്‍ അവന്‍ തെറ്റിച്ചു. പുതുവൈപ്പിനിലേക്ക് വെള്ളവും കൊണ്ട് പോകുന്ന മിനി ലോറി നിറക്കാന്‍ മാത്രം വെള്ളം ഒഴുക്കിയിട്ടും അവന്റെ വിശപ്പ് പോയില്ല. എന്റേം പോയില്ല, എങ്കില്‍ പോലും ഞാന്‍ പട്ടിണി കിടക്കാന്‍ തയ്യാറായിരുന്നു. പക്ഷെ അവന്‍ കാറാന്‍ തുടങ്ങി. ഫോറത്തില്‍ എവിടെ ചുളു വിലയ്ക്ക് ഭക്ഷണം കിട്ടും എന്ന് ഞാന്‍ ആലോചിച്ച് വരുമ്പോഴേക്കും അവന്റെ കണ്ണില്‍ മക്‍ഡോണാള്‍ഡ് ഉടക്കി. ഡോണാള്‍ഡ് ഡക്ക് ടി.വിയില്‍ കണ്ട് തലതല്ലിച്ചിരിക്കുന്ന അവന് അവിടെ നിന്ന് തന്നെ കഴിച്ചേ മതിയാകൂ. അവിടെ ബര്‍ഗ്ഗറും ഹോട്ട്ഡോഗും പോലത്തെ വേഷപ്രച്ഛന്നരായ ബ്രെഡ് മാത്രമേ ഉണ്ടാവൂ എന്ന് പറഞ്ഞ് തലയൂരാന്‍ നോക്കി ഞാന്‍. അതും കേട്ടേ പരിചയം ഉള്ളു, അതുകൊണ്ട് കഴിച്ചേ മതിയാകൂ എന്ന് അവന്‍. ഞാന്‍ എന്തു ചെയ്യും?

പര്‍സ് എടുത്ത് നോക്കി ഞാന്‍. കഷ്ടിച്ച് നൂറ് രൂപ കാണും. അവന്റെ കയ്യില്‍ എത്രയുണ്ടെന്ന് തിരക്കി. അവന്‍ പര്‍സ് പോലും എടുത്തിട്ടില്ല. അപ്പൊ എന്നെ വഴിയാധാരമാക്കാന്‍ തന്നെ ഇറങ്ങിപ്പുറപ്പെട്ടതാണ്. ഇവനെയൊക്കെ ...

എന്നാലും ക്രെഡിറ്റ് കാര്‍ഡും, ഡെബിറ്റ് കാര്‍ഡും ഒക്കെ ഉണ്ടല്ലോ കയ്യില്‍. അത് വച്ച് ഒപ്പിക്കാം. ഇവനെ പിണക്കി വിട്ടാല്‍ ഇനി തിരിച്ച് നാട്ടിലേക്ക് പോകാന്‍ പറ്റാത്ത ഒരു അവസ്ഥ ഇവന്‍ ഉണ്ടാക്കിക്കളയും. അതു കൊണ്ട് തീറ്റിപ്പണ്ടാരത്തിനെ പിണക്കാനും വയ്യ. ശരി, വാ എന്നു പറഞ്ഞ് കേറി അകത്ത്.

ആദ്യമായിട്ടാണ് ഓരോ സാധനവും കാണുകയും കേള്‍ക്കുകയും ചെയ്യുന്നത് എന്ന ഒരു ബുദ്ധിമുട്ടും അവനെ ബാധിക്കുന്നതായി തോന്നിച്ചില്ല അവന്‍. അല്ലേലും അവന്‍ ആദ്യം കാണുന്ന പെണ്‍പിള്ളേരോടും അവന് കുട്ടിക്കാലത്ത് മണ്ണ് കൊണ്ട് അപ്പം ഉണ്ടാക്കികളിച്ചിട്ടുള്ള ബാല്യകാല സഖി എന്ന രീതിയിലാ സംസാരിക്കാറുള്ളത്. ഒന്നും വിടാതെ ആ മെനുവിലുള്ള സാധനങ്ങളെല്ലാം അവന്‍ ഓര്‍ഡര്‍ ചെയ്യുകയും മുതുക്കാടിന്റെ Great Vanishing Act പോലെ അതൊക്കെ കാണാതാക്കുകയും ചെയ്തു ടിയാന്‍. ഞാന്‍ എന്റെ ദേഷ്യവും വിഷമവും വിശപ്പും ഒരു പെപ്‌സിയില്‍ ഒതുക്കി.

എല്ലാം കഴിച്ച് കഴിഞ്ഞ് പത്ത് മുന്നൂറ് രൂപയുടേ ബില്ലും കൊണ്ട് വന്ന ബെയററരിന് ക്രെഡിറ്റ് കാര്‍ഡ് കൊടുത്തപ്പോഴാണ് ആ മഹാത്മാവ് എന്റെ ശ്വാസം നിലക്കാന്‍ പാകത്തിലുള്ള ഒരു വാചകം കാച്ചിയതു. അവിടുത്തെ ക്രെഡിറ്റ് കാര്‍ഡ് മെഷീന്‍ വര്‍ക്ക് ചെയ്യുന്നില്ലപോലും. ഇനി എന്നാ ചെയ്യുമെടാ തോമ്മാച്ചാ എന്ന എന്റെ ചോദ്യത്തിന് നീ അരിയാട്ടിക്കോ എന്ന മറുപടി നല്‍കി അവന്‍ മിടുക്കനായി. മക്ക്‍ഡൊണാള്‍ഡ്സില്‍ എന്തു അരി, എന്തു ആട്ടല്‍? ഗോതമ്പ് മാവു കുഴക്കാന്‍ പറയുമോ? ഈശ്വരാ, ഇതിലും ഭേദം മരണമാണ്. എന്ന അങ്ങോട്ടെടുക്കുമോ വേഗം നീ എന്നെ?, plz.. ഇവനെ അങ്ങോട്ടെടുക്കുവോ എന്ന് പ്രാര്‍ത്ഥിക്കാമായിരുന്നു. പക്ഷെ ഒന്നാമതു ഇവന്റെ ദൈവത്തെ എനിക്ക് അത്ര പരിചയം പോര, രണ്ടാമത് ഇവന്റെ കഥ തീര്‍ന്നാലും എന്റെ ദുരിതങ്ങള്‍ അവസാനിക്കുന്നില്ല. ബില്ലിന്റെ ഭീഷണി പിന്നേം അവിടെ കിടക്കുന്നു ഡെമോസ്‌തനിസ്സിന്റെ വാളു പോലെ.

മാനേജറോട് പോയി സങ്കടം പറഞ്ഞു. ഒറ്റത്തവണത്തേക്ക് ക്ഷമിച്ച് വിട്ടാല്‍ ഇനി ഒരിക്കലും മണ്ടത്തരങ്ങള്‍ ഒന്നും കാണിക്കാതെ നല്ല കുട്ടിയായി ജീവിച്ചുകൊള്ളാം എന്നു വരെ പറഞ്ഞു. ഇത്രേം ത്യാഗം ഞാന്‍ ചെയ്യാം എന്ന് പറഞ്ഞിട്ടും അങ്ങേര്‍ കേള്‍ക്കണ്ടേ? ബ്ലഡി ഫൂള്‍. എന്നാലും ഇത്തിരി ദയ കാണിച്ചു ചേട്ടന്‍. ആ തീറ്റിപണ്ടാരത്തിനെ അവിടെ പണയം വച്ചിട്ട് വല്ല ATM ഇലും പോയി കാശ് എടുത്തിട്ട് വരാന്‍ ഉള്ള അനുവാദം തന്നു.

അതിനെന്താ, നോ പ്രോബ്ലം. എനിക്ക് സന്തോഷമേ ഉള്ളു. ഇവിടെ കിടന്നോട്ടെ ഈ ഈറ്റിങ്ങ് മെഷീന്‍. കുറെ കൂടി ബര്‍ഗ്ഗറും ഹോട്ട്ഡോഗും ഒക്കെ കാണിച്ച് കൊടുത്ത് പീഡിപ്പിച്ചോളൂ. ഒരെണ്ണം പോലും തൊടീക്കരുതു. ഞാന്‍ ഇപ്പൊ ഈ പഴംചരക്ക് നിങ്ങളെ ഏല്‍പ്പിച്ചിട്ട് പോകുവാണ്. ഇനി എന്ത് സംഭവിച്ചാലും ഞാന്‍ ഉത്തരവാദി അല്ല. അപ്പൊ ബൈ ബൈ എന്നും പറഞ്ഞ് ഇറങ്ങിയ ഞാന്‍ തൊട്ടപ്പുറത്തുള്ള ATM ഇല്‍ പോയി ഞാന്‍ പിന്നെ കാശും ഒക്കെ എടുത്ത് ഞാന്‍ തിരിച്ച് വന്നത് ആ കട അടക്കാറായപ്പോള്‍ മാത്രം.

ഇത്ര അപകടം പിടിച്ച സാധനം എനിക്ക് പിന്നെ എവിടെയാ സുരക്ഷിതമായി വച്ചിട്ട് പോകാന്‍ പറ്റുക? എന്തായാലും എന്റെ പ്രതികാരവും തീര്‍ന്നു, അവന്റെ ബര്‍ഗ്ഗര്‍ കൊതിയും തീര്‍ന്നു. ആദ്യമായി എന്റെ മണ്ടത്തരം എനിക്ക് തന്നെ സുഖിച്ച സന്തോഷത്തോടെ ഞാനും, കാണിച്ച മണ്ടത്തരത്തിന്റെ വിഷമവുമായി അവനും ഒന്നും മിണ്ടാതെ വീട്ടിലേക്ക് യാത്രയായി. വഴിനീളെ ഞാന്‍ പാടിക്കൊണ്ടിരുന്നു “യേ ദോസ്തീ, ഹം നഹീ ചോടേങ്കേ”, അവന് എന്തു തോന്നിക്കാണുമോ എന്തോ.