Thursday, June 29, 2006

ഗൃഹലക്ഷ്മി ബ്ലോഗ് ആര്‍ട്ടിക്കിള്‍ പ്രതിഷേധക്കുറിപ്പ്

ഗൃഹലക്ഷ്മിയുടെ ജൂലായി ലക്കത്തില്‍ മലയാളീ ബ്ലോഗിങ്ങിനെപ്പറ്റി ഒരു വാര്‍ത്ത വന്നിരിക്കുന്നു. വാര്‍ത്തയുടെ ചിത്രം ഇവിടെ.

ഇതില്‍ ഞാന്‍ പ്രതിഷേധിക്കുന്നു. ശക്തമായി പ്രതിഷേധിക്കുന്നു.

വെറും അസംബന്ധമാണ് ലേഖനം. കാര്യമാത്രപ്രസക്തമായ ഒന്നും അതില്‍ ഇല്ല. പറയേണ്ടത് പലതു പറയാതെ വിട്ട്, വേറുതേ എന്തൊക്കെയോ എഴുതി നിറച്ചിരിക്കുന്നു മൂന്ന് പേജുകളില്‍.

ഉദാഹരണമായി, എന്റെ ബ്ലോഗിനെക്കുറിച്ച് ഒരു നാല് പാരഗ്രാഫ് പ്രതീക്ഷിച്ചിരുന്നിടത്താണ് എന്നെ പാടെ ഒഴിവാക്കി അവര്‍ ഈ ഫീച്ചര്‍ ചെയ്തിരിക്കുന്നത്. അത് സഹിക്കാം, പക്ഷെ എന്റെ ഫൂള്‍സ്കാപ്പ് ചിത്രമെങ്കിലും... എന്തൊരു ക്രൂരത ഇത്!!! എന്റെ പേര് തലക്കെട്ടില്‍ കൊടുത്തിട്ടില്ല, ബ്ലോഗിന്റെ സ്ക്രീന്‍ഷോട്ടില്ല, കാരിക്കേച്ചറില്ല, ചുരുക്കിപ്പറഞ്ഞാല്‍ ഒന്നുമില്ല. ഐ ഒബ്ജക്റ്റ് യുവര്‍ ഓണര്‍. യേ സറാസര്‍ നാ ഇന്‍സാഫി ഹെ.

തേജസ്വിനിപ്പുഴയൂടെ സൂക്ഷ്മമായ ഭാവമാറ്റങ്ങള്‍ ഒപ്പിയെടുത്ത ചിത്രം തുളസി പോസ്റ്റ് ചെയ്തത് കണ്ട് അമേരിക്കയിലേ ഏതോ ഒരു സേതുലക്ഷ്മിക്ക് ഗൃഹാതുരത്വം ഉണര്‍ന്നുവത്രേ! ഞാന്‍ തെങ്ങിന്‍പൂക്കുലാദിവിവാഹഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ എത്ര പേര്‍ക്ക് ഗ്രുഹാതുരത്വം വന്നു എന്നതിന് കയ്യുംകണക്കുംമുണ്ടോ? എത്രയെത്ര വിവാഹച്ചടങ്ങുകള്‍ക്ക് ഫൊട്ടോഗ്രഫറാകാന്‍ എനിക്ക് ക്ഷണം വന്നു! ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് മീറ്റിനും കേരളാ ബ്ലോഗേര്‍സ് മീറ്റിനും ക്ഷണിച്ച ഒരോരുത്തരും എന്റെ ക്യാമറ കൊണ്ട്‌വരുന്നുണ്ടോ എന്നന്വേഷിച്ചു എന്ന സത്യം ആര്‍ക്ക് നിഷേധിക്കാനാകും. എറണാകുളത്തെ പ്രശസ്തമായ അഡ്വര്‍ട്ടൈസിങ്ങ് കമ്പനിയായ മുദ്ര കമ്യൂണിക്കേഷനിലെ ആര്‍ട്ട് ഡൈറക്റ്ററായ കുമാര്‍ എന്നെ അവിടെ ഒരു ഫോട്ടോഗ്രാഫറായി ക്ഷണിക്കുക വരെ ചെയ്തതാണ്. എന്നിട്ടും ...

ടെക്നിക്കല്‍ ആര്‍ട്ടിക്കിള്‍ എഴുതുന്ന അരുണ്‍ എന്ന വ്യക്തിയുടെ അഭിപ്രായം ലേഖിക രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഓറക്കിളിനെക്കുറിച്ചും, ഫ്ലോപ്പിഡ്രൈവിനെക്കുറിച്ചും വളരെ ടെക്നിക്കലായ ആര്‍ട്ടിക്കിളുകള്‍ ഞാനും എഴുതിയിട്ടുണ്ട്. എന്തേ എന്റെകൂടെ ഒരു കൂടിക്കാഴ്ച നടത്തിയില്ല ലേഖിക?

ബ്ലോഗിങ്ങിലൂടെ ഒരുപാട് പുതിയ സുഹൃത്തുക്കളെ കിട്ടി എന്ന് മഞ്ജു പറയുന്നു. എന്റെ ബ്ലോഗില്‍ കമന്റുകള്‍ വരാഞ്ഞിട്ട് “ഒരു കമന്റിടുമോ” എന്ന് ചോദിച്ച് ഞാന്‍ എത്ര ബ്ലോഗേര്‍സിനെ പരിചയപ്പെട്ടു? അതെന്താ ലേഖിക കാണാത്തത്? ഇന്ന് മലയാളം ബ്ലോഗുകള്‍ എഴുതുന്ന ഒരു അഞ്ച്പേരെ എടുത്ത് ശ്രീജിത്തിനെ അറിയുമോ എന്ന് ചോദിച്ചാല്‍ അതില്‍ നാലുപേരെങ്കിലും പറയും, “ഒരു കമന്റിടുമോ പ്ലീസ് എന്നും ചോദിച്ച് എന്റെ പിറകേ കുറേ നടന്നിട്ടുള്ളതാ ഇവന്‍” എന്ന്. എന്നിട്ടാണ് എന്നോടീ അതിക്രമം.

സോഫ്റ്റ്വെയര്‍ എഞ്ചിനിയറായ കീര്‍ത്തന പറയുന്നത് ബ്ലോഗിങ്ങ് തനിക്ക് ഒരു ഇമോഷണല്‍ ഔട്ട്‌ലെറ്റാണെന്നാണ്. എനിക്കും അങ്ങിനെയൊക്കെ തന്നെ. ഈ മണ്ടത്തരം മണ്ടത്തരം എന്ന് പറയുന്നത് ഒരു ഇമോഷന്‍ അല്ലേ എന്ന് ഈ അവസരത്തില്‍ ഞാന്‍ ചോദിച്ച് പോകുകയാണ് സുഹൃത്തുക്കളേ.

ആയതിനാല്‍ നല്ലവരായ എല്ലാ ബ്ലോഗന്‍‌മാരോടും ബ്ലോഗിനി‌മാരോടും ഞാനെന്റെ പിന്തുണ അഭ്യര്‍ത്ഥിക്കുകയാണ്. മാധ്യമ രംഗത്തെ ഈ അനാരോഗ്യകരമായ പ്രവണത നിരുത്സാഹപ്പെടുത്തേണ്ടത് നമ്മുടെ കടമയാണെന്ന് ഞാന്‍ ഈ അവസരത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു. അതോടൊപ്പം എന്റെ പേരും പടവും ഉള്‍ക്കൊള്ളിച്ച് പ്രസ്തുത ലേഖനം തിരുത്തി അടുത്ത ലക്കത്തില്‍ പുനഃപ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് ബഹുമാനപ്പെട്ട വായനക്കാര്‍, പത്രാധിപര്‍ക്ക് ആയിരം കത്തുകള്‍ എഴുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന വിവരവും ഞാന്‍ ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു. ഈ സംരംഭത്തില്‍ ഭാഗഭൃക്കുകളാകുവാന്‍ മുഴുവന്‍ ബ്ലോഗുവായനക്കാരോടും ഞാന്‍ ആഹ്വാനം ചെയ്യുന്നു.

ജെയ് ഞാന്‍

Friday, June 23, 2006

കാറിന്റെ ലൈറ്റും സാമുഹിക പ്രതിബദ്ധതയും

ഈ സംഭവം നടന്ന ദിവസം, സമയം, കാരണം എന്നിവ ശ്രീജിത്തിന്റെ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടില്ല. അതിനാല്‍ ആരും ഇത് എന്ന് നടന്നുവെന്നതിനെക്കുറിച്ച് ഒരന്വേഷണവും നടത്തണ്ട. ഒരു കുന്തവും കണ്ട് പിടിക്കാന്‍ പോകുന്നില്ല.

അങ്ങിനെ എപ്പോഴോ ഉള്ള ഏതോ ഒരു ദിവസം, എന്തോ ഒരു കാര്യത്തിന്, ഞാന്‍ എങ്ങോട്ടോ എന്റെ കാര്‍ എടുത്ത് പോയി. ആ പോക്കിന് പ്രാധാന്യമില്ല. വരവാണ് കഥാനായകന്‍. അയ്യോ!!! അപ്പൊ നായകന്‍ ഞാനല്ലേ. ആ‍ാ‍ാ‍ാ ... നമുക്ക് കാര്യത്തിലേക്ക് കടക്കാം.

ഒരു വഴിക്ക് പോയി തിരിച്ച് വരുമ്പോള്‍ നമുക്ക് മൂത്രമൊഴിക്കാന്‍ മുട്ടുന്നത് പോലെയാണ് കാറിനും. പക്ഷെ കാറിന് ഇന്ധനം നിറയ്ക്കാനാണ് മുട്ടുന്നത്. നിന്ന് ഉറങ്ങുന്ന ഒരാള്‍ എങ്ങിനെ ചരിഞ്ഞ് ചരിഞ്ഞ് താഴെയെത്തും എന്നത് പോലെയാണ് ഇന്ധനോമീറ്റര്‍ E എന്ന അനിവാര്യതയിലേക്ക് കൂപ്പ്കുത്തുന്നത്. ഇനിയും താണാല്‍ വണ്ടി റോഡില്‍ കിടന്നുറങ്ങും എന്ന അവസ്ഥയില്‍ എത്തിയപ്പോള്‍ ഞാന്‍ ആദ്യം കണ്ട പെട്രോള്‍ പമ്പിലേക്ക് വണ്ടി കയറ്റി.

മാരുതി 800 ആയതിനാല്‍, വണ്ടി ഓഫ്ഫാക്കി താക്കോള്‍ പെട്രോളടികാരന് (വാക്ക് കൊള്ളാമല്ലോ ഗഡി) കൊടുത്ത് ഞാന്‍ എന്റെ ചിന്തകളിലേക്ക് ഓടി. മറ്റൊരു കാര്‍ ബ്രേക്ക് ഇടുന്നത് കേട്ടാണ് ഞാന്‍ ചിന്ത ഓഫാക്കിയത്. അയാല്‍ കുറച്ച് ദൂരെയായി അപ്പുറത്ത് എന്റെ അതേ അഗമനോദ്ദ്യേശ്യവുമായി വണ്ടി ഓഫാക്കി ഇരിക്കുന്നത് ഞാന്‍ കണ്ടു.

അതും ഒരു മാരുതി 800. അതിന്റേയും തേരാളി അകത്ത്, താക്കോല്‍ പുറത്ത്. അയാള്‍ പക്ഷെ വണ്ടിയുടെ ലൈറ്റ് കെടുത്തിയിട്ടുണ്ടായിരുന്നില്ല. ബൈക്ക് കഴിഞ്ഞാല്‍ ചക്രത്തിന്റെ എണ്ണംകൊണ്ട് മുകളിലേക്ക് ഉള്ള വണ്ടികള്‍ക്ക്, ലൈറ്റിടാന്‍ എഞ്ചിന്‍ ഓഫാക്കേണ്ടതില്ലല്ലോ.

എനിക്ക് സങ്കടം വന്നു. എന്ത് കൊണ്ട് മനുഷ്യര്‍ ഇത്രയ്ക്ക് നിരുത്തരവാദികളാകുന്നു. വണ്ടി നിര്‍ത്തിയിടുന്നതിനു മുന്‍പ് ലൈറ്റ് ഓഫ് ആക്കാന്‍ ഏതൊരു നല്ല ഡ്രൈവറും ശ്രദ്ധിക്കേണ്ടതല്ലേ? നിര്‍ത്തിയിട്ടിരിക്കുന്ന വണ്ടിക്ക് എന്തിന് ലൈറ്റ്? അത്രയും ബാറ്ററിയിലെ ചാര്‍ജ് കുറയില്ലേ? ബാറ്ററി ഡൌണ്‍ ആയാലുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് ഇവരെന്താണ് ഓര്‍ക്കാത്തത്? കാലിയായ ബാറ്ററി ചാര്‍ജ്ജ് ചെയ്യാന്‍ എന്തു മാത്രം സമയവും കാശും ചിലവാക്കണം. അത് കേടായിപ്പോയാലുള്ള ബുദ്ധിമുട്ടുകള്‍ പറയുകയും വേണ്ട. അത്രയും ഭാരം ഉള്ള സാധനം ഒന്ന് അഴിച്ച് വയ്ക്കാനോ പുതിയത് വാങ്ങിക്കൊണ്ട് വരാനോ നമ്മളെക്കൊണ്ട് സാധിക്കുമോ? ബാറ്ററി മെയിന്റെനസ് തന്നെ എന്ന് പുലിവാല് പിടിച്ച പരിപാടിയാണ്. ബാറ്ററി കളയുന്നതും പ്രശ്നം തന്നെ. ലെഡ് പോലെ എന്തെല്ലാം മാരകങ്ങളായ വിഷപദാര്‍ത്ഥങ്ങള്‍ ഉള്ള സാധനമാണ് അത്.

അതുമല്ല ആ ബല്‍ബ് ഇത്രയും നേരം കത്തിച്ച് വച്ചിരുന്നാല്‍ അതിന്റെ ആയുസ്സ് കുറയില്ലേ? നല്ലൊരു ഹാലൊജന്‍ ബള്‍ബിന് എന്ത് വിലയുള്ളതാണ്. പോരാണ് സ്റ്റ്‌റീറ്റ് ലൈറ്റ് പോലുമില്ലാത്ത ഒരു സ്ഥലത്ത് വച്ച് വണ്ടി ഓടിച്ച്കൊണ്ടിരിക്കുമ്പോള്‍ ബല്‍ബ് ഫ്യൂസ് ആയാല്‍ എന്ത് ചെയ്യും. അവനവന് ആപത്താണെന്ന് മാ‍ത്രമല്ല, മറ്റ് വണ്ടികള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അവര്‍ക്കും അപകടം പിണയും. ശ്ശൊ. മോശം, മോശം.

എന്റെ സാമൂഹികപ്രതിബദ്ധത ഉണര്‍ന്നു. ഇത് ഒരു വ്യക്തിയുടേയോ, ഒരു കാറിന്റേയോ പ്രശ്നമല്ല. ഒരു സമൂഹത്തിന്റെ പ്രശ്നമാണ്. പാഴായിപ്പോകുന്ന വൈദ്യുതിയുടേയും, മനുഷ്യപ്രയത്നത്തിന്റേയും അത് സൃഷ്ടിക്കുന്ന മറ്റ് പ്രത്യാഘാതങ്ങളുടേയും കൂടെ പ്രശ്നമാണ്. ഇത് ചോദിക്കാതെ വിടുന്നത് ശരിയല്ല. ഞാന്‍ എന്റെ അബോധമണ്ടലം വിട്ട് ബോധത്തിലേക്ക് വന്നു. കര്‍മ്മം ചെയ്യണം, തെറ്റ് ചെയ്യുന്ന ആളുകളെ നേര്‍വഴിക്ക് നടത്തണം.

“സര്‍”

പെട്രോള്‍പമ്പ് ജീവനക്കാരന്‍ വിളിച്ചപ്പോഴാണ് മനസ്സ് തിരിച്ച് കാറിലേക്ക് വന്നത്. പിറകില്‍ മറ്റ് വണ്ടികള്‍ ഹോണ്‍ അടിച്ച് തുടങ്ങിയിരിക്കുന്നു. കര്‍മ്മം ചെയ്യല്‍ പിന്നീടും ആകാം. വീണ്ടും പമ്പില്‍ കയറണമല്ലോ. അപ്പോഴാണ് പമ്പ് ജീവനക്കാരന്‍ തിരിച്ച് വന്ന് തോള‍ത്ത് തട്ടി എന്നോട് ആ ചോദ്യം ചോദിക്കുന്നത്.

സാറിന്റെ വണ്ടി ഓഫായിക്കിടക്കുകയല്ലേ. ലൈറ്റ് ഓഫ് ചെയ്തുകൂടായിരുന്നോ? ബാറ്ററി ചുമ്മാ കിട്ടുന്നതാണോ?

Tuesday, June 20, 2006

വഴിമാറിപ്പോയ ഒരു പാര്‍ട്ടി

നെറ്റ്വര്‍ക്കിക്ക് വിസ കിട്ടിയേ !!!

വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. ആക്ച്വലി ഈ കാട്ടുതീ പടരുന്നത് ഞാന്‍ കണ്ടിട്ടില്ല. അങ്ങിനെ ഒരു പഴഞ്ചൊല്ല് ഉള്ളത്, അവസരം കിട്ടിയപ്പോള്‍ പ്രയോഗിച്ചതാണ്.

നെറ്റ്വര്‍ക്കി എന്റെ സഹപാഠിയാണ്. കുറേയേറെ നാളുകളായി എന്റെ കൂടെ ബാംഗ്ലൂരില്‍ ഉണ്ട്. മറ്റൊരു ഓഫീസില്‍ ജോലി ചെയ്യുന്നു. ഇദ്ദേഹം എന്റെ കൂടെ പഠിക്കുന്ന സമയത്ത് മൂന്നാം സെമസ്റ്റര്‍ അല്‍ഗോരിതം പരീക്ഷയ്ക്ക്, നാലാം സെമസ്റ്ററിലെ നെറ്റ്വര്‍ക്കിങ്ങ്, പുസ്തകം മാറി പഠിച്ച് പരീക്ഷ എഴുതിയതില്‍പ്പിന്നെയാണ് ആ പുസ്തകത്തിന്റെ പേര്‍ പാവത്തിന് വീണ് കിട്ടിയത്. അല്‍ഗോരിതം ചോദ്യങ്ങള്‍ക്ക് കൃത്യമായി നെറ്റ്വര്‍ക്കിങ്ങ് ഉത്തരങ്ങള്‍ ടിയാന്‍ എഴുതിയെങ്കിലും വാഴ്സിറ്റി കനിഞ്ഞില്ല. അത് കൊണ്ട് അടുത്ത് സെമസ്റ്ററിന് നെറ്റ്വര്‍ക്കിങ്ങ് കൂടാതെ അല്‍ഗോരിതവും ടിയാന് പഠിക്കേണ്ടി വന്നു. രണ്ടാം അങ്കത്തിന് പരീക്ഷ പാസ്സായെങ്കിലും, നെറ്റ്വര്‍ക്കിങ്ങ് ഭൂതം പാവത്തിനെ പിരിഞ്ഞില്ല, പിന്നീടൊരിക്കലും.

പറഞ്ഞ്‌വന്നത് നെറ്റ്വര്‍ക്കിക്ക് വിസ കിട്ടിയ കാര്യം. മാഗസിനുകളിള്‍ കാണുന്ന പുതിയ കുറെ ഇലക്ട്രോണിക്ക് ഉല്‍പ്പന്നങ്ങള്‍ വാങ്ങുവാനും, എന്നും കൊതിച്ചിരുന്ന വിമാനയാത്ര നടത്തുവാനും, വിദേശികളുടെ തോളത്ത് കൈയിട്ട് നടക്കുവാനും, സര്‍വ്വോപരി ഇവിടെ തിരിച്ച് വന്ന് അവിടത്തെ വിശേഷങ്ങളും, അവിടുന്ന് സമ്പാദിച്ച് കാശും കൊണ്ട് ഷോ കാണിക്കാനും എല്ലാത്തിനുമായി അവന്‍ ഒരുപാട് ആഗ്രഹിച്ചതായിരുന്നു ഈ വിദേശയാത്ര. അതിതാ യാദാര്‍ത്ഥ്യമാകാന്‍ പോകുന്നു.

എല്ലാം പെട്ടെന്നായിരുന്നു. ഇന്നലെ ഉച്ച തിരിഞ്ഞാണ് അറിയിപ്പ് വന്നത്. നാളെ വൈകുന്നേരം ആണ് ഫ്ലൈറ്റ് . അവനും ഞങ്ങള്‍ക്കും ഒരുങ്ങാനും പ്ലാന്‍ ചെയ്യാനും ചുരുങ്ങിയ സമയം മാത്രം. ഇന്നലെ അവന്‍ ചില തിരക്കുകള്‍മൂലം വരാന്‍ വൈകി. പോരാണ്ട് ഒരു പാര്‍ട്ടി അറേഞ്ച് ചെയ്യാന്‍ ഞങ്ങള്‍ക്ക് സമയവും ഉണ്ടായിരുന്നില്ല. പക്ഷെ അത് നന്നായി. വൈകിയുള്ള അറിയിപ്പായതിനാല്‍ ക്ഷണിതാക്കള്‍ക്ക് വിശപ്പോമീറ്റര്‍ ലെവല്‍ നല്ലോണം താഴ്ത്താനുള്ള സമയവും ഉണ്ടായിരുന്നില്ല.

ഇന്നലെ വൈകുന്നേരം തൊട്ട് വിവരസാങ്കേതിക വിദ്യ പരമാവധി ഉപയോഗിച്ചുകൊണ്ടുള്ള ജീവിതമായിരുന്നു എന്റേത്. പരിപാടിയുടെ സംഘാടകനാകാന്‍ ഉള്ള അപേക്ഷാഫോറം ഞാന്‍ തന്നെ ഉണ്ടാക്കി, എനിക്ക് തന്നെ കൊടുത്ത്, ഞാന്‍ തന്നെ പൂരിപ്പിച്ച്, ഞാന്‍ തന്നെ ഫയലില്‍ സ്വീകരിച്ചു. അതിനാല്‍ ഇ-മെയില്‍, ഫോണ്‍, എസ്.എം.സ്. എന്നീ ഇലക്ടോണിക്ക് മാധ്യമങ്ങളില്‍ എന്റെ പ്രപഞ്ചം ഒതുങ്ങി. ബാംഗ്ലൂരില്‍ ഉള്ളവരെ എല്ലാവരേയും ഇന്നലെത്തന്നെ വിളിച്ച് ഇന്ന് വൈകുന്നേരമുള്ള പാര്‍ട്ടിക്ക് മുടങ്ങാതെ എത്താനുള്ള എല്ലാ നിര്‍ദ്ദേശങ്ങളും നല്‍കി. അങ്ങിനെ സന്തോഷത്തോടെ അവന്‍ ഞങ്ങളെ പിരിയണ്ട, കല്യാണം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് പോക്കുന്ന വധുവിനെപ്പോലെ പോയാല്‍ മതി എന്ന് ഉറപ്പാക്കാനുള്ള എല്ലാം ഞാന്‍ ചെയ്തു.

ഇവിടെ ഉള്ള ചിക്കന്‍ കൌണ്ടി എന്ന റെസ്റ്റോറന്റില്‍ പോകാം എന്ന് ഞാന്‍ മനസ്സില്‍ പ്രമേയം അവതരിപ്പിച്ച്, അവിടെത്തന്നെ വച്ച് പാസ്സാക്കി. ദേശികള്‍ക്ക് താങ്ങാനാകുന്ന മെനു അല്ല അവര്‍ വിശക്കുന്നവര്‍ക്ക് കൊടുക്കുന്നതെങ്കിലും വിദേശത്തേക്ക് പോകുന്ന ഒരാള്‍ക്ക് അത് താങ്ങാവുന്നതേയുള്ളൂ എന്നാണ് പറയപ്പെടുന്നത്. അവിടത്തെ ഒരു വലിയ ടേബിള്‍ തന്നെ വിളിച്ച് ഞാന്‍ ബുക്ക് ചെയ്തു. എന്തായാലും വിളിച്ചതല്ലേ എന്ന് വിചാരിച്ച് അവിടത്തെ വിഭവങ്ങളെക്കുറിച്ചും, അതിന്റെ വിലയെക്കുറിച്ചും ഒക്കെ വിശദമായി ചോദിക്കുകയും ചെയ്തു. നാളെ അത്താഴപ്പണിക്ക് പോകുന്ന എല്ലാവരുമായി ആ അറിവ് ഒരു വിക്കി ലേഖനം‌പോലെ വിശദീകരിച്ച് പറഞ്ഞ കൊടുത്ത്, അപ്രത്യക്ഷമാക്കേണ്ട വിഭഗങ്ങളെക്കുറിച്ചുള്ള ഒരു ഡ്രാഫ്റ്റ് പ്ലാന്‍ റെഡിയാക്കി. എല്ലാം കഴിഞ്ഞ് ജീവിതത്തിലെ ഒരു വലിയ ആഗ്രഹം സഫലീകരിച്ച സന്തോഷത്തില്‍ നാളെ എന്റെ വയറ്റിനുള്ളില്‍‍ നിന്ന് കൂവാനുള്ള കോഴികളുമായി സ്വപ്നത്തില്‍ ചാറ്റ് ചെയ്ത് സുഖസുഷുപ്തിയില്‍ ഏര്‍പെട്ടു.

കോഴികളുമായുള്ള സരസസംഭാഷണത്തിന് അറുതി വരുത്തിയത് എനിക്ക് അതിരാവിലെ വന്ന ഫോണ്‍കോളാണ്. ദേഷ്യത്തില്‍ ഫോണ്‍ എടുത്തപ്പോള്‍ മറുതലയ്ക്കല്‍ അമ്മ. എന്താ ഇന്നത്തെ പരിപാടികള്‍ എന്ന് അമ്മ ചോദിച്ചപ്പോള്‍, വരാനിരിക്കുന്ന സുന്ദരചിക്കണ്‍ദിനങ്ങളെ ഞാന്‍ വിവരിച്ച് കേള്‍പ്പിച്ചു. അമ്മ ഞെട്ടി. എടാ, ഇന്ന് നോണ്‍-വെജ് കഴിക്കാന്‍ പാടില്ല എന്ന് അമ്മ.

ഇതെന്തൊരന്യായം? ഞാന്‍ കഷ്ടപെട്ട്, ബുദ്ധിമുട്ടി, പാട്പെട്ട് ഒപ്പിച്ചതാണ് ഈ ഒരു പാര്‍ട്ടിയുടെ അവസരം. ചിക്കനല്ലാണ്ട് മറ്റൊന്നും കിട്ടാത്ത ഒരു ഹോട്ടലില്‍ ഞാന്‍ എല്ലാ അറേഞ്ച്മെന്റ്സും തയ്യാറാക്കിയിട്ട് ഇപ്പോള്‍ ഒന്നും കഴിക്കാന്‍ പാടില്ലെന്നോ? അരുത് മാതാശ്രീ, അങ്ങിനെ ഒരു പുത്രനോട് ഒരുക്കലും പറയരുത് .

ഞാന്‍ കരുതി ചിലപ്പോള്‍ കൃഷ്ണന്റേയോ, രാമന്റേയോ പിറന്നാളോ അല്ലെങ്കില്‍ ഹിന്ദുസംഘടനകള്‍ പുതിയതായി ഇറങ്ങിയ വല്ല വ്രതങ്ങളോ ആയിക്കും കാരണമെന്ന്. ചോദിക്കാതെ പറ്റില്ലല്ലോ. ഏത് ദൈവത്തിന്റെ ബര്‍ത്ത്ഡേ ആയാലും ഞാന്‍ ഇന്ന് ചിക്കണ്‍‍ കഴിക്കും, നാളെ ബിലേറ്റഡ് പിറനാള്‍ ആഘോഷിക്കാം എന്ന് ഞാന്‍. ഭക്ഷണം കൊതിച്ച്പോയ ഒരു വയറിനെ ദൈവത്തിന് മനസ്സിലാകാതിരിക്കുമോ? അമ്മ നയം വ്യക്തമാക്കണം. ഇന്ന് കലന്ററില്‍ ദിവസം ചുവപ്പിലല്ല എന്ന് ഞാന്‍ ആദ്യമേ ശ്രദ്ധിച്ചു. അമ്മ എന്നെ പറ്റിക്കണ്ട.

തായ്‌മൊഴി തുടര്‍ന്നു. “എടാ മണ്ടാ, ഇന്നത്തെ തിയതിയുടെ അടിയില്‍ കൂടെ നീ ഒന്ന് നോക്ക്. ഇന്ന് മിഥുനത്തിലെ രേവതി നാള്‍. ഇന്ന് നിന്റെ പിറന്നാള്‍.”

***

അതിന്‍പിന്നാലെ നടന്ന സംഭവങ്ങള്‍ ഊഹിക്കാന്‍ കഴിയാത്തവര്‍ക്ക്: ആ പാര്‍ട്ടി ഒരു സെന്റോഫ് പാര്‍ട്ടി എന്നത് മാറി ഒരു ബര്‍ത്ത്ഡേ പാര്‍ട്ടി ആയി മാറാന്‍ അധികനേരം വേണ്ടി വന്നില്ല. വിദേശത്ത് പോകുന്നതിന്റെ പാര്‍ട്ടി അവിടുന്ന് വന്നിട്ടും ആകാം, പിറന്നാള്‍ പാര്‍ട്ടി ഇന്ന് തന്നെ വേണം എന്ന് നെറ്റ്വര്‍ക്കി പറഞ്ഞതിനെ എതിര്‍ക്കാന്‍ ഇരുപതിനെതിരെ ഒറ്റയ്ക്കായ എന്റെ ദുര്‍ബലകണ്ഠത്തിന്‍ കഴിഞ്ഞില്ല. അതിനാല്‍ ഇന്ന് ഞാന്‍ കുഴിച്ച് കുഴിയില്‍ ഞാന്‍‍ തന്നെ അടക്കപ്പെടുന്നു. മണ്ണിടാന്‍ വന്ന ജനങ്ങള്‍ക്കും പെട്ടിക്കും മാറ്റമില്ല. അവര്‍ മുന്‍പേ ഉറപ്പിച്ച കാര്യപരിപാടികളും മെനുവുമായി മുന്നോട്ട് പോകുമെന്ന് സംയുക്തപ്രസ്ഥാവന ഇറക്കിക്കഴിഞ്ഞു. ഒരുപക്ഷെ ഈ മാസം അവസാനിപ്പിക്കാന്‍ എനിക്ക് നല്ലവരായ എന്റെ സുഹൃത്തുക്കളുടെ ഉദാരമായ സംഭാവന ആവശ്യമായി വന്നേക്കാം. പ്രത്യേക ശ്രദ്ധയ്ക്ക്, ഇതൊരു ഭീഷണിയല്ല, ഒരു മുന്നറിയിപ്പ് മാത്രം. എന്നെ ചാറ്റില്‍ ചേര്‍ത്തിട്ടുള്ളവര്‍ എന്റെ ഐഡി ബ്ലോക്ക് ചെയ്യരുതെന്ന് അപേക്ഷ. അല്ലേലും സ്നേഹമല്ലേ എല്ലാത്തിലും വലുത് ...

Tuesday, June 13, 2006

ബന്ദെന്ന മണ്ടത്തരം

വേള്‍ഡ്‌ഫേമസ് ഇന്‍ ഇന്ത്യ എന്നൊരു തമാശ പണ്ട് ചിലര്‍ പറയാറുണ്ടായിരുന്നു. അതുപോലെ ഒരു തമാശ ആകുന്നു ഭാരത്ബന്ദ് ഇന്‍ കേരള എന്ന് പറയുന്നത്. കേരളത്തിനകത്തുള്ളവര്‍ക്ക് അത് ഭാരത്ബന്ദും കേരളത്തിന് പുറത്തുള്ളവര്‍ക്ക് അത് കേരളാബന്ദും ആകുന്നു എന്ന് ഈ തമാശയുടെ പൊരുള്‍. ഇതിപ്പൊ വിളിച്ച് പറയാന്‍ കാരണം?

ഇന്ന് ജുണ്‍ 13. കേരളത്തില്‍ ഇന്ന് ഭാരത്ബന്ദ്. അതെന്താ ഈ ബന്ദ് കേരളത്തില്‍ മാത്രം എന്ന് ചോദ്യം വരാം. വേറെ എവിടെയാ ബന്ദ് കൊണ്ടാടുന്നതെന്ന് ഞാന്‍ മറുചോദ്യം ചോദിക്കും. ബംഗാളിലും ഇത് ആഘോഷിക്കാറുണ്ടെന്ന് കേട്ടു. വേറെ ഒരു നാട്ടിലും ഈ പ്രാകൃതമായ പ്രതികരണമുറ ഇന്നും ആരെങ്കിലും ഉപയോഗിക്കുന്നുണ്ടെന്ന് വിചാരിക്കുക വയ്യ.

അതിലും വലിയ തമാശ ഈ ബന്ദ് എന്തിനുള്ളതാണെന്നുള്ളതാണ്. അടുത്തിടെ കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വിലകൂട്ടിയതില്‍ പ്രതിഷേധിച്ചാണ് ഈ ബന്ദ്. കോണ്‍ഗ്രസ്സ് ഈ വിലകൂട്ടലിനായി മാസങ്ങളായി കാത്തിരിക്കുകയായിരുന്നു എന്നാണറിവ്. പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്ന കാരണമാ‍യിരുന്നു ഈ വിലവര്‍ദ്ധന ഇത് വരെ നീണ്ടത്. ഇത് ഒരു പരസ്യമായ രഹസ്യമായിരുന്നെങ്കിലും ആരും ഒന്നു മിണ്ടിയില്ല ഇത് വരെ. അത് ആരെ മണ്ടനാക്കാനായിരുന്നോ എന്തോ.

പെട്രോളിയത്തിന് ബാരലിന് പത്തും ഇരുപതും വച്ചാ കേറുന്നത് വിദേശവിപണിയില്‍. എന്നാല്‍ ഇന്ത്യയില്‍ അതിനനുപാധികമായി വിലവര്‍ദ്ധനവ് ഉണ്ടാകുന്നുമില്ല. ബാക്കി വരുന്ന നഷ്ടം സര്‍ക്കാരാണ് സഹിക്കുന്നത്. സര്‍ക്കാര്‍ എന്ന് പറയുന്നത് കോണ്‍ഗ്രസ്സ് പാര്‍ട്ടിയല്ല എന്നോര്‍ക്കണം. അവര്‍ക്ക് ഒരു നഷ്ടവും വരുന്നില്ല. നഷ്ടവും ലാഭവും എന്തുണ്ടെങ്കിലും അത് അവരെ തിരഞ്ഞെടുത്തയക്കുന്ന ജനങ്ങള്‍ക്ക് മാത്രം.

ഈ പെട്രോള്‍, സംസ്കരണം കഴിഞ്ഞ് വിപണിയില്‍ വരുമ്പോള്‍ വില ഇരട്ടിയും അതിലേറെയും ആകുമെന്നാണ് പ്രതിഷേധക്കാരുടെ വാദം. ഒരു റിഫൈനറിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ലിറ്ററിന് ഇരുപത് രൂപയില്‍ താഴെ മാത്രം വരുന്ന പെട്രോളിന്റെ വില‍, വിപണിയില്‍ ലഭ്യമാകുമ്പോള്‍ അന്‍പത് രൂപയോളം ആയി വര്‍ദ്ധിക്കുന്നു. ബാക്കി ഉള്ള തുക കേന്ദ്രസര്‍ക്കാരും, സംസ്ഥാനസര്‍ക്കാരും ചേര്‍ന്ന് പങ്കിട്ടെടുക്കുന്നു. ഇതില്‍ ഏറിയ പങ്കും കേന്ദ്രസര്‍ക്കാരിന്റെ പോക്കറ്റിലേക്ക് തന്നെ പോകുന്നു.

ഈ തുക നികുതി എന്ന പേരിലാണ് പിരിച്ചെടുക്കുന്നത്. ഇത് കുറച്ചാല്‍ പെട്രോളിന്റെ വില കുറയ്ക്കാം എന്നാണ് പ്രതിഷേധക്കാരുടെ വാദം. എന്നിട്ടോ? അപ്പോള്‍ ഉണ്ടാകുന്ന വരുമാനക്കമ്മി എങ്ങിനെ നികത്തും എന്നതിന് മറുപടി എവിടെ? കൂടുതലായി കിട്ടുന്ന പണം വേണ്ട എന്ന് വയ്ക്കണമെങ്കില്‍ സര്‍ക്കാരായാലും ഒരു വ്യക്തി ആയാലും, ഒന്നുകില്‍ ഭൌതികസുഖങ്ങളില്‍ താല്പര്യമില്ലാത്തവരായിരിക്കണം, അല്ലെങ്കില്‍ മണ്ടന്മാരായിരിക്കണം.

ഈ പണം വെറുതേ പോക്കറ്റിലിട്ട് സുഖിക്കാനല്ല പിരിച്ചെടുക്കുന്നത് എന്ന വിചാരം ആര്‍ക്കുമില്ല. ഈ അടുത്താണ് കേന്ദ്രസംഘം കേരളത്തില്‍ വന്ന് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ പ്രശ്നം പഠിച്ചിട്ട് പോയത്. ഇനി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനസര്‍ക്കാരിന് കോടികള്‍ ദാനമായി നല്‍കുകയും ചെയ്യും. ഈ പണം എവിടുന്ന് വരുന്നതാണെന്നാ‍ വിചാരം? പോരാണ്ട് മഴ പെയ്യുമ്പൊ പ്രളയദുരിതാശ്വാസമെന്നും, മഴ പെയ്യാണ്ടിരിക്കുമ്പൊ വരള്‍ച്ചാദുരിതാശ്വാസമെന്നും, അല്ലാത്തപ്പോള്‍ ജെനറല്‍ദുരിതാശ്വാസമെന്നും പറഞ്ഞ്പോയി കേന്ദ്രത്തിന്റെ വാതിലില്‍ മുട്ടുന്നില്ലേ, അപ്പൊ കിട്ടുന്ന കാശും എവിടുന്ന് വരുന്നതാണെന്നാ വിചാരം?

ഇതെല്ലാം പലകാരണങ്ങള്‍ പറഞ്ഞ് പിരിച്ചെടുക്കുന്ന നികുതിയാണ്. നികുതി പിരിക്കാന്‍ പാടില്ല എന്ന് പറയുന്നവര്‍, ഈ നികുതി പിരിച്ച കാശ് തിരിച്ച് മറ്റ് വഴികളില്‍ തിരിച്ച് കിട്ടുമ്പൊ അത് വേണ്ട എന്ന് പറയാനുമുള്ള സദാചാരബോധം കാണിക്കാന്‍ ബാധ്യസ്ഥരാണ്. അതല്ലെങ്കില്‍ അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെങ്കിലും ആ നികുതി വേണ്ട എന്ന് വയ്ക്കാന്‍ ചങ്കുറ്റം കാണിക്കണം. ചുരുങ്ങിയപക്ഷം മറ്റുള്ളപാര്‍ട്ടികള്‍ പ്രതിഷേധിക്കുന്ന അന്ന് തന്നെ പ്രതിഷേധിച്ച് തുടരെ തുടരെ രണ്ട് ബന്ദിന്റെ ക്ലേശം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാതിരിക്കാനെങ്കിലുമുള്ള മാന്യത കാണിക്കേണ്ടതായിരുന്നു.

ഈ പറയുന്ന പാര്‍ട്ടികളോ അണികളോ നികുതി കൃത്യമായി അടയ്ക്കുന്നുണ്ടോ എന്ന അന്വേഷിച്ചാല്‍ ചിത്രം പൂര്‍ണ്ണമാകുന്നതാണ്. ഞാനടക്കം ആരും നികുതി കൃത്യമായി അടയ്ക്കുന്നില്ല എന്ന് കണ്ണടച്ച് തന്നെ പറയാവുന്നതേയുള്ളൂ. അങ്ങോട്ട് കൃത്യമായി കൊടുക്കാനും വയ്യാ, ഇങ്ങൊട്ട് കിട്ടുന്നത് കൃത്യമായി കിട്ടുകയും വേണം എന്ന് പറയുന്നത് എങ്ങിനെ ന്യായമാകും? നമ്മളില്‍ എത്രപേര്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ബില്ല് ചോദിച്ച് വാങ്ങുന്നുണ്ട്? ഇവിടെ നിന്നെല്ലാം സര്‍ക്കാരിന് ഭീമമായ വരുമാനനഷ്ടമാണുണ്ടാകുന്നത്. ഉറപ്പായിട്ടും പിരിച്ചെടുക്കാന്‍ പറ്റുന്ന ഒരു ഉപഭോഗവസ്തുവേ ഉള്ളൂ. അതെ പെട്രോളാണ്. മദ്യത്തിന്റെ പേരില്‍ പോലും വ്യാപകമായ നികുതി വെട്ടിപ്പ് നടക്കുന്നുണ്ട്. അങ്ങിനെയുള്ള ഈ പെട്രോളിലുള്ള നികുതിയും മുട്ടിക്കാന്‍ നടക്കുന്നവരോട് എന്താണ് പറയുക. ഈ മണ്ടത്തരം അവര്‍ ബോധപൂര്‍വ്വം ചെയ്യുന്നതോ അതോ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ചെയ്യുന്നതോ എന്ന് നമ്മള്‍ ആലോചിക്കേണ്ടതാണ്.

ഇന്ന് ബന്ദ് നടത്തുന്ന ഇടതുപക്ഷകക്ഷികള്‍ കേന്ദ്രസര്‍ക്കാരിന്റെ തന്നെ ഭാഗമാണെന്നത് മറ്റൊരു തമാശ. എന്നിട്ടും എന്തിനീ പ്രതിഷേധം ഇപ്പോള്‍? അല്ല, പറഞ്ഞ വരുമ്പോ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയഗാന്ധിയടക്കമുള്ള തലമുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ ഈ വര്‍ദ്ധനവിനെ അപലപിച്ചിട്ടുണ്ട്. കേട്ടാല്‍ തോന്നും പെട്രോളിയം മന്ത്രി സ്വന്തം ഇഷ്ടപ്രകാരം വിലകൂട്ടിയതാണെന്ന്. ഈ രാജ്യത്തിലെ മുഴുവന്‍ ജനങ്ങളേയും ഇങ്ങനെ മണ്ടന്മാരാക്കുന്നത് കണ്ട് വെറുതേയിരിക്കാനാണ് കഴുത എന്ന് വിളിക്കുന്ന പൊതുജനത്തിന് ആകെ കഴിയുന്നത്.

പെട്രോളിയം വിലവര്‍ധനവിന് മുന്‍പ് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ പല തവണ ഇടത്പക്ഷ കക്ഷികളോട് ഇതിനെപ്പറ്റി ചര്‍ച്ച നടത്തിയതാണ്. അന്നും അവര്‍ ഇതിനെ എതിര്‍ക്കുകയും, വിലവര്‍ധനവ് തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ പരസ്യമായി പറയുകയും ചെയ്തതാണ്. എന്നിട്ടും കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ വില കൂട്ടി. മനുഷ്യന്മാരുടെ ഇടയിലാണ് ഇങ്ങനെ നടന്നതെങ്കില്‍ അവര്‍ തമ്മിലാണ് വഴക്കുണ്ടാകുക. എന്നാല്‍ ഇവര്‍ രാഷ്രീയപാര്‍ട്ടികളായതിനാല്‍ തമ്മില്‍ തല്ല് കൂടിയില്ല. പകരം വേറുതേയിരിക്കുന്ന ജനങ്ങളുടെ തലയില്‍ കുതിര കേറി. എന്ത് കൊണ്ട് പ്രതിഷേധിക്കുന്ന ഈ കക്ഷികള്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍‌വലിച്ചില്ല എന്നത് ആലോചിക്കാതെ നമ്മള്‍ നാട്ടുകാര്‍ അന്ന് വീട്ടിലിരുന്ന് തിന്നും ഉറങ്ങിയും കഴിച്ചുകൂട്ടി.

മലയാള മനോരമ പറയുന്നത് ശരിയാണെങ്കില്‍ പെട്രോള്‍ വിലവര്‍ധനവ് പ്രഖ്യാപിക്കുന്നതിന് തൊട്ട് മുന്‍പ് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഇടത് കക്ഷികളെ ഒരു ചര്‍ച്ചയ്ക്ക് വിളിച്ചതാണ്. കോണ്‍ഗ്രസ്സ് വിചാരിച്ചത് ഇവരും കൂടി സംയുക്തമായി വര്‍ദ്ധനവ് പ്രഖ്യാപിച്ചാല്‍ പ്രതിഷേധം ഒരു പരിധി വരെയെങ്കിലും കുറയ്ക്കാം എന്ന്. എന്നാല്‍ ഇത് മുന്‍‌കൂട്ടികണ്ട അവര്‍ ആ ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയും, വിലവര്‍ധനവിന് മൌനാനുവാദം നല്‍കുകയും ചെയ്തു. എന്നിട്ട് വില വര്‍ധിപ്പിച്ചുകഴിയുമ്പോള്‍ പ്രതിഷേധിക്കുന്നത് ഒരു തരം ഇരട്ടത്താപ്പല്ലേ? അല്ല, ഇനി പ്രതിഷേധിക്കണമെന്ന് വാശിയാണെങ്കില്‍ എത് എല്ലാവരും കൂടെ ഒരു ദിവസം ചെയ്തുകൂടെ? എന്തിന്‍ ഒരേ ആവശ്യത്തിന് രണ്ട് ദിവസം ബന്ദ് നടത്തി? എന്ത് പ്രതീക്ഷയില്‍? ആരെ തോല്‍പ്പിക്കാന്‍? എന്നിട്ട് എന്ത് നേടി? ഇതിനൊക്കെ മറുപടി പറയുന്നതാവും മണ്ടത്തരം എന്നറിയാവുന്നത് കൊണ്ട് അവര്‍ അതിന് മുതിരില്ല, നമ്മളതൊട്ട് ആഗ്രഹിക്കുന്നുമില്ല.

കേരളത്തില്‍ മാത്രം ഈ ബന്ദെന്ന ആഭാസം ഒരു വന്‍വിജയമാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു. കഴിഞ്ഞ ഒന്‍പതാംതിയതി പ്രതിപക്ഷം നടത്തിയ ബന്ദും നമ്മുടെ നാട്ടില്‍ ഒരു വന്‍വിജയം ആയിരുന്നു. എനിക്ക് തോന്നുന്നു, വെറുതേ ഒരു ദിവസം വീട്ടില്‍ ഇരിക്കാന്‍ കിട്ടുന്ന അവസരം ഇഷ്ടപ്പെടുന്നവരാണ് മലയാളികള്‍ എന്നാണ്. കേന്ദ്രത്തിലെ പ്രതിപക്ഷം അധികാരത്തിലിക്കുന്ന കര്‍ണാടകയില്‍ ബന്ദ് ഉണ്ടായില്ല. എന്നാല്‍ കേരളത്തില്‍ സംസ്ഥാനത്തോ, കേന്ദ്രത്തിലോ ഒരു മന്ത്രിയെപ്പോലും കൊടുക്കാന്‍ പറ്റാത്ത അതേ പാര്‍ട്ടി, അവിടെ അവിശ്വസാനീയമാം വിധം ആ ബന്ദ് വിജയിപ്പിച്ചു.

ഇവിടെ ആരാണ് മണ്ടന്മാര്‍. മണ്ടത്തരം വിളിച്ച് പറയുന്ന ഈ രാഷ്രീയപാര്‍ട്ടികളാണോ? അല്ലേയല്ല. അതെല്ലാം വിശ്വസിച്ച് വീണ്ടും വീണ്ടും അവര്‍ക്ക് വോട്ട് കൊടുക്കുന്ന, അവരുടെ കൊടി പിടിക്കുന്ന സാമാന്യജനം തന്നെ. ഇന്ന് ഞാന്‍ കേരളത്തിന് വെളിയിലായതിനാല്‍ ഇത്രയും കാലം ഞാന്‍ കേട്ട് തഴമ്പിച്ച ആ വിളി അവരെ വിളിക്കട്ടേ. മണ്ടന്മാരേ ... കഷ്ടം തന്നെ നിങ്ങളുടെ കാര്യം.

ഇനി ഒരു പഴയ തമാശ. ബന്ദിനെക്കുറിച്ച് ഒരു പത്ത് വാക്കുകള്‍ എഴുതാന്‍ പറഞ്ഞാല്‍ എങ്ങിനെ എഴുതാം?

ബന്ദ് കേരളത്തിന്റെ ദേശീയോത്സവമാണ്. കേരളത്തിലെ ജനങ്ങള്‍ സമയം കിട്ടുമ്പോഴെല്ലാം ഒരു കാരണവും കൂടാതെ അതാഘോഷിക്കുന്നു. ആണുങ്ങള്‍ ഭക്ഷണം കഴിച്ചും, പലവിധ കളികളില്‍ ഏര്‍പ്പെട്ടും സമയം കഴിക്കുന്നു. പെണ്ണുങ്ങള്‍ സീരിയല്‍ കണ്ടും, ഫോണില്‍ക്കൂടി പരദൂഷണം പറഞ്ഞും സന്തോഷം കൊള്ളുന്നു. ചിലര്‍ അന്നേദിവസം തെരുവിലിറങ്ങി കല്ലൂകള്‍ പെറുക്കി റോഡിലിട്ടും, വല്ലപ്പോഴും അതു വഴി വരുന്ന വണ്ടികളില്‍ കല്ലെറിഞ്ഞും ആഹ്ലാദിക്കുന്നു. ആശുപത്രിയില്‍ പോകേണ്ടവര്‍, അന്നെ ദിവസം വിദേശരാജ്യങ്ങളിലെക്ക് പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍, അന്ന് വിവാഹങ്ങളില്‍ പങ്കെടുക്കേണ്ടവര്‍, ആറ്റ് നോറ്റ് കിട്ടിയ അവധിയില്‍ നാടിലെത്തിയിട്ട് പുറത്ത്പോകാന്‍ കഴിയാത്ത പ്രവാസികള്‍ എന്നിവര്‍ കലികാലം, ദൈവം, വിധി തുടങ്ങി ബന്ദ് ആഹ്വാനം ചെയ്യാത്ത ആളുകളെവരെ പ്രാകി മനസ്സിന് ആശ്വാസം കണ്ടെത്തുന്നു. ഇതിനൊക്കെ ആഹ്വാനം ചെയ്ത രാഷ്രീയപാര്‍ട്ടികള്‍, അന്നെ ദിവസം, ബസ്സ്സ്റ്റാന്റിലും റെയില്‍‌വേ സ്റ്റേഷനിലും കുടുങ്ങുന്ന നാട്ടുകാരുടെ കണക്കെടുത്ത് വിജയശതമാനം കണക്ക്കൂട്ടുന്നു. അവസാനം എന്തിനോ വേണ്ടി, ഒരു കാര്യസാധ്യപ്രതീക്ഷയുമില്ലാതെ നടത്തിയ ബന്ദാഘോഷത്തിനെ അന്നേ ദിവസം തന്നെ മറന്ന് കൊണ്ട് അടുത്ത ആഘോഷത്തിനായി ജനം കാതോര്‍ക്കുന്നതോടുകൂടി ഈ അഘോഷം സമാപിക്കുന്നു.

Monday, June 12, 2006

തെങ്ങിന്‍പൂക്കുലാദിവിവാഹഫോട്ടോ

ഇക്കഴിഞ്ഞ വ്യാഴാഴ്ച, അതായത് ജൂണ്‍ 8-ന് എന്റെ കസിന്‍ ഡോ.ശ്രീനാഥും ഡോ.വിനീതയും ഗുരുവായൂരപ്പന്റെ നടയില്‍ വച്ച് വിവാഹിതരായി. ബാച്ചിലേഴ്സ് ലിസ്റ്റില്‍ ഏറ്റവും മുകളില്‍ ഉണ്ടായിരുന്ന ശ്രീനാഥ് ആ ലിസ്റ്റില്‍ നിന്ന് മാറി വിവാഹിതരുടെ പാര്‍ട്ടിയില്‍ ചേര്‍ന്നപ്പോള്‍, സീനിയോരിറ്റി കൊണ്ട് ബാച്ചിലേഴ്സ് ലിസ്റ്റിന്റെ മുകളില്‍ എത്തിയ ഞാന്‍ ഗുരുവായൂരപ്പന്റെ നടയിലും പരിസരപ്രദേശത്തും പ്രാഞ്ചി നടന്നെങ്കിലും ആശാവഹമായ ഒരു പുരോഗതിയും ഉണ്ടായില്ല. കയ്യില്‍ ഒരു ക്യാമറ കൊണ്ട് നടന്നിട്ടും, വീണ്ടും വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു മുഖവും എനിക്കതില്‍ പകര്‍ത്താനായില്ല. കുമാര്‍, തുളസി, വക്കാരി എന്നീ ബ്ലോഗ്കാവിലപ്പന്മാരെ മനസ്സില്‍ ധ്യാനിച്ചും നേര്‍ച്ചകള്‍ നേര്‍ന്ന് കൊണ്ടും ഞാന്‍ പകര്‍ത്തിയ തെങ്ങ്, കുളം, പൂക്കള്‍, ആകാശം, കിണര്‍, വഴിയോരം, ... എന്നിവയൊന്നും ക്യാമറയില്‍ നേരാംവണ്ണം പതിഞ്ഞുമില്ല. കല്യാണത്തിനു മുന്‍പെടുത്ത വധൂവരന്മാരുടെ ചിത്രം ദേ ഇങ്ങനെയും ആയി.



ഇതില്‍ വധു എവിടെ വരന്‍ എവിടെ എന്ന് ആര്‍ക്കും സംശയം തോന്നാം. ആ തെങ്ങിന്‍പൂക്കുലയുടെ ഇടയില്‍കൂടെ നോക്കിയാല്‍ രണ്ട് പേരെയും കാണാവുന്നതാണ്‌. വലത് വശത്ത് കാണുന്നത് വധുവും ഇടത് വശത്ത് കാണുന്നത് വരനും.

അവിടെമുഴുവന്‍ ഒരു ഡിജിറ്റല്‍ ക്യാമറ കൊണ്ട് ഷോ കാണിച്ച് നടന്ന എന്നില്‍ അവര്‍ക്ക് വളരെയേറെ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. കല്യാണശേഷം സ്റ്റുഡിയോക്കാര്‍ ഫോട്ടോകള്‍ തരാന്‍ താമസിക്കുമെന്നതിനാല്‍, വരനും വധുവുമടക്കം സകല ബന്ധുമിത്രാധികളും എന്റെ ചിത്രങ്ങള്‍ക്കായി പിറ്റേ ദിവസം മുതല്‍ വിളി തുടങ്ങി. ഈ ചിത്രം കണ്ട അവരുടെ മുഃഖഭാവവും, വികാരവും, എന്റെ അവസ്ഥയും ഇവിടെ പ്രത്യേകമായി വിവരിക്കേണ്ടല്ലോ. നാട്ടില്‍ ഞാനുണ്ടായിരുന്ന ശിഷ്ഠ ദിനങ്ങള്‍, വസൂരി വന്ന ഒരു രോഗിയെപ്പോലെ കഴിയേണ്ടി വരുന്നത് വരെ എത്തി കാര്യങ്ങള്‍. ഒരു ഫോട്ടോ വരുത്തിയ വിനയേ. ഈ പരിപാടി നമുക്ക് പറ്റിയതല്ല.

Tuesday, June 06, 2006

അല്ല, ആരാ ഈ മുല്ലപ്പൂ?

മുല്ലപ്പൂവിന്റെ പോസ്റ്റില്‍ ഞാന്‍ കാണിച്ച മണ്ടത്തരം കണ്ട് എന്നോട് നേരിട്ട് പ്രതികരിച്ചവര്‍ ധാരാളം. ഭീഷണി, കളിയാക്കല്‍, പുച്ഛം, എന്നീ വികാരങ്ങള്‍ അണ പൊട്ടി ഒഴുകുകയായിരുന്നു എന്റെ പരശതം ചാറ്റ് വിന്‍ഡോകളില്‍ . മുല്ലപ്പൂവിന്റെ ബ്ലോഗ് കുളമാക്കാന്‍ നീ ആരാടാ എന്നും ചോദിച്ചവരും ഇല്ലാതില്ല. അതിന്റെ ഇടയ്ക്ക് കേറി ചിലര്‍ അസ്സലായി മുതലാക്കുകയും ചെയ്തു എന്നും ഇക്കൂട്ടത്തില്‍ പറയണമല്ലോ. സംഭവം കണ്ട് അവസരോചിതമായി ഉയര്‍ന്ന് എന്നിലെ മണ്ടത്തരം ശരിക്കും ആസ്വദിച്ചു ഇക്കൂട്ടത്തില്‍ നമ്മുടെ തോന്ന്യാക്ഷരക്കുമാര്‍. പേടി, കൌതുകം, കൊതി, തമാശ, ചമ്മല്‍ എന്നീ വികാരങ്ങള്‍ ഞൊടിയിട കൊണ്ട് മാറിമറിഞ്ഞ ആ ചാറ്റ് വിശേഷം പൊതുജനതാല്പര്യപ്രകാരം ഇവിടെ കൊടുക്കുന്നു.

നടന്ന ചാറ്റില്‍ ഒരു തരി പോലും മാറ്റരുതെന്ന കര്‍ശന നിര്‍ദ്ദേശമുള്ളതിനാല്‍ ഈ പോസ്റ്റ് തീര്‍ത്തും സത്യാമായി സംഭവിച്ച ഒന്നാണ്. കുമാറേട്ടന്റേയും ഇബ്രുവിന്റേയും കയ്യില്‍ ഇതിന്റെ കോപ്പി ഉള്ളതിനാല്‍ ഞാന്‍ ഇത് എനിക്കനുകൂലമായി തിരിക്കാന്‍ ശ്രമിക്കുന്നില്ല. ആ മണ്ടത്തരം ന്യായീകരിക്കാന്‍ ഞാന്‍ വേറെ പോസ്റ്റ് ഇടേണ്ടീ വരും ചിലപ്പോള്‍.

കൂട്ടത്തില്‍ ഒന്ന് കൂടി പറയട്ടെ. ചാറ്റ് മലയാളം, ഇംഗ്ലീഷ്, മംഗ്ലീഷ്, ഇംഗ്ലാളം എന്നീ ഭാഷകളില്‍ ആയത് കൊണ്ട് മുഴുവനായും എനിക്കിത് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യേണ്ടി വന്നു. ഇടയ്ക്ക് എന്തെങ്കിലും നഷ്ടപ്പെടുകയോ കൂടുതല്‍ ആയി വരികയോ ചെയ്താല്‍ അതെന്റെ കുറ്റമല്ല എന്ന് ഇവിടെ ഒരു ഡിസ്ക്ലൈമര്‍ ഞാന്‍ ആദ്യമേ ഇടുന്നു. കുമാറേട്ട, ഇബ്രൂ, ക്ഷമിക്കണം, എനിക്ക് എന്റെ മാനവും നോക്കണ്ടേ !

ഞാന്‍: കുമാറേട്ടാ, മുല്ലപ്പൂ കാണിച്ച മണ്ടത്തരം കണ്ടോ?
കുമാര്‍: ഇല്ലല്ലോ, എവിടെ?
ഞാന്‍: ഇതാ ലിങ്ക് - http://mullappoo.blogspot.com/2006/05/blog-post_31.html
കുമാര്‍: എനിക്കൊന്നും മന‍സ്സിലായില്ല. ഇതിലെന്താ ഒരു തമാശ?
ഞാന്‍: ബുദ്ധി ഉപയോഗിക്കണം മനസ്സിലാവാന്‍.
കുമാര്‍: അപ്പോള്‍പ്പിന്നെ എനിക്ക് മനസ്സിലാവില്ല.
ഞാന്‍: എന്നാല്‍ ഞാന്‍ പറഞ്ഞ് തരാം. മുല്ലപ്പൂവിന് ബ്ലോഗ്‌റോളിങ്ങ് വലത് വശത്ത് ഇടണം എന്ന് പറഞ്ഞു. ഞാന്‍ കോഡ് കാണിച്ച് കൊടുത്തു. മുല്ലപ്പൂ എവിടെയോ കൊണ്ടിട്ടു, അങ്ങിനെ ടെമ്പ്ലേറ്റ് ആകെ കുളമായി. ഞാനും വക്കാരിയും അത് കണ്ട് ചിരിയോ ചിരി.
കുമാര്‍: ഹ്‌മ്‌മ്.. എന്നിട്ട് എന്തരായി പയലേ?
ഞാന്‍: എന്നിട്ട് ശനിയന്‍ അത് ശരിയാക്കിക്കൊടുത്തു. ഇപ്പൊ ടെമ്പ്ലേറ്റ് ഓക്കെ ആയി. മുന്‍പു കാണേണ്ടതായിരുന്നു. മുകളിലും താഴെയും സൈഡിലും ഒക്കെ ബ്ലോഗുകളുടെ ലിങ്ക്സ്. ചിരിച്ച് മരിച്ചു.
കുമാര്‍: ഇതിലെന്ത് തമാശ? അങ്ങിനെ ചിരിച്ച് മരിക്കാന്‍?
ഞാന്‍: അന്ന് കാണണമായിരുന്നു മുല്ലപ്പൂവിന്റെ ബ്ലോഗ്.
കുമാര്‍: ആരെന്നറിയുമോ ഈ മുല്ലപ്പൂ?
ഞാന്‍: ഇല്ല, ആരാ ഈ മുല്ലപ്പൂ?
കുമാര്‍: അപ്പോള്‍ അറിയില്ല അല്ലേ?
ഞാന്‍: ഇത് വരെ ഇല്ല. കുമാരേട്ടന്‍ പറഞ്ഞ് തന്നിട്ട് വേണം മനസ്സിലാക്കാന്‍.
കുമാര്‍: എന്നാല്‍ വായ അടച്ച് മിണ്ടാതിരുന്നോ. അതാ ഇപ്പൊ നല്ലത്. സസ്പെന്‍സ് ഇരുന്നോട്ടെ.
ഞാന്‍: എനിക്ക് പ്രചോദമായി. ഇനി മുല്ലപ്പുവിന്റെ അടിച്ച് മടക്കി കയ്യില്‍ കൊടുത്തില്ലെങ്കില്‍ നോക്കിക്കോ.
കുമാര്‍: നീ അടി മേടിക്കാതെ നോക്കിക്കോ. ഇത് വരെ മനസ്സിലായില്ലേ മുല്ലപ്പൂവിനെ? ശരിക്കും?
ഞാന്‍: എനിക്കറിയില്ല. ആരാന്ന് പറ ചേട്ടാ
കുമാര്‍: പുറത്ത് പറയുവോ? സത്യം?
ഞാന്‍: പറയില്ല. ഞാന്‍ ഗ്യാരന്റി. പറ.
കുമാര്‍: ഓക്കെ. ഞാന്‍ വിശ്വസിക്കുന്നു. എന്ത് പ്രശ്നം ഉണ്ടായാലും പുറത്ത് പറയരുത് എന്റെ പേര്‍. ഞാന്‍ കുടുങ്ങും.
ഞാന്‍: ഞാന്‍ ഭയങ്കര ആത്മബലം ഉള്ളവനാ. ആരോടും പറയൂല. ആരാന്ന് പറ ചക്കരേ.
കുമാര്‍: പോയി പഞ്ചാര അടിക്കരുത്. എനിക്കാ അതിന്റെ നാണക്കേട്.
ഞാന്‍: ഇല്ല. കുമാറേട്ടന്‍ പറ.
കുമാര്‍: എന്നാലും എനിക്കൊരു ധൈര്യക്കുറവ്.
ഞാന്‍: ആട്ടെ. ഈ മുല്ലപ്പൂ എങ്ങിനെ കാണാ‍ന്‍? അതെങ്കിലും പറ.
കുമാര്‍: കാണാനൊക്കെ നല്ല ഭംഗി ഉണ്ട്.
ഞാന്‍: എന്നാല്‍ പറഞ്ഞേ ഒക്കൂ. വേഗം പറ.
കുമാര്‍: നിന്നെ വിശ്വസിക്കാ‍മോ?
ഞാന്‍: ഉവ്വെന്നേ. ശ്ശൊ. എത്ര തവണ ധൈര്യം തരണം.
കുമാര്‍: ഓക്കെ. മുല്ലപ്പൂ എന്ന് പറയുന്നത് നല്ല ഭംഗിയുള്ള, ഒരു തരം വെളുത്ത പൂവ് ആണ്. കണ്ടാല്‍ അല്പം തടിയുള്ള പിച്ചിപ്പൂവ് ആണെന്ന് തോന്നും. എന്നാല്‍ പിച്ചിപ്പൂവ് അല്ല. മാവിലും പ്ലാവിലും ഒക്കെ പടര്‍ന്ന് കിടക്കും. നല്ല മണമുള്ള പൂവ് ആണ്. ഇപ്പൊ പിടികിട്ടിയോ?
ഞാന്‍: ഇപ്പൊ പിടി കിട്ടി. ഇനി മേലാല്‍... എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്.
കുമാര്‍: ഹ ഹ. ഈ ചാറ്റ് ഞാന്‍ കോപ്പി & പേസ്റ്റ് ചെയ്ത് ഞാന്‍ ഒരു പോസ്റ്റ് ആക്കും. എപ്പിടി?
ഞാന്‍: ഞാന്‍ ഈ ചാറ്റ് totally fabricated by a imprecated mind എന്ന് കമന്റും ഇടും.
കുമാര്‍: അങ്ങിനെ പറയാന്‍ വരട്ടെ. ഈ ചാറ്റിന് മറ്റൊരാള്‍ കൂടി സാക്ഷി ഉണ്ട്. ഇബ്രു
ഞാന്‍: കുലദ്രോഹികളേ. നിങ്ങളെ കുറുക്കന്‍ കൊണ്ട് പോകും.
കുമാര്‍: ഇതും അവിടെ എഴുതും.
ഞാന്‍: ഇനിയും ഉണ്ടോ നിങ്ങളുടെ നാട്ടില്‍ പാണന്മാര്‍ പാടി നടക്കുന്ന ചതിക്കഥകള്‍?
കുമാര്‍: ഇല്ല. കാരണം നാട്ടുകാര്‍ എല്ലവരുംകൂടെ അവനെ തല്ലിക്കൊന്നു.
ഞാന്‍: എനിക്ക് അത്യാവശ്യമായി ഒരു സ്ഥലം വരെ പോകാനുണ്ട്. പിന്നെക്കാണാം.
കുമാര്‍: ഓടിപ്പോകല്ലേ പ്ലീസ്.
ഞാന്‍: ഒരു കപ്പല്‍ വന്നിട്ടുണ്ട് ബംഗ്ലൂരില്‍. അത് കാണാന്‍ പോകണം.
കുമാര്‍: അതോ നിനക്ക് മുങ്ങണോ? ഇതും ഞാന്‍ അവിടെ എഴുതും.
ഞാന്‍: അതല്ല കുമാരേട്ടാ, കപ്പല്‍ കാണാന്‍ പോകണം.
കുമാര്‍: നിന്റെ മാനം കപ്പല്‍ കേറുന്നത് ഞാന്‍ പകരം കാണിച്ച് തരാം. നീ ഇവിടെ തന്നെ നില്‍ക്ക്.
sreejithk2000@gmail.com is offline and can't receive messages right now.

പിന്നെ ഇപ്പോഴാ തലപൊക്കിയത്. അപ്പോഴേക്കും കുമാരേട്ടനും ഇബ്രുവും കൂടി വീണ്ടും എന്നെ വട്ടം പിടിച്ചു. എന്റെ ദൈവമേ, പാവങ്ങള്‍ക്ക് ഈ നാട്ടില്‍ ജീവിക്കണ്ടേ. ഒരിത്തിരി നിഷ്കളങ്കനായിപ്പോയതാണോ എന്റെ കുറ്റം? നിങ്ങള്‍ പറ.

Monday, June 05, 2006

മുല്ലപ്പൂവിന്റെ മണ്ടത്തരം

അഹങ്കാരം കേറിയാല്‍ മനുഷ്യന്‍ അശ്വമേധം കളിക്കുമെന്ന് ഞാന്‍ ഒരിക്കല്‍ പറഞ്ഞു. എന്നാല്‍ കഷ്ടകാലം കേറിയാന്‍ മനുഷ്യന്‍ എന്ത് ചെയ്യും? അവന്‍ ടെമ്പ്ലേറ്റില്‍ കേറി പണിയും. അതാണ് മുല്ലപ്പൂവിനും പറ്റിയത്.

വെറുതേയിരിക്കും മനസ്സില്‍ ചെകുത്താന്‍ കളിയരങ്ങാക്കീടും എന്ന ഒരു ശ്ലോകമുണ്ടല്ലോ ഇംഗ്ലീഷില്‍. അത് പോലെ വെറുതേയിരിക്കുന്ന മുല്ലപ്പൂവിന്റെ മനസ്സില്‍ ഒരാശ. എന്റെ ബ്ലോഗിലും വേണം മലയാളം ബ്ലോഗുകളുടെ കണ്ണികള്‍.

കുറ്റം പറയാന്‍ ഒക്കുകയില്ല. തികച്ചും ന്യായമായ ആവശ്യം. ഈ ആവശ്യമുന്നയിച്ചുകൊണ്ട് മുല്ലപ്പൂ സ്വന്തം പോസ്റ്റില്‍ ഒരു കമന്റിട്ടു. അതോടെ തുടങ്ങി മുല്ലപ്പൂവിന്റെ കഷ്ടകാലം.

ആദ്യം മറുപടി കൊടുത്തത് ഞാന്‍. വരമൊഴി പ്രശ്നോത്തരിയില്‍ ഇതിനെപ്പറ്റി പറഞ്ഞതിന്റെ ലിങ്ക് ഞാന്‍ കൊടുത്തു. അവിടെ പറയുന്നത് ചുവടെ കൊടുത്തിരിക്കുന്ന കോഡ് ചുമ്മാ കേറി ടെമ്പ്ലേറ്റില്‍ ഇട്ടാല്‍ മതി എന്നാണ്.

<script language="javascript" type="text/javascript" src=" http://rpc.bloglines.com/blogroll?id=blog4comments"></script>

ഈ കോഡിടാന്‍ ബ്ലോഗ്‌റോള്‍ പരിപാലിക്കുന്ന എനിക്കോ, തനിമലയാളം പരിപാലിക്കുന്ന ഏവൂരാനോ, പിന്മൊഴികള്‍ പരിപാലിക്കുന്ന പെരിങ്ങോടനോ ചില്ലിക്കാശ് പോലും തരേണ്ടതില്ല. എന്നാല്‍ തന്നാല്‍ വാങ്ങാതിരിക്കുകയൊന്നുമില്ല എന്നത് വേറെക്കാര്യം.

ഈ കോഡ് കിട്ടിക്കഴിഞ്ഞപ്പൊ മുല്ലപ്പൂവിന്റെ മട്ട് മാറി. എങ്ങിനെ എന്നറിഞ്ഞല്ലോ, ഇനി പിന്നെ നോക്കാം എന്ന് മുല്ലപ്പൂ. ഞാന്‍ വിടുമോ, ഇപ്പൊ തന്നെ ചെയ്യണമെന്ന് ഞാന്‍. അങ്ങിനെ മുല്ലപ്പൂ ആ പരീക്ഷണത്തിന് തയ്യാറായി.

മുല്ലപ്പൂ കോഡ് എടുത്തു, ടെമ്പ്ലേറ്റ് തുറന്നു, കോഡ് അവിടെ ഇട്ടു, ബ്ലോഗ് പബ്ലിഷ് ചെയ്തു. തുടര്‍ന്ന്, തന്റെ ബ്ലോഗില്‍ മറ്റെല്ലാ ബ്ലോഗുകളും, കാര്‍ണിവല്‍ കാണാന്‍ റോഡ് വക്കില്‍ ഒരു അരിക്‌ചേര്‍ന്ന് നില്‍ക്കുന്നത്പോലെ വന്ന് നില്‍ക്കുമെന്ന് കരുതിയ മുല്ലപ്പൂ, സ്വന്തം ബ്ലോഗ് കണ്ട് അന്തം വിട്ടു. പഞ്ചാരപാത്രത്തില്‍ ഉറുമ്പ് വന്നിരിക്കുന്നപോലെയായിരുന്നു എല്ലാ ബ്ലോഗും അവിടെ വന്നത്.

ചില ബ്ലോഗുകള്‍ മുകളില്‍, ചില ബ്ലോഗുകള്‍ ഒരു അരികില്‍, സ്ഥലം കിട്ടാത്ത മറ്റു ബ്ലോഗുകള്‍ താഴെയും. അനിലേട്ടന്റെ അക്ഷരവും, ദേവേട്ടന്റെ ആയുരാരോഗ്യവും, പെരിങ്ങോടരുടെ എന്റെ ലോകവും മുകളില്‍ നിന്ന് താഴോട്ട് നോക്കുമ്പോള്‍ സന്തോഷേട്ടന്റെ ശേഷം ചിന്ത്യവും കണ്ണൂസിന്റെ സര്‍വ്വകലാശാലയും നമ്മുടെ ഹെല്‍പ്പ് വിക്കിയും താഴെ നിന്ന് മുകളിലേക്ക് നോക്കുന്നു. എന്നാല്‍ കലേഷും കുട്ട്യേടത്തിയും ചാത്തുണ്ണിയുമെല്ലാം നടുക്ക് വലത്പക്ഷത്ത്നിന്ന് ഞങ്ങളെ മുകളിലേക്കോ താഴോട്ടോ എടുക്കണേ, ഇവിടെ നിന്ന് പേടിയാകുന്നേ എന്ന് കരച്ചിലും. ആകെമൊത്തം ഗുലുമാല്‍, ഒരു ഉത്സവപ്പറമ്പ് ലുക്ക്.

ആ വഴിപോയ വക്കാരി കാക്കചിക്കിയിട്ടപോലെ കിടക്കുന്ന മലയാ‍ളം ബ്ലോഗ്‌റോള്‍ കണ്ടിട്ട്, വലത്തോട്ടും ഇടത്തോട്ടും താഴോട്ടും തല തിരിച്ച്, ബ്രൌസര്‍ സ്പീഡില്‍ താഴോട്ടോടിച്ച്, അതിന്റെ ബ്യൂട്ടി മൊത്തത്തില്‍ ആസ്വദിച്ച് ആര്‍ത്താര്‍ത്ത് ചിരി തുടങ്ങി. കൂടുതല്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി, ഞാന്‍ കോഡ് ശരിയാക്കിയിടുന്ന വിധം പറഞ്ഞ് കൊടുത്തു.

എന്നാല്‍ മുങ്ങാക്കയത്തില്‍പ്പെട്ട മുല്ലപ്പൂ എന്റെ പിടിവള്ളിയില്‍ പിടിക്കാതെ അലമുറയിടാന്‍ തുടങ്ങി. അത് കണ്ട് അത്രനേരം പിടിച്ച് നിന്ന ഞാനും ചിരി തുടങ്ങി. കൂട്ടിന് സുവും.

പെരിങ്ങോടന്‍ അവസരത്തിനൊത്തുയര്‍ന്ന്‍ സഹായവുമായി ഓടിയെത്തി. മറ്റ് മാന്യന്മാര്‍ ഈ മണ്ടത്തരം ലൈവ്, ഗ്രുണ്ടിലിറങ്ങാതെ ഗാലറിയില്‍തന്നെയിരുന്ന്, കണ്ടാസ്വദിച്ച് മാറിനിന്നു. പിന്നീടെപ്പോഴോ ശനിയനും ആദിത്യനും ചേര്‍ന്ന് പ്രശ്നം പരിഹരിച്ചുകൊടുത്തതോടുകൂടി ഈ ഓണ്‍ലൈന്‍ ലൈവ് മണ്ടത്തരത്തിന് തിരശ്ശീല വീണു.

തുളസിയുടെകയ്യില്‍ നിന്ന് അടിച്ചുമാറ്റിയ കുറച്ച് പൂക്കള്‍ എനിക്കായി ഡെഡിക്കേറ്റ് ചെയ്തും, വക്കാരിയെ കണ്ണുരുട്ടിക്കാണിച്ചും, പിന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടും മുല്ലപ്പൂ പിന്നീട് ഒരു പോസ്റ്റ് ഇട്ടു. അത് ഇതാ ഇവിടെ. എങ്കിലും ഈ മണ്ടത്തരം എനിക്ക് മറക്കാനാവുന്നില്ല. ഇത് മണ്ടത്തരമാണോ അബദ്ധമാണോ എന്നും എനിക്കറിയില്ല. എങ്കിലും എന്റെ സ്വന്തം മണ്ടത്തരങ്ങള്‍ മാത്രം ഞാന്‍ വിളിച്ച് പറയുന്ന ഈ ബ്ലോഗില്‍ ഞാന്‍ സഹായിച്ച് വേറെ ഒരാള്‍ ഉണ്ടാക്കിയ മണ്ടത്തരം ആദ്യമായി ഇടുന്നു. മുല്ലപ്പുവിന് നുറ് നൂറ് അഭിവാദ്യങ്ങള്‍. ഇനിയും ഇത്പോലെ ...

Friday, June 02, 2006

വലിഞ്ഞ്കേറിയ മണ്ടത്തരം

ഒറ്റപ്പാലം എന്ന മാസ്മരികലോകത്തെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചധികം കാലമായി. എന്ന് ഞാന്‍ ഒരു ഒറ്റപ്പാലംകാരന്റെ കൂടെ താമസിക്കാന്‍ തുടങ്ങിയോ അന്ന് വന്ന് തുടങ്ങിയതാണ് എന്റെ ചെവിയില്‍ ഒറ്റപ്പാലം എന്ന തഴമ്പ്.

ഒറ്റപ്പാലംകാര്‍ സ്വന്തം നാടിനെക്കുറിച്ച് ആവശ്യത്തിലധികം ഊറ്റം കൊള്ളുന്നവരാണെന്ന് തോന്നുന്നു. ഫിലിം സിറ്റി ഓഫ് ഗോഡ്സ് ഓണ്‍ കണ്ട്രി എന്നാണവന്‍ സ്വന്തം നാടിനെ വിശേഷിപ്പിക്കാറ്. ഇത്രയും മനോഹരമായ വേറെ ഏതെങ്കിലും സ്ഥലമുണ്ടോ കേരളത്തില്‍ എന്ന് അവന്‍ നാഴികയ്ക്ക് നാല്പത് വട്ടം ചോദിക്കും. കണ്ണൂര്‍ എന്ന് ഒരിക്കല്‍ പറഞ്ഞതിന് അവിടത്തെ രാഷ്രീയകൊലപാതകങ്ങളുടെ ഒരു കണക്ക് നിരത്തി അവന്‍ എന്നെ വധിച്ചതില്‍ പിന്നെ ആ ചോദ്യത്തിന് പിന്നീട് ഞാന്‍ ഒരിക്കലും മറുപടി കൊടുത്തിട്ടില്ല.

അങ്ങനെയിരിക്കെയാണ് പട്ടാമ്പിയുള്ള എന്റെ ഒരു പഴയ സഹപാഠിയുടെ വിവാഹം നിശ്ചയിച്ചത്. വിവാഹവും അവിടെത്തന്നെ. എനിക്കും എന്റെ സഹമുറിയനും, പിന്നെ ബാംഗ്ലൂരില്‍ത്തന്നെയുള്ള മറ്റു നല്ല സുഹൃത്തുക്കള്‍ക്കും ക്ഷണം ഉണ്ട്. വിവാഹം വിളിച്ച ആളുമായുള്ള അടുപ്പവും, പിന്നെ ഇത്രയും നാള്‍ എന്റെ സഹമുറിയന്‍ കൊട്ടിഘോഷിച്ച ഒറ്റപ്പാലം എന്ന പ്രപഞ്ചം കാണാനുള്ള ആഗ്രഹവും കൂടിയായപ്പോള്‍ രണ്ടാമതൊന്നാലോചിക്കാതെ, പോകാന്‍ തീരുമാനമായി.

താമസിക്കാന്‍ സഹമുറിയന്റെ വീടുണ്ടല്ലോ അവിടെ. പിന്നെ എന്ത് പേടിക്കാന്‍. അങ്ങിനെ ഒരു ദിവസം ഒറ്റപ്പാലത്ത് നിന്ന് സ്ഥലങ്ങള്‍ കാണാനും, ചില തരികിടകള്‍ ഒപ്പിക്കാനും, പിന്നെ അടുത്ത ദിവസം വിവാഹം കൂടാനും, ഒരു ഭാരതപ്പുഴനീരാട്ടും കഴിച്ച് ( ഭാരതത്തോട് എന്ന് പേര്‍ മാറ്റണം എന്ന് ഞങ്ങള്‍ തമ്മില്‍ നടക്കുന്ന തര്‍ക്കം കാവേരിപ്രശ്നം പോലെ നീണ്ട് പോകുന്നു) സസന്തോഷം തിരികെ വരുന്നതും ആയ ഒരു ടൂര്‍പാക്കേജ് ഞാന്‍ മുന്നോട്ട് വച്ചു. അത് പുല്ല് പോലെ പാസ്സായി. ഈ ടൂര്‍പാക്കേജ് ഞാന്‍ കൂട്ടുകാര്‍ക്ക് മെയില്‍ ആയി അയച്ച്, അതില്‍ താല്പര്യം കാണിച്ചവരില്‍ നിന്ന് ചര്‍ച്ചകള്‍‍ക്കും മുഖാമുഖങ്ങള്‍ക്കും ശേഷം തിരഞ്ഞെടുത്ത വേറെ രണ്ടുപേരെയും കൂടെ ചേര്‍ത്ത് ഞങ്ങള്‍ ടൂറിന്റെ രൂപരേഘ തയ്യാറാക്കി.

തീരുമാനിച്ചുറപ്പിച്ച പ്രകാരം ഞങ്ങള്‍ ശനിയാഴ്ച അതിരാവിലെതന്നെ ഒറ്റപ്പാലത്തെത്തി. കുളിയും പ്രാതലും ഒരുങ്ങലും ഒക്കെ അതിന്റേതായ സമയം എടുത്ത് പൂര്‍ത്തിയാക്കി ഒരു പതിനൊന്ന് മണിയോടെ ഞങ്ങള്‍ ഔട്ടിങ്ങിന് തയ്യാറായി. തുടര്‍ന്ന്, ആദ്യം നമുക്ക് കീഴൂര്‍ എന്ന സ്ഥലത്ത് പോകാം എന്ന് ഒറ്റപ്പാലംകാരന്‍ സഹമുറിയന്‍ നിര്‍ദ്ദേശിക്കുകയും, ഒരു സ്ഥലവും അറിയാത്ത ഞങ്ങള്‍ അവിടെയെങ്കില്‍ അവിടെ എന്ന നിലപാടെടുക്കുകയും ചെയ്തു. അവന്റെ കൂട്ടുകാരുടെ രണ്ട് ബൈക്കും സംഘടിപ്പിച്ച് ഞങ്ങള്‍ നാലുപേരും കീഴൂരേക്ക് യാത്രയായി.

പറഞ്ഞ്കേട്ടപോലെ മനോഹരമായ സ്ഥലം തന്നെ കീഴൂര്‍. ഒരു വശത്ത് വയലോലകള്‍. മറുവശത്ത് പാറക്കെട്ടുകള്‍. തെങ്ങുകളാലും പനകളാലും മറ്റ് വൃക്ഷങ്ങളാലും സ‌മൃദ്ധം. വളഞ്ഞ് പുളഞ്ഞുള്ള റോഡ്. കുത്തനെയുള്ള ചില കയറ്റങ്ങളും ഇറക്കങ്ങളും. പാതയോരത്ത് വളരെ ദൂരം വിട്ട് ചെറിയ വീടുകള്‍. കൃഷിസ്ഥലങ്ങള്‍. വീട്ട്മൃഗങ്ങള്‍. പാലക്കാടന്‍ ഗ്രാമീണഭംഗി വിവരണാതീതം. അസംഖ്യം സിനിമകള്‍‍ ഈ പ്രദേശത്ത് ചിത്രീകരിച്ചിരിക്കുന്നു. വിവാഹത്തിന് ശേഷം ഫില്ലറായി കല്യാണപ്പെണ്ണും ചെറുക്കനും, ഓടുന്നതും ചാടുന്നതും മടിയില്‍ തല വച്ച് കിടക്കുന്നതുമായ വീഡിയോ ചിത്രീകരിക്കാന്‍ പ്രദേശത്തെ സ്റ്റുഡിയോക്കാര്‍ കൂടുതലായി ഇഷ്ടപ്പെടുന്നതും ഈ പ്രദേശം തന്നെ.

അങ്ങിനെ ദൃശ്യങ്ങള്‍ കണ്ട് കൊണ്ട് ബൈക്കില്‍ ഞങ്ങള്‍ യാത്ര ചെയ്ത് കൊണ്ടിരുന്നപ്പോഴാണ് എന്റെ മനസ്സില്‍ ചെകുത്താന്‍ കേറിയത്. ഒരു ചെങ്കുത്തായ പാറ കണ്ടപ്പോള്‍ എനിക്കതില്‍ വലിഞ്ഞ് കേറി ഒരു ഫോട്ടോ എടുക്കണം. കൂട്ടുകാര്‍ എല്ലാം വിലക്കി. കുത്തനെ ഉള്ള പാറ ആണെന്നും എങ്ങാനും വീണാ‍ല്‍ പൊട്ടാന്‍ എല്ലൊന്നും ബാക്കി ഉണ്ടാവില്ല എന്നുമുള്ള ഉപദേശങ്ങള്‍ ആ പാറ പോലെ ഉറച്ച എന്റെ തീരുമാനം മാറ്റിയില്ല. ക്യാമറ ഉള്ളവനോട് എവിടെ നിന്ന് ഫോട്ടോ എടുക്കണം എന്നുള്ള നിര്‍ദ്ദേശവും കൊടുത്ത് പാറയില്‍ അള്ളിപ്പിടിച്ച് കയറാന്‍ ഞാന്‍ തയ്യാറായി.

കുത്തനെ ഉള്ള പാറയതിനാല്‍ ദൂരെ നിന്ന് ഓടി വന്ന് ആ വേഗതയുടെ ബലത്തില്‍ കയറുകയേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ. രണ്ടാള്‍ പൊക്കത്തില്‍ അങ്ങിനെ കേറി. പിന്നെ എന്റെ സ്വന്തം കൈകാലുകളുടെ ബലത്തില്‍ നിരങ്ങിക്കയറേണ്ടി വന്നു. പിന്നില്‍ നിന്ന് “മതി, ഇനി ഇറങ്ങ്” എന്നൊക്കെയുള്ള അലറലുകള്‍ ഞാന്‍ കേട്ടില്ലെന്ന് നടിച്ചു. ഇനി കേറാനുള്ള സ്കോപ്പില്ല എന്ന് മനസ്സിലായപ്പോള്‍ കിട്ടിയ ഒരു ചെറിയ വിടവില്‍ ആസനംവച്ച് ഞാന്‍ ഇരിപ്പായി.

ഇരുന്ന് കഴിഞ്ഞ് താഴേക്ക് നോക്കുമ്പോഴാണ് ഞാന്‍ കേറിയ ദൂരത്തെക്കുറിച്ച് ഒരു ധാരണ കിട്ടുന്നത്. വീഴുമ്പോഴും ഇതേ പൊക്കത്തില്‍ നിന്ന് വീഴുമല്ലോ എന്ന വിചാരം എന്റെ സകലനാഡീഞരമ്പുകളേയും തളര്‍ത്തി. പേടികാരണം തലകറങ്ങുന്നപോലെ തോന്നി. ഞാന്‍ അയ്യോ എന്നുറക്കെ തന്നെ വിളിച്ചു. താഴെ നില്‍ക്കുന്നവര്‍ക്കും പേടിയായി.

എന്തായാലും കേറിയതല്ലേ, ഫോട്ടോ എടുത്തേക്കാം എന്ന് പറഞ്ഞ് ക്യാമറക്കാരന്‍ ഫോട്ടോ എടുത്ത്, അവന്റെ കര്‍മ്മം നിര്‍വ്വഹിച്ച്, ഇനി കിട്ടാന്‍ സാധ്യതയുള്ള സ്കൂപ്പിനായി തയ്യാറായി. എ.എക്സ്.എന്‍ എന്ന ചാനലിലെ മാക്സ്.എക്സ് എന്ന പരിപാടിക്കയയ്ക്കാന്‍ ഞാന്‍ മൂക്കും കുത്തി വീഴുന്ന വീഡിയോ ഷൂട്ട് ചെയ്യാന്‍ ആ ദ്രോഹി നല്ല ആങ്കിള്‍ നോക്കി താഴെ നിലയുറപ്പിച്ചു.

എങ്ങിനെ താഴെ ഇറങ്ങും എന്ന് എനിക്കൊരു എത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല. നട്ടുച്ച വെയിലത്തെ ചൂടിന് പാറ ചൂട് പിടിച്ചിരിക്കുകയായിരുന്നതിനാല്‍ എനിക്ക് അവിടെയുള്ള ഇരിപ്പും അത്ര സുഖകരമായിരുന്നില്ല. ഇട്ടിരുന്ന തേഞ്ഞ്തീരാറായ ചെരുപ്പിനാല്‍ പാറയില്‍ കാലുവച്ച് പിടിത്തവും കിട്ടുന്നുണ്ടായിരുന്നില്ല. താഴെ ഇറക്കാന്‍ ക്രെയില്‍ വിളിക്കണോ അതോ ഫയര്‍സര്‍വ്വീസുകാരെ വിളിക്കണോ എന്ന് താഴെനിന്നവര്‍ കുലംകശമായി ചിന്തിക്കുന്നതിനിടയില്‍ എനിക്ക് വരാന്‍പോകുന്ന നാണക്കേടിന്റെ ആഴമോര്‍ത്ത് ഞാന്‍ ഊര്‍ന്നിറങ്ങാന്‍ തീരുമാനിച്ചു.

ഈ മിഷന്‍ ഇമ്പോസിബിള്‍ ഞാന്‍ ജോണ്‍ വൂവിന് ഡെഡിക്കേറ്റ് ചെയ്ത്, ഇക്കാര്യത്തില്‍ എന്റെ അഭിനവഗുരുവായ ടോംക്രൂസ് ദൈവങ്ങളെ മനസ്സില്‍ ധ്യാനിച്ച് കൊണ്ടും, മറ്റ് പരിചയമുണ്ടായിരുന്ന ദൈവങ്ങളായ ബ്രഹ്മ, വിഷ്ണു, മഹേശ്വരന്മാര്‍ക്ക് നേര്‍ച്ചകള്‍ നേര്‍ന്ന് കൊണ്ടും ഞാന്‍ എന്റെ മടക്കയാത്ര ആരംഭിച്ചു.

കുറച്ച് ദൂരം നിരങ്ങി ഇറങ്ങി. പിന്നെ ഗര്‍ഷണം മൂലം പിന്‍ഭാഗങ്ങള്‍ ചൂടായിത്തുടങ്ങിയപ്പൊ പതുക്കെ ഒന്നുയര്‍ന്ന് സ്വാമിയേ ശരണമയ്യപ്പാ എന്ന വിളി ബാക്ക്ഗ്രൌണ്ട് മ്യൂസിക്കായിക്കൊടുത്ത് കുത്തനെയുള്ള പാറയില്‍ ഞാന്‍ ഓടിതുടങ്ങി. പാറയുടെ താഴെ വരെ മോശമില്ലാത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞെങ്കിലും പിന്നീട് ഞാന്‍ ഒരു പരാജയമായിമാറി.

9.8 മീറ്റര്‍/സെക്ക്ന്റ്2 എന്ന ഗുരുത്വാകര്‍ഷണത്വരണത്തില്‍ വന്നുകൊണ്ടിരുന്ന എനിക്ക് പിന്നീടും ആ വേഗത തുടരാന്‍ ഒരു ത്വര ഉണ്ടായെങ്കിലും, പാറയും ഭൂമിയും തമ്മില്‍ ലംബമായി നിന്ന കൊണ്ട് അതിന് സാധിക്കുകയുണ്ടായില്ല. പിന്നീട് ട്രെയിനില്‍ നിന്ന് വീഴുന്ന പ്ലാസ്റ്റിക്ക് കുപ്പി താഴെ നിലത്ത് തെന്നിതെന്നി തെറിച്ച്പോകുന്ന പോലെ ഞാന്‍ കയറ് കെട്ടി വലിച്ചകണക്കെ കുറേ ദൂരം മുന്നോട്ട് പോയി നില്‍ക്കുകയായിരുന്നു. ദൈവം സഹായിച്ച് എന്റെ എല്ല്, പല്ല്, തലയോട് തുടങ്ങിയ ഉറപ്പുള്ള ഭാഗങ്ങള്‍ക്ക് ഒടിവൊന്നും സംഭവിച്ചില്ലെങ്കിലും എന്റെ തൊലി, മുട്ട്, പൃഷ്ഠം, അഭിമാനം തുടങ്ങിയ ലോലമായ ഭാഗങ്ങളില്‍ ചില പാച്ച്‌വര്‍ക്കുകള്‍ ആവശ്യമായിവന്നു.

ഈ ഗംഭീരപ്രകടനത്തോടുകൂടി അന്നത്തെ ദിവസത്തെ മറ്റ് പരിപാടികള്‍ എനിക്ക് ശാരീരികാസ്വാസ്ത്യം കാരണം ഒഴിവാക്കേണ്ടി വന്നു. അടുത്ത് ദിവസം നടന്ന വിവാഹം പരസഹായത്തോട്കൂടി നടക്കാം എന്ന ഭേദപ്പെട്ട അവസ്ഥയില്‍ എത്തിയതിനാല്‍ പങ്കെടുക്കാന്‍ പറ്റിയെങ്കിലും പിന്നീട് ഒരു മലപോയിട്ട് ഒരു സ്റ്റെപ്പ് എങ്കിലും സ്വന്തമായി കേറാന്‍ പറ്റുന്ന അവസ്ഥ എത്താന്‍ ദിവസങ്ങള്‍ കുറച്ചധികം വേണ്ടി വന്നു. ചലനശേഷിക്ക് അവശ്യമായ മുട്ട്, കനങ്കാല്‍, കഴുത്ത്, നടുവ് എന്നീ ഭാഗങ്ങളില്‍ വന്നുചേര്‍ന്ന ക്ഷണിക്കപ്പെടാത്ത അതിഥിയായ നീരു വലിയാന്‍ ഒരു തെര്‍മല്‍ പവര്‍പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ അവശ്യമായത്രയും നീരാവിയും വേണ്ടിവന്നു. പാവം ഞാന്‍ !!!

അടിക്കുറിപ്പ്: എന്റെ വീഴ്ചയുടെ ഭംഗി നേരില്‍ ആസ്വദിച്ച എന്റെ പ്രിയപ്പെട്ട കൂട്ടുകാരന് ആ ദൃശ്യം വീഡിയോ ആയി പകര്‍ത്താന്‍ കഴിഞ്ഞില്ല എന്ന ദുരന്തസത്യം ഞാന്‍ വ്യസനസമ്മേതം അറിയിക്കട്ടെ. എന്നാലും അതിനു മുന്‍പെടുത്ത ചിത്രം കാണാന്‍ താല്പര്യമുള്ളവര്‍ക്ക് ഇതാ ഇവിടെ.

വലിഞ്ഞ്കേറിയ മണ്ടത്തരത്തിന്റെ ചിത്രം